22 November 2024, Friday
KSFE Galaxy Chits Banner 2

എണ്ണവില നൂറ് ഡോളറിലേക്ക്: ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ പ്രഹരം

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
February 14, 2022 10:14 pm

ആഗോള എണ്ണവില ബാരലിന് നൂറ് ഡോളറിലേക്ക് കുതിക്കുന്നു. 2014 ന് ശേഷം ആദ്യമായാണ് ഇത്രയും വിലവര്‍ധിക്കുന്നത്. എണ്ണവിലയിലെ കുതിച്ചുചാട്ടം വളർച്ചാ സാധ്യതകള്‍ ദുർബലപ്പെടുന്നതിനും പണപ്പെരുപ്പം വർധിപ്പിക്കുന്നതിനും ഇടയാക്കുന്നതിനാല്‍ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ഇരട്ട പ്രഹരമായി മാറും.

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 95.73 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. 95.91 ഡോളറിലെത്തിയതിന് ശേഷം അല്പം കുറയുകയായിരുന്നു. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് വില 1.49 ഡോളർ അഥവാ 1.6 ശതമാനം ഉയർന്ന് ബാരലിന് 94.59 ഡോളറിലെത്തി.

2021 ഡിസംബറില്‍ ഏകദേശം 70 ഡോളറിലുണ്ടായിരുന്ന വിലയാണ് കുതിച്ചുയര്‍ന്നത്. നവംബര്‍ നാലിന് ക്രൂഡോയില്‍ വില ബാരലിന് 81 ഡോളര്‍ എന്നത് ഡിസംബര്‍ ഒന്നിന് 69 ഡോളറായി കുറഞ്ഞിരുന്നു. ഈ മാസം അവസാനത്തോടെ ക്രൂഡ് ഓയില്‍ വില 100 ഡോളറിലെത്തുമെന്ന് ബ്ലൂംബെർഗ് കണക്കുകൂട്ടുന്നു. കോവിഡ് മഹാമാരിയില്‍ നിന്നുള്ള വീണ്ടെടുക്കലിനെ എണ്ണവില പ്രതികൂലമായി ബാധിക്കും.

ഉക്രെയ്ൻ പ്രശ്‌നം, പശ്ചിമേഷ്യൻ സംഘർഷം എന്നിങ്ങനെയുള്ള പല ഘടകങ്ങളും എണ്ണവില ഉയരുന്നതിന് ഇടയാക്കി. റഷ്യ ഉക്രെയിനിൽ അധിനിവേശം നടത്തിയാൽ ഊർജ പ്രതിസന്ധി കൂടുതൽ സങ്കീർണമായേക്കും. വില കുറയണമെങ്കിൽ പ്രധാന എണ്ണ ഉല്പാദക രാജ്യങ്ങൾ ഉല്പാദനം ഉയർത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾ എണ്ണ ഉല്പാദനം ഉയർത്താൻ ഒപെകിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.

വില അസാധാരണ സ്വഭാവത്തിൽ ഉയരുന്നത് ലോകത്തുടനീളം പണപ്പെരുപ്പത്തിന് കാരണമാകും. ഫോസിൽ ഇന്ധനങ്ങളായ പെട്രോള്‍, ഡീസല്‍, കൽക്കരി തുടങ്ങിയവയാണ് ആഗോള സമ്പദ്‌വ്യവസ്ഥ ചലിക്കുന്നതിനാവശ്യമായ ഊർജത്തിന്റെ 80 ശതമാനത്തിലധികം നൽകുന്നത്. ഊർജ പ്രതിസന്ധി ആഗോള വിതരണ ശൃംഖലയിൽ സമ്മര്‍ദ്ദത്തിനിടയാക്കും. ഇത് ചെലവ് വർദ്ധിപ്പിക്കുകയും അസംസ്കൃത വസ്തുക്കളുടെയും ചരക്കുകളുടെയും വിതരണത്തില്‍ കാലതാമസത്തിന് കാരണമാവുകയും ചെയ്യുന്നു. വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെയായിരിക്കും ഇവ ഏറ്റവും കൂടുതൽ ബാധിക്കുക.

നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയിൽ യുഎസിലും യൂറോപ്പിലും പണപ്പെരുപ്പം അര ശതമാനം ഉയരും. എണ്ണവില 120 ഡോളറും കടന്ന് ഉയർന്നാൽ ആഗോളമാന്ദ്യത്തിന് വഴിയൊരുക്കുകയും പണപ്പെരുപ്പം ഏഴ് ശതമാനത്തിലധികം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ജെപി മോര്‍ഗന്‍ അടക്കമുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു.

ദിനംപ്രതി വില ഉയരുമ്പോഴും ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ എണ്ണ വില ഉയരാത്തത് തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതിനാലാണെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനനുസരിച്ച് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വിലയില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം.

 

Eng­lish Sum­ma­ry: Oil prices down to 100 dol­lars: A major blow to the glob­al economy

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.