മൺമറഞ്ഞുപോയ മലയാളത്തിന്റെ പ്രിയങ്കരനായ സംഗീതജ്ഞൻ കെ പി ഉദയഭാനു രൂപം കൊടുത്ത ‘ഓൾഡ് ഇസ് ഗോൾഡ്’ ഗാന കൂട്ടായ്മയിലെ പ്രധാന ഗായകനായ എം രാധാകൃഷ്ണൻ പാട്ടിന്റെ വഴിയിൽ അൻപതാണ്ടിലെത്തിയിരിക്കുന്നു.
സ്വദേശത്തും വിദേശത്തുമായി എത്രയെത്ര വേദികൾ… എത്രയെത്ര പാട്ടുകൾ… പാട്ടനുഭവങ്ങൾ… എല്ലാം ഓർത്തെടുക്കുകയാണ് പാട്ടിന്റെ സുവർണ ജൂബിലി നിറവിലെത്തി നില്‍ക്കുന്ന സഹൃദയനായ ഗായകൻ എം രാധാകൃഷ്ണൻ.
# പാട്ടുവഴിയിൽ അമ്പതാണ്ട് ഒരു ചെറിയ കാലയളവല്ല, എന്ത് തോന്നുന്നു?
തികഞ്ഞ സന്തോഷവും ചാരിതാർത്ഥ്യവും തോന്നുന്നു. ഇത്രയും കാലം ഈ രംഗത്ത് നിലനില്‍ക്കാൻ സാധിച്ചതിത്, അതും സജീവമായി തന്നെ നിലനില്‍ക്കാൻ സാധിച്ചത് മാതാപിതാക്കൾ, ഗുരുക്കന്മാർ, ഗുരുതുല്യരായിട്ടുള്ളവർ, സുഹൃത്തുക്കൾ, കുടുംബം പിന്നെ എല്ലാത്തിനുമുപരിയായി നിലകൊള്ളുന്ന ആ പരമമായ ശക്തി എന്നിവരുടെ അനുഗ്രഹം ഒന്നു കൊണ്ടാണന്ന് വിശ്വസിക്കുന്നു. അവർക്കെല്ലാം ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു.
#ഓൾഡ് ഇസ് ഗോൾഡ് രാധാകൃഷ്ണൻ എന്നാണ് പരക്കെ അറിയപ്പെടുന്നത്. ആ ഗാന കൂട്ടായ്മയുമായി ബന്ധപ്പെട്ടുള്ള പാട്ടോർമ്മകൾ?
കെ പി ഉദയഭാനു ചേട്ടന്റെ ‘ഓൾഡ് ഇസ് ഗോൾഡാ‘ണ് യഥാർത്ഥത്തിൽ എനിക്കൊരു ഐഡൻറിറ്റി ഉണ്ടാക്കി തന്നത്. അത്യാവശ്യം തരക്കേടില്ലാതെ പാടുമെന്നുള്ളത് കൊണ്ടായിരിക്കണം ഭാനുചേട്ടന് എന്നോടൊരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഓൾഡ് ഇസ് ഗോൾഡുമായി സ്വദേശത്തും വിദേശത്തും നിരവധി വേദികളിൽ പാട്ടുമായി സഞ്ചരിച്ചതിലൂടെ അദ്ദേഹത്തിൽ നിന്നും പലതും പഠിക്കാൻ സാധിച്ചു. ചേട്ടൻ നമ്മളോടൊപ്പം ഇല്ലല്ലോ എന്ന ദുഖം ഉള്ളിലൊതുക്കിയാണ് പ്രോഗ്രാമുകൾ ചെയ്യുന്നത്. ഏത് പ്രോഗ്രാം തുടങ്ങുന്നതിന് മുമ്പും ചേട്ടനെ സ്മരിച്ചു കൊണ്ടാണ് തുടങ്ങാറ്. അദ്ദേഹത്തിന്റെ അദൃശ്യാനുഗ്രഹം എപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നു.
# ചലച്ചിത്രങ്ങളിൽ അധികം പാടാൻ കഴിഞ്ഞിട്ടില്ല?
കഴിഞ്ഞവർഷം ഇന്ദ്രൻസ് നായകനായി അഭിനയിച്ച ‘ജമാലിൻ്റെ പുഞ്ചിരി’ എന്ന ചിത്രത്തിൽ “നൂറഴകേ ലാവൊളിയേ… റസൂൽ പാടും കനവിൽ നീയല്ലേ…” എന്ന താരാട്ട് പാട്ട് പാടിയിരുന്നു. പാട്ട് പരക്കെ ശ്രദ്ധിക്കപ്പെട്ടു. യുവതലമുറയുടെ ഇടയിലും എന്നെ തിരിച്ചറിയാൻ ആ പാട്ട് വളരെ സഹായിച്ചു. നേരത്തെ അനന്തഭദ്രത്തിലൊരു പാട്ട് പാടിയിട്ടുണ്ട്. എം ജി രാധാകൃഷ്ണൻ ചേട്ടന്റെ സന്തത സഹചാരിയായിരുന്ന എന്നോട്, “എന്റെ കൂടെ നടന്നിട്ട് എന്റെ ഒരു പാട്ടും നീ പാടിയിട്ടില്ലല്ലോ” എന്ന് പറഞ്ഞ് എനിക്ക് സമ്മാനിച്ചതായിരുന്നു “വസന്തമുണ്ടോ ചുണ്ടിൽ സുഗന്ധമുണ്ടോ…” എന്ന ഗാനം. അനന്തഭദ്രത്തിൽ ഗാനം ബാക്ക്ഗ്രൗണ്ട് സ്കോർ ആയിട്ടാണ് കേൾക്കുന്നത്.
# പാടാനുള്ള വാസന എങ്ങനെയായിരുന്നു കിട്ടിയത്?
കുട്ടിക്കാലത്ത് പൂജാമുറിയിൽ അമ്മ പാടുന്നത് കേട്ടാണ് പാട്ടിനോട് ഇഷ്ടം തുടങ്ങിയത്. “കണികാണും നേരം… ”
“അഞ്ജന ശ്രീധരാ…” തുടങ്ങിയ ഈശ്വര ഗാനങ്ങൾ നിത്യവും കേട്ടാണ് വളർന്നത്. സ്കൂളിൽ പഠിക്കുമ്പോൾ ലളിതഗാനത്തിന് പെൺകുട്ടികളുടെ വിഭാഗത്തിൽ എന്റെ സഹോദരിയും ആൺകുട്ടികളുടെ വിഭാഗത്തിൽ ഞാനുമായിരുന്നു ഫസ്റ്റ്. തിരുവനന്തപുരം സെന്റ് മേരീസ് സ്കൂളിലായിരുന്നു പഠിച്ചത്.
ക്ളാസിൽ ഞാൻ വലിയ നാണക്കാരനും സഭാകമ്പമുള്ളവനുമായിരുന്നു. ക്ളാസ് മുറിയിലിരുന്ന മൂളുന്നത് ശ്രദ്ധിച്ച സുഹൃത്ത് മുകുന്ദനാണ് ഞാൻ പാടുമെന്ന വിവരം ടീച്ചറെ അറിയിക്കുന്നത്. അത് കേട്ടതും ടീച്ചർ എന്നെ കൊണ്ട് ഉടൻ പാടിച്ചു. അന്ന് നിക്കർ പ്രായം. വളരെ പേടിച്ച് അന്ന് പാടിയ പാട്ടായിരുന്നു “പൂജാപുഷ്പമേ… പുഴിയിൽ വീണ പൂജാപുഷ്പമേ…” പാട്ട് കഴിഞ്ഞതും ക്ളാസ് മുറി മുഴുവനും നിറഞ്ഞ കയ്യടിയായിരുന്നു. അന്നത്തോടെ എന്റെ പേടിയും സഭാകമ്പവും മാറിക്കിട്ടി.
# പാട്ട് വാസനയെ പരിപോഷിപ്പിക്കുന്നതിലും പരുവപ്പെടുത്തുന്നതിലും സെന്റ് മേരീസ് സ്കൂളിന് വലിയ റോളുണ്ടല്ലേ?
തീർച്ചയായും. സ്കൂളിലെ പാട്ടുകാരൻ എന്ന ലേബൽ വീണതോടെ അവിടെ പാട്ടുമായി എന്ത് സംഗതി നടന്നാലും അതിൽ ആദ്യ പേര് എന്റേതായിരിക്കും. ഒരിക്കൽ സ്കൂളിൽ ആർച്ച് ബിഷപ്പ് തിരുമേനി വരുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിൽ, തിരുമേനിയുടെ മുന്നിൽവച്ച് മൂന്ന് പാട്ടുകൾ പാടുകയുണ്ടായി. ചെറിയാന്‍ ഫലിപ്പിനൊപ്പാമാണ് തിരുമേനി വന്നത്. “ഈശ്വരൻ ഒരിക്കൽ വിരുന്നിന് പോയി രാജകൊട്ടാരത്തിൽ വിളിക്കാതെ… ” പാടി തീർന്നതും തിരുമേനി വന്ന് അദ്ദേഹത്തിന്റെ വിരലിലെ മോതിരം ചുംബിക്കാൻ തന്നു. “ചെറിയാനേ, എന്താവശ്യമുണ്ടെങ്കിലും ഇയാളെ വിളിച്ചു കൊണ്ട് വരണേ…” എന്ന് പറഞ്ഞിട്ടാണ് തിരുമേനി അവിടുന്ന് മടങ്ങിയത്. അതോടെ ഞാൻ സ്കൂളിലെ സ്റ്റാറായി (ചിരിക്കുന്നു).
#എന്തെങ്കിലും വലിയ നഷ്ടങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ടോ?
പഠനം പൂർത്തിയാക്കിയതിനു ശേഷം പാട്ടുമായി നടക്കുന്ന കാലം. ഞാനും ഇംതിയാസും (അഡ്വ. ഇംതിയാസ്) എപ്പോഴും എംഎൽഎ ക്വാട്ടേഴ്സിൽ തന്നെയായിരിക്കും. ആ സമയത്താണ് കെ പി ജയചന്ദ്രൻ സഖാവ് പാർട്ടിക്കു വേണ്ടി കുറച്ച് പാട്ടുകൾ പാടണമെന്ന് ആവശ്യപ്പെടുന്നത്. ദേവരാജൻ മാഷാണ് സംഗീതം. ഗോർക്കി ഭവനിൽ വച്ചാണ് റിക്കോർഡിങ്. മൂന്ന് പുരുഷ ഗായകരും മൂന്ന് സ്ത്രീ ഗായകരുമായിരുന്നു ഉണ്ടായിരുന്നത്. “പാടുമ്പോൾ വളരെ ശ്രദ്ധിച്ച് പാടണം” എന്നൊക്കെ പറഞ്ഞ് മാഷ് റിക്കോർഡിങ് തുടങ്ങി. കഴിഞ്ഞതും മാഷിന് എന്നെ വലിയ ഇഷ്ടമായി. “രാധാകൃഷ്ണൻ നന്നായി പാടുന്നുണ്ടല്ലോ. ഞാനിവിടെ വരുമ്പോൾ കരമന വീട്ടിലാണ് താമസം. രണ്ട് ദിവസം കൂടി കാണും. വന്ന് കാണണം” എന്നു പറഞ്ഞു. അതുപ്രകാരം മാഷിനെ പോയി കണ്ട്, “സംഗമം… ത്രിവേണി സംഗമം… ” ഒക്കെ പാടി കേൾപ്പിച്ചപ്പോൾ മാഷിന് വലിയ മതിപ്പായി. ഇനി വരുമ്പോഴെല്ലാം വന്ന് കാണണമെന്ന് മാഷ് പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തെ കണ്ടില്ല. പേടി കൊണ്ടായിരുന്നു പോകാതിരുന്നത്. പാടുമ്പോൾ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ മാഷ് ദേഷ്യപ്പെടും എന്ന് കേട്ടിട്ടുള്ളത് അങ്ങോട്ടുള്ള യാത്രയെ തടഞ്ഞു. കുറച്ച് നാളുകൾക്കു ശേഷം, ടാഗോർ തീയേറ്ററിൽ ഗന്ധർവസംഗീത പ്രോഗ്രാമിൽ പാടാൻ കയറുമ്പോൾ, ദേവരാജൻ മാഷ് ചിത്രയുടെ കൈ പിടിച്ച് നടന്ന് വരുന്നത് കാണുന്നു. മാഷിനെ കണ്ട മാത്രയിൽ മുങ്ങാൻ ഒരു ശ്രമം നടത്തിയെങ്കിലും അദ്ദേഹം പിടികൂടി. “എന്തേ വരാൻ പറഞ്ഞിട്ട് വരാത്തത്?” പേടി കാരണമാണ് എന്ന എന്റെ മറുപടി കേട്ടപ്പോൾ മാഷ് ഒന്നും പറയാതെ നടന്നു പോയി. അദ്ദേഹത്തെ ഇടയ്ക്കിടെ പോയി കാണാതിരുന്നതും അടുപ്പം ഉണ്ടാക്കാത്തതും പാട്ടുവഴിയിലെ തീരാ നഷ്ടമായി പില്‍ക്കാലത്ത് തോന്നി.
# ദാസേട്ടനോടൊത്ത് പാടിയിട്ടുണ്ടോ?
പാലക്കാട് നടന്ന കാർഗിൽ ഫണ്ട് സമാഹരണ പ്രോഗ്രാമിൽ ഞങ്ങളോടൊപ്പം ദാസേട്ടനും പാടാനുണ്ടായിരുന്നു. ദാസേട്ടൻ ഹരിമുരളീരവമൊക്കെ പാടി കയ്യടി വാങ്ങി നില്‍ക്കുമ്പോൾ ഓഡിയൻസിൽ നിന്നുമൊരാൾ ഒരു തുണ്ട് കൊണ്ട് വന്ന് എന്റെ കയ്യിൽ തന്നു. ദാസേട്ടന് പാടാനുള്ള ഓഡിയൻസ് ചോയ്സായിരുന്നു അത്. ആ തുണ്ട് ദാസേട്ടൻ വാങ്ങി നോക്കിയിട്ട് തിരിച്ച് എന്നെ ഏല്പിച്ചിട്ട് “ഇത് രാധാകൃഷ്ണൻ തന്നെ പാടിക്കോളൂ” എന്ന് പറഞ്ഞു. “ആകാശദീപമേ… ആർദ്രനക്ഷത്രമേ… ” ആയിരുന്നു ആ പാട്ട്. അതുപോലെ ഏഷ്യാനെറ്റിൽ അക്കാലത്ത് ഞാൻ പാടിയ ദാസേട്ടന്റെ തന്നെ “പകൽകിനാവിൻ സുന്ദരമാകും… ” എന്ന ഗാനം റിപ്പീറ്റ് സംപ്രേഷണം നടത്തുമായിരുന്നു. അത് കാണാനിടയായ ദാസേട്ടൻ പിന്നെ എന്നെ കാണുമ്പോൾ പകൽകിനാവ് എന്നാണ് വിളിക്കാറ്.
# ഒട്ടുമിക്ക പഴയ മലയാള സിനിമാ ഗാനങ്ങളും ഹൃദിസ്ഥമാണല്ലോ?
ഓൾഡ് ഇസ് ഗോൾഡുമായി വേദികളിൽ നിന്നും വേദികളിലേക്ക് ഓടി നടന്ന് പാടിയതിന്റെ ഫലം. ഒരിക്കൽ വേണു (നെടുമുടിവേണു) ചേട്ടൻ ഒരു യാത്രയ്ക്കിടയിൽ എന്നോടു ബെറ്റ് വെച്ചു. നീ ഏത് പഴയ മലയാള സിനിമാ ഗാനവും സൂചന തന്നാൽ പാടുമല്ലോ. അങ്ങനെയെങ്കിൽ ദക്ഷിണാമൂർത്തി സ്വാമി ഒരു കോമഡി ജോണർ പാട്ടുണ്ട്. ഏതാണ് ആ പാട്ടെന്ന് പറയാമോ? “നഗരാദി എണ്ണയുണ്ട്… സഹചരാദി കുഴമ്പുണ്ട്… പടവലാദി ലേഹ്യമുണ്ട്… വേണ്ടി വന്നാൽ അലവലാതി നെയ്യുമുണ്ടിതിൽ… ” പാട്ട് കേട്ട് വേണു ചേട്ടൻ കവിളിൽ ഒരുമ്മ തന്നിട്ട് പറഞ്ഞു “നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. ഇത് പറയുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല.”
# കുടുംബം?
വൈദ്യുതി വകുപ്പിൽ സീനിയർ സൂപ്രണ്ടായിരുന്ന ജയാ രാധാകൃഷ്ണനാണ് ഭാര്യ. ട്വിൻസായ ലക്ഷ്മിയും പാർവതിയും മക്കളും അവരെ കല്യാണം കഴിച്ചിരിക്കുന്നത് ട്വിൻസ് സഹോദരങ്ങളാണ്. അവരെല്ലാവരും കുടുംബമായി കാനഡയിൽ താമസമാണ്.
അതെ രാധാകൃഷ്ണൻ ചേട്ടന് പാട്ടല്ലാതെ മറ്റൊന്നുമില്ല. ഏത് സദസിനാണെങ്കിലും രാധാകൃഷ്ണൻ ചേട്ടന്റെ പാട്ട് മസ്റ്റാണ്. റാഫി സാബ് തകർത്തു പാടിയ ബൈജു ബാവ്റയിലെ ”ഓ ദുനിയാ കേ രഖ്വാലേ” ഗാനത്തിലെ അവസാന ലാപ്പിലെ ആരോഹണ ക്രമത്തിലെ അഞ്ച് രഖ്വാലേ രാധാകൃഷ്ണൻ ചേട്ടൻ പാടുന്നത് കേൾക്കുന്ന ശ്രോതാക്കളിൽ അത് സൃഷ്ടിക്കുന്ന ഉൾപ്പുളകം വാക്കുകൾക്കതീതമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.