കോവിഡ് മഹാമാരി തീർത്ത ദുരിതങ്ങൾക്കുശേഷം നാടും നഗരവും സാധാരണ നിലയിലേക്ക് നീങ്ങുമ്പോൾ വിവാഹ ചടങ്ങുകൾക്കും പ്രൗഡി തിരിച്ചെത്തി. കൊട്ടും കുരവയും ആർപ്പുവിളിയുമായി നടത്തുന്ന ന്യൂജെൻ വിവാഹച്ചടങ്ങുകൾക്കൊപ്പം പഴമയുടെ കാഴ്ചകൾക്കും കൂടിയാണ് നാട്ടിൻപുറങ്ങളിൽ അരങ്ങൊരുങ്ങുന്നത്. നാട്ടിടവഴികളില്‍ കണ്ടിരുന്ന ചായക്കടകളാണ് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി, വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഇടം പിടിക്കുന്നത്. ഇവന്റ് മാനേജന്മെന്റ് ടീമിന്റെ സഹായത്തോടെയാണ് ഇത്തരം പഴമയുടെ കൗതുകങ്ങള്‍ സജ്ജീകരിക്കപ്പെടുന്നത്. ഫാസ്റ്റ്ഫുഡ് തട്ടുകടകളും കോഫീഷോപ്പുകളുമെല്ലാം വിവാഹപന്തലിൽ ഇടം പിടിക്കുമ്പോൾ പഴമയുടെ തിരനോട്ടങ്ങളും ചിലയിടങ്ങളിലെങ്കിലും കാണാം. അൽപം ഉയരത്തിൽ ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ ചായപ്പീടിക. അവിടെ വലിയ മേശമേൽ നിരത്തി വെച്ച ചില്ലു ഭരണികൾ. അതിൽ നിറച്ചുവെച്ച നാരങ്ങാ മിഠായിയും കക്കംമിഠായിയും കൊള്ളിയപ്പവും. മേൽക്കൂരയിൽ തൂക്കിയിട്ടിരിക്കുന്ന വാഴക്കുല. നിലത്ത് കൂട്ടിയിട്ട തേങ്ങകൾ. കടയിൽ ഇരിക്കാൻ മരബെഞ്ചുകൾ. സമോവറിൽ തിളക്കുന്ന വെള്ളം. ഒരു കാലത്ത് നാട്ടിൻപുറങ്ങളുടെ മുഖമായിരുന്ന ചായപ്പീടികയിലെ ദൃശ്യങ്ങളാണിവ. ഇവ അതേപടി ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ മുള്ളമ്പത്തെ ഒരു വിവാഹ വീട്ടിൽ. പഴമയുടെ ഈ സുഗന്ധം ആസ്വദിക്കാൻ വിവാഹവീട്ടിലെത്തിയവരുടെ തിരക്കുതന്നെ.
മുള്ളമ്പത്ത് ഇരുമ്പന്തടത്തിലെ എ പി അശോകന്റെ മക്കളുടെ കല്യാണത്തിനാണ് ഇത്തരത്തിൽ പഴയകാല ചായക്കട രൂപകൽപന ചെയ്തത്. പഴയ മേശയും ഇരിപ്പിടങ്ങളും തറയും വെണ്ണീർ വീണ വിറകടുപ്പും ചെമ്പുമെല്ലാം അതേപടി നിലനിർത്തിയിരിക്കുന്നു. കടയുടെ ചുമരിൽ കുമ്മായ ചോക്ക് കൊണ്ടെഴുതിയ പറ്റുകണക്കുകളും പുതുതലമുറയ്ക്ക് കൗതുകം ഉണർത്തുന്നു. പഴയ റേഡിയോവിൽ നിന്നും നാടൻ പാട്ടും വാർത്തയുമെല്ലാം ഇടതടവില്ലാതെ ഒഴുകുന്നു. കടയിലെ മേശമുകളിൽ പഴയ ടോർച്ചും പുട്ടുകുറ്റിയും ടൈംപീസും സോഡക്കുപ്പിയുമെല്ലാം കാണാം. വെളിച്ചമേകിക്കൊണ്ട് റാന്തൽ കടയ്ക്കുമുന്നിൽ തെളിഞ്ഞുകത്തുന്നുണ്ട്.
പഴയകാലത്ത് നാട്ടിൻപുറത്തിന്റെ മുഖമുദ്രയായിരുന്നു ഇത്തരം ചായക്കടകൾ. വാർത്തകളും വിശേഷങ്ങളുമറിയാനും ചുടുള്ള രാഷ്ട്രീയ ചർച്ചകൾ നടത്താനും നേരംപോക്കിനുമെല്ലാം പ്രായഭേദമെന്യേ എല്ലാവരും ചായക്കടകളെയാശ്രയിച്ചിരുന്നു. അന്യംനിന്നുപോയ ഈ കാഴ്ചയെ പുനരവതരിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. പുതുതലമുറക്ക് വിസ്മയമായിമാറിയ ഈ ചായക്കടയിൽ സെൽഫിയെടുക്കാനും ചായകുടിക്കാനുമെല്ലാം ചെറുപ്പക്കാരായിരുന്നു മുന്നിൽ. കുറച്ചുനാളുകളായി ഇത്തരം പഴമയുടെ അടയാളങ്ങള്‍ എല്ലാ പരിപാടികളിലും ഇടം നേടാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരം കാഴ്ചകള്‍ പതിയെ വ്യാപകമായി തുടങ്ങിയിരിക്കുകയാണ്. നേരത്തെ വിവാഹം നടക്കുന്ന ഹാളുകളിലായിരുന്നുവെങ്കില്‍ ഇന്നത് അത്യാവശ്യം സ്ഥലസൗകര്യമുള്ള വീടുകളിലെ പരിസരങ്ങളിലേക്കും മാറിത്തുടങ്ങിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.