28 December 2024, Saturday
KSFE Galaxy Chits Banner 2

പ്രതിസന്ധിക്കും വെല്ലുവിളിക്കും ഇടയിലെ ഓണാഘോഷം

Janayugom Webdesk
August 29, 2023 5:00 am

മത്വസന്ദേശവുമായാണ് മലയാളി ഓണമാഘോഷിക്കുന്നത്. കേരളീയരെ സംബന്ധിച്ച് ഒത്തൊരുമയുടെയും സമത്വത്തിന്റെയും ആഘോഷമാണ് ഓണം. ദേശങ്ങളുടെയോ ജാതി മതങ്ങളുടെയോ ഭേദങ്ങളില്ലാതെ ലോകത്തെവിടെ ആയാലും മലയാളി ആഘോഷിക്കുന്നതാണ് ഓണം. അത്യസാധാരണ ജീവിത സാഹചര്യങ്ങളുടെയും സാമൂഹ്യ, രാഷ്ട്രീയ വെല്ലുവിളികളുടെയും നടുവിലാണ് ഇത്തവണത്തെ ഓണമെത്തിയത്.

രാഷ്ട്രീയവും സാമൂഹ്യവുമായി നമ്മുടെ നാട് നേരിടുന്ന വെല്ലുവിളികള്‍ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടാത്ത വിധം എല്ലാവരുടെയും ജീവിതത്തെ സ്പര്‍ശിച്ചുകഴിഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമ — നഗരങ്ങളില്‍ നിന്ന് വന്നെത്തുന്ന ഓരോ വാര്‍ത്തകളും നമ്മെ ആശങ്കപ്പെടുത്തുന്നതാണ്. മതപരമോ അല്ലാത്തതോ ആയ ആഘോഷങ്ങളും ഉത്സവങ്ങളും സാഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും വേദികളാണ് പണിതിരുന്നതെങ്കില്‍ വലതുപക്ഷ തീവ്ര സംഘടനകളുടെ മേല്‍ക്കൈയില്‍ അവ കലാപത്തിന്റെ ഭൂമികയായി മാറിയിരിക്കുന്നു. ഹരിയാനയിലെ നൂഹില്‍ മതപരമായി നടന്ന ആഘോഷയാത്ര കലാപമായി മാറിയത് സമീപനാളുകളിലായിരുന്നു. മിത്തിനെ അടിസ്ഥാനമാക്കി ഘോഷയാത്രകളും ആഘോഷങ്ങളും നടത്തുന്നതുതന്നെ സംഘര്‍ഷം സൃഷ്ടിക്കുവാന്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. കഴിഞ്ഞ തവണത്തെ രാമനവമി ഘോഷയാത്രയുടെ പേരില്‍ ഉത്തരേന്ത്യയിലെ അരഡസനോളം പ്രദേശങ്ങളാണ് സംഘര്‍ഷവേദിയായത്. അവിടെയാണ് മാവേലി എന്ന മിത്തിന്റെ പേരിലാണെങ്കിലും നാം മലയാളികള്‍ ഒത്തൊരുമയോടെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. മലയാളിക്ക് ലോകത്തെവിടെയായാലും ഇത് സമഭാവനയുടേത് മാത്രമാകുന്നതിന് പിന്നില്‍ കേരളത്തില്‍ നടന്ന നവോത്ഥാന പോരാട്ടങ്ങളുടെയും കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെയും പിന്‍ബലമുണ്ട്. ഹിന്ദുത്വ തീവ്രവാദികള്‍ മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴച്ച് നേട്ടമുണ്ടാക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലിക്കാതെ പോകുന്നതും അതുകൊണ്ടാണ്. സമ്പദ്ഘടനയെ സംബന്ധിച്ചാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വളര്‍ച്ചയെ കുറിച്ച് മേനി നടിക്കുന്നുണ്ട്. പക്ഷേ ജനസംഖ്യയിലെ മഹാഭൂരിപക്ഷവും വലിയ പ്രതിസന്ധി നേരിടുകയാണ്. വന്‍ തോതിലുള്ള വിലക്കയറ്റമാണ് അവശ്യവസ്തുക്കള്‍ക്കെല്ലാം നേരിടുന്നത്. ഏറ്റവും ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7.44 ശതമാനമായി. പണപ്പെരുപ്പം കൂടുമ്പോള്‍ സാധന വിലയിലും ഗണ്യമായ വര്‍ധനവുണ്ടാകുന്നു.


ഇത് കൂടി വായിക്കൂ: പ്രധാനമന്ത്രി സംസാരിക്കണം | JANAYUGOM EDITORIAL


അവശ്യ വസ്തുക്കള്‍ക്കെല്ലാം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ വിലക്കയറ്റത്തിന്റെ വലിയ പ്രത്യാഘാതം നേരിട്ടേക്കാവുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് നമ്മുടെ കേരളം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വിലക്കയറ്റത്തിന്റെ തോത് പിടിച്ചുനിര്‍ത്തുവാന്‍ സാധിക്കുന്നു എന്നതിനാലാണ് പണപ്പെരുപ്പ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ താഴെ, 6.43 ശതമാനത്തില്‍ നിര്‍ത്തുവാന്‍ സാധിച്ചത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്, വിഎഫ്‌സികെ തുടങ്ങിയ സംരംഭങ്ങളുടെ സ്റ്റോറുകള്‍ വഴിയാണ് പ്രധാനമായും വിപണി ഇടപെടല്‍ നടക്കുന്നത്. ഇതിന് പുറമേ ഓണക്കാലത്ത് ഫെയറുകള്‍, ചന്തകള്‍ എന്നിങ്ങനെ പ്രത്യേക സംവിധാനങ്ങളൊരുക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള കഠിന ശ്രമങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നു. 14 ജില്ലാ കേന്ദ്രങ്ങളിലെ ഫെയറുകള്‍, നിലവിലുള്ള സ്റ്റോറുകളോട് ചേര്‍ന്നുള്ള ചന്തകള്‍ എന്നിങ്ങനെ 1600ലധികം കേന്ദ്രങ്ങളാണ് സപ്ലൈകോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചത്. കണ്‍സ്യൂമര്‍ഫെഡ് 1500 ഓണച്ചന്തകള്‍ ഒരുക്കി. കുടുംബശ്രീ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ച് 2000ത്തോളം പഴം — പച്ചക്കറി ചന്തകളാണ് കൃഷിവകുപ്പിന്റേതായി പ്രവര്‍ത്തിച്ചത്. സംസ്ഥാന ധനവകുപ്പാകട്ടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണക്കാലത്തെ വിപണി ഇടപെടലുകൾക്ക്‌ മാത്രമായി 400 കോടി രൂപ നീക്കിവച്ചു. ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ബോണസ്, ഉത്സവബത്ത എന്നിവയ്ക്കും ക്ഷേമപെന്‍ഷനുകള്‍ നല്കുന്നതിനുമൊക്കെയായി 18,000 കോടി രൂപയാണ് സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിച്ചത്.


ഇത് കൂടി വായിക്കൂ:മണിപ്പൂർ ഉയർത്തുന്ന ആശങ്കകൾ | JANAYUGOM EDITORIAL


ജനങ്ങളുടെ കയ്യില്‍ പണമെത്തിയതോടെ വിപണി സജീവമാകുകയും അത് ലക്ഷക്കണക്കിന് പേര്‍ക്ക് വരുമാനം സാധ്യമാക്കുകയും ചെയ്തു. അങ്ങനെ കരുതലോടെയും മാനവികതയുടെ അടിസ്ഥാനത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങളും വിഭാഗീയത വളര്‍ത്തുന്നതിനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 2024 മേയ് മാസത്തില്‍ പുതിയ ലോക്‌സഭ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അടുത്ത ഓണമെത്തുന്നതിന് മുമ്പ് ഇപ്പോഴത്തെ സര്‍ക്കാര്‍ തുടരണമോ എന്ന ചോദ്യത്തിന് ഇന്ത്യ ഉത്തരം നല്കും. നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും എക്കാലവുമെന്നതുപോലെ ഇത്തവണത്തെയും ഓണത്തെ സമ്പദ്സമൃദ്ധമാക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങളും വിലയിരുത്തി സുചിന്തിതമായ തീരുമാനമെടുക്കുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള അവസരം കൂടിയായി നാം മലയാളികള്‍ ഈ ഓണത്തെ സമീപിക്കണം. എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍ നേരുന്നു.

 

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.