19 September 2024, Thursday
KSFE Galaxy Chits Banner 2

ഓര്‍മ്മയിലെ ഓണം

Janayugom Webdesk
വീരന്‍(ഊരുമൂപ്പന്‍)
September 17, 2024 2:10 am

‘ഇത്തവണ നമ്മള്‍ ഓണാഘോഷത്തില്‍ എങ്ങനെ സന്തോഷിക്കും? ടിവിയിലൂടെ വയനാട്ടിലെ കാഴ്ചകള്‍ മനസിനെ തന്നെ തളര്‍ത്തി. 2018 ല്‍ പ്രളയം വന്നപ്പോള്‍ ഉച്ചക്കുളത്തെ വലിയൊരു ഭാഗം തന്നെ വെള്ളം കയറിയിരുന്നു. ഭീകരമായ ആ ഓര്‍മ്മ മറക്കാന്‍ കഴിയില്ല. അതിനെക്കാളെല്ലാം എത്ര ഭീകരമാണ് വയനാടിന്റെ അവസ്ഥ. ഉള്‍ക്കാടിനുള്ളിലാണ് തന്റെ ചെറുപ്പക്കാലം. അതുകൊണ്ട് തന്നെ ഓണത്തെക്കുറിച്ചൊന്നും വലിയ അറിവുകളുണ്ടായിരുന്നില്ല. പിന്നീട് താന്‍ വളര്‍ന്നുവരുന്ന കാലഘട്ടത്തിലാണ് കാടിന് പുറത്ത് നാട്ടില്‍ ഓണമുണ്ടെന്ന് തന്റെ അച്ചനിലൂടെ അറിയുന്നത്. 

അച്ചന്‍ വനവിഭവങ്ങളുമായി പുറത്ത് പോയി വരുന്ന വേളയില്‍ പപ്പടം കൊണ്ടുവരുമായിരുന്നു. സത്യത്തില്‍ ഓണക്കാലത്താണ് ഞങ്ങള്‍ക്ക് പപ്പടം ലഭിക്കുക. ഞാനും സഹോദരരും ആ ദിവസത്തിനായി കാത്തിരിക്കും. ഇന്നെനിക്ക് 68 വയസായി. കാലം ഒരുപാട് മാറി. ഒപ്പം ഞങ്ങളുടെ ജീവിത രീതികളും. നാട്ടിലുള്ള മിക്ക ആഘോഷങ്ങളും ഇന്ന് ഊരിലുമുണ്ട്. തന്റെ ചെറുപ്പക്കാലം ഇനാര്‍ ഉള്‍ക്കാട്ടിലായിരുന്നു. 1978ലാണ് നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍, കരുളായി റേഞ്ചില്‍പ്പെടുന്ന മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളത്തെത്തുന്നത്. കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, കാടര്‍, കുറുമര്‍ എന്നീ വിഭാഗങ്ങള്‍ കാട്ടിലെ വിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഞങ്ങളുടെ ഊരില്‍ കാട്ടുനായ്ക്കരാണുള്ളത്. പുനരധിവാസത്തിന്റെ പേരില്‍ ഇവരെ കാട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിലാണ് ഉച്ചക്കുളത്ത് എത്തിയത്. ഞങ്ങളുടെ ഊരില്‍ അഞ്ച് കുടുംബങ്ങള്‍ ഉണ്ട്. അതില്‍ പണിയരുമുണ്ട്. സത്യത്തില്‍ ഊരിലെ കുട്ടികള്‍ വിദ്യാഭ്യാസവുമായി പുറത്ത് പോയതോടെയാണ് ഓണാഘോഷമെല്ലാം ഇവിടെയെത്തിയത്. ആദ്യകാലങ്ങളില്‍ ഇത്തരം ആഘോഷങ്ങളോ പൂക്കളം ഒരുക്കലോ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. അടുത്ത കാലത്താണ് ഓണാഘോഷത്തിന് തുടക്കമായത്. ആകെ ഉണ്ടായിരുന്നത് മലദൈവ ആരാധനയാണ്. കുഭമാസത്തിലാണ് അത് ആഘോഷമായി കൊണ്ടാടുക. അത് മാത്രമായിരുന്നു ഉച്ചക്കുളത്തെ ആഘോഷം. അതിനെ ഉത്സമെന്നും പറയാം. നിങ്ങളുടെ നാട്ടില്‍ കണ്ടുവരുന്ന കോമരങ്ങളും ഞങ്ങള്‍ക്കിടയിലുണ്ട്. ഇവിടെ ഇതിനായി തറയും ഒരുക്കിയിട്ടുണ്ട്. ആ ദിവസം പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ എല്ലാ വീട്ടുകാരും ഇവിടെ ഒരുമിച്ച് കൂടും. 

ഉത്സവം കുംഭത്തിലായതിനാല്‍ നാട്ടിലെ പോലെ ചിങ്ങമാസത്തിന് ഇവിടെ പ്രാധാന്യം ഇല്ല. ഊരുമൂപ്പന്‍ എന്ന നിലയില്‍ ഒരു വര്‍ഷവും മുടക്കമില്ലാതെ പണ്ടുമുതല്‍ തന്നെ വഴിക്കടവ് കാരക്കോട് അമ്പലത്തിലെ ഉത്സവത്തിന് വൃശ്ചികമാസത്തില്‍ പോകാറുണ്ട്. ഇത്തവണ നമ്മള്‍ ഓണാഘോഷത്തില്‍ എങ്ങനെ സന്തോഷിക്കും എന്ന് ഊരുമൂപ്പന്‍ വീരന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു നിറുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.