1 July 2024, Monday
KSFE Galaxy Chits

ശ്രേഷ്ഠയ്ക്കൊപ്പമുള്ള ഓണം: സുജാത മോഹന്‍; ഒരുമയുടെ ആഘോഷം: പി ജയചന്ദ്രൻ

Janayugom Webdesk
August 27, 2023 7:30 am

കുട്ടിക്കാലം മുതലേ പാട്ടാണ് എന്റെ കൂട്ടുകാരി. അതുകൊണ്ട് തന്നെ മറ്റ് കുട്ടികളെ പോലെ വ്യത്യസ്തമായ ആഘോഷ ഓർമ്മകൾ എനിക്കില്ലെന്നതാണ് സത്യം. കുട്ടിക്കാലം എറണാകുളത്തായിരുന്നു. ശ്രീകണ്ഠം കുടുംബമാണ്, ശ്രീകണ്ഠം ലൈനെന്നാണ് ആ ലൈൻ അറിയപ്പെട്ടിരുന്നത്. അവിടെ മുഴുവൻ സ്വന്തക്കാരാണ്. എനിക്ക് രണ്ടു വയസുളളപ്പോൾ അച്ഛൻ മരിച്ചു. അമ്മയും ഞാനും താമസിച്ചിരുന്ന വീടിന് അടുത്താണ് അമ്മയുടെ മൂത്ത ചേച്ചിയുടെ വീട്. വല്യമ്മയുടെ മക്കളാണ് രഘുചേട്ടൻ, രവി ചേട്ടൻ, അനു. ഇവരാണ് എന്റെ സഹോദരങ്ങൾ. ഇപ്പോഴും അവരാണ് എന്റെ ശക്തി. അവരോടൊപ്പമായിരുന്നു കുട്ടിക്കാല ഓണം. തൊട്ടടുത്താണ് ഗ്രാന്റ് അങ്കിൾ, അമ്മയുടെ അമ്മാവൻ എസ് സി എസ് മേനോൻ താമസിച്ചിരുന്നത്. അങ്കിളിന്റെ മക്കളാണ് ലക്ഷ്മി ചേച്ചിയും പത്മജയും. ഞങ്ങൾ ആറുപേരും ഒറ്റക്കെട്ടായിരുന്നു.
ഞാനന്നേ പാടിയിരുന്നുതുകൊണ്ട്, പൊടിയൊന്നൊക്കെ പറഞ്ഞ് അധികം കളിക്കാൻ കൂടാറില്ലായിരുന്നു. കസിൻസെല്ലാരും ചേർന്ന് ഓലമടൽ കൊണ്ട് ഊഞ്ഞാലിടും. എനിക്ക് പേടിയായിരുന്നു. ഇനിയും താഴ്ത്തൂ… ഇനിയും താഴ്ത്തൂന്ന് പറയുമ്പോൾ അവരെന്നെ കളിയാക്കും. പിന്നെ അടുത്ത വീടുകളെല്ലാം പോയി പൂവിറുത്ത് എല്ലാരും ചേർന്ന് പൂക്കളമിടുന്നതും, ഓണത്തപ്പനെ ഒരുക്കുന്നതുമൊക്കെ ഓർമ്മയിലുണ്ട്.

അച്ഛനില്ലാത്ത കുട്ടിയായത് കൊണ്ടാകാം അമ്മാവന്മാരും വല്യമ്മയുമൊക്കെ എനിക്ക് പ്രത്യേക പരിഗണന തന്നിരുന്നു. ഓണക്കാലത്തെ ഏറ്റവും വലിയ സന്തോഷം ദൂരെയുള്ള ബന്ധുക്കൾ ഓണത്തിന് വരും എന്നതാണ്. പൂക്കളവും ഓണ സദ്യയും കൂട്ടത്തിൽ എന്റെ പാട്ടുമൊക്കെയായി ഗംഭീര ഓണമായിരുന്ന കുട്ടിക്കാലത്ത്. ഓണ സദ്യ മിക്കവാറും വല്യമ്മയുടെ വീട്ടിലായിരുന്നു. അമ്മൂമ്മ അവിടെ ആയിരുന്നു. ഏഴു വയസിൽ പാടി തുടങ്ങി. പാടി തുടങ്ങിയശേഷം ഓണാഘോഷമൊക്കെ കുറഞ്ഞു. പലപ്പോഴും ഓണദിവസങ്ങളിൽ വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ ഓണം കഴിഞ്ഞ ശേഷമാകും ഞങ്ങൾ കുടുംബക്കാർ എല്ലാവരും കൂടി ചേർന്ന് ഓണം ആഘോഷിക്കുന്നത്.

ഓണ ദിവസം അല്ലെങ്കിൽ അതിനടുത്ത ദിവസങ്ങളിലൊക്കെ പരിപാടിയുണ്ടാവാറുണ്ട്. അന്നേരം പായസമൊന്നും കഴിക്കാൻ കഴിയില്ല. ശബ്ദം പ്രശ്നമാവും. വന്നിട്ടാവും ഓണപ്പായസമൊക്കെ കഴിക്കാറ്. അമ്മ നന്നായി പാൽ പായസമുണ്ടാക്കാറുണ്ടായിരുന്നു. പിന്നെ പുറത്തുള്ള ഓണ പരിപാടികൾ ചെയ്തു തുടങ്ങിയപ്പോൾ ഓണക്കാലമൊക്കെ വിദേശത്താവും. ദുബായിലൊക്കെ വിപുലമായാണ് അവർ ഓണം ആഘോഷിക്കുന്നത്. വല്യ പൂക്കളവും ഗംഭീര സദ്യയും. പ്രോഗ്രാമുണ്ടെങ്കിൽ അവിടെയും ഓണ സദ്യ കഴിക്കാനൊന്നും പറ്റില്ല.
ചലച്ചിത്ര ഗാനലോകത്ത് സജീവമായ ശേഷം നാട്ടിലുണ്ടാവാറില്ല. എങ്കിലും ഓണത്തിന് ശ്വേതയേയും കൊണ്ട് നാട്ടിൽ വരുമായിരുന്നു. പക്ഷെ എന്റെ കുട്ടിക്കാലത്തെ പോലെയുള്ള ആഘോഷങ്ങളൊന്നും വീട്ടിൽ ഉണ്ടാകാറില്ല. അവളുടെ ഓണക്കാല ഓർമ്മകൾ ഗാനമേളയും യാത്രകളും മാത്രമാണ്. ഇപ്പോൾ ശ്വേതയുടെ മോൾ, ശ്രേഷ്ഠയ്ക്കൊപ്പമാണ് എന്റെ ഓണം.

ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന ഓണപ്പാട്ട് വാണി ജയറാം പാടിയ
“തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ
തിരുമേനിയെഴുന്നെള്ളും സമയമായീ

ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങി” ആണ്. പണ്ടൊക്കെ ഗാനമേളകളിൽ എല്ലാവരും ആവശ്യപ്പെട്ടിരുന്നത് ഈ പാട്ടാണ്.
ഞങ്ങൾ ചെന്നൈയിലാണ്. പരിപാടികളൊന്നും അധികം ചെയ്യാറില്ല. ഞങ്ങളുടെ വീടിന്റെ മുകളിലത്തെ നിലയിലാണ് ശ്വേതയും കുടുംബവും താമസിക്കുന്നത്. ശ്വേതയുടെ ഭർത്താവ്, അശ്വിന്റെ അമ്മ ഡോ. പത്മജ നന്നായി പാചകം ചെയ്യും. അതു കാരണം പലപ്പോഴും ഓണ സദ്യ അവിടാവും. എന്റെ അമ്മ നന്നായി പുളിശേരിയും പാൽപ്പായസവുമുണ്ടാക്കും. അതൊക്കെയായി ശ്വേതയുടെ വീട്ടിലാവും എല്ലാരും ഓണം ഉണ്ണുന്നത്. പിന്നെ, ഞങ്ങളുടെ വീട്ടിലും ശ്വേതയുടെ വീട്ടിലും വലിയ അത്തപൂക്കളം ഇടാറുണ്ട്. ശ്രേഷ്ഠയ്ക്ക് നമ്മുടെ സംസ്കാരം മനസിലാവണമെന്ന കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ അത്ത പൂക്കളവും ഓണ സദ്യയും മുടക്കാറില്ല. ചിലപ്പോൾ അശ്വിന്റെ സഹോദരിയും കുടുംബവും ഉണ്ടാവാറുണ്ട് ഓണത്തിന്. രണ്ടു മക്കളാണവർക്ക്. ദിയയും ആദിയും. അവർക്കും ശ്രേഷ്ഠയ്ക്കും ഇലയിട്ട് ഓണ സദ്യ വിളമ്പും. കുട്ടികളെല്ലാവരും ഉണ്ടെങ്കിൽ വലിയ ബഹളമായിരിക്കും. പിന്നെ ഓണത്തിനൊക്കെ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോയിടാൻ ശ്രേഷ്ഠയ്ക്ക് വല്യ ഇഷ്ടമാണ്. ചുരുക്കത്തിൽ നന്നായി ഡ്രസൊക്കെ ധരിച്ച് ഞങ്ങൾ ഫോട്ടോകൾ എടുക്കുക, പൂക്കളമിടുക, ഓണ സദ്യ കഴിക്കുക ഇതൊക്കെ തന്നെയാണ് ഇപ്പോൾ ഓണം. എവിടെയായാലും കുട്ടികൾ നമ്മുടെ ഉത്സവങ്ങളും സംസ്കാരവും അറിഞ്ഞു വളരണം.

ഒരുമയുടെ ആഘോഷം; പി ജയചന്ദ്രൻ

അൻപതുകളിലെ ഓണമാണ് ഇപ്പോഴും ഓർമ്മയിൽ. അമ്മയുടെ തറവാടായ പാലിയത്ത് ആണ്. അന്നൊക്കെ കൂട്ടുകുടുംബമല്ലേ. ഓണം ഒരു ഗംഭീര ആഘോഷമായിരുന്നു. എല്ലാരും കുടുംബത്ത് ഒത്തു കൂടും. ഞങ്ങൾ കുട്ടികളുടെ പ്രധാന ജോലി പൂക്കളമിടലും ഓണത്തപ്പനെ ഉണ്ടാക്കലുമാണ്. മണ്ണു കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കി പൂജിക്കുമായിരുന്നു. ഓണത്തപ്പനെ ഉണ്ടാക്കാനും പൂവട നേദിക്കാനും ഒക്കെ വലിയ ഉത്സാഹമായിരുന്നു.
രാവിലെ പൂക്കൾ തേടിയുള്ള യാത്രയാണ്. അടുത്തുള്ള പറമ്പിൽ നിന്നൊക്കെ തുമ്പയും തെച്ചിയും തുടങ്ങി പല തരത്തിലുള്ള പൂക്കൾ പറിച്ച് പൂക്കളമിടും. മാവേലിക്ക് പ്രിയം തുമ്പപ്പൂവാണെന്നാ പറയാറ്. പറമ്പുകൾക്ക് മതിലില്ല അക്കാലത്ത്. വേലി പടർപ്പിലൊക്കെ നിറപ്പകിട്ടാർന്ന എന്തെല്ലാം പൂക്കളായിരുന്നു. തുമ്പപ്പൂവൊക്കെ ഇന്ന് കാണാൻ കൂടിയില്ല. പിന്നെ പ്രധാനം ഊഞ്ഞാലാട്ടമാണ്. തറവാട്ടു മുറ്റത്തെ മാവിലും പ്ലാവിലുമൊക്കെ ഊഞ്ഞാലു കെട്ടിയാൽ ഓണക്കാലം തീരുന്നതുവരെ അഴിച്ചു മാറ്റാറില്ല.

എന്തൊക്കെ കളികളായിരുന്നു അക്കാലത്ത്. തൃശൂരിന്റെ ഓണക്കാലത്തെ പ്രധാന കളി പുലിക്കളിയാണ്. ഞങ്ങളുടെ നാട്ടിൽ പുലിക്കളിയില്ല. കൂടൽമാണിക്യം ക്ഷേത്ര പരിസരത്തിലെ പന്തുകളി പ്രധാനമായിരുന്നു. അന്നൊക്കെ ഓണക്കാലം വരുന്നതു നോക്കിനോക്കിയിരിക്കുമായിരുന്നു ഞങ്ങൾ കുട്ടികൾ. പിന്നെ വിവിധ തരം പായസം കൂട്ടിയുളള ഗംഭീരമായ ഓണസദ്യ. ഇപ്പോഴും അതൊക്കെ ഒളിമങ്ങാതെ ഓർമ്മയിലുണ്ട്. ഓണപാട്ടുകൾ പ്രധാന ആകർഷണമായിരുന്നു. ഓണത്തെക്കുറിച്ചുള്ള മനോഹര കല്പനകളടങ്ങിയ എത്രയെത്ര സിനിമാഗാനങ്ങളും ഓണപ്പാട്ടുകളുമുണ്ടായിരുന്നു. ഓണത്തിന്റെ സമൃദ്ധിയും പകിട്ടുമൊക്കെ കാലഗതിയിൽ മാറിയപ്പോൾ ഓണപ്പാട്ടുകളുടെ എണ്ണവും സിനിമകളിൽ കുറഞ്ഞു. എങ്കിലും മലയാളിയെ മാവേലിയുടെ വരവ് അറിയിക്കുന്നതിൽ ഓണപാട്ടുകൾക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല.
പിൽക്കാലത്ത് ചലച്ചിത്ര ഗാനലോകത്ത് സജീവമായപ്പോൾ താമസം ചെന്നൈയിലായിരുന്നു. തിരക്കിനിടയിൽ ഓണത്തിന്റെ മാധുര്യമൊക്കെ കുറഞ്ഞു. റെക്കോഡിങ്, ഗാനമേളകൾ അതിനിടയിൽ പേരിനൊരു ഓണ സദ്യ. എങ്കിലും ഓണ സദ്യ മുടക്കിയിരുന്നില്ല. കുട്ടിക്കാലത്തെ നിറപ്പകിട്ടാർന്ന ഓണക്കാലം ഒരു മധുരനൊമ്പരമായി അവശേഷിച്ചു.
ഇപ്പോൾ നാട്ടിലാണെങ്കിലും പഴയതു പോലുള്ള ആഘോഷങ്ങളൊന്നുമില്ല. പേരിനൊരോണമായി മാറിയിരിക്കുന്നു.

കുട്ടികളൊക്കെ തിരക്കിലല്ലേ. എന്റെ കുട്ടിക്കാലത്തെ ഓണത്തിന്റെ നിറപ്പകിട്ടൊന്നും ഇന്ന് നാട്ടിൻപുറത്തു കാണാനില്ല. എല്ലാരും തിരക്കിലാണ്. ഉത്രാടപാച്ചിലിനേക്കാൾ വല്യ ഓട്ടത്തിൽ. ഇൻസ്റ്റന്റ് ഓണമല്ലേ ഇപ്പോൾ. ഓണത്തപ്പനൊക്കെ എത്ര കുട്ടികൾക്കറിയാം. ഒരുമയുടെ ഭംഗിയൊക്കെ നഷ്ടമായിരിക്കുന്നു. ഓണമെന്നാൽ ഒരുമയുടെ ആഘോഷമാണ്.
മലയാളിയെ ഓണമായെന്നറിയിക്കുന്നത് ഇപ്പോഴും ഓണപ്പാട്ടുകൾ തന്നെയാണ്. അതിൽ വല്യ മാറ്റമൊന്നും കാണുന്നില്ല. പഴയൊരു കാലത്തിന്റെ സമൃദ്ധിയിലേക്കും സന്തോഷങ്ങളിലേക്കും മനസിനെ നയിക്കുന്ന എത്രയെത്രപാട്ടുകൾ. മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിൽ നിരവധി ഓണപ്പാട്ടുകൾ ഉണ്ട്. ഞാനും
കുറേയേറെ ഓണപാട്ടുകൾ പാടിയിട്ടുണ്ട്. പ്രിയപ്പെട്ട ഓണപ്പാട്ടുകളിൽ പെട്ടെന്ന് ഓർമയിൽ വരുന്ന ഒന്ന് ദൂരദർശൻ ഗാനങ്ങളിൽ ഉൾപ്പെട്ട, ഒഎൻവി സാറെഴുതിയ
“എന്തെന്റെ മാവേലിയെഴുന്നള്ളാത്തൂ
കുന്നല നാടു കാണാനെഴുന്നള്ളാത്തൂ
പൊന്നോണപ്പൂ വിരിയും തൊടിയിലെന്തേ നിന്റെ
ചന്ദന മെതിയടിയൊച്ച കേൾക്കാത്തൂ…” എന്നു തുടങ്ങുന്ന പാട്ടാണ്. ദേവരാജൻ മാഷാണ് ഈണം പകർന്നത്. പിന്നെ ബാലഭാസ്ക്കർ ഈണം നൽകിയ ഈസ്റ്റ് കോസ്റ്റിന്റെ “ഓർമ്മയിലുണ്ടെനിക്കിന്നുമോണം
ഓമലാളൊത്തൊരു ബാല്യകാലം…” എന്ന പാട്ടും.
ഓണക്കാസറ്റുകൾ കാത്തിരുന്ന ഒരു തലമുറയുണ്ടായിരുന്നു. പൂവിളിയും പൂക്കളങ്ങളും, ഓണപ്പാട്ടും നിറഞ്ഞിരുന്ന മനോഹര കാലം! അങ്ങനെയൊരു കാലം തിരിച്ചു വരട്ടെയെന്ന് ആഗ്രഹിക്കുന്നു. ഇന്നത്തെ കുട്ടികളോട് മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളോട് എനിക്ക് പറയാനുള്ളത് തിരക്കുകൾ മാറ്റി വച്ച് പഴയ കാലത്തേതു പോലെ കുടുംബത്തിലെ എല്ലാരും ഒത്തുകൂടി ഓണം കൂടണം. ഓണം ഉണ്ണണം. ഓണം ഒരുമയുടെ ആഘോഷമാണ്. ഓണപ്പാട്ടും, പൂവിളിയും പൂക്കളങ്ങളും നിറഞ്ഞു നിന്നിരുന്ന ആ കാലം തിരിച്ചു വരട്ടേയെന്ന് പ്രാർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.