20 December 2024, Friday
KSFE Galaxy Chits Banner 2

ഒഞ്ചിയം @ 75 രക്തസാക്ഷ്യം

അനില്‍കുമാര്‍ ഒഞ്ചിയം
April 30, 2023 7:30 am

പാതിരാവിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് മെഗാഫോണുകൾ അലറി. ”സഖാക്കളെ… ഓടിവരിൻ… ഒഞ്ചിയത്ത് പട്ടാളം ഇറങ്ങിയിരിക്കുന്നു. നമ്മുടെ സഖാക്കളെ പിടിച്ചു കൊണ്ടു പോകുന്നു… ഓടിവരിൻ…” പിന്നെ ഒരാരവമായിരുന്നു. ഇടവഴികളിലും വയൽ വരമ്പുകളിലും ചൂട്ടുകറ്റകൾ മിന്നി. അർധനഗ്നരായ ഗ്രാമീണർ ശബ്ദംകേട്ട ചെന്നാട്ടുതാഴ വയലിലേക്ക് ഇരമ്പിയെത്തി.
ഇത് ഒഞ്ചിയം. ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെയുള്ള പോരാട്ടത്തിൽ പത്ത് രണധീരർ ജീവിതം ബലിയർപ്പിച്ച രക്തസാക്ഷി ഗ്രാമം. പട്ടിണിയും പകർച്ച വ്യാധികളും കൊണ്ട് ജനജീവിതം ദുരിത പൂർണമായ 1940 കളിൽ ജനങ്ങൾക്ക് താങ്ങും തണലുമായി നിന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. ഗ്രാമീണർ കർഷക- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് വളരെ വേഗം അടുത്തു. ഒഞ്ചിയത്ത് മണ്ടോടി കണ്ണനെപ്പോലുള്ള ധീര യുവത്വങ്ങൾ അവർക്ക് വഴികാട്ടികളായി നിന്നു.
സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സർക്കാരിൽ ജനങ്ങൾക്ക് അമിത പ്രതീക്ഷയായിരുന്നു. എന്നാൽ കോൺഗ്രസ് സർക്കാർ സാമ്രാജ്യത്വ വൈതാളികരുടെ നിലപാടുകൾ അതേപടി പിന്തുടരുകയായിരുന്നു. തങ്ങളുടെ കഷ്ടപ്പാടുകൾക്ക് അറുതിയായെന്ന ജനങ്ങളുടെ കണക്കുകൂട്ടൽ അസ്ഥാനത്തായി. അതുവരെ ലഭിച്ച അരിപോലും റേഷൻ കടകളിൽ നിന്ന് കിട്ടിയില്ല. പൂഴ്ത്തിവയ്പും കരിഞ്ചന്തയും നിർബാധം തുടർന്നു. നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വിലകയറി. അരിക്ക് പകരം കമ്പച്ചോളം റേഷൻകടകളിൽ നിർബന്ധമാക്കി. പൂഴ്ത്തിവച്ച് അമിതവില വസൂലാക്കി നെല്ലു വിൽക്കുന്ന ജന്മിമാരും ഈ സന്ദർഭത്തിൽ പട്ടിണി വിറ്റ് ലാഭം കൊയ്തു.
പകർച്ച വ്യാധികളും മാറാ രോഗങ്ങളും പിടിപെട്ട് കഷ്ടപ്പെടുന്നവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള വോളണ്ടിയർ സംഘം ആശ്വാസമായി. വസൂരി തുടങ്ങിയ രോഗങ്ങൾ ബാധിച്ച് ഒറ്റപ്പെട്ട് മരണം പ്രതീക്ഷിച്ച് കിടന്നവരെ പുതുജീവിതത്തിലേക്ക് അവർ കൈപിടിച്ചുയർത്തി. പട്ടിണികിടക്കുന്നവർക്ക് ആവുന്നത്ര സഹായം നൽകാൻ പാർട്ടി പരിശ്രമിച്ചു. ഇത് ഒഞ്ചിയം ഗ്രാമത്തെ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാർട്ടിയോടടുപ്പിച്ചു.
‘കമ്മ്യൂണിസ്റ്റ് ശല്യം’ ഒഴിവാക്കാൻ ഭരണാധികാരികൾ കണ്ട മാർഗം ഭീകര മർദനമായിരുന്നു. ഇന്നത്തെ മലബാറിലെ വടകര, കൊയിലാണ്ടി താലൂക്കുകൾ ഉൾപ്പെട്ട പ്രദേശമായിരുന്നു പഴയ കുറുമ്പ്രനാട് താലൂക്ക്. ഭക്ഷ്യ പ്രക്ഷോഭത്തിലേർപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിവന്നവരെ പുതിയ ഭരണാധികാരികൾ പരസ്യമായും രഹസ്യമായും വേട്ടയാടി. രാജ്യത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ പലരെയും നിഷ്കരുണം വെടിവച്ചുകൊല്ലാൻ തുടങ്ങി. കുറുമ്പ്രനാട് താലൂക്കിലെ മിക്ക വില്ലേജുകളിലും പ്രകടനങ്ങൾ നടന്നു. ഒഞ്ചിയത്തും റേഷൻ കടകൾക്ക് മുന്നിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു.

1948 ഏപ്രിൽ 29. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരുന്നു. ‘കൽക്കത്താ കോൺഗ്രസി‘ന്റെ വിശദീകരണത്തിനായി പാർട്ടി നേതൃത്വം തിരഞ്ഞെടുത്ത യോഗസ്ഥലം ഒഞ്ചിയമായിരുന്നു. വിവരം മണത്തറിഞ്ഞ പൊലീസ് നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്യാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു. എന്നാൽ ഒറ്റുകാരുടെ നീക്കം മനസിലാക്കിയ പാർട്ടി നേതൃത്വം പിന്നീട് യോഗസ്ഥലം ഒഞ്ചിയത്തെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.
കൽക്കത്താ കോൺഗ്രസ് കഴിഞ്ഞ് നേതാക്കൾ നാട്ടിലേക്ക് എത്തിക്കൊണ്ടിരുന്നതേയുള്ളൂ. ചരിത്ര പ്രസിദ്ധമായ പാർട്ടികോൺഗ്രസ് തീരുമാനം കേട്ട ഭരണാധികാരികൾ ഉറഞ്ഞുതുള്ളി. പാർട്ടിയുടെ താലൂക്ക് കമ്മിറ്റി സെക്രട്ടറി എം കുമാരൻമാസ്റ്റർ ആയിരുന്നു. പി ആർ നമ്പ്യാരായിരുന്നു പാർട്ടി കോൺഗ്രസ് തീരുമാനം റിപ്പോർട്ടുചെയ്യാൻ എത്തിയത്. എം കെ കേളുഏട്ടൻ, പി കെ കെ അബ്ദുള്ള, പി രാമക്കുറുപ്പ്, അപ്പുനമ്പ്യാർ, പി പി ശങ്കരൻ, എം കെ രാമൻമാസ്റ്റർ, കെ പി കുഞ്ഞിരാമൻ, എൻ കെ കൃഷ്ണൻ നമ്പ്യാർ, യു കുഞ്ഞിരാമൻ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. കമ്മിറ്റി അംഗമായ മണിയൂരിലെ വാസു ഒഴികെ എല്ലാവരും ഒഞ്ചിയത്ത് എത്തി. വാസുവിന്റെ അസാന്നിധ്യം നേതാക്കൾ സംശയിച്ചിരുന്നു. ദേശാഭിമാനി ഷെയർ സംഖ്യ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് വാസുവിനെ പാർട്ടി താക്കീത് ചെയ്തിരുന്നു. പാർട്ടിയുടെ മലബാർ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി ആർ നമ്പ്യാർ വടക്കേ മലബാറിലെ അഭൂതപൂർവമായ ജനകീയ ചെറുത്തുനിൽപ്പുകൾ സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. അത്തരം ഇടപെടലുകൾ എല്ലാ ഗ്രാമങ്ങളിലും ആവശ്യമായിവരുമെന്ന നിഗമനത്തിൽ യോഗം എത്തിച്ചേർന്നു. വാസുവിന്റെ അസാന്നിധ്യം എന്തോ ആശുഭ സൂചനയാണെന്ന് ഇടയ്ക്ക് പി പി ശങ്കരൻ യോഗത്തെ ഓർമ്മിപ്പിച്ചിരുന്നു. പിറ്റേദിവസം തുടരാമെന്ന ധാരണയിൽ അർധരാത്രിയോടെ യോഗം പിരിഞ്ഞു. പാർട്ടി സഖാക്കൾ വിവിധ കേന്ദ്രങ്ങളിലായി അന്നു രാത്രി ഉറങ്ങി. ആരും ഉറങ്ങിപ്പോകരുതെന്ന് നേതാക്കൾക്ക് കാവൽ നിൽക്കേണ്ട വോളണ്ടിയർ സഖാക്കൾക്ക് മണ്ടോടി കണ്ണൻ മുന്നറിയിപ്പ് നൽകി.


ധീരരക്തസാക്ഷികളുടെ സ്മരണ പുതുക്കി ഒഞ്ചിയം


ഏപ്രിൽ 30ന് അതിരാവിലെ ഏതാനും എം എസ് പിക്കാരോടുകൂടി പൊലീസ് മേധാവികൾ ഒഞ്ചിയത്തേക്ക് പുറപ്പെട്ടു. മുക്കാളിയിൽ വന്നിറങ്ങിയ സംഘത്തിൽ കമ്മ്യൂണിസ്റ്റ് വേട്ടയിൽ കുപ്രസിദ്ധരായ ഇൻസ്പെക്ടർ അടിയോടിയും സബ്ഇൻസ്പെക്ടർ തലൈമയും ഉണ്ടായിരുന്നു. ‘ചെറുപയർ പട്ടാള’മെന്ന കോൺഗ്രസ് ദേശരക്ഷാസേന അവർക്ക് വഴികാട്ടികളായി.
പൊലീസ് കുടിലുകൾതോറും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. പിന്നെ ക്രൂര മർദനമായിരുന്നു. നിലവിളി വീടുകളിൽനിന്നു വീടുകളിലേക്ക് വ്യാപിച്ചു. ഒടുവിൽ കർഷക കാരണവരായ പുളിയുള്ളതിൽ ചോയിയേയും മകൻ കണാരനേയും അറസ്റ്റ് ചെയ്ത് കൈയ്യാമം വച്ച് അവർ മുന്നോട്ട് നീങ്ങി. ഇവരെ വിട്ടുകിട്ടണമെങ്കിൽ നേതാക്കളെ ചൂണ്ടിക്കൊടുക്കണമെന്നായിരുന്നു കല്പന. ജനനേതാക്കളെ സ്വന്തം ഹൃദയത്തിലേറ്റിയ ഗ്രാമീണർക്ക് ഇത് അസഹ്യമായിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാൻ അവർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചെന്നാട്ട്താഴ വയലിലെത്തിയപ്പോൾ ജനം പൊലീസ് സംഘത്തിന്റെ വഴിതടഞ്ഞു. സായുധസേന ഞെട്ടിത്തരിച്ചു. വെടിവയ്ക്കുമെന്ന് പൊലീസ് തലവൻ ഭീഷണി മുഴക്കി. ജനം കൂസിയില്ല.

ധീരനായ അളവക്കൻ കൃഷ്ണൻ നിറതോക്കിന് മുമ്പിൽ വിരിമാറ് കാട്ടി ഗർജിച്ചു: ”വയ്ക്കിനെടാ വെടി…” പിന്നെ തുരുതുരാ വെടിവയ്പായിരുന്നു. വെടിയുണ്ടകളിൽ നിന്നും രക്ഷപ്പെടാൻ എല്ലാവരും കമിഴ്ന്ന് കിടക്കണമെന്ന് എം കുമാരൻ മാസ്റ്റർ വിളിച്ചുപറഞ്ഞു. ജനം ഇത് അനുസരിച്ചതിനാൽ ഏറെപ്പേർ വെടിയുണ്ടകളിൽ നിന്നും രക്ഷപ്പെട്ടു.
അളവക്കൻ കൃഷ്ണൻ, കെ എം ശങ്കരൻ, വി കെ രാഘൂട്ടി, സി കെ ചാത്തു, മേനോൻ കണാരൻ, വി പി ഗോപാലൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ എന്നിവർ വെടിയുണ്ടകളേറ്റ് വീണു. തിരയൊഴിഞ്ഞ തോക്കുകളുമായി നിന്ന പൊലീസുകാരെ ജനങ്ങൾ കണക്കിന് തിരിച്ചടിച്ചു. വടകരയിൽ നിന്നും വൻ പൊലീസ് പട ഒഞ്ചിയത്തെത്തി ഭീകര താണ്ഡവമാടി. വെടിയേറ്റ് വീണവർക്ക് ഒരുതുള്ളി വെള്ളം കൊടുക്കാൻപോലും പൊലീസ് അനുവദിച്ചില്ല. മരിച്ചവരെയും മൃതപ്രായരായവരെയും പച്ചോലകളിൽകെട്ടി പി സി സി വക ലോറിയിലെടുത്തെറിഞ്ഞ് വടകരയിലേക്ക് കൊണ്ടുപോയി. അവിടെ പുറങ്കര കടപ്പുറത്ത് ഒരു കുഴിവെട്ടി എട്ടുപേരെയും അതിൽ അടക്കം ചെയ്തു. പിന്നീട് നടന്ന ഭീകര ലോക്കപ്പ് മർദനത്തിൽ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായി. കൊല്ലാച്ചേരി കുമാരനെ ഏപ്രിൽ 30നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലസംഘം പ്രവർത്തകൻ എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട 20 വയസുകാരനായ കുമാരനെ കമ്മ്യൂണിസ്റ്റ് ആയി എന്ന ഒറ്റ കുറ്റത്തിനാണ് ലോക്കപ്പ് മർദനത്തിന് വിധേയനാക്കി കൊലപ്പെടുത്തിയത്.

 

ഇത് ചെന്നാട്ടു താഴക്കുനി. ചരിത്രത്തിന്റെ ഓർമ്മകളിലേക്ക് തല നീട്ടി നിൽക്കുന്ന ചുവന്ന മണ്ണ്. മാറാത്ത പട്ടിണിയും ദുരിതങ്ങളും ഏറ്റുവാങ്ങിയ ജനതയുടെ മോചനത്തിനുവേണ്ടി ഇവിടെയാണ് ആ മനുഷ്യസ്നേഹികൾ പൊരുതി മരിച്ചത്. അധികാരത്തിന്റെ ആസുര സന്നാഹങ്ങൾക്ക് തോൽപ്പിക്കാനാവാത്ത ഉൾക്കരുത്തും നിശ്ചയദാർഢ്യവുമായി മരണത്തിലേക്ക് നടന്നു പോയവർ. അവർ പത്തുപേരുടെ രക്തസാക്ഷിത്വത്തിലൂടെ വിമോചന ചരിത്രത്തിന്റെ സാർവദേശീയ ഭൂപടത്തിൽ ശോണിമയിൽ അടയാളപ്പെടുത്തപ്പെട്ട ഒഞ്ചിയം മാനവികതയുടെ പുതിയ ചക്രവാളങ്ങൾ അന്വേഷിക്കുന്ന ഏതു പോരാളിയുടെയും രക്തഞരമ്പുകൾ ത്രസിപ്പിക്കും. നിലയ്ക്കാത്ത ഊർജസ്രോതസായി സർവാംഗം കമ്മ്യൂണിസ്റ്റായി ഒഞ്ചിയം ഇന്നും തലയുയർത്തി നിൽക്കുന്നു. ആ ധീര രക്തസാക്ഷികളുടെ പോരാട്ടം ആവേശമായി നെഞ്ചേറ്റുന്ന ഒഞ്ചിയത്തെ പുതുതലമുറ രക്തസാക്ഷിത്വത്തിന്റെ ഈ എഴുപത്തിയഞ്ചാമാണ്ടിലും വീരസ്മരണകളുടെ വാഴ്ത്തുപാട്ടുകൾ ആലപിക്കുന്നു.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.