ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് അപ്രായോഗികമെന്ന് ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്. ഭരണപരിഷ്കാര വേദിയുടെ പ്രതിമാസ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനുള്ള ഒരു ഗൂഢോദ്ദേശ്യമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. ഏകാധിപതികള്‍ എന്നും നിഗൂഢമായ നിലയിലാണ് അജണ്ടകള്‍ നടപ്പിലാക്കുക. അതേ നിഗൂഢത ഈ വിഷയത്തിലുമുണ്ട്.
രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യ‑മതേതരത്വ സംവിധാനത്തെ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയുള്ള ബഹുമുഖ പദ്ധതികളില്‍ ഒന്ന് മാത്രമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനം. ഇന്ത്യ നേരിടുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള മൗലികമായ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ അസാധ്യമായ കാര്യങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. വിഷയം മാറ്റുകയെന്ന അപകടകരമായ തന്ത്രം ബിജെപി ഇവിടെ പ്രയോഗിക്കുന്നു. ദേശീയ പ്രാധാന്യമുള്ള, ജനങ്ങളെ കബളിപ്പിക്കുവാന്‍ കഴിയുന്ന പ്രചാരണങ്ങള്‍ സംഘടിപ്പിച്ച് അവരുടെ യഥാര്‍ത്ഥ പ്രാദേശിക പ്രശ്നങ്ങളെ ഒന്നാകെ തമസ്കരിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. യാഥാസ്ഥിതികരായ നിക്ഷിപ്ത താല്പര്യക്കാരാണ് സുതാര്യമായ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നത്. ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൗലികസത്തയെ ചോര്‍ത്തിക്കളയുന്ന ഒരു തീരുമാനത്തെയും അംഗീകരിക്കുവാന്‍ സാധിക്കില്ല. യഥാര്‍ത്ഥ ജനാഭിലാഷം പ്രകടിപ്പിക്കുന്നതും അഴിമതിയുടെയും പണക്കൊഴുപ്പിന്റെയും ഗു ണ്ടായിസത്തിന്റെയും സ്വാധീനത്തില്‍ നിന്നും മുക്തമാക്കുന്നതുമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനം സ്ഥാപന സ്വരൂപങ്ങളെ നശിപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമാണെന്ന് തുടര്‍ന്ന് പ്രഭാഷണം നടത്തിയ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ജെ പ്രഭാഷ് പറഞ്ഞു. ഭരണഘടന നിര്‍മ്മാണ സമിതിയില്‍ രാഷ്ട്രപതി, ഗവര്‍ണര്‍ എന്നീ സംവിധാനങ്ങളെ സംബന്ധിച്ച് ആധികാരികമായ ചര്‍ച്ച നടന്നിരുന്നില്ല. അതിന്റെ അപര്യാപ്തതകളെല്ലാം ഇന്ത്യന്‍ ഭരണഘടന നേരിടുന്നു. എല്ലാം കേന്ദ്രത്തിന്റെ അധികാരത്തിലെത്തിക്കുകയും സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെ ഇല്ലാതാക്കുകയും ചെയ്യുകയാണ് ഇന്നത്തെ കേന്ദ്രനയം. ജനാധിപത്യം ഭിന്നതകളെ സംഗമമാക്കുന്നതാണ്. എന്നാല്‍ ഭിന്നതകള്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനാണ് ഇന്ത്യയില്‍ ജനാധിപത്യം ഇക്കാലത്ത് പ്രയോഗിക്കപ്പെടുന്നതെന്ന് ഡോ. പ്രഭാഷ് കൂട്ടിച്ചേര്‍ത്തു.
ഭരണപരിഷ്കാര വേദി പ്രസിഡന്റ് എസ് ഹനീഫാ റാവുത്തര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, എന്‍ അനന്തകൃഷ്ണന്‍, കെ എന്‍ കെ നമ്പൂതിരി, പി ചന്ദ്രസേനന്‍, കെ ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
English Summary: One Country One Election Impractical: Rajaji Mathew Thomas
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.