ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടി ആരംഭിച്ചിട്ട് നൂറ് ദിവസം. ഫെബ്രുവരി 24നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉക്രെയ്‌നില്‍ പ്രത്യേക സൈനിക നടപടി ആരംഭിക്കുന്നത്. ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയെ അതിവേഗം അട്ടിമറിച്ച് ഉക്രെയ്ന്‍ പിടിച്ചെടുക്കാനായിരുന്നു പുടിന്റെ നീക്കം. എന്നാല്‍ ചെറുത്തുനില്‍പ് ശക്തമായതോടെ റഷ്യന്‍ സൈനിക നടപടിയുടെ വേഗം കുറഞ്ഞു. തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെ റഷ്യയ്ക്കെതിരെ ഉപരോധം ശക്തമാക്കുകയും സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ നാറ്റോ അംഗത്വത്തിനായി അപേക്ഷ നല്‍കുകയും ചെയ്തു. ആക്രമണ മേഖലയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കിപ്പുറവും ഭക്ഷ്യ, ഇന്ധന വില കുതിച്ചുയര്‍ന്നു.
തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടായില്ല. പ്രധാന മേഖലകളൊക്കെ കീഴടക്കി റഷ്യ മുന്നേറുന്ന ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വലിയ പിന്തുണയാണ് ഉക്രെയ്‌ന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം സൈനിക സഹായമായി അമേരിക്ക ഉക്രെയ്‌ന് എച്ച്ഐഎംഎആര്‍എസ് എന്ന അത്യാധുനിക മിസൈല്‍ സംവിധാനം വാഗ്ദാനം ചെയ്തു. 80 കിലോമീറ്ററാണ് ദൂരപരിധി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക, സൈനിക സഹായങ്ങള്‍ ഉക്രെയ്‌നിലേക്ക് എത്തും. ഐറിസ്ടി വിമാനവേധ മിസൈലുകളും റഡാറുകളും ഉക്രെയ്‌നു നല്‍കുമെന്ന് ജര്‍മനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ആയുധക്കൈമാറ്റ പ്രഖ്യാപനം പുറത്തുവന്നതോടെ ആണവ സേനയെ വിന്യസിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ എത്തും മുന്‍പ് കിഴക്കന്‍ ഉക്രെയ്‌നിലെ പ്രധാന മേഖലകള്‍ പിടിക്കാനാണ് റഷ്യയുടെ നീക്കം.
കടുത്ത പോരാട്ടം നടക്കുന്ന ഡോണ്‍ബാസ് മേഖലയിലെ സിവീറോഡോണെറ്റ്‌സ്‌ക് നഗരത്തിന്റെ 70 ശതമാനം നിയന്ത്രണം റഷ്യ കയ്യടക്കിയതായി ലുഹാന്‍സ്‌ക് മേഖലാ ഗവര്‍ണര്‍ സെര്‍ഹി ഗൈദായി അറിയിച്ചു. റഷ്യക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധം കര്‍ശനമാക്കിയതോടെ റഷ്യയില്‍ നിന്നുള്ള ഇന്ധന വിതരണം കുറഞ്ഞു. ഇന്ധന ഇറക്കുമതി മൂന്നിലൊന്നായി കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയനുകള്‍ തീരുമാനമെടുത്തത്. ഇതു റഷ്യയെ സാമ്പത്തികമായി തളര്‍ത്തിയേക്കും.
English Summary:One hundred days after the Russian military operation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.