22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 23, 2024
September 6, 2024
August 24, 2024
July 24, 2024
July 21, 2024
July 10, 2024
July 5, 2024
June 27, 2024
May 12, 2024

വണ്‍റാങ്ക് വണ്‍പെന്‍ഷന്‍: സര്‍ക്കാര്‍ ഫോർമുല ശരിവച്ച് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 16, 2022 12:46 pm

പ്രതിരോധ സേനകളിൽ ഒരു റാങ്ക് ഒരു പെൻഷൻ(ഒആര്‍ഒപി) പദ്ധതി കൊണ്ടുവന്ന കേന്ദ്രസർക്കാര്‍ നടപടി സുപ്രീം കോടതി ശരിവച്ചു. 2015 നവംബർ ഏഴിലെ വിജ്ഞാപനമനുസരിച്ചാണ് പ്രതിരോധ സേനകളില്‍ കേന്ദ്രം ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയില്‍ ഭരണഘടനാപരമായ ബലഹീനതയൊന്നും കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരേ റാങ്കുള്ളവർക്ക് ഒരേ പെൻഷൻ നൽകണമെന്നത് നിയമപരമായ ഉത്തരവല്ലെന്നും കോടതി പറഞ്ഞു. ഒരേ റാങ്ക് മാത്രം ഒരേ പെൻഷന്റെ മാനദണ്ഡമാക്കാനാകില്ലെന്നും സേവന ദൈർഘ്യം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചിരുന്നു.

ഒരേ റാങ്കിൽ ഒരേ സേവന ദൈർഘ്യത്തിൽ വിരമിക്കുന്ന സായുധ സേനാംഗങ്ങൾക്ക് പെൻഷൻ ഏകീകൃതത ലക്ഷ്യമിടുന്ന പദ്ധതിയാണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ 2019 ജൂലൈ 1 മുതലുള്ള കുടിശ്ശിക ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ അര്‍ഹരായവര്‍ക്ക് നല്‍കാനും ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഭഗത് സിംഗ് കോഷിയാരി കമ്മിറ്റി ശുപാർശ ചെയ്ത വൺ റാങ്ക്-വൺ പെൻഷൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എക്‌സ്-സർവീസ്‌മെൻ മൂവ്‌മെന്റ് സമർപ്പിച്ച ഹർജി, അഞ്ച് വർഷത്തിലൊരിക്കൽ ആനുകാലിക അവലോകനം എന്ന നിലവിലെ നയത്തിന് പകരം സ്വയമേവയുള്ള വാർഷിക പരിഷ്‌കരണത്തോടെ സുപ്രീം കോടതി തീർപ്പാക്കി.

പാർലമെന്റിൽ ഉറപ്പുനൽകിയിട്ടും നടപ്പാക്കുന്നത് ഒരേ റാങ്കിലുള്ള വ്യക്തി വിരമിക്കുന്ന സമയത്തിനനുസരിച്ച് വ്യത്യസ്ത പെൻഷനുകളാണെന്ന് ഹർജിയിൽ പറയുന്നു. അഞ്ച് വർഷത്തിലൊരിക്കൽ ആനുകാലിക അവലോകനം എന്ന നിലവിലെ നയത്തിന് പകരം എല്ലാ വർഷവും ഒരു റാങ്ക് ഒരു പെന്‍ഷന്‍ സ്വയമേവ പരിഷ്കരിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. 1965 നും 2013 നും ഇടയിൽ വിരമിച്ചവരേക്കാൾ 2014 ൽ വിരമിച്ച വിമുക്തഭടന്മാർ കൂടുതൽ പെൻഷൻ വാങ്ങുന്നുണ്ടെന്നും ഇത് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

പതിറ്റാണ്ടുകളായി സ്ഥാനക്കയറ്റം ലഭിക്കാത്തവർക്ക് ശമ്പള വർദ്ധനവ് നൽകുന്ന മോഡിഫൈഡ് അഷ്വേർഡ് കരിയർ പ്രോഗ്രഷൻ അല്ലെങ്കിൽ എംഎസിപി എന്ന പ്രക്രിയയാണ് പെൻഷനിലെ വ്യത്യാസത്തിന് കാരണമെന്നാണ് കേന്ദ്രവാദം. ഒ‌ആർ‌ഒ‌പിയെ എം‌എ‌സി‌പിയുമായി ബന്ധിപ്പിക്കുന്നതിലൂടെ സർക്കാർ ആനുകൂല്യങ്ങൾ ഗണ്യമായി കുറച്ചെന്നും ഒ‌ആർ‌ഒ‌പിയുടെ തത്വം പരാജയപ്പെടുത്തിയെന്നും ഹർജിയില്‍ ആരോപിക്കുന്നു.

2014ലെ ഒആര്‍ഒപി സംബന്ധിച്ച പാർലമെന്ററി ചർച്ചയും 2015ലെ യഥാർത്ഥ നയവും തമ്മിലുള്ള പൊരുത്തക്കേടുകൾ കോടതി ചോദ്യം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ മറുപടി വന്നത്. പ്രതിരോധ സേവനങ്ങൾക്കുള്ള ഒആർഒപിയുടെ തത്വത്തിലുള്ള അംഗീകാരം സംബന്ധിച്ച പ്രസ്താവന 2014 ഫെബ്രുവരി 17ന് അന്നത്തെ കേന്ദ്രമന്ത്രിസഭയുടെ ശുപാർശയില്ലാതെ അന്നത്തെ ധനമന്ത്രി പി ചിദംബരം നടത്തിയതാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

Eng­lish Sum­ma­ry: One Rank One Pen­sion: Supreme Court upholds gov­ern­ment formula

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.