Web Desk

തിരുവനന്തപുരം

September 25, 2021, 12:13 pm

മധുര സംഗീതത്തിന്റെ ദക്ഷിണേന്ത്യൻ പര്യായം എസ്‌പിബി വിടവാങ്ങിയിട്ട് ഒരു വര്‍ഷം

Janayugom Online

അതിർത്തികളില്ലാത്ത സംഗീതം ഈ ലോകത്ത് സാധ്യമാണെന്ന് തെളിയിച്ച ഗായകന്‍ എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യം പാട്ട് വിസ്മയം തീര്‍ത്ത്സംഗീതലോകത്തു നിന്നും വിടപരഞ്ഞിട്ട് ഇന്ന ഒരാണ്ടാകുന്നു. കോവിഡ് എന്ന മഹാമാരിയാണ് എസ് പി ബിയുടെ ജീവനും കവര്‍ന്നെടുത്തത്.ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിലാണ് 1946ൽ എസ് പി ബിയുടെ ജനനം. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്നാണ് എസ് പിബിയുടെ യഥാർത്ഥ പേര്. ഹരികഥാ കലാകാരനായ എസ് പി സാംബമൂർത്തിയും ശകുന്തളാമ്മയുടെയുമായിരുന്നു മാതാപിതാക്കൾ. സംഗീതത്തോട് ഏറെ താൽപ്പര്യം പ്രകടിപ്പിച്ച എസ് പി ബി കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി. എന്നാൽ മകനെ എഞ്ചിനീയർ ആയി കാണാൻ ആഗ്രഹിച്ച പിതാവ് എസ് പിബിയെ എഞ്ചിനീയറിംഗ് പഠനത്തിന് അയക്കുകയാണ് ചെയ്തത്. എഞ്ചിനീയറിംഗ് പഠനത്തിനിടയിലും സംഗീതലോകത്ത് തിളങ്ങിയ എസ് പി ബി നിരവധി മത്സരങ്ങളിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും ഒരുപോലെ ഇണങ്ങുന്ന എസ് പി ബി ഗാനമേള ട്രൂപ്പിൽ നിന്നുമാണ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് എത്തിപ്പെടുന്നത്.

 

 

1966‑ൽ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ ‘ എന്ന ചിത്രത്തിൽ പാടികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ എന്നു തുടങ്ങി പതിനാറോളം ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. നാലു ഭാഷകളിലായി ആറു ദേശീയ പുരസ്കാരങ്ങളും അദ്ദേഹം നേടി. യേശുദാസിനുശേഷം ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ നേടിയ ഗായകൻ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. 25 തവണയാണ് ആന്ധ്ര പ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ് എസ് പിബിയെ തേടിയെത്തിയത്. പാട്ടിന്റെ പാലാഴി എന്നു വിശേഷിപ്പിക്കാവുന്ന എസ് പി ബിയെ പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് റെകോർഡിനൊപ്പം തന്നെ ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്​തും എസ്​.പി.ബി അത്ഭുതം സൃഷ്ടിച്ചിരുന്നു. 1981 ഫെബ്രുവരി എട്ടിനായിരുന്നു ആ അത്ഭുത ദിനം.

 

 

​ രാവിലെ ഒമ്പതു മണി മുതൽ രാത്രി ഒമ്പതുവരെയാണ്​ കന്നഡസിനിമയിലെ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത്​. ഒരു ദിവസം 19 പാട്ടുകൾ റെക്കോർഡ് ചെയ്തും, പിന്നീടൊരിക്കൽ ഒരു ദിനം 16 ഹിന്ദി പാട്ടുകൾ റെക്കോർഡ് ചെയ്തുമൊക്കെ എസ് പി ബി സംഗീതപ്രേമികളെയും ലോകത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. അപാരമായ ശ്വസനക്ഷമതകൊണ്ടാകണം ഒരുദിവസം ഏറ്റവുംകൂടുതൽ പാട്ടുകൾ റെക്കോഡ് ചെയ്ത ഗായകനെന്ന റെക്കോഡ് ഈ ഗായകന് സ്വന്തമായത്. പാട്ടിന്റെ പാലാഴി, എസ് പി ബാലസുബ്രഹ്മണ്യം. മധുര സംഗീതത്തിന്റെ ദക്ഷിണേന്ത്യൻ പര്യായം. രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു, സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം.