23 December 2024, Monday
KSFE Galaxy Chits Banner 2

ഉള്ളിവില പൊള്ളുന്നു; മഴ തുടരുന്നതിനാല്‍ വില കുതിച്ചുയര്‍ന്നേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2024 10:28 pm

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. കഴിഞ്ഞ മാസം വരെ കിലോയ്ക്ക് 30 രൂപയായിരുന്നു വില. ഇപ്പോള്‍ 70 രൂപയിലെത്തി നില്‍ക്കുകയാണ്. ഹൈദരാബാദിലെ വിപണികളില്‍ 50 മുതല്‍ 70 രൂപവരെയാണ് ഒരു കിലോ ഉള്ളിക്ക് ഈടാക്കുന്നത്. തെലങ്കാനയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴ കാരണം വിളകള്‍ നശിച്ചതാണ് വിലക്കയറ്റത്തിന് കാരണമായത്.

ഹൈദരാബാദിലെ പ്രധാന ഉള്ളി വിപണന കേന്ദ്രമായ ബോവന്‍പള്ളി, മൂസാപേട്ട്, ഗുഡിമാല്‍ക്കാപ്പൂര്‍ എന്നിവിടങ്ങളിലും ഉള്ളി ലഭ്യതയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഹോട്ടല്‍ മേഖലയിലും ഉള്ളി ക്ഷാമം പിടിമുറുക്കിയിട്ടുണ്ട്. മിക്ക ഹോട്ടലുകളും കറികളില്‍ ഉള്ളിയില്ല എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. തെലങ്കാനയില്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇത് വില വീണ്ടും ഉയരാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ ഒരു കിലോ ഉള്ളിക്ക് 58 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 38 രൂപയായിരുന്നു. മുംബൈ, ചെന്നൈ തുടങ്ങിയ പ്രദേശങ്ങളിലും ഉള്ളിക്ക് തീപിടിച്ച വിലയാണ്. അതേ സമയം വിപണിയിലെ ലഭ്യതക്കുറവ് വേഗത്തില്‍ പരിഹരിക്കാന്‍ റെയില്‍വേ മാര്‍ഗം ഉള്ളി മാര്‍ക്കറ്റുകളിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ട്രക്ക് വഴിയുള്ള വിതരണത്തിന് കാലതാമസമെടുക്കുമെന്നതിനാലാണ് പുതിയ നടപടി. ഇത്തരം കാലതാമസം വിപണികളില്‍ ഉള്ളി വില വീണ്ടും വര്‍ധിക്കുന്നതിന് ഇടവരുത്തിയേക്കും.

വിലക്കയറ്റത്തിന് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. അതിനാല്‍ ഉള്ളി ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന പ്രദേശങ്ങളില്‍ നിന്നും റാഞ്ചി, ഗുവാഹട്ടി, ഡല്‍ഹി പോലുള്ള നഗരങ്ങളിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഗുഡ്സ് ട്രെയിനുകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്തൃ മന്ത്രാലയം റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തി. ഉള്ളിക്ക് പുറമെ മറ്റ് പച്ചക്കറികള്‍ക്കും ഭക്ഷ്യ എണ്ണകള്‍ക്കും വില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.