23 December 2024, Monday
KSFE Galaxy Chits Banner 2

ഉള്ളി വില കുതിക്കുന്നു ; പയര്‍വര്‍ഗങ്ങളുടെ വിലയും ഉയര്‍ന്നുതന്നെ

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2023 10:51 pm

രാജ്യത്ത് ഉള്ളി, സവാള വില ക്രമാതീതമായി ഉയരുന്നു. കിലോക്ക് 30 രൂപയായിരുന്ന സവാളവിലയാണ് വെള്ളിയാഴ്ചയോടെ 47 രൂപയിലെത്തിയത്. ഡല്‍ഹിയില്‍ 40 രൂപയായിരുന്നു വില. പയറുവർഗങ്ങളുടെ വിലപ്പെരുപ്പവും വർഷം മുഴുവന്‍ ഉയർന്ന നിലയിലാണ്. മൊത്തവിലപ്പെരുപ്പം സെപ്റ്റംബറിൽ 48 മാസത്തെ ഉയർന്ന നിരക്കായ 17.7 ശതമാനത്തിലെത്തി. മസൂർ ഒഴികെയുള്ള മിക്കവാറും എല്ലാ ഇനം പയർവർഗങ്ങളുടെയും വില കുതിച്ചുയർന്നിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഉള്ളി വില 57 ശതമാനം വര്‍ധിച്ച് കിലോക്ക് 47 രൂപയായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചില്ലറ വിപണിയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

കിലോക്ക് 25 രൂപ സബ്‌സിഡി നിരക്കില്‍ സവാള എത്തിക്കാനാണ് തീരുമാനം. ഓഗസ്റ്റ് പകുതിയോടെ 22 സംസ്ഥാനങ്ങളില്‍ വിവിധ ഇടങ്ങളിലായി 1.7 ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചു നല്‍കിയതായും സര്‍ക്കാര്‍ പറഞ്ഞു. സംഭരിച്ച സവാള എൻസിസിഎഫ്, നാഫെഡ് എന്നിവ വഴി കിലോക്ക് 25 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞു. കാലാവസ്ഥയിലുണ്ടായ മാറ്റം ഖാരിഫ് കാലത്ത് സവാളകൃഷിയിറക്കുന്നതിലുണ്ടാക്കിയ കാലതാമസം ചരക്ക് ലഭ്യമാകുന്നത് വൈകുന്നതിനിടയാക്കിയതാണ് വില വര്‍ധനയ്ക്ക് കാരണമായതെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം വിപണി വരവ് ആരംഭിച്ച സാഹചര്യത്തില്‍ രാജ്യത്ത് പയറു വര്‍ഗങ്ങളുടെ വില താഴുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. കഴിഞ്ഞവർഷം മുഴുവനും സാധാരണക്കാരനു വലിയ ഭാരമായിരുന്നു പയറുവർഗങ്ങളുടെ വില വർധന. സർക്കാർ ഇപ്പോൾ ഏകദേശം നാല് ദശലക്ഷം മെട്രിക് ടൺ പയറുവർഗങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും വില നിയന്ത്രണത്തിനായി ഇവ ആവശ്യാനുസരണം ലഭ്യമാക്കുമെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

Eng­lish Sum­ma­ry: Onion prices up
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.