22 December 2024, Sunday
KSFE Galaxy Chits Banner 2

ഓൺലൈൻ ഗെയിം

Janayugom Webdesk
June 26, 2022 7:16 am

ആദ്യമായി എന്റെ കഥാപാത്രങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തട്ടെ. തെറ്റി, കഥാപാത്രത്തെ. വേറെ പലരും ഇവിടെ ഉണ്ടെങ്കിലും പ്രധാനിയെ മാത്രമേ പരിചയപ്പെടുത്തുന്നുള്ളൂ. മറ്റുള്ളവർ ബാക്ഗ്രൗണ്ടിലാണ്. അല്ലെങ്കിൽ തന്നെ എന്റെ കഥ സഞ്ചരിക്കുന്നത് പൂർണ്ണമായും പ്രധാനിയുടെ മനോവിഭ്രമങ്ങളിൽ കൂടിയാണ്.
ഒരു മനോരോഗി എന്ന രീതിയിൽ നിങ്ങൾ ദയവു ചെയ്തു എന്റെ കഥാപാത്രത്തെ നോക്കരുത്. എന്നും ജോലിക്കു പോകുന്ന, എല്ലാവരോടും നന്നായി ഇടപെടുന്ന, ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പെണ്ണു തന്നെയാണിവൾ. പേര് — സന്ധ്യ. ജോലി – അദ്ധ്യാപിക. ഉദ്യോഗസ്ഥനായ ഒരു ഭർത്താവും മിടുമിടുക്കരായ, അനുസരണയുള്ള രണ്ട് കുട്ടികളുമുണ്ടവൾക്ക്. ഒരു മകനും, ഒരു മകളും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈയിടെ അവൾക്ക് ഒരു സൈക്കോളജിസ്റ്റിനെ കാണേണ്ടി വന്നു. ഇപ്പോൾ നിങ്ങൾ ചോദിക്കുന്നത് അവൾക്ക് എന്താ പ്രശ്നമെന്നായിരിക്കും. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലും അവളുടെ അഹങ്കാരം കൊണ്ടാണെന്നും നിങ്ങൾ പറഞ്ഞേക്കും.
ഒരു ഓൺലൈൻ ഗെയിം കാരണമാണ് സന്ധ്യക്ക് ഈ ഗതി വന്നത് എന്ന് ഒറ്റവരിയിൽ പറയാം. പക്ഷേ, ഇതൊരു കഥയായതു കൊണ്ടും ഞാൻ തുടങ്ങി പോയത് കൊണ്ടും പൂർത്തിയാക്കണമല്ലോ. അത് കൊണ്ട് ഇനി നിങ്ങൾ അവിടെ നിൽക്കൂ. അവസാനം ഞാൻ വിളിക്കാം. അപ്പോഴേക്കും നിങ്ങളുടെ അഭിപ്രായം മാറും, ഉറപ്പാണ്.
ഓൺലൈൻ ഗെയിമുകളെക്കുറിച്ച് ആദ്യം സന്ധ്യയോട് പറഞ്ഞത് അവളുടെ സ്കൂൾ പ്രിൻസിപ്പൽ തന്നെ ആയിരുന്നു. സന്ധ്യ ഒരദ്ധ്യാപികയാണല്ലോ. സ്വഭാവികമായും പ്രിൻസിപ്പൽ വിളിക്കുമ്പോൾ അവൾക്ക് അയാളുടെ ക്യാബിനിലേക്ക് ചെന്നല്ലേ പറ്റൂ. രണ്ട് ദിവസത്തിലൊരിക്കലെങ്കിലും, ചിലപ്പോൾ ഒരു ദിവസം തന്നെ പല പ്രാവശ്യം സന്ധ്യയ്ക്ക് പ്രിൻസിപ്പലിന്റെ ക്യാബിനിൽ പോകേണ്ടി വന്നിരുന്നു. ആ സ്കൂളിലെ മിക്കവാറും എല്ലാ അധ്യാപകരുടെയും കാര്യം അങ്ങനെ തന്നെയായിരുന്നു.
അങ്ങനെ ഒരു മാർച്ചിലെ ഉച്ചസമയത്ത് പ്രിൻസിപ്പൽ അവളെ ക്യാബിനിലേക്ക് വിളിപ്പിച്ചു. സന്ധ്യ അപ്പോൾ കൈയിലെ മുറിവ് കാരണം ആകെ പുകഞ്ഞിരിക്കുകയായിരുന്നു. രാവിലെ പ്രദീപിന് ഫിഷ് ഫ്രൈ ഉണ്ടാക്കുന്നതിനിടയിൽ മീനിന്റെ മുള്ളുകൊണ്ട് കൈ നീളത്തിൽ കീറിമുറിയുകയായിരുന്നു. അര മണിക്കൂർ മുമ്പ് അവിടെവരെ പോയതല്ലേ എന്ന ചിന്തകൂടി മനസിലേക്ക് കടന്നപ്പോൾ കൈയിലെ പുകച്ചിൽ കടുത്തു. ബെറ്റാഡിൻ പുരട്ടാൻ മറന്ന തന്റെ ഓർമ്മപ്പിശകിനെ ശപിച്ചുകൊണ്ട് ഒന്നും ശ്രദ്ധിക്കാതെ സന്ധ്യ പ്രിൻസിപ്പലിന്റെ ക്യാബിനിലേക്ക് നടന്നു.
പരീക്ഷയുടെ ചില കാര്യങ്ങൾ ചർച്ച ചെയ്തതിന് ശേഷമാണ് പ്രിൻസിപ്പൽ ഓൺലൈൻ ഗെയിമിന്റെ കാര്യം സന്ധ്യയോട് പറഞ്ഞത്. ഇൻവിജിലേഷൻ ഡ്യൂട്ടിയുടെ ടൈംടേബിളിനെ ക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ അയാളുടെ വിരലുകൾ അറിയാതെ എന്നോണം ഫോണിൽ തിരയുന്നുണ്ടായിരുന്നു. സംസാരം നിർത്തി തിരിച്ചുപോരാൻ തുടങ്ങിയപ്പോൾ ഗെയിം കാണിച്ചുകൊണ്ടാണ് സാർ ചോദിച്ചത്, “സന്ധ്യ, ‘ട്രഷേഴ്സ് ഇൻ സീ’ ഗെയിം കളിക്കാറുണ്ടോ? കടലിനകത്തുള്ള ഓൺലൈൻ ഗെയിമാണ്.
കൈയിലിരുന്ന സാംസങ് ഗാലക്സിയുടെ ഫൈവ് ജി ഫോണിന്റെ ഏഴര ഇഞ്ച് സൈസുള്ള സ്ക്രീനിനെക്കാൾ തിരകൾ അലയടിച്ചുയർന്നത് പ്രിൻസിപ്പലിന്റെ കണ്ണുകളിലായിരുന്നു. എൻ-നയന്റിഫൈവ് മാസ്ക്കിന്റെ കടൽനീലയ്ക്കപ്പുറം അയാളുടെ കവിളുകൾ ഒരു ബൗൺസിങ് ബോൾ പോലെ തുടിച്ചുകൊണ്ടിരുന്നു. അപ്പോൾ ഒരുപാട് വർഷം മുമ്പ് കോളേജിലെ സ്റ്റഡി ടൂറിൽ തിരകൾ അടങ്ങിക്കിടന്ന കടലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ക്ലാസ്സിലെ രാഹുലിന്റെ വിരലുകൾ തുടയിൽ പരതിയ പോലെയുള്ള തോന്നലാണ് ഉണ്ടായത്. കാബിനിൽ നിന്നും തിരിച്ചു നടക്കുമ്പോൾ അമിതമായി ഉപ്പ് ചേർത്ത മോര് കുടിച്ചത് പോലെ ഒരു അസ്വസ്ഥത അവൾക്കുണ്ടായി.
കടലിനും തിരകൾക്കും പകരം ആകാശത്തിനെയാണല്ലോ താൻ എന്നും മോഹിച്ചിരുന്നത്, എന്നാണ് തിരികെ സീറ്റിൽ വന്നിരുന്നപ്പോൾ ആദ്യം സന്ധ്യ ഓർത്തത്. കടലിലെ തിരകളുടെ ഉന്മാദവും, തീരത്തേക്ക് അടിച്ചുകയറുന്ന അഴുക്കുകളും മീനിന്റെ ദേഹത്തെ വഴുക്കലും, കൂർത്തു നിൽക്കുന്ന മുള്ളുകളുമെല്ലാം എന്നും അറപ്പ് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. പക്ഷേ ആകാശം എന്നും ഒരു കിട്ടാക്കനിയായി ഉള്ളിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ച്, നക്ഷത്രങ്ങൾ തെളിഞ്ഞുതുടങ്ങുന്ന, രാത്രിക്ക് തൊട്ടുമുമ്പുള്ള ആകാശം അപ്പോൾ സന്ധ്യക്ക് സ്കൂളിനടുത്തുള്ള ‘മെൽറ്റിങ്ങ് സോൺ’ ജ്യൂസ് പാർലറിലെ റോയൽ ഫലൂദ ഓർമ്മ വരും. പല നിറങ്ങൾ അടുത്തടുത്തായി ചേർത്തടുക്കിയ, പഴച്ചിന്തുകൾ ചിതറിക്കിടക്കുന്ന, അടിയിൽ പാൽ പരന്നൊഴുകുന്ന റോയൽ ഫലൂദ.
വാല്യൂവേഷൻ ക്യാമ്പുകളുമായി തിരക്കിലായിരുന്ന ഏപ്രിലിൽ സന്ധ്യ ഓൺലൈൻ ഗെയിമുകളെക്കുറിച്ച് ഓർത്തതേയില്ല. അല്ലെങ്കിൽ തന്നെ, മുള്ളു കൊണ്ടുണ്ടാകുന്ന മുറിവുകളുണക്കാൻ കടൽനുരകളിൽ നിന്നുള്ള ഉപ്പുതരികൾ തീരെ പോരാ എന്നവൾക്ക് മനസ്സിലായതാണല്ലോ.
വെക്കേഷൻ തീരാറായ ഒരു മെയ് മാസ പുലരിയിലാണ് സന്ധ്യ ആദ്യമായി ലാപ്പിലെ ഓൺലൈൻ ഗെയിമുകളുടെ സൈറ്റിലേക്ക് മൗസ് ചലിപ്പിക്കുന്നത്. ആര്യാസ് റസ്റ്റോറൻറിൽ വച്ച് പ്രദീപ് അടിക്കാൻ കൈയോങ്ങിയ ദിവസം ഓൺലൈൻ ഗെയിം കളിക്കണമെന്ന് അവൾ തീർത്തു തീരുമാനിക്കുകയായിരുന്നു. ‘അപ്പുറത്ത് ഇരിക്കുന്നവൻ നിന്നെ തന്നെ നോക്കുന്നു. നീ അവനെ കണ്ണ് കാണിച്ചുകാണും’ എന്ന് പറഞ്ഞുകൊണ്ടാണ് കൈയോങ്ങിയത്. വീട്ടിലെ തൊഴിലിടത്തിൽ നിന്നും അപൂർവ്വമായി മാത്രം പുറത്തിറങ്ങുന്ന പ്രദീപ് അന്ന് സന്ധ്യയെ നിർബന്ധിച്ച് പുറത്ത് കൊണ്ടുപോയതാണ്.
സൈറ്റിലെ ഏറ്റവും റേറ്റിങ് കൂടിയ ഗെയിം തന്നെയാണ് സന്ധ്യ തനിക്കായി തിരഞ്ഞെടുത്തത്. ‘ഒറ്റയ്ക്കുള്ള സന്തോഷം മതി’ എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നതുകൊണ്ട് ‘സിംഗിൾ പ്ലയർ’ ഓപ്ഷനിൽ തന്നെ വിരൽ ചൂണ്ടി. ലാപ്പിലെ നാലതിരുകൾക്കപ്പുറത്ത് ത്രിമാനതലത്തിലേക്ക് കടക്കുന്ന വിനോദത്തിന്റെ ഉടലാഴങ്ങൾ ഹരം പിടിപ്പിച്ചു. ചിതറിക്കിടക്കുന്ന മേഘതുണ്ടുകളെ കയറ്റിറക്കങ്ങളിൽ കൂടി വിമാനം പറപ്പിക്കുമ്പോൾ ‘ഇന്നോളം താനിത് കണ്ടെത്തിയില്ലല്ലോ’ എന്ന നഷ്ടബോധം വരെ അവൾക്കുണ്ടായി.
സ്കൂൾ തുറന്ന് ഒരാഴ്ചയോളം തിരക്കുകൾ കൊണ്ട് സന്ധ്യക്ക് ഗെയിമിലേക്ക് കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. തിരക്കുകൾ ഒഴിഞ്ഞ ഒരു ഞായറാഴ്ച ഗെയിമിനായി ലാപ് തുറന്നപ്പോഴാണ് പഴയത് പോലെ മൗസ് കൈകളിൽ നിൽക്കുന്നില്ലല്ലോ എന്ന് സന്ധ്യക്ക് സംശയം തോന്നിയത്. സംശയമല്ല, സത്യം തന്നെയാണ് എന്നുറപ്പിക്കുന്ന വിധം കർസർ പെട്ടെന്ന് മൾടി-പ്ലയർ ഓപ്ഷനിലേക്ക് നീങ്ങി. നിമിഷങ്ങൾക്കകം സ്ക്രീനിൽ തെളിഞ്ഞ പേര് സ്വീകരിച്ച് ഗെയിമിന് തയാറാകുക മാത്രമേ പിന്നെ ചെയ്യാനുണ്ടായിരുന്നുള്ളൂ.
തന്റെ കൊച്ചുവിമാനത്തിന് ആരാണ് കൂട്ട് വരുന്നത് എന്നോർത്ത് ആദ്യം സന്ധ്യക്ക് അല്പം ആകാംഷ തോന്നാതിരുന്നില്ല. എന്നാൽ കറുപ്പും വെള്ളിയും വരകളുള്ള ഒരു വിമാനം സ്ക്രീനിൽ തെളിഞ്ഞു വന്നതോടെ അതുവരെയുള്ള എല്ലാ ടെൻഷനും ആവിയായി. ആ വിമാനം കണ്ടപ്പോൾ ക്രിസ്തുമസിന് ഗിഫ്റ്റ് കിട്ടിയ കറുപ്പിൽ സിൽവർ എംമ്പ്രോയിഡറി ചെയ്ത ചുരിദാർ ഓര്‍മ്മ വന്നു. ക്രിസ്തുമസ് ഫ്രണ്ടായി വന്ന കെമിസ്ട്രി അദ്ധ്യാപകൻ ആനന്ദാണ് ആ സമ്മാനം കൊടുത്തത്. പുതിയ വര്‍ഷം ജനുവരി ഒന്നിന് ആ ചുരിദാർ ഇട്ടു സന്ധ്യ സ്കൂളിലെത്തി. ‘മാർവെലസ്’ എന്ന് പറഞ്ഞപ്പോൾ ആനന്ദിന്റെ മുഖത്ത് ഒരു കുഞ്ഞുപുഞ്ചിരി ഉണ്ടായിരുന്നു.
ആകാശയാനങ്ങളുടെ മത്സരപ്പാച്ചിലിന്റെ മിന്നൽ കാഴ്ചകളിലായിരുന്നു പിന്നെയുള്ള സന്ധ്യയുടെ ദിവസങ്ങളെല്ലാം. തികഞ്ഞ അടക്കത്തോടെ രണ്ട് വിമാനവും കൂട്ടിമുട്ടാതെ ഗെയിം കൊണ്ടുപോകുന്നതിൽ അവൾക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. എന്നാൽ, പോകപ്പോകെ, മൗസിന്റെ നിയന്ത്രണം അവളുടെ കയ്യിൽ നിന്നും ഊർന്നു പോയിതുടങ്ങി. അതോടെ, പാറിപ്പോകുന്ന വിമാനങ്ങൾക്കിടയിലെ അകലം കുറഞ്ഞുവന്നു. പക്ഷേ, സാധാരണമല്ലാത്ത ഒരു കരുതൽ കാണിച്ച് അവൻ തന്റെ വിമാനത്തെ ശ്രദ്ധിക്കുന്നുണ്ടെന്ന് സന്ധ്യയറിഞ്ഞു. അതോടെ, ഇനി ഒരിക്കലും ഒഴിവാക്കാനാകാത്തത് പോലെ ആ ഗെയിം തന്നിലെവിടെയോ പ്രോഗ്രാം ചെയ്തുകഴിഞ്ഞു എന്ന ബോധം അവളിലേക്ക് ഒരു അമ്പരപ്പിന്റെ പിളർപ്പിനോടൊപ്പം ആർത്തിരമ്പി.
വിമാനങ്ങൾ അടുത്തുതുടങ്ങിയ ദിവസങ്ങളിലൊന്നിലാണ് ഒരു നിമിത്തം പോലെ സ്ക്രീനിൽ ഒരു മഴവില്ല് തെളിയുന്നതായി സന്ധ്യ കണ്ടു. കാർമേഘപ്പാളികളുടെ ഇടയിൽ ഒരു കുഞ്ഞു വിടവുണ്ടാക്കിയാണ് ആ മഴവില്ല് പുറത്തേക്ക് വന്നത്. സന്ധ്യ ഒരു മഴവില്ല് കണ്ടിട്ട് ഒരുപാട് നാളായിരുന്നു. തിരക്കു പിടിച്ച ഷെഡ്യുൾ ക്രമീകരിക്കുന്നതിനിടയിൽ ഒരിക്കലും മഴവില്ല് കാണാനോ, കാണിച്ചു തരാനോ പ്രദീപിന് സമയം കിട്ടിയിരുന്നില്ല. ഒരിക്കൽ ‘നിലാവത്ത് നടക്കാൻ പോകാം’ എന്ന് പറഞ്ഞപ്പോൾ ‘ചീപ്പ് നൊസ്റ്റ്യു’ എന്നാണ് പ്രദീപ് പുച്ഛിച്ചത്. അതോടെ എല്ലാ മഴവില്ലുകളുടെയും നിറം അവളിൽ നിന്നും മാഞ്ഞു പോയിരുന്നു. ഇപ്പോൾ എവിടെ നിന്ന് വന്ന സൂര്യപ്രകാശം ഏത് പ്രിസത്തിൽ കയറിയാണ് ഇതുപോലൊരു മഴവില്ല് വിരിയിച്ചെടുത്തത് എന്ന അതിശയത്തിലേക്ക് അവളെത്തി.
മഴവില്ല് സ്ക്രീനിൽ വന്നതോടെ മൗസിന്റെ നിയന്ത്രണം ഏറെക്കുറെ സന്ധ്യക്ക് നഷ്ടമായി. അന്നൊരു ദിവസമാണ് തന്റെ വിമാനം അതിന്റെ ചിറകുകൾ അവന്റേതിലേക്ക് ഉരുമ്മാൻ തുടങ്ങുന്നതായി സന്ധ്യ കാണുന്നത്. പിടിവിട്ട് പോകുന്ന മൗസ് കയ്യിലൊതുക്കി എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് അവളെ അമ്പരിപ്പിച്ചുകൊണ്ട് അവൻ ഒഴിഞ്ഞുമാറിക്കളഞ്ഞു. ചിറകുകൾ തമ്മിൽ ഉരുമ്മിയിരുന്നുവെങ്കിൽ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു എന്ന് സന്ധ്യക്കറിയാം. പോരെങ്കിൽ മൗസ് കൈയിൽ നിൽക്കാത്ത അവസ്ഥയുമാണ്. പക്ഷേ, ചിറകുരുമ്മാതെ അവൻ അകന്നു പോയപ്പോൾ അവളുടെ നെഞ്ചിൽ ഒരു കൊളുത്ത് ആഞ്ഞു ചെന്നു വീണു.
പിന്നെയുള്ള ദിവസങ്ങളിൽ അവൻ പഴയതുപോലെ മത്സരപ്പാച്ചിലിന് നിന്നു തന്നില്ല. പലപ്പോഴും അവനെ സ്ക്രീനിൽ കാണാറേയില്ല. അഥവാ വന്നാലും ഒന്ന് ചുറ്റിക്കറങ്ങിയിട്ട് പെട്ടെന്ന് തിരിച്ചുപോകും. അവനോടൊപ്പം ആ മഴവില്ലും മങ്ങിമായും. അവന്റെ അടുത്തേക്ക് ഒന്നെത്താൻ പോലുമാകാതെ മൗസിന്റെ പിടി സന്ധ്യയിൽ നിന്നും കുതറി മാറി.
മൗസിന്റെ നിയന്ത്രണം തിരിച്ചുകിട്ടുന്നതെങ്ങനെ എന്ന് ഗൂഗിളിലും യൂട്യൂബിലും സെർച്ച് ചെയ്യുകയാണ് ആദ്യം സന്ധ്യ ചെയ്തത്. നിരവധി മോട്ടിവേഷൻ വീഡിയോകളിൽ ആ വിഷയം ചർച്ച ചെയ്യുന്നുണ്ടായിരുന്നു. അവയിലെ മെഡിറ്റേഷൻ രീതികൾ പ്രാക്ടീസ് ചെയ്തു മൗസിനെ തിരിച്ചുകൊണ്ടുവരാൻ സന്ധ്യ പരമാവധി ശ്രമിച്ചു. എന്നാൽ ശ്വസനക്രിയയുടെ ഗതിവേഗങ്ങളിൽ ശ്രദ്ധയൂന്നാൻ ശ്രമിക്കുമ്പോൾ കറുപ്പിലെ വെള്ളിവരകൾ അവളുടെ കണ്ണുകൾക്ക് മുന്നിൽ പാറിക്കളിച്ചു തുടങ്ങി. പിടിച്ചു നിൽക്കാനാകാതെ വരുമോ എന്ന പതർച്ചയിൽ സന്ധ്യ അടിമുടി തിളച്ചുരുകി.
എരിപൊരികൊണ്ട ആ ദിവസങ്ങളിലെപ്പോഴോ, അല്പമൊന്ന് മൗസ് പിടിച്ചു നിർത്തി. ലാപ് ഓണാക്കിയപ്പോൾ ആണ് സന്ധ്യ മൂന്നാമതൊരു വിമാനം സ്ക്രീനിൽ കണ്ടത്. അത് തുടർച്ചയായി അതിന്റെ ചിറകുകൾ ചലിപ്പിച്ചുകൊണ്ടിരുന്നു. ഒരു നിമിഷം ആ ചലനം കണ്ടുനിന്ന അവൻ അതിന്റെ അടുത്തേക്ക് ആർത്തിരച്ചെത്തി. അവർ തമ്മിൽ ചിറകുകളുരുമ്മുന്നത് സ്ക്രീനിൽ പരന്ന മൂടൽമഞ്ഞിന്റെ ഇടയിൽ കൂടി ഒരു ദുഃസ്വപ്നം പോലെ സന്ധ്യ നോക്കിനിന്നു.
കൈയിലിരുന്ന റിമോട്ട് കണ്‍ട്രോളർ കൊണ്ട് ലാപ്ടോപ്പിന്റെ സ്ക്രീനിൽ ആഞ്ഞടിച്ച സന്ധ്യയെ പ്രദീപ് തന്നെയാണ് സൈക്കളോജിസ്റ്റിന്റെ അടുത്തെത്തിച്ചത്. സന്ധ്യക്ക് ഇത് മാത്രമേ ഡോക്ടറോട് പറയാനുള്ളൂ. “എന്ത് സന്തോഷമായിരുന്നു ഞങ്ങൾ രണ്ടുപേരും കൂടിയുള്ള ആ വീഡിയോ ഗെയിം! എന്ത് രസമായിരുന്നു…
”അങ്ങനെ ഒരു ഗെയിം കളിക്കാൻ തോന്നിയതിൽ തെറ്റൊന്നുമില്ല. സൈക്കോതെറാപ്പി കൊണ്ട് പരിഹരിക്കാവുന്നതേയുള്ളു എല്ലാം. ഒരു മരുന്ന് തരാം ഉറങ്ങാൻ. സന്ധ്യ ഉറങ്ങിയിട്ട് കുറെ നാളായല്ലോ. നന്നായി ഒന്നുറങ്ങിയാൽ തന്നെ പകുതി ആശ്വാസമാകും.” എന്നൊക്കെ ഡോക്ടർ പറയുന്നു.
ഇനി നിങ്ങൾ പറയൂ, സന്ധ്യക്ക് സൈക്കോളജിസ്റ്റിനെ കാണേണ്ടി വന്നതിൽ തെറ്റുണ്ടോ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.