23 December 2024, Monday
KSFE Galaxy Chits Banner 2

വളര്‍ത്തു മൃഗങ്ങള്‍ക്കും ഇനി ഓണ്‍ലൈന്‍ ചികിത്സ

Janayugom Webdesk
കൊച്ചി
December 15, 2023 9:41 pm

മക്കളൊക്കെ പഠനത്തിനും ജോലിക്കുമൊക്കെയായി വീടുകളില്‍ നിന്നകന്നു പോകുമ്പോള്‍ ഏകാന്തത അകറ്റാന്‍ ആശ്വസിക്കാന്‍ മലയാളികള്‍ കണ്ടെടുത്ത പുതിയ സഹചാരികളാണ് വളര്‍ത്തു മൃഗങ്ങള്‍. ഗ്രാമങ്ങളില്‍ പശുക്കളും ആടുകളും മുയലുകളും നായ്ക്കളും വീട്ടിലുള്ളവര്‍ക്ക് തുണയും ഉത്തരവാദിത്വവും ജീവിതലക്ഷ്യവും ആകുന്നതുപോലെ ഇന്ന് നഗരങ്ങളിലും നായ്ക്കള്‍, പൂച്ചകള്‍, പലതരം പക്ഷികള്‍ മുതലായ അരുമ മൃഗങ്ങള്‍ പല വീടുകളിലും യഥേഷ്ടം കണ്ടുവരുന്നു. ഇവയ്ക്കായുള്ള പെറ്റ് ഷോപ്പുകളും ആശുപത്രികളും ഇന്ന് കൊച്ചി നഗരത്തിലും മറ്റു നഗരങ്ങളിലും കൂണുപോലെ മുക്കിനുമുക്കിന് തുറന്നു പ്രവര്‍ത്തിക്കുന്നു. എല്ലാ വീട്ടിലും ഒരു അരുമമൃഗം വളരുന്ന പരിതസ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പക്ഷേ ഇവറ്റകള്‍ക്ക് എന്തെങ്കിലും രോഗങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ വന്നാല്‍ ഇവയെ ഈ ആശുപത്രികളില്‍ കൊണ്ടുപോകുക അത്ര എളുപ്പമുള്ള പണിയല്ല പലര്‍ക്കും. വീടുകളില്‍ ആംബുലന്‍സില്‍ വന്ന് മൃഗങ്ങളെ കൊണ്ടുപോയി ചികിത്സ നല്‍കുന്ന മൃഗാശുപത്രികള്‍ കൊച്ചി നഗരത്തില്‍ പലയിടത്തും ഉണ്ടെങ്കിലും പല ചില്ലറ അസുഖങ്ങള്‍ക്കും ഇത്രയും വിലയേറിയ ശുശ്രൂഷാ രീതികള്‍ എല്ലാവര്‍ക്കും താങ്ങാനാവുന്ന ചെലവുകളല്ല.

ഇവിടെയാണ് ഇലക്ട്രോണിക്‌സ് വിദഗ്ധനും പല രാജ്യങ്ങളിലും പ്രവര്‍ത്തിച്ച് സൗദി ടെലികോമിന്റെ ഡയറക്ടര്‍ സ്ഥാനം വരെയെത്തിയ സാജി ചന്ദ്രന്‍ നയിക്കുന്ന ഐ ടി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ടെര്‍ഷ്യറി കെയര്‍ അവസരം കണ്ടത്. കോവിഡ് സമയത്ത് പ്രവാസി ജീവിതം അവസാനിപ്പിച്ച് കൊച്ചിയില്‍ കുടുംബവുമായി കഴിയവെയാണ് സാജി തന്റെ നാല് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് രൂപം കൊടുത്ത് സ്വന്തം നാട്ടില്‍ തന്നെ വേരുറപ്പിക്കാന്‍ തീരുമാനം കൊണ്ടത്. കോവിഡ് സമയത്തെ ചികിത്സാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാനുള്ള ഒരു സമ്പൂര്‍ണ്ണ ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമായ ഡോക്ടര്‍ ടോപ്പുമായി (www.drtop.in) ഈ കമ്പനി പ്രവര്‍ത്തനം തുടങ്ങിയത് 2020ലാണ്. ഇന്ന് മുന്നൂറിലേറെ ഡോക്ടര്‍മാരുള്ള ബൃഹത്തായ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഓണ്‍ലൈന്‍ ക്ലിനിക്കായി ഡോക്ടര്‍ ടോപ്പ് പ്രവര്‍ത്തിക്കുന്നു.

ഈ സംരംഭത്തിന്റെ വിജയത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് സാജിയും സുഹൃത്തുക്കളും ഇതേപോലൊരു ഓണ്‍ലൈന്‍ ക്ലിനിക്ക് വളര്‍ത്തു മൃഗങ്ങള്‍ക്കായി വിഭാവനം ചെയ്തത്. സങ്കീര്‍ണമായ സര്‍ജറികള്‍ ഒഴിച്ചുള്ള എല്ലാ ചികിത്സകളും മൃഗരോഗിയെ ഓണ്‍ലൈന്‍ ആയി ക്യാമറയിലൂടെ കണ്ട് വിവിധ സ്‌പെഷ്യലിറ്റിയിലുള്ള ഡോക്ടര്‍മാര്‍ക്ക് നടത്തുവാന്‍ കഴിയും. പശു, നായ, പക്ഷികള്‍, പൂച്ച, മുയല്‍ തുടങ്ങി ഏത് ഇനത്തില്‍പ്പെട്ട അരുമകള്‍ക്കും ഇനി ബുദ്ധിമുട്ടി ആശുപത്രികള്‍ തേടേണ്ടതില്ല. ഡോക്ടര്‍ പെറ്റ് ഓണ്‍ലൈന്‍ (www.drpetonline.in) ന്നെ ഈ ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമില്‍ ഇപ്പോള്‍ തന്നെ വിവിധ വകഭേദങ്ങളിലുള്ള അമ്പതിലേറെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075999168.
Online treat­ment for domes­tic ani­mals too

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.