22 November 2024, Friday
KSFE Galaxy Chits Banner 2

പ്രതിപക്ഷനേതാവും കെ സുധാകരനും മറന്നുപോയത്

Janayugom Webdesk
October 26, 2022 5:00 am

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെട്ടു നടത്തുവാന്‍ ശ്രമിക്കുന്ന നിലതെറ്റിയ നടപടികള്‍ക്കെതിരെ വലിയ പ്രതിഷേധം എല്ലാ കോണുകളില്‍ നിന്നുമുണ്ടായിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി ആധാരമാക്കി അദ്ദേഹത്തെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നവരുമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്തുകൂടാത്ത ചിലര്‍ — പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍— ഗവര്‍ണറെ ന്യായീകരിച്ച് രംഗത്തെത്തിയെന്നത് ഗൗരവതരമാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും ഇവിടെയുള്ള ഗവര്‍ണറും തമ്മിലുള്ള പ്രശ്നമല്ല ഇതെന്നതുതന്നെ കാരണം. അത് ബോധ്യമായ ചിലരെങ്കിലും കോണ്‍ഗ്രസിലും യുഡിഎഫിലെ ഘടകകക്ഷികളിലും ഉണ്ടായി എന്നത് അക്കാര്യം വ്യക്തമാക്കുന്നുണ്ട്. എല്‍ഡിഎഫ് അധികാരത്തിലെത്തിയ 2016ല്‍ ഇവിടെ ഗവര്‍ണറായിരുന്നത് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവമായിരുന്നു. ചിലപ്പോഴൊക്കെ വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നുവെങ്കിലും കേന്ദ്രത്തിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നതിനുള്ള ചട്ടുകമായി അദ്ദേഹം പ്രവര്‍ത്തിച്ചില്ല.

നിയമത്തെയും ഭരണഘടനയെയും കുറിച്ച് അദ്ദേഹത്തോളം അറിയുന്ന വ്യക്തിയല്ല ആരിഫ് മുഹമ്മദ് ഖാനെന്നും ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ കാട്ടുകയും തരാതരം കളം മാറുകയും ചെയ്തിരുന്ന അവസരവാദ രാഷ്ട്രീയക്കാരന്‍ മാത്രമാണ് അദ്ദേഹമെന്നും ആര്‍ക്കും അറിയാവുന്നതാണ്. ഗവര്‍ണര്‍ എന്ന ഭരണഘടനാപരമായ പദവിയില്‍ ഇരുന്നുകൊണ്ട് തനിക്ക് ആര്‍എസ്എസിനോട് ആഭിമുഖ്യമുണ്ടെന്നു പറയാനുള്ള തൊലിക്കട്ടി പ്രകടിപ്പിച്ചതും നാം കണ്ടതാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി പാവകളായി ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണങ്ങളുമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ കയ്യടക്കുന്നതിന് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന നടപടികളും രാജ്യവ്യാപകമായി നാം കാണുന്നുണ്ട്. ഛത്തീസ്ഗഢിലും രാജസ്ഥാനിലും അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍മാരുടെ രാഷ്ട്രീയക്കളികളുടെ പ്രയാസങ്ങള്‍ നേരിടുന്നവരാണ്. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സംഘ്പരിവാറിന്റേതിന് സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എല്‍ഡിഎഫിനെ എതിര്‍ക്കുക എന്നതുമാത്രം അജണ്ടയായി കൊണ്ടുനടക്കുന്ന ഇരുവരും പല വിഷയങ്ങളിലും ആര്‍എസ്എസിനെക്കാള്‍ കടുത്ത ഭാഷയില്‍ സംസാരിക്കുന്നത് നാം കേട്ടതാണ്. ചിലപ്പോഴെല്ലാം കേന്ദ്രത്തെ ന്യായീകരിക്കുന്നതിനും അവര്‍ മടിച്ചില്ല.


ഇതുകൂടി വായിക്കൂ: ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം, അധാര്‍മ്മികം


ഭരണഘടനാപരമായി അനുവദനീയമായതിനപ്പുറം അധികാരമുണ്ടെന്നു ഭാവിച്ചാണ് കേരള ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഇതിനു മുമ്പുമുണ്ടായിട്ടുണ്ട്. പ്രതിപക്ഷവും അംഗീകരിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായും കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുമുള്ള പ്രമേയങ്ങള്‍ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുവാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ച സമീപനം ഇതിനുള്ള സമീപകാല ഉദാഹരണങ്ങളാണ്. അതിന്റെ തുടര്‍ച്ചയായി ഉണ്ടായതാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ നിലപാടും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുവാനുള്ള സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിനാണ് ഗവര്‍ണര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യ സര്‍വകലാശാല വിസിയായി സ്വന്തം ഇഷ്ടപ്രകാരം നിയോഗിച്ച വ്യക്തിക്കാണ് കേരള വിസി വിരമിച്ച ഒഴിവില്‍ ചുമതല നല്കിയതെന്നതില്‍ നിന്നുതന്നെ ഇത് വ്യക്തമാണ്.

എല്‍ഡിഎഫ് നിയമിച്ച വൈസ് ചാന്‍സലര്‍മാരുടെ യോഗ്യതയോ അയോഗ്യതയോ ആയി മാത്രം ബന്ധപ്പെട്ട വിഷയമല്ലെന്ന് പക്ഷേ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും മറ്റുള്ളവര്‍ക്ക് മനസിലാക്കാനായി എന്നിടത്താണ് സതീശന്റെയും സുധാകരന്റെയും ദുഷ്ടലാക്കും സംഘ്പരിവാര്‍ അനുകൂല നിലപാടും തുറന്നുകാട്ടപ്പെടുന്നത്. കേരളത്തില്‍ നിന്നുള്ള ദേശീയ നേതാവ് കെ സി വേണുഗോപാല്‍, കെ മുരളീധരന്‍ എംപി, പ്രമുഖ ലീഗ് നേതാക്കള്‍ എന്നിവര്‍ ഗവര്‍ണരുടെ നിലപാടിനെതിരെ നടത്തിയ പ്രതികരണങ്ങള്‍ യഥാര്‍ത്ഥ വസ്തുത മനസിലാക്കിയെന്ന് വ്യക്തമാക്കുന്നു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലും ബിജെപി നടത്തുന്ന ദുരുപദിഷ്ടവും ഭരണഘടനാ വിരുദ്ധവുമായ നടപടികളുടെ അപകടങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് അവര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. എന്നാല്‍ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഗവര്‍ണറെ ന്യായീകരിക്കുന്ന സമീപനം ആവര്‍ത്തിക്കുകയാണ്. സങ്കുചിതമായ മാനസികാവസ്ഥയുമായി ഗവര്‍ണറെ ന്യായീകരിക്കുന്ന വി ഡി സതീശനും കെ സുധാകരനും തന്റെ സഹപ്രവര്‍ത്തകരെ മറക്കുന്നത് ഗ്രൂപ്പിന്റെ പേരില്‍ നമുക്ക് അവഗണിക്കാം. പക്ഷേ കോണ്‍ഗ്രസ് സഖ്യഭരണത്തിലുള്ള തമിഴ്‌നാട്ടിലെയും ഝാര്‍ഖണ്ഡിലെയും ബിഹാറിലെയും ഗവര്‍ണര്‍മാര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കെതിരെ അവിടെയുള്ള കോണ്‍ഗ്രസുകാര്‍ കൈക്കൊള്ളുന്ന നിലപാടുകളെങ്കിലും ഓര്‍ക്കണമായിരുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.