ഈമാസം 28ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് സിപിഐ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കും. രാഷ്ടപതിയെ ഒഴിവാക്കി പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയുടെ ഉന്നതപദവിയെ അപമാനിക്കുന്ന മാന്യതയില്ലാത്ത പ്രവൃത്തി ആണെന്നാണ് ഇടതുപാര്‍ട്ടികളും കോൺഗ്രസ്, ടിഎംസി കക്ഷികളും ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ സംയുക്തമമായി പ്രസ്താവിച്ചിരിക്കുന്നത്. പ്രസിഡന്റ് മുർമുവിനെ പൂർണമായും മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി മോഡിയുടെ തീരുമാനം കടുത്ത അപമാനം മാത്രമല്ല, ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണ്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉയരണമെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.
കോൺഗ്രസ്, സിപിഐ, സിപിഐ(എം), തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ജനതാദൾ (യുണൈറ്റഡ്), എഎപി, എസ്‌പി, എന്‍സിപി, എസ്എസ് (യുബിടി), ആര്‍ജെഡി, ഐയുഎംഎല്‍, ജെഎംഎം, എന്‍സി, കേരള കോണ്‍ഗ്രസ് (എം), ആര്‍എസ്‌പി, വിസികെ, എംഡിഎംകെ തുടങ്ങിയ പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്.
രാഷ്ടപതിഭവനെ പാര്‍ശ്വവല്‍ക്കരിക്കുകയും സവര്‍ക്കറുടെ ഓര്‍മ്മകളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം നേരത്തെ പ്രസ്താവിച്ചിരുന്നു.
English Sammury: Opposition parties will boycott the inauguration of the new parliament building
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.