8 April 2025, Tuesday
KSFE Galaxy Chits Banner 2

‘ഓർബിറ്റൽ’ അത്ഭുതകരമായ സൃഷ്ടിയാകുമ്പോൾ

പി സുനിൽ കുമാർ
December 22, 2024 7:15 am

ഈ വർഷത്തെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സമാന്ത ഹാർവയ്ക്കാണ് ലഭിച്ചത്. ഓർബിറ്റൽ എന്ന നോവലിനാണ് അവാർഡ്. ലണ്ടനിൽ ബുക്കർ പ്രൈസ് അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജിങ് കമ്മിറ്റി അവരുടെ വെബ്സൈറ്റിൽ ഇങ്ങനെ കുറിച്ചു, ”മുറിവേറ്റ ഭൂമിയുടെ കഥ പറയുന്ന പുസ്തകമാണ് ഓർബിറ്റൽ. പുസ്തകം അർഹിക്കുന്നതുകൊണ്ടും അതിന്റെ സൗന്ദര്യം അവാർഡിന് പ്രേരിപ്പിക്കുന്നത് കൊണ്ടും ആണ് ഐകകണ്ഠേന പുസ്തകം തിരഞ്ഞെടുക്കപ്പെട്ടത്.” 

സാഹിത്യ ചരിത്രത്തിൽ പുതിയൊരു ഏട് സൃഷ്ടിച്ചുകൊണ്ടാണ് ഓർബിറ്റൽ സമ്മാനാർഹമായിട്ടുള്ളത്. കഥ പൂർണമായും നടക്കുന്നത് ബഹിരാകാശത്താണ്. ഒരു വിധത്തിൽ അത്തരത്തിലുള്ള ആദ്യ നോവൽ തന്നെയാകാം ഓർബിറ്റൽ. 2019 നു ശേഷം ആദ്യമായി ബുക്കർ പ്രൈസിന് അർഹത നേടിയ ഒരു വനിത എന്ന പേരും സമാന്ത ഹാർവെയ്ക്ക് തന്നെ. 136 പേജുകളിൽ ഒതുങ്ങുന്ന പുസ്തകം ബ്രിട്ടനിൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ്. ബുക്കർ സമ്മാനത്തിന് അർഹമായ ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്തകവുമാണ് ഓർബിറ്റൽ. 

24 മണിക്കൂർ മാത്രം ദൈർഘ്യമുള്ള, അതായത് ഒരേയൊരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന സംഭവങ്ങളാണ് പുസ്തകത്തിലെ പ്രമേയം. ആറ് ബഹിരാകാശ സഞ്ചാരികളെ ഉൾക്കൊള്ളുന്ന ഒരു സ്പേസ് സ്റ്റേഷൻ ഒരു ദിവസം ഭൂമിയെ വലം ചെയ്യുന്നതിനുളളിൽ നടക്കുന്ന കാര്യങ്ങളാണ് കഥയിലെ പ്രധാന പ്രതിപാദ്യം. ഈ സമയത്ത് പതിനാറ് സൂര്യോദയങ്ങളും പതിനാറ് അസ്തമയങ്ങളും ഈ സഞ്ചാരികൾ കാണുന്നുണ്ട്, അനുഭവിക്കുന്നുണ്ട്. മുറിവേറ്റ ലോകത്ത് മറക്കാനാവാത്ത കഥകൾ സമ്മാനിച്ച കാലത്ത് ഈ പുസ്തകം എന്തുകൊണ്ടും ശ്രദ്ധേയമാണ്. വിശാലമായ കഥാപരിസരവും അത് വായനക്കാരിൽ സൃഷ്ടിക്കുന്ന കഥാകൃത്ത് ലോകത്തോട് പങ്കുവയ്ക്കുന്നത്. സാമന്ത ഹാർവെ പതിനാറ് ഉദയങ്ങളെയും അസ്തമയങ്ങളെയും ചിത്രീകരിച്ചിരിക്കുന്നത് അങ്ങനെയാണ്. കഥയിൽ ആറ് സഞ്ചാരികൾക്കും ഒരേപോലെ പ്രാധാന്യമുണ്ട്. ഹാർവെയുടെ കഥ പറച്ചിൽ കാവ്യാത്മകവും ഭാവന തീവ്രവുമാണ്. പുതിയ ഒരു ലോകത്തെയാണ് ഹാർവെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് എന്നതാണ് ശ്രദ്ധേയം. 

ഒരു ബഹിരാകാശ പേടകത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു ധ്യാനം പോലെ വളരെ ശക്തമായ പ്രമേയമായാണ് മുറിപ്പെട്ട ഭൂമിയുമായുള്ള മനുഷ്യന്റെ ബന്ധങ്ങളെ വിവരിക്കാൻ അവർ സ്വീകരിച്ചിട്ടുള്ളത്. ബഹിരാകാശത്ത് ജീവിക്കുന്ന മനുഷ്യരിലൂടെ ഭൂമിയുടെ സൗന്ദര്യവും ഉറപ്പും വായനലോകത്തിന് ദൃശ്യമാക്കി കൊടുക്കുന്നു കഥാകാരി. നമ്മുടെ ഭൂമി നേരിടുന്ന വെല്ലുവിളികളെയും. ”ബഹിരാകാശത്തു നിന്നുകൊണ്ട് ഭൂമിയെ കാണുന്നത് ഒരു കുഞ്ഞ്, കണ്ണാടിയിൽ നോക്കി ആദ്യമായി ഇത് താൻ തന്നെയാണ് എന്ന് ഉറപ്പിക്കുന്നത് പോലെയാണ്.” നോവലിലൂടെ അവർ പറയുന്നു, ”നമ്മൾ ഭൂമിയോട് എന്ത് ചെയ്യുന്നു അത് നമ്മോട് തന്നെയാണ്.” ബഹിരാകാശ പേടകത്തിൽ നിന്ന് ദൃശ്യമായ കാമറ കാഴ്ചകൾ കണ്ടുകൊണ്ടാണ് എഴുത്തുകാരി ഇതൊക്കെ പറയുന്നത്. നമ്മുടെ ഭൂമി നേരിടുന്ന മുറിവുകൾ അവർ ആ കാഴ്ചകളിൽ കണ്ടിരിക്കാം. അവർ വീണ്ടും പറയുന്നു, ”ഈ നോവൽ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അല്ല; എന്നാൽ മനുഷ്യൻ ഉണ്ടാക്കിയെടുത്ത കാലാവസ്ഥാ മാറ്റത്തെക്കുറിച്ചാണ്.” 

വിർജിനിയ വോൾഫിന്റെ എഴുത്തുകൾ തനിക്കെന്നും പ്രചോദനമായിരുന്നു എന്ന് സമാന്ത ഹാർവി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഓർബിറ്റൽ എന്ന നോവലിലെ ബഹിരാകാശ യാത്രികർ ആ നിലയത്തിൽ ഇരുന്നുകൊണ്ടാണ് ജീവിതത്തെ നോക്കിക്കാണുന്നത് ഭൂമിയുടെ നീലിമയെ ബഹിരാകാശത്ത് നിന്നുകൊണ്ട് കാണുന്നവർ ഓരോരുത്തരും ആ ബഹിരാകാശ വാഹനത്തിന്റെ ഹൃദയവും മനസും ശ്വാസവും ആത്മാവും മനസാക്ഷിയും കൈകളുമായി മാറുകയാണ്. ബഹിരാകാശത്തുനിന്ന് നാട്ടിലെ സംഭവങ്ങൾ അറിയുമ്പോൾ അവർക്കുണ്ടാകുന്ന ചിന്തകൾക്കും വികാരങ്ങൾക്കും മറ്റൊരു രൂപം കൈവരിക്കുന്നതും നോവലിൽ വായനക്കാരൻ അനുഭവിക്കുന്നു. ഭൂമിയിലെ വേദനകളും വികാരങ്ങളും അല്ല ബഹിരാകാശത്ത് സഞ്ചാരിയായിരിക്കുന്ന ഒരാളിന് അനുഭവപ്പെടുക. 

സാമന്ത ഹാർവെ ബ്രിട്ടനിലെ കെന്റ് പ്രവിശ്യയിൽ 1975 ൽ ജനിച്ചു. കോളജിൽ അവരുടെ പഠന വിഷയം ഫിലോസഫി ആയിരുന്നു. മുമ്പ് അവർ എഴുതിയ പല പുസ്തകങ്ങളും പ്രമുഖമായ ബുക്കർപ്രൈസിന്റെ ലോങ്ങ് ലിസ്റ്റിലും മറ്റ് അവാർഡുകൾക്കും അർഹത നേടിയിരുന്നു. ഓർബിറ്റൽ എഴുതും മുൻപ് ദിവസേന ചില പുസ്തകങ്ങൾ അവർ എഴുതിയിട്ടുണ്ട്. ജെയിംസ് ഡേറ്റ് ബ്ലാക്ക് അവാർഡ്, വിമൻസ് പ്രൈസ്, ദി ഗാർഡിയൻ ഫസ്റ്റ് ബുക്ക് അവാർഡ്, വാൾട്ടർ സ്കോട്ട് പ്രൈസ് എന്നിവയെല്ലാം മുമ്പ് അവരെ തേടിയെത്തിയിരുന്നു. അവാർഡ് സ്വീകരിച്ചുകൊണ്ട് അവർ ഇങ്ങനെ പറഞ്ഞു, ”ഞാൻ ഇതൊന്നും പ്രതീക്ഷിക്കുന്നില്ല.”

ഇംഗ്ലണ്ടിൽ ജീവിക്കുന്ന മികവുറ്റ സൃഷ്ടികൾ എഴുതുന്ന എഴുത്തുകാർക്കാണ് ബുക്കർ പ്രൈസ് സമ്മാനിക്കുക. 1969ലാണ് ഇത് കൊടുത്തു തുടങ്ങിയത് സമ്മാനാർഹർക്ക് 50, 000 സ്റ്റേർലിംഗ് (55 ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി അഞ്ഞൂറ്റി അൻപത്തി അഞ്ചു ഇന്ത്യൻ രൂപ) ആണ് സമ്മാനത്തുകയായി കിട്ടുക. ഈ സമ്മാനം വാങ്ങിയശേഷം സാമന്ത ഹാർവെ ഇങ്ങനെ പറഞ്ഞത്, ”ഞാൻ ടാക്സായി ഒരു തുക കൊടുക്കും. പിന്നെ ഒരു ബൈക്ക് പുതിയത് വാങ്ങും. ബാക്കി പണത്തിന് ഞാൻ ജപ്പാനിലേക്ക് പോകും. ഈ സമ്മാനം ഞാൻ ഭൂമിക്ക് വേണ്ടി നിലകൊള്ളുന്നവർക്കായി സമർപ്പിക്കുന്നു. മനുഷ്യരെ സ്നേഹിക്കുന്നവർക്ക് വേണ്ടി, സമാധാനത്തിനുവേണ്ടി പ്രയത്നിക്കുന്നവരേ ഇത് നിങ്ങൾക്കുള്ളതാണ്.”

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.