5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 24, 2024
August 11, 2023
March 11, 2023
February 3, 2023
January 27, 2023
December 23, 2022
November 16, 2022
January 29, 2022

മതസാഹോദര്യത്തിന്റെ സന്ദേശമായി ഓർക്കാട്ടേരി ചന്ത; ഉത്സവനാളിൽ ഭഗവതിക്ക് ചാർത്താനുള്ള പട്ട് മുസ്ലീം തറവാട്ടിൽ നിന്ന്

അനിൽകുമാർ ഒഞ്ചിയം
കോഴിക്കോട്
January 27, 2023 7:32 pm

മലബാറിൽ ഇത് ഉത്സവ കാലം. ജാതി മത ഭേദമന്യേ ഉത്സവ രാവുകളെ ജനം ഹൃദയത്തിലേറ്റുകയാണ്. കാവുകളിലും ക്ഷേത്ര മുറ്റങ്ങളിലും ഉറഞ്ഞാടുന്ന തെയ്യങ്ങളിൽപ്പോലുമുണ്ട് മത സൗഹാർദ്ദം വിളിച്ചോതുന്നവ. വടക്കൻ മലബാറിലെ പ്രശസ്തമായ ഓർക്കാട്ടേരി ചന്തയുടെ ഉത്ഭവത്തിനു പിന്നിലും മത സാഹോദര്യത്തിൻ്റെ നിറമുള്ള കഥയുണ്ട്. ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് ചരിത്ര പ്രസിദ്ധമായ ഓർക്കാട്ടേരി കന്നുകാലി ചന്തയും വിപണനമേളയും നടത്തുന്നത്. മലബാറിൻ്റെ ഏതാണ്ടെല്ലാ പ്രദേശത്തു നിന്നും കാളകളെ വില്പനയ്ക്കായി ഓർക്കാട്ടേരി കന്നുകാലി ചന്തയിൽ എത്തിക്കുന്നു. ഓർക്കാട്ടേരിയിലെ കൊയ്ത്തു കഴിഞ്ഞ വയലിൽ കെട്ടിയുണ്ടാക്കുന്ന കന്നുകാലി ചന്തയിൽ എണ്ണം കുറവാണെങ്കിലും ഇപ്പോഴും കാളകൾ എത്തുന്നുണ്ട്.
ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്രത്തിലെ ഭഗവതിയ്ക്ക് ചാർത്താനുള്ള കാച്ചിമുണ്ട് സമർപ്പണത്തോടെയാണ് താലപ്പൊലി മഹോത്സവ ചടങ്ങുകൾ ആരംഭിക്കുന്നത്.

പാറോള്ള ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം ഓർക്കാട്ടേരി മാവുള്ളതിൽ തറവാട് പ്രതിനിധികളായ അബ്ദുള്ളയും, ശുഹൈബ് കുന്നത്തും ചേർന്ന് ഭഗവതിക്ക് ചാർത്താനുള്ള കാച്ചിമുണ്ട് സമർപ്പിച്ചതോടെയാണ് ഇത്തവണത്തെ ക്ഷേത്രോത്സവത്തിനും ചന്തയ്ക്കും തുടക്കമായത്. ക്ഷേത്ര മുറ്റത്ത് ക്ഷേത്രം മേൽശാന്തി നാരായണൻ കാച്ചിമുണ്ട് ഏറ്റുവാങ്ങി. തുടർന്നാണ് ക്ഷേത്രോത്സവത്തിന് കൊടിയേറിയത്. ഇതോടെ പത്തുനാൾ നീണ്ടു നിൽക്കുന്ന ചന്തയ്ക്കും തുടക്കമായി.
മതമൈത്രിക്ക് പേരുകേട്ടതാണ് ഓർക്കാട്ടേരി കന്നുകാലി ചന്തയും ക്ഷേത്രോത്സവവും. ചന്തകളും ഉത്സവങ്ങളും എല്ലാ നാട്ടിലും കാണാമെങ്കിലും അവയിൽ നിന്നെല്ലാം ഓർക്കാട്ടേരി ചന്തയെ വ്യത്യസ്തമാക്കുന്ന ചിലതുണ്ട്. ക്ഷേത്രത്തിലെ ഭഗവതിക്കുള്ള പട്ട് പ്രദേശത്തെ പ്രമുഖ മുസ്ലിം തറവാട്ടിൽ നിന്നാണ് കൊണ്ടുവരിക. കൊടുങ്ങല്ലൂരിൽ നിന്ന് വന്ന ഭഗവതി പുതുകുളങ്ങര എന്ന സ്ഥലത്ത് കായക്കൊടി മുസ്ലിം തറവാട്ടിലെ പാത്തുമ്മ എന്ന സ്ത്രീക്ക് ദർശനം നൽകിയെന്നാണ് ഐതിഹ്യം. അതിൻ്റെ സ്മരണയ്ക്കായി അവിടെ ഒരു മുസ്ലിം പള്ളി ഉണ്ടാക്കാൻ സ്ഥലം നൽകിയത്രേ.

ഇതിനു പകരമായി ഉത്സവകാലത്ത് ദേവിക്ക് ചാർത്താൻ കാച്ചിമുണ്ട് നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന് കായക്കൊടി മുസ്ലിം തറവാട്ടിൽ നിന്നാണ് വർഷാവർഷം ഭഗവതിക്കുള്ള പട്ട് കൊണ്ടുവരുന്നത്. ഈ ആചാരം ഇന്നും തുടരുന്നു. ഉത്സവം കൊടിയേറുന്ന ദിവസം തന്നെയാണ് ഓർക്കാട്ടേരി ചന്തയ്ക്കും തുടക്കമാകുന്നത്. വടകര താലൂക്കിലെ ഏറാമല ഗ്രാമപഞ്ചായത്തിൽ കാർത്തികപ്പള്ളി റോഡിന് സമീപം ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ചന്ത നടത്തുന്നത്. തൊട്ടിലുകളും സർക്കസും മാജിക്കും മരണക്കിണറും ചെറുതും വലുതുമായ പലതരം വിനോദ പരിപാടികളും വില്പനശാലകളുമടക്കമാണ് വിപുലമായ നിലയിൽ ചന്ത സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ക്ഷേത്രചടങ്ങുകളിൽ മാത്രമായി ഒതുക്കിയ ഉത്സവം ഇത്തവണ വളരെ വിപുലമായാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയ്ക്കാണ് ചന്തയുടെ നടത്തിപ്പിന്റെ ചുമതല. ചന്തയിലൂടെ ലഭിക്കുന്ന വരുമാനം ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് ഇത്തവണത്തെ ഉത്സവവും ചന്തയും അവസാനിക്കുക.

Eng­lish Sum­ma­ry: Orcha­teri mar­ket as a mes­sage of reli­gious broth­er­hood; Silk to wear to Bhag­wati on the fes­ti­val day from a Mus­lim family

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.