16 March 2025, Sunday
KSFE Galaxy Chits Banner 2

ഓർമ്മകൾ പോലെ ഒഴുകുന്ന കഥകള്‍

അംബരീഷ് പൂത്തുക്കാരൻ
March 16, 2025 7:50 am

രിത പി ജി യുടെ ബോഗസ് എന്ന കഥാസമാഹാരം വായനക്കാരെ ആഴത്തിലുള്ള അനുഭവങ്ങളിലേക്ക് നയിക്കുകയും സ്വാതന്ത്ര്യത്തിന്റെ പുതിയ ആഖ്യാനങ്ങളിലേക്ക് പരീക്ഷണം നടത്തുകയും ചെയുന്ന സാഹിത്യസൃഷ്ടിയാണ്. വീട്ടിലെ ഒരു കുഞ്ഞനുജത്തിയുടെ ഓർമ്മകൾ പോലെ ലാളിത്യമേറിയതാണ് ബോഗസ് കഥകൾ. വായിക്കുമ്പോൾ കുട്ടിക്കാലത്തെ ഇടവപ്പാതി മഴകൾ മനസിൽ നനവ് പടർത്തും. അതിൽ ഘോരഘോരം ചൊരിയുന്ന രാത്രി മഴകളുണ്ട്, വെയിൽ വെളിച്ചത്തെ കീറിമുറിച്ച് ചാറുന്ന ചാറ്റൽ മഴകളുണ്ട്, ചില അനുഭവങ്ങളെപ്പോലെ നെഞ്ചുവിങ്ങുന്ന ഇടിയും മിന്നലും ഉള്ള തുലാവർഷ പെയ്ത്തുകളുമുണ്ട്. ആ കുഞ്ഞനുജത്തി വളർന്നു വലുതായി ജീവിതത്തിലൂടെ ഒറ്റയ്ക്ക് തോണി തുഴഞ്ഞ് ചെറുതും വലുതുമായ ഓളങ്ങളിലൂടെ യാത്ര ചെയ്ത് തന്റേതായ തുരുത്തിൽ എത്തിച്ചേർന്നു. എഴുത്തുകാരിയും തന്റെ നേട്ടങ്ങളിൽ തലയുയർത്തി അഭിമാനത്തോടെ ആ തുരുത്തിനു മുകളിൽ എത്തി നിൽക്കുന്നു.

നന്ദിതയെ പോലെ, മാധവിക്കുട്ടിയെ പോലെ, സിൽവിയാ പ്ലാത്തിനെ പോലെ കവിത്വമേറിയ പെൺ ശബ്ദം കഥകളിലുടനീളം പ്രതിഫലിക്കുന്നു. ഹൃദയമുള്ളവർക്കാർക്കും അവഗണിക്കാൻ കഴിയാത്ത ആത്മാവിന്റെ ഭാഷ, മൗനം, പിരിമുറുക്കങ്ങൾ എല്ലാം കേൾക്കാം.
“മനസിലാക്കുന്നതിന്റെയും അനുഭവിച്ചറിയുന്നതിന്റെയുമായ ഇടങ്ങളിലൂടെ ജീവിതത്തെ ഞാൻ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. മനുഷ്യൻ എന്ന നിലയിൽ ജീവിക്കാൻ സാധിക്കുന്നതിൽ വളരെ സന്തോഷം തോന്നുന്നു” എന്ന് സിൽവിയാ പ്ലാത്ത് തന്റെ കുറിപ്പുകളിൽ രേഖപ്പെടുത്തി. ഈ കഥകളോരൊന്നും വായിക്കുമ്പോൾ ഇതേ ആശയമാണ് എന്റെ മനസിൽ മന്ദസ്മിതം പടർത്തിയത്.

ആധുനികതയും പഴമയും ഇഴച്ചർന്ന് പോകുന്ന എഴുത്തുരീതിയാണ് കഥാകാരിയുടേത്. പഴയ ഗ്രാമവും വീടും ദൈവങ്ങളും മിന്നിമറയുന്നതോടൊപ്പം ഇന്നത്തെ ലോകത്തെ പ്രണയവും കാമവും ആംഗലേയ വാക്യങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു. ഇത് വായനക്കാർക്ക് മുൻപോട്ടും പിമ്പോട്ടുമുള്ള കാലഘട്ടത്തിന്റെ പോക്കിനെ വ്യത്യസ്ത കോണുകളിൽ നിന്ന് നോക്കിക്കാണുവാൻ സഹായിക്കുന്നുണ്ട്. ജീവിതത്തിന്റെ യാത്രയിൽ പലപ്പോഴും നമ്മളുടെ കാഴ്ചപ്പാടുകൾക്ക് വ്യത്യാസം സംഭവിക്കാം. അത് കാലത്തിന്റെ അനിവാര്യതകൂടിയാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ മനുഷ്യരെ സഹായിക്കുക എന്ന കലാസൃഷ്ടികളുടെ പ്രഥമലക്ഷ്യം ഈ പുസ്തകം പൂർത്തീകരിക്കുന്നു.

കേവലമായ ഗൃഹാതുരത്വ ഓർമ്മകളല്ല ‘ബോഗസ്’ സമാന്തരമായി പ്രണയം, കരുണ, സ്വാതന്ത്ര്യം, മാനുഷിക ബലഹീനതകൾ, സാമൂഹിക വ്യവസ്ഥിതിയോടുള്ള രോഷം എല്ലാം തോളോട് തോൾ ചേർന്ന് നിൽക്കുന്നതായി കാണാം. ഉത്തമപുരുഷൻ അല്ലെങ്കിൽ ഉത്തമസ്ത്രീ എന്നൊന്നില്ല അപൂർണമായ ജീവിതങ്ങളാണ് ഓരോ മനുഷ്യരും. ആ അപൂർണതയാണ് നമ്മളോരോരുത്തരേയും നമ്മളാക്കുന്നത്. സാമാന്യ സാമൂഹ്യമര്യാദകളെയും കുടുംബസങ്കല്പങ്ങളെയും അമ്പേ തച്ചുടയ്ക്കുന്ന ഭാഷ ഓരോ കഥകളിലും പ്രകടമാണ്. ഉത്തരവാദിത്വങ്ങൾ, നാട്ടുനടപ്പുകൾ, കടമകൾ എല്ലാത്തിനും ഉപരിയായി പരസ്പര സ്നേഹമാണ് വേണ്ടതെന്ന് എഴുത്തുകാരി പറയാതെ പറഞ്ഞുവയ്ക്കുന്നു.

“ലോകം അപമാനിച്ച ഒരുപാട് പെണ്ണുങ്ങളെക്കുറിച്ച് ഞാൻ ആലോചിച്ചുനോക്കി. മുഖം കുനിച്ചു നിന്ന് കണ്ണീർ വാർത്തവർ, വലിയ തെറ്റ് എന്ന് സമൂഹം പറയുന്ന എന്തെങ്കിലും ചെയ്തതിന്റെ പേരിൽ പ്രഹരങ്ങൾ ഏറ്റുവാങ്ങിയവർ, ആളുകളുടെ കുത്തുവാക്കുകൾ സഹിച്ചു ജീവിക്കുന്നവർ” — ‘താര’ എന്ന ചെറുകഥയിലെ നായകന്റെ മനോഗതം സ്ത്രീ സമൂഹത്തിന്റെ വിപ്ലവ മുദ്രാവാക്യങ്ങളായി അലമുറയിടുന്നു. അനുഭവ തീഷ്ണത കൊണ്ടും സത്യസന്ധത കൊണ്ടും മലയാള സാഹിത്യ ലോകത്തെ സ്വാധീനിച്ച ഒരുപാട് കൃതികളുടെ നിരയിലേക്ക് ബോഗസും കടന്നുവരും തീർച്ച.

ബോഗസ്
(കഥകള്‍)
ഹരിത പി ജി
മാന്‍കൈന്‍ഡ്
വില: 199 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.