18 December 2024, Wednesday
KSFE Galaxy Chits Banner 2

ഓര്‍മ്മയുടെ പെരുക്കം നിറയുന്ന കഥകള്‍

സിബിന്‍ ചെറിയാന്‍
December 15, 2024 7:30 am

ശാസ്ത്രം മനുഷ്യനെ മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ, സാഹിത്യം മനുഷ്യനെ കാലിഡോസ്കോപ്പിലൂടെ നിരീക്ഷിക്കുകയാണ്. വി എസ് വിജയലക്ഷ്മി തയ്യാറാക്കിയ ‘നക്ഷത്ര വേരുകൾ’ എന്ന കാലിഡോസ്കോപ്പ് സന്തോഷത്തിലേക്കും സങ്കീർണതകളിലേക്കും ആശങ്കകളിലേക്കും ആവേഗങ്ങളിലേക്കും വിഷമങ്ങളിലേക്കും വിശാലതയിലേക്കും പ്രണയത്തിലേക്കും പ്രാണനിലേക്കും മൈത്രിയിലേക്കും മരണത്തിലേക്കും കാമത്തിലേക്കും കരുണയിലേക്കും എന്തിന് പേരറിയാത്ത നിർവചിക്കാനാവാത്ത വികാരങ്ങളിലേക്കും കണ്ണിന്റെ കൈയ്ക്കുപിടിച്ച് മനസിനെ യാത്രയാക്കുന്നുണ്ട്. ഇതിലെ പതിനാല് കഥയിലെ ഏതെങ്കിലും ഒരു കഥ വായനക്കാരന്റെ മിഴിയിലും അത് വഴി മനസിലും മുറിവുണ്ടാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

‘റ’ എന്ന കഥയിൽ മറവിയുള്ളവരെ ചില മനുഷ്യർ ബോധപൂർവം, സൗകര്യപൂർവം മറക്കുവാൻ ശ്രമിക്കും എന്ന ലാഭത്തിന്റെ കുരുക്കുള്ള ജീവിത പാഠത്തെ വിമർശിക്കുന്നുണ്ട്. അമ്മയെ കാണാതായിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നുവെന്ന് മറവിയുള്ള അമ്മയുടെ മുറിയിൽ തൂക്കിയിരിക്കുന്ന വീട്ടിലെ ഏക ക്ലോക്കിൽ നോക്കി രേഖ ഓർമ്മിച്ചെടുക്കുകയാണ്. ‘മറവിയുള്ള അമ്മയുടെ മുറിയിൽ ക്ലോക്ക് തൂക്കിയിരിക്കുന്നത് അമ്മയ്ക്ക് മറവിയില്ലെന്ന് അമ്മയെതന്നെ ബോധിപ്പിക്കാനോ അതോ അമ്മയെ മറക്കാൻ സാധ്യതയുള്ള രേഖയുടെ മറവിയെ ഓർമ്മപ്പെടുത്താനോ? എന്നു മുതലാണ് അമ്മയോട് ഓർമ്മകൾ യാത്ര പറയാൻ തുടങ്ങിയതെന്നു രേഖ ഓർത്തു നോക്കി’ എന്ന വരിയും ‘അച്ഛൻ മരിച്ചതിനു ശേഷമാണ്,’ ‘അന്നാണ്…’ എന്നീ വരികളും തുടർന്ന് വായിക്കുമ്പോൾ ബന്ധങ്ങളെ ഓർമ്മയില്ലാത്തത് സുനന്ദ ടീച്ചർക്കല്ല രേഖയെന്ന മകൾക്കാണെന്ന് വായനക്കാരന് വായിച്ചെടുക്കുവാൻ കഴിയുന്നു.

‘മൃതം’ എന്ന കഥയിൽ മരണമെന്ന ജീവിത മറവിയിലേക്ക് പോയ അമ്മുവിനെ ഭൂമിയിലെ ജീവിതഓർമ്മകൾ കൊണ്ട് കണ്ണൻ ഉയിര് നൽകുന്നുണ്ട്. എന്നാൽ ജീവിതത്തിൽ എല്ലാ നിമിശവും ഒരേ ഓർമ്മയുടെ ബലത്തിൽ സ്വബോധമുള്ള ഒരാൾക്ക് ജീവിക്കാൻ കഴിയാത്തതു കൊണ്ട് അമ്മുവിന് മരണമെന്ന മറവിയിൽ തന്നെ സ്വസ്ഥത കണ്ടത്തേണ്ടിവരുന്നു.

“കുട്ടികൾക്ക് മാത്രമാണ് ഈ ലോകത്ത് ഓർമ്മകളുടെ ഭാരമില്ലാതെ സുഖമായി ഉറങ്ങാൻ കഴിയുകയെന്ന്” ‘ഒസ്യത്ത് ’ എന്ന കഥയിൽ നാണു മാസ്റ്റർ പറയുമ്പോൾ ഏകാന്തതയിൽ മനുഷ്യനെ ഒറ്റപ്പെടുത്തുന്നത് ഓർമ്മകളുടെ ഭാരമാണെന്ന് നമ്മൾക്ക് മനസിലാക്കിത്തരുന്നു. ഈ ഭാരമൊന്ന് ഇറക്കിവയ്ക്കണമെങ്കിൽ ‘ഓർമ്മയുടെയും സ്വപ്നത്തിന്റെയും അതിരുകൾ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ഒരു വെളിച്ചം കാണേണ്ടിയിരിക്കുന്നു.

‘ഓർമ്മകൾ മായുന്നിടങ്ങൾ ’ എന്ന കഥയിൽ തലക്കെട്ട് മുതൽ കഥയുടെ ഒടുവിലത്തെ വരിവരെ ഓർമ്മയും മറവിയും തമ്മിൽ പ്രത്യക്ഷ മൽപിടുത്തത്തിൽ ഏർപ്പെട്ടിരിക്കുന്നതായി വായനക്കാരന് ബോധ്യമാകും.
“അല്ല ഞാൻ ഇതൊക്കെ ഇപ്പോൾ ഓർമ്മിക്കാൻ എന്താ കാരണം ഇന്ന് ടിവിയിൽ മിന്നി മാഞ്ഞുപോയ നിന്റെ പേരാണോ? പലപ്പോഴും ഓർമ്മകൾ അങ്ങനെയാണ്, എത്ര അടക്കിവയ്ക്കാൻ ശ്രമിച്ചാലും ഒരു പ്രളയം കണക്കെ അത് നമ്മളെ വന്നു മൂടും. അങ്ങനെ ഒരു ഓർമ്മക്കയം നമുക്ക് ചുറ്റും നിറയും” എന്ന് ‘പിൻവിളി’ എന്ന കഥയിൽ വായിയ്ക്കുമ്പോൾ മറവിയിൽ ജീവിക്കുന്നതാണ് മനുഷ്യന്റെ സ്വസ്ഥത എന്ന് മനസിലാക്കി പോകുന്നു. അതോടൊപ്പം മുത്തശ്ശിമാർ പറയുന്ന കഥകളിൽ കൂടുതലും അവരുടെ ഓർമ്മകൾ ആണെന്നും നമുക്ക് എഴുത്തുകാരി പഠിപ്പിച്ചു തരുന്നു

‘കടൽസന്ധ്യ’എന്ന കഥയിലും ദശാബ്ദങ്ങൾക്കപ്പുറമുള്ള…ഇതേ ഉച്ചനേരത്തെ കടലിന്റെ ഓർമ്മയിലേക്ക് പോവുകയാണ് അവൾ. ‘ആയിരംക്കൊല്ലിയിലെ ഖബറുകൾ’ എന്ന കഥയിൽ ‘സെയ്ദലി ഓർമ്മയുടെ അടരുകൾ മാന്തി’, ‘ഓർമ്മകൾ ഒലിച്ചിറങ്ങിയ മണ്ണിൽ നിൽക്കുമ്പോൾ’ എന്ന് വായിക്കുന്ന നേരം മണ്ണിനടിയിൽ, തന്റെ ഓർമ്മയിൽ ശ്വാസം മുട്ടുന്ന മനുഷ്യർക്ക് ശ്വാസമായി തീരുവാനുള്ള പരിശ്രമത്തിലാണ് സെയ്ദലി. 

ഓർമ്മകളെ എന്നും തനതായി നിലനിർത്തണം, പുതിയ ഓർമ്മകൾ പഴയ ഓർമ്മകൾക്കുമേൽ തുന്നിച്ചേർക്കാതെ സൂക്ഷിക്കണം എന്ന ഏറ്റവും വലിയ ജീവിത പാഠം ‘സമാന്തരങ്ങൾ’ എന്ന കഥയിലൂടെ വി എസ്. വിജയലക്ഷ്മി പറഞ്ഞ് തരുന്നു. ‘അമ്മ പോയതിനു ശേഷം,’ ‘നക്ഷത്ര വേരുകൾ’ എന്നീ കഥകൾ വ്യക്തികളുടെ അഭാവത്തിൽ അനുഭവങ്ങളുടെ ഓർമ്മയിലേക്ക് നയിക്കുന്നു. ഓർമ്മകളും മറവിയും തമ്മിലുള്ള മൽപിടുത്തത്തിൽ ആര് ജയിക്കുമെന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. പക്ഷേ ഇവ രണ്ടുമില്ലാതെ ഒരു മനുഷ്യനും ജീവിക്കാൻ കഴിയില്ല എന്ന് വിജയലക്ഷ്മിയുടെ വായനക്കാർ ഉറപ്പായും മനസിലാക്കിയിരിക്കും. നക്ഷത്രം ഓർമ്മയിലും വേരുകൾ മറവിയിലുമാണ് ജീവിക്കുന്നത്. മരിച്ചവർ ജീവിക്കുന്നവരുടെ ഓർമ്മയിൽ, ജീവിച്ചിരിക്കുന്ന ചില ബന്ധങ്ങൾ മനുഷ്യരുടെ മറവിയിലും.

നക്ഷത്രവേരുകൾ
(കഥകൾ)
വി എസ് വിജയലക്ഷ്മി
സൈന്ധവ ബുക്സ്
വില: ₹140

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.