21 September 2024, Saturday
KSFE Galaxy Chits Banner 2

ഓർണിത്തൊഫിലി

നസ്രേത്തില്‍ ജോസ് വര്‍ഗീസ്
കവിത
September 22, 2024 2:32 am

എന്നിലൂടോടുന്ന വഴികളെല്ലാം
നിന്നിലെത്തുമ്പോൾ
മുറിഞ്ഞങ്ങു വീഴുന്നു
നിന്റെയോരത്തു ചാരിയിരുന്നപ്പോൾ
പൂവിട്ടപൂക്കളെ കാറ്റേതോ
തല്ലിക്കൊഴിക്കുന്നു
മുഖമില്ലാത്തൊരു സ്വപ്നമോയെന്നുടെ
ഓരടിപ്പാതയിൽ കൂട്ടായ്‌ നടക്കുന്നു
അതിൻചിറകുതപ്പി ഞാൻ
വസന്തങ്ങൾ പാകുവാൻ
മുളയ്ക്കുന്നതിന്മുമ്പേ
ആരോകോടാലിപാകിയ പാടുകൾ
ഞാനതിൻകൊക്കു തപ്പിത്തടഞ്ഞു
ജനിച്ചപ്പോളെ വായുമുണ്ടായിരുന്നില്ല
വഴിവക്കീന്നാരോ കൂടെക്കൂട്ടിയോൾ
വായുമായ്‌ ജനിച്ചോരെയെല്ലാ-
മുപേക്ഷിച്ചു ബാക്കിയായോൾ!
ഏതോദിക്കിൽനിന്നും പറന്നുവന്ന
പേരറിയാത്തൊരുകുഞ്ഞുപക്ഷി
പരപരാഗണത്താലെ ജനിപ്പിച്ച
പേരാൽച്ചുവട്ടിലെ തണലിലേക്കു
കൺപീലിയിൽകൊരുത്തുകെട്ടി
ഞാനവളെകൂട്ടിക്കൊണ്ടുപോയി
അവളുടെ നിഴലോടേയഴിച്ചിട്ട്‌
അവളേതോദിക്കിൽ പറന്നുപോയി
നമുക്കു തളിർക്കുവാൻ
നാരകമാവിൻ തണലും,
നമുക്കൊന്നു പൂക്കുവാൻ
അരിമുല്ലക്കാടിൻ ചുവടും,
മാണിക്യചെമ്പഴുക്കായിൽ
പഴുക്കുവാൻ
മുറ്റത്തുവീണനിലാവും
മുറിഞ്ഞവഴിയിലഴിയുന്ന
ചോലതൻ പുളിനങ്ങളിൽ
വരച്ചിട്ടിരിക്കുന്നു ഞാൻ
സഖീ, നീ വരുന്നതുംകാത്തു ഞാനും
ഏതോ ദേശാടനപ്പക്ഷിയും‌

ഓർണിത്തൊഫിലി*- പക്ഷികൾ നടത്തുന്ന പരപരാഗണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.