
ആദ്യമായി കവിതയെഴുതിയതിന്റെയന്ന്
ചങ്കിലൊരു പെടപ്പ് വന്നു
രണ്ടു വരി കവിത എഴുതി തീരും മുമ്പേ
അമ്മയുടെ നെഞ്ചുംകൂട്
പൊതിഞ്ഞു മുഖമമർത്തി
അവൾ പൊട്ടിക്കരഞ്ഞു.
കരച്ചിലിന്റെ
അലർച്ചയിലോ കാറ്റിന്റെ
കനത്തിലോ
കവലയിൽ കേൾക്കും
വിധത്തിൽ
ഭിത്തിയുടെ ഒത്ത നടുക്കായി തൂക്കിയിട്ട
അച്ഛന്റെ മാലയിട്ട ചിത്രം
പടേന്ന് താഴേക്കുവീണു
പിന്നെ ഒരു കൊടുങ്കാറ്റായിരുന്നു
കവിത എഴുത്ത് നിർത്തി
അവൾകൊടുങ്കാറ്റിന്റെ
ഒറ്റപ്പിടപ്പായി കൈകൾ
വിടർത്തി പറന്നു
കൊടുങ്കാറ്റിൽ ഉടൽ
മുറിയാതെ അവൾ
ഒറ്റക്കെത്രയോ ദൂരം
ഇടനെഞ്ചിലെ മുറിവുമായി
വേദനയെ കണ്ണീരിൽ തുളുമ്പി
ഇനിയൊരിക്കലും
തിരികെയില്ലെന്ന
ശൂന്യതയെ വെന്തു
പോയ കണ്ണുനീരിൽതിരുകി
ഇറുക്കിയടച്ചു.
നൊന്തു പോയ
സ്വപ്നങ്ങളുടെ
പന്ത്രണ്ടാം പക്കം
അവളൊരു പെണ്ണ്
ഒരിക്കൽ ഉടഞ്ഞു പോയ
ചന്തങ്ങൾ മുഴുവൻ
ചേർത്തവൾ
കവിതയിലൊരു വീട് വരച്ചു
നിലവിളികൾ നിദ്ര കൊണ്ടകാതുകളിൽ
നീലക്കടലിന്റെ വിസ്മയത്തുണ്ടൊളിപ്പിച്ചു
കരഞ്ഞുകുതിർന്ന
കണ്ണുകളിൽ നോക്കി
വെയിൽ ചിരികൾ
നിറയെ പൂക്കളുള്ളഒരു
കുട നിവർത്തി
ഒറ്റയ്ക്ക് ഒറ്റയ്ക്കെന്ന് നീറിപൊട്ടിയവൾക്ക്
ഒറ്റക്കല്ലയെന്ന് തമ്മിൽ പകർന്ന
സ്വാസ്ഥ്യത്തെയവൾ
നെഞ്ചിൽ നിറച്ചു
നോക്കൂ!
മധുരമായി കാണാൻ കഴിയും
അവൾക്കുചുറ്റും മഞ്ഞ
പൂക്കളെ ചുംബിക്കുന്ന നിറയെ, നിറയെ
മഞ്ഞശലഭങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.