23 December 2024, Monday
KSFE Galaxy Chits Banner 2

പാടിമറയുന്ന വാനമ്പാടി

Janayugom Webdesk
February 7, 2022 5:00 am

അനശ്വരവും അതിലേറെ ആകര്‍ഷകവുമായ സ്വരമാധുര്യം കൊണ്ട് ആസ്വാദകരുടെ മനംനിറച്ച ലതാമങ്കേഷ്കര്‍ വിട പറഞ്ഞിരിക്കുന്നു. ഇന്ത്യയുടെ വാനമ്പാടി, സ്വരമാധുര്യത്തിന്റെ രാജകുമാരി എന്നുള്‍പ്പെടെ അറിയപ്പെടുന്ന അവര്‍ മലയാളത്തില്‍ ഒരു ഗാനം മാത്രമേ ആലപിച്ചിട്ടുള്ളൂ. രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1974ല്‍ പ്രദര്‍ശനത്തിനെത്തിയ നെല്ല് എന്ന ചലച്ചിത്രത്തിനുവേണ്ടി. വയലാര്‍ രാമവര്‍മ രചിച്ച് സലില്‍ ചൗധരി ഈണമിട്ട് അവര്‍ പാടിയ കദളി, കണ്‍കദളി, ചെങ്കദളീ പൂ വേണോ എന്ന ഗാനം ഇന്നും മലയാളിയുടെ ഹൃദയങ്ങളെ തഴുകിയൊഴുകുകയാണ്. ലതാ മങ്കേഷ്കര്‍ ആ ഗാനം പാടിയിട്ട് 47 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ ഗാനത്തിന്റെ സ്വരമാധുരി ഇപ്പോഴും മുഴങ്ങി നില്പാണ്. ഒരു പക്ഷേ പ്രസ്തുത ഗാനം കേള്‍ക്കുമ്പോള്‍ ഇപ്പോഴത്തെ ഇളംതലമുറയും അറിയാതെ ആ വരികള്‍ മൂളിപ്പോകുന്നുണ്ട്. അത്രമേല്‍ ആസ്വാദ്യകരവും ശബ്ദ സൗകുമാര്യമുള്ളതുമായ ആലാപനമായിരുന്നു അതെന്നതുകൊണ്ടാണത്. ഒരുപാട്ടുകൊണ്ട് മലയാളത്തില്‍ അടയാളപ്പെട്ട ലതാ മങ്കേഷ്കര്‍ 15 ഭാഷകളിലായി നാല്പതിനായിരത്തിലധികം സിനിമാ ഗാനങ്ങള്‍ ആലപിച്ചു. അവയെല്ലാം ഭാഷയുടെയും ദേശങ്ങളുടെയും അതിരുകള്‍ ഭേദിച്ച് ആസ്വാദകര്‍ ഏറ്റെടുത്തവയായി.

പിതാവ് നാടകകലാകാരനും സംഗീതജ്ഞനുമായ ദീനനാഥ് മങ്കേഷ്കര്‍. അതുകൊണ്ടുതന്നെ അവര്‍ തനിക്കു സഞ്ചരിക്കുവാനുള്ള വഴിയായി സംഗീതം തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം പിതാവിന്റെ കൈപിടിച്ചാണ് നാടകഗാനരംഗത്തെത്തിയെങ്കിലും പിന്നീട് അകാലത്തില്‍ കടന്നുവന്ന പ്രാരാബ്ധങ്ങളുടെ നടുവില്‍ അത് ജീവിതോപാധി കൂടിയാക്കേണ്ടിവന്നു. പിതാവിന്റെ സംഗീത നാടകങ്ങളില്‍ പാടി അഭിനയിച്ചായിരുന്നു തുടക്കം. പതിമൂന്ന് വയസുള്ളപ്പോള്‍ പിതാവ് മരിച്ചതോടെ ജീവിത പ്രാരാബ്ധത്തിന്റെ ചുമടുകൂടി ലതയ്ക്ക് ഏറ്റെടുക്കേണ്ടിവന്നു. അങ്ങനെയാണ് അഭിനയം സ്വയംസ്വീകരിക്കുന്നത്. അതിനൊപ്പം തന്നെ ഗാനാലാപനവും. 1942ല്‍ മറാത്തി ചലച്ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി പാടുന്നതെങ്കിലും ഈ ഗാനം പ്രേക്ഷകര്‍ക്കു കേള്‍ക്കുവാന്‍ സാധിച്ചില്ല. ആ വര്‍ഷം ചില മറാത്തി ഗാനങ്ങള്‍ ആലപിച്ച് അഭിനയിച്ചു. 1943ലാണ് ആദ്യം ഹിന്ദി ഗാനം പാടുന്നത്. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ തിരിച്ചയക്കപ്പെട്ട അനുഭവങ്ങളും അവര്‍ക്കുണ്ടായി. 1948ല്‍ നസീര്‍ അജ്മീരി സംവിധാനം ചെയ്ത മജ്ബൂര്‍ എന്ന സിനിമയ്ക്കുവേണ്ടി പാടിയ മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാ മങ്കേഷ്കറെ ചലച്ചിത്ര ഗാന മേഖലയില്‍ ശ്രദ്ധേയയാക്കുന്നത്. പിന്നീട് ആ സ്വരമാധുരി പല ഭാഷകളില്‍ പല ഈണങ്ങളിലും താളലയങ്ങളിലും ജനകോടികള്‍ ആസ്വദിച്ചു, മൂളിനടന്നു, ഏറ്റുപാടി. പിതാവിന്റെയും സഹോദരിയുടെയും വഴിയിലൂടെ സഞ്ചരിച്ച് സഹോദരങ്ങളും സംഗീതത്തിന്റെയും ആലാപനത്തിന്റെയും വിവിധ രംഗങ്ങളില്‍തന്നെ കീര്‍ത്തിനേടി. സഹോദരന്‍ ഹൃദയനാഥ് സംഗീത സംവിധായകനും സഹോദരിമാരായ മീന ഗായികയും സംഗീത സംവിധായികയും ഉഷ, ആഷാ ഭോസ്‌ലേ എന്നിവര്‍ ഗായികമാരായും ആസ്വാദകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചവരാണ്.


ഇതുകൂടി വായിക്കാം;അഴീക്കോട് അരങ്ങൊഴിഞ്ഞ് ഒരു ദശകം


എഴുപതു വര്‍ഷത്തിലധികം നീണ്ട സപര്യയ്ക്കാണ് ലതാ മങ്കേഷ്കറുടെ നിര്യാണത്തോടെ അവസാനമാകുന്നത്. വിവിധ ഭാഷകളിലെ ഏറ്റവും പ്രമുഖരായ ഒട്ടുമിക്ക ചലച്ചിത്ര സംവിധായകര്‍ക്കൊപ്പം അവര്‍ സിനിമയില്‍ പാടി. എസ് ഡി ബര്‍മ്മന്‍, സലില്‍ ചൗധരി എന്നിവരുടെ സംഗീത സംവിധാനത്തിനു കീഴില്‍ മാത്രമല്ല ഏറ്റവും പുതിയ തലമുറയിലുള്ളവര്‍ക്കൊപ്പവും അവര്‍ ഗാനങ്ങള്‍ ആലപിച്ചു. ലളിത സംഗീതത്തിന്റെയും പുതിയ കാലത്തിന്റെ പ്രവണതയായ, അടിപൊളി എന്ന് പേരിട്ടിരിക്കുന്ന സംഗീത ശാഖയുടെയും സംവിധായകര്‍ക്കൊപ്പവും അവര്‍ ഗാനാലാപനം നടത്തി. ഇവിടെയെല്ലാം തലമുറ ഭേദമില്ലാത്ത സ്വരമാധുരിയായിരുന്നു അവരില്‍ നിന്ന് ആസ്വാദകര്‍ ശ്രവിച്ചത്. ഇത്രയും കാലത്തിനിടയിലെ തലമുറകളെല്ലാം ആ സ്വരമാധുര്യം ഹൃദയത്തില്‍ ഏറ്റെടുക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ നീണ്ട സംഗീത സപര്യയ്ക്കിടയില്‍ 2001ല്‍ ഭാരത് രത്ന ഉള്‍പ്പെടെയുള്ള അത്യുന്നത ബഹുമതികള്‍ അവരെ തേടിയെത്തി. വിശിഷ്ട വ്യക്തിത്വത്തെ ആദരിച്ചുകൊണ്ട് 1999ല്‍ ലതാ മങ്കേഷ്കറെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യുകയുമുണ്ടായി. പത്മഭൂഷൺ (1969), പത്മവിഭൂഷൺ (1999), ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌(1989), മൂന്ന് ദേശീയ ചലചിത്ര അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവയ്ക്കൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ അവരെ തേടിയെത്തിയ അംഗീകാരങ്ങള്‍ അനവധിയാണ്. സിനിമാ ഗാനാലാപനത്തോടൊപ്പം നിര്‍മ്മാതാവിന്റെയും വേഷമണിഞ്ഞ അവര്‍ സംഗീത ആല്‍ബങ്ങള്‍ക്കുവേണ്ടി സ്വന്തമായി മ്യൂസിക് സ്ഥാപനവും ആരംഭിച്ചിരുന്നു. പ്രധാനമായും ഹിന്ദിയിലായിരുന്നുവെങ്കിലും ഈ ആല്‍ബങ്ങളും വേറിട്ടുനിന്നവയായിരുന്നു.

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ തന്റെ കാനഡയിലെ സുഹൃത്ത് മരിച്ചത് ഓര്‍മ്മിച്ചുകൊണ്ട്, ആളുകള്‍ കടന്നുപോകുമ്പോള്‍ വിചിത്രമായ ശൂന്യതാബോധമുണ്ടാകുമെന്ന് ലതാ മങ്കേഷ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ലതാ മങ്കേഷ്കറുടെ മരണവാര്‍ത്ത നല്കുന്നതും അത്തരമൊരു ശൂന്യതാ ബോധം തന്നെയാണ്. പക്ഷേ അവരുടെ ഗാനങ്ങള്‍ മൂളി നടന്നും വീണ്ടും വീണ്ടും കേട്ടാസ്വദിച്ചും ആ ശൂന്യത നിറയ്ക്കപ്പെടുമെന്നുറപ്പാണ്. അത്രയ്ക്കു തീവ്രവും അതേസമയം ലളിതവും ഹൃദ്യവുമായ അവരുടെ പാട്ടുകള്‍ ആ ശൂന്യതയ്ക്കുമേല്‍ കാലാതിവര്‍ത്തിയായി പെയ്തുകൊണ്ടേയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.