
ജയശ്ചന്ദ്രൻ കല്ലിംഗലിന്റെ വഴിയരികിൽ ഒരു നിമിഷം എന്ന യാത്രാവിവരണം തികച്ചും വ്യക്തിഗതമായ ഒന്നാണ്. താൻ പോകുന്ന യാത്രകളിൽ ഒന്നും തന്നെ വർണാഭമായ കാഴ്ചകൾ അല്ല അദ്ദേഹത്തെ പിടിച്ചു നിർത്തുന്നത്. അത്തരം യാത്രകളുടെ ഏറ്റവും വലിയ ഗുണം, പേരിനു കുറെ സ്ഥലങ്ങൾ കാണുന്നതല്ല യാത്ര എന്ന് തീർത്തും യാത്രികന്/ യാത്രികയ്ക്ക് ബോധ്യമാകുന്നു എന്നതാണ്. വളരെ തുച്ഛമായ ലാഭത്തിന് സാധനങ്ങൾ മദ്രാസിൽ നിന്ന് കൊണ്ടുവന്ന് നാട്ടിൽ വിറ്റ് ആ ലാഭം കൊണ്ട് മറ്റ് യാത്രകൾ ചെയ്തിരുന്ന പോറ്റി കാരണവർ എന്ന അമ്മയുടെ അമ്മാവന്റെ കഥ പറഞ്ഞു കൊണ്ടാണ് തന്റെ യാത്രാവിവരണം ഗ്രന്ഥകാരൻ ആരംഭിക്കുന്നത്. പോറ്റിക്കാരണവർ കണ്ട കാഴ്ചകൾ അത്രയൊന്നും തന്നെ ഗ്രന്ഥകാരന് ഓർമ്മ ഇല്ലെങ്കിൽ കൂടിയും, യാത്രയുടെ മാധുര്യം ഗ്രന്ഥകാരനിലേക്ക് പകർന്നു കൊടുക്കാൻ ആ വ്യക്തിക്ക് കഴിഞ്ഞിരുന്നു.
ഒരു കുട്ടിയുടെ കൗതുകത്തോടെ നടത്തുന്ന യാത്രകൾ എന്ന് ഈ പുസ്തകത്തെ വിളിക്കാം. എന്നാൽ അത് താൻ കാണുന്ന കാഴ്ചകളുടെ ഗൗരവത്തെ ചോർത്തി കളയാവുന്ന ഒന്നാക്കി മാറ്റാനുള്ള ശ്രമവുമില്ല. അത് കൊണ്ടാണ് യാത്രയിലുടനീളം അദ്ദേഹം നിരീക്ഷിക്കുന്ന കാര്യങ്ങൾ ആഴത്തിൽ വായനക്കാരിലും പതിയുന്നത്. അച്ഛന്റെ നാട്ടിൽ നിന്നും അമ്മയുടെ നാട്ടിലേക്കുള്ള വരവാണ് ഗ്രന്ഥകാരന്റെ ആദ്യ യാത്ര. മുതിർന്നപ്പോൾ അത് തസറാക്കിലേക്ക്. പിന്നീട് ആസാം, പിന്നെ ഇന്ത്യക്ക് പുറത്തേക്ക് തുടരുന്ന ഒരു പ്രക്രിയയായി മാറി. ഇതിലൊക്കെ അദ്ദേഹം സൂക്ഷിക്കുന്ന ശീലങ്ങളും യാത്രയുടെ മോടി മെച്ചപ്പെടുത്തുന്നുണ്ട് എന്ന് കാണാം. യാത്രയിൽ കണ്ടെത്തുന്ന മനുഷ്യരോട് ഉള്ള് തുറന്ന് സംസാരിക്കാൻ കാണിക്കുന്ന താല്പര്യം അതിലൊന്നാണ്. ഇന്ത്യയുടെ ഒരു ചെറിയ ശകലം ഈ കൊച്ചു പുസ്തകത്തിൽ അതിന്റെ നല്ലതും മോശവും വശങ്ങൾ കാണിച്ചു കൊണ്ട് നിറഞ്ഞു നിൽക്കുന്നുണ്ട്. വളരെ സ്നേഹപൂർവം തന്നെ ആസാമിലേക്ക് കൊണ്ട് പോകുന്ന ഡ്രൈവർ അതിഥി ബീഫ് കഴിക്കും എന്ന അറിവിന് മുന്നിൽ പകച്ചു പോകുന്നത് അത്തരത്തിലുള്ള ഒരു ഉദാഹരണമാണ്. ഇന്ത്യ കടന്നു പോകുന്ന ഒരു രാഷ്ട്രീയ സാമൂഹിക സ്ഥിതി ഒറ്റ ഉദാഹരണത്തിൽ വരച്ചിടാൻ ഗ്രന്ഥകാരന് കഴിയുന്നു എന്നതാണ് ഇവിടെ ശ്രദ്ധേയമായിട്ടുള്ളത്.
പിന്നീട് നേപ്പാളും ഭൂട്ടാനും വീണ്ടും തിരികെ കൊൽക്കത്തയും കടന്നു പോകുന്ന യാത്രകളിൽ ഉടനീളം കണ്ണു തുറന്ന്, കാത് കൂർപ്പിച്ച ഒരു രാഷ്ട്രീയബോധമുള്ള മലയാളിയെ കാണാം. കക്ഷിരാഷ്ട്രീയ ശരികളെ മുറുകെ പിടിക്കുന്നതല്ല ശരിയായ സാമൂഹിക ബോധ്യം എന്ന് തോന്നുന്നിടത്ത് ആ വാശികൾ ഉപേക്ഷിക്കാൻ ഗ്രന്ഥകാരന് മടി വരുന്നുമില്ല. മനുഷ്യർ എത്ര പണം വേണമെങ്കിലും ഉപയോഗിച്ച് യാത്ര ചെയ്യാൻ തയ്യാറാവുന്ന കാലത്ത്, ഉള്ളിലേക്ക് യാത്ര ചെയ്യുന്നവർ കുറവാണ്. എന്തിനു യാത്ര ചെയ്യുന്നു എന്ന ചോദ്യത്തിന്, ഉള്ള അനുഭവങ്ങളെ മൂർച്ചപ്പെടുത്താൻ എന്ന ഉത്തരം പറയാതെ പറയുന്നുണ്ട് കല്ലിംഗൽ എന്ന് പുസ്തകം വായിക്കുന്ന ഒരാൾക്കു മനസിലാവും. അത്തരം ബോധ്യങ്ങൾ തന്നെയാണ് യാത്രയുടെ മൂല്യത്തെ നിർണയിക്കുന്നതും. ഒരു സ്റ്റേഷനിൽ നിന്നും കയറി മറ്റൊരു സ്റ്റേഷനിൽ എത്തിയതോടെ പൂർത്തിയാവുന്ന, ഏറ്റവും ഭംഗിയുള്ള ഫോട്ടോസ് ഓർമ്മകളായി മാറുന്ന ഒന്നല്ല യാത്രകൾ എന്ന് ഊട്ടിയുറപ്പിക്കുന്നുണ്ട് ഗ്രന്ഥകർത്താവ്. കണ്ണ് തുറന്നിരിക്കേണ്ട ആവശ്യകതയെക്കുറിച്ച് കൃത്യമായി, ചുരുക്കം വാക്കുകളിൽ അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്.
ഗ്രന്ഥകാരൻ തന്റെ പുസ്തകത്തിലെ ആദ്യത്തെ അധ്യായം തുടങ്ങുന്നത് യാത്രകളെ നദിയുമായി താരതമ്യം ചെയ്തു കൊണ്ടാണ്. “യാത്രകൾ നദിയുടെ പ്രയാണം പോലെയാണ്. ഇന്ന് കാണുന്ന ദേശത്തെ നാളെ കാണാൻ കഴിയില്ല. ഇന്ന് കണ്ട മനുഷ്യരെ നാളെ കാണാനാകില്ല.
ഇന്നലെ കണ്ട പൂക്കൾ ഇന്നുണ്ടാകില്ല…”
യാത്രയുടെ ഏറ്റവും അടിസ്ഥാനസ്വഭാവത്തെ വളരെ ലളിതമായി രചയിതാവ് വരച്ചു വയ്ക്കുന്നുണ്ട്. അത് മാറ്റമാണ്. അവസാനത്തെ അധ്യായമായ ലെനിൻ സരണി മുതൽ സോനാഗച്ചി വരെ എന്ന അധ്യായം പക്ഷെ, ഇതിനു വിരുദ്ധമായ ഒരു ചിത്രം നൽകുന്നുണ്ട്. കൊൽക്കത്തയ്ക്ക് മാറ്റമില്ല. തെരുവുകളിൽ കലമ്പുന്ന ജനത. കൊടിയ ദാരിദ്ര്യം പൂകിയ ഏറ്റവും താഴെക്കിടയിലെ മനുഷ്യർ. നിരീക്ഷണബോധം പ്രകടിപ്പിക്കുന്ന ഒരു മനുഷ്യനെ ആദ്യ അധ്യായം മുതൽ അവസാനത്തെ അധ്യായം വരെ കാണാൻ സാധിക്കുന്നുണ്ട്. അതേ സമയം, സ്വയം വിമർശിക്കാൻ, സ്വന്തം വിശ്വാസങ്ങൾക്ക് വിയോജിപ്പ് നേരിടുന്ന ഇടങ്ങളിൽ തുറവിയോടെ തന്നെ നിലനിൽക്കുന്ന ഒരാളായി ജയശ്ചന്ദ്രൻ കല്ലിംഗൽ മാറുന്നു. പുസ്തകത്തില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം, കല്ല് കടിക്കാത്ത ചരിത്രബോധമാണ്. വായനക്കാരനെ/ വായനക്കാരിയെ പഠിപ്പിക്കാൻ ശ്രമിക്കാത്ത, എന്നാൽ കൃത്യമായ സ്ഥാനങ്ങളിൽ കടന്നു വരുന്ന ചരിത്രനിരീക്ഷണങ്ങൾ ഓരോ കുറിപ്പിനെയും ഊട്ടിയുറപ്പിക്കുന്നു.
യാത്ര ഒരു വ്യക്തിയോട് എന്ത് ചെയ്യുന്നു എന്നതിന്റെ കൃത്യമായ ഉത്തരം ഈ പുസ്തകത്തിൽ ഉണ്ട്. അറിഞ്ഞോ അറിയാതെയോ. അത് ഒരാളെ കുറേക്കൂടി തുറവിയുള്ള ഒരാളാക്കി മാറ്റുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. അത്തരം യാത്രകൾ അവരവരുടെ ഉള്ളിലേക്ക് നടത്തേണ്ടതുണ്ട് എന്ന് ലളിതമായ ശൈലിയിൽ രചയിതാവ് പറഞ്ഞു വയ്ക്കുന്നു. പോകുന്ന ഓരോ യാത്രകളും കാണാൻ മാത്രമല്ല, അറിയാനും കൂടിയുള്ളതാണ്. എന്നാൽ അത് അറിവ് മാത്രമല്ല, മറിച്ച് ബോധ്യങ്ങൾ ഉണ്ടാക്കാൻ കൂടിയാണ് എന്നതാണ് പുസ്തകത്തിന്റെ സാരം.
വഴിയരികില്‍ ഒരു നിമിഷം
(യാത്രാനുഭവം)
ജയശ്ചന്ദ്രന്‍ കല്ലിംഗല്‍
പ്രഭാത് ബുക് ഹൗസ്
വില: 280 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.