18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 13, 2024
October 7, 2024
October 4, 2024
July 17, 2024
May 31, 2024
May 30, 2024
May 22, 2024
April 27, 2024
February 26, 2024

പലസ്തീന്‍ കൂട്ടക്കുരുതി, മറ്റൊരു ‘ഹൊളോകാസ്റ്റ്’

രാജാജി മാത്യു തോമസ്
November 2, 2023 4:30 am

ഹമാസിന്റെ സൈനിക വിഭാഗം തെക്കൻ ഇസ്രയേലിൽ കടന്നുകയറി സ്ത്രീകളും കുട്ടികളുമടക്കം 1300ലധികം പേരെ കൂട്ടക്കൊലചെയ്ത നിഷ്ഠൂരമായ സംഭവത്തിലുള്ള പ്രതികാരമെന്നോണം ആരംഭിച്ച ഉന്മൂലനയുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. യുദ്ധം ഇരുപത്തിയാറാം ദിവസം പിന്നിടുമ്പോൾ ഇസ്രയേലി ടാങ്കുകളും കവചിതവാഹനങ്ങളും ഗാസയില്‍ കടന്ന് നഗരയുദ്ധം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രികളും സ്കൂളുകളും അഭയാർത്ഥികേന്ദ്രങ്ങളും ഭവനസമുച്ചയങ്ങളും ഇസ്രയേലി ബോംബിങ്ങിൽ തകർന്നടിഞ്ഞു. ഒമ്പതിനായിരത്തോളം പലസ്തീനികൾ കൊലചെയ്യപ്പെട്ടു. മരണമടഞ്ഞവരിൽ പകുതിയോളം കുഞ്ഞുങ്ങളാണ്. നിരപരാധികളായ സ്ത്രീകളും സാധാരണക്കാരുമാണ് ഇസ്രയേലിന്റെ പ്രതികാരയുദ്ധത്തിന്റെ ഇരകളേറെയും. രണ്ടായിരത്തോളം പേര്‍, കുഞ്ഞുങ്ങളടക്കം, തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. ഇരുപതിനായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ പകുതിയിലധികം പേര്‍ ആഭ്യന്തര അഭയാര്‍ത്ഥികളായി മാറി. 23 ലക്ഷംവരുന്ന പലസ്തീനികൾ തിങ്ങിപ്പാർക്കുന്ന, 365 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഗാസാമുനമ്പ് സർവനാശത്തിന്റെ വക്കിലാണ്. ഒരു ജനത സ്വന്തംഭൂമിയിൽ സമാനതകളില്ലാത്ത മാനുഷികദുരന്തത്തെയാണ് നേരിടുന്നത്. യുഎസും പാശ്ചാത്യ ഭരണകൂടങ്ങളും സ്വന്തം ജനങ്ങളുടെ വ്യാപക പ്രതിഷേധത്തെ അവഗണിച്ചാണ് ഈ ഉന്മൂലനയുദ്ധത്തെ ആയുധവും പണവും നൽകി പിന്തുണയ്ക്കുന്നത്.

മഹാഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും യുദ്ധത്തെയും പലസ്തീൻ ജനതക്കെതിരായ കിരാത ഉപരോധത്തെയും എതിർക്കുമ്പോഴാണ് ലോക ജനാഭിപ്രായത്തെ അവഗണിച്ചുകൊണ്ട് യുദ്ധം തുടരുന്നത്. വംശീയ ഉന്മൂലനത്തെക്കാളുപരി ഒരു ജനതയെയും അവരുടെ രാജ്യത്തെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുള്ള പൈശാചികയുദ്ധമാണ് പശ്ചിമേഷ്യയിൽ നടക്കുന്നത്. യുദ്ധം ഇസ്രയേൽ പ്രഖ്യാപിച്ചതുപോലെ ഹമാസിനെ തുടച്ചുനീക്കാന്‍ മാത്രമുള്ളതല്ലെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. ജോർദാൻ നദിയുടെ പടിഞ്ഞാറൻ തീരത്ത് പലസ്തീനികളുടെ അധീനതയിൽ കടലാസിൽമാത്രം അവശേഷിക്കുന്ന വെസ്റ്റ്ബാങ്കിൽനിന്നും പൂർണമായി തുരത്തി, അവർ നൂറ്റാണ്ടുകളായി അധിവസിച്ചുപോന്ന ഭൂപ്രദേശം അപ്പാടെ കയ്യടക്കാനുള്ള യുദ്ധമായും അത് മാറിക്കഴിഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെട്ട ഒക്ടോബർ ഏഴിന് തൊട്ടുമുമ്പുതന്നെ വെസ്റ്റ്ബാങ്കിൽ 250ലേറെ പലസ്തീനികൾ ഭൂമികയ്യേറ്റക്കാരുടെയും പലസ്തീൻ സുരക്ഷാസേനയുടെയും അതിക്രമങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭ വിഭാവനംചെയ്ത ദ്വിരാഷ്ട്രസങ്കല്പത്തെ റദ്ദാക്കുന്ന ഇസ്രയേലി ഭരണകൂടത്തിന്റയും സൈന്യത്തിന്റെയും പിന്തുണയോടെ കാലങ്ങളായി തുടർന്നുവരുന്ന പലസ്തീൻ ഭൂമി കയ്യേറ്റത്തിന്റെ പൂർത്തീകരണമാണ് ഈ യുദ്ധത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് വ്യക്തമാകുകയാണ്. ഈ യുദ്ധം പലസ്തീൻ ഭൂപ്രദേശത്ത് മാത്രമായി ഒതുങ്ങി നിന്നേക്കില്ലെന്ന ആശങ്ക പശ്ചിമേഷ്യൻ അറബ് രാഷ്ട്രങ്ങളിലും ലോകത്താകെയും ശക്തമാണ്. സിറിയയിലേക്കും ലെബനോനിലേക്കും അത് വ്യാപിച്ചുകഴിഞ്ഞു. അത് ലോകത്തെയാകെ കൊടിയ ദുരന്തത്തിലേക്കാണ് തള്ളിനീക്കാൻ ശ്രമിക്കുന്നത്. ഐക്യരാഷ്ട്രസഭയെയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയടക്കം രാഷ്ട്രാന്തര സംവിധാനങ്ങളെയും ധാര്‍ഷ്ട്യത്തോടെ അവഗണിച്ചുകൊണ്ടാണ് പാശ്ചാത്യ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ മാനവരാശിക്കെതിരായ അതിക്രമങ്ങൾ തുടരുന്നത്. പലസ്തീനിൽ ജൂതന്മാർക്ക് ഒരു പിതൃഭൂമി എന്നത് 19-ാം നൂറ്റാണ്ടിൽ മധ്യ, പൂർവ യൂറോപ്പിൽ നടന്ന ജൂതർക്കെതിരായ വേട്ടയോടുള്ള പ്രതികരണമെന്നനിലയിൽ ഉടലെടുത്ത ജൂത പുനരുദ്ധാരണ പ്രസ്ഥാനത്തിന്റെ ആശയമായിരുന്നു.


ഇതുകൂടി വായിക്കൂ: അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കൊടുംക്രൂരതകള്‍


ജെറുസലേമിലെ സിനായ് മലയെ ഭാവിയിൽ രൂപീകൃതമാകുന്ന ഇസ്രയേൽ രാഷ്ട്രത്തിന്റെ പ്രതീകമായിക്കണ്ട പ്രസ്ഥാനത്തെ പിൽക്കാലത്ത് സയണിസ്റ്റുകൾ എന്നും അതിൽ അധിഷ്ഠിതമായ ആശയത്തെ സയണിസം എന്നും വിളിക്കപ്പെട്ടു. എന്നാൽ ഈ പ്രസ്ഥാനവും ആശയവും രൂപംകൊണ്ട അവസരത്തിൽ പലസ്തീൻ ഭൂപ്രദേശത്തിനുമേൽ അവർ ഉന്നയിച്ച അവകാശവാദം കെട്ടിപ്പൊക്കിയിരുന്നത് ദുർബലമായ അടിത്തറയിലായിരുന്നു. അന്ന് പലസ്തീൻ ഭൂപ്രദേശത്ത് നൂറ്റാണ്ടുകളായി, തലമുറകളായി, ജീവിച്ചുവന്നിരുന്ന ഒരു മിശ്രസമൂഹമാണ് നിലനിന്നിരുന്നത്. ആ ഭൂമിയുടെമേൽ ജൂതന്മാരുടെ അവകാശവാദമാകട്ടെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ജൂത വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളത് മാത്രമായിരുന്നു. ബൈബിളിലെ പഴയനിയമത്തിൽ ഉല്പത്തി പുസ്തകം യഹോവ കനാൻ ദേശം അബ്രഹാമിനും സന്തതിപരമ്പരകൾക്കുമായി വാഗ്ദാനംചെയ്തതായുള്ള പരാമർശത്തിന്റെ ദുർബലാടിസ്ഥാനത്തിൽ മാത്രമുള്ളതാണ് സയണിസ്റ്റുകളുടെ അവകാശവാദം. അത് പലസ്തീൻ ഭൂപ്രദേശത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജനജീവിതവുമായി ബന്ധമില്ലാത്ത ഒന്നായിരുന്നു. സഹസ്രാബ്ദങ്ങൾക്കപ്പുറം ജൂതന്മാർ കാനൻ ദേശമെന്ന് അവർവിളിക്കുന്ന പലസ്തീൻപ്രദേശത്തേക്ക് മേച്ചില്‍പ്പുറം തേടി കടന്നുവരുമ്പോൾത്തന്നെ അത് ജനവാസകേന്ദ്രങ്ങളായിരുന്നു. ആധുനിക രാഷ്ട്രീയ സയണിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന തിയഡോർ ഹെർസലിന്റെ പലസ്തീനിലെ ജൂതരാഷ്ട്രം എന്ന ആശയത്തിൽ ആകൃഷ്ടരായ വിയന്നയിലെ (ഇന്നത്തെ ഓസ്ട്രിയയുടെ തലസ്ഥാനം) റാബിമാർ അവരിൽ രണ്ടുപേരെ അത്തരം ഒരു രാഷ്ട്രത്തിന്റെ സാധ്യതകളെപ്പറ്റി പഠിക്കാൻ 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അവിടേക്ക് അയയ്ക്കുകയുണ്ടായി. അവർ പലസ്തീൻ സന്ദർശിച്ച് അവിടെനിന്നയച്ച കമ്പിസന്ദേശം പ്രശ്നത്തിന്റെ കാതൽ എന്തെന്ന് വെളിപ്പെടുത്തുന്നു. ‘വധു സുന്ദരിയാണ്, പക്ഷെ മറ്റൊരാളുമായി അവളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു’, എന്നായിരുന്നു അത്. പലസ്തീൻ മനോഹരമാണ് എന്നാൽ മറ്റൊരുജനത അവിടെ ജീവിക്കുന്നു എന്നാണ് ആ സന്ദേശം അർത്ഥമാക്കിയത്. ജൂതന്മാർക്ക് മതപരവും വൈകാരികവുമായ ബന്ധം പലസ്തീൻ ഭൂപ്രദേശത്തോട് ഉണ്ടായിരിക്കാം. പക്ഷെ, രണ്ടുസഹസ്രാബ്ദങ്ങൾക്ക് അപ്പുറമുള്ള ആ ബന്ധത്തിന്റെ പേരിൽ ഒരു ഭൂപ്രദേശത്തിനുമേൽ ഉന്നയിക്കുന്ന അവകാശവാദം ആധുനികലോകത്ത് നിലനില്‍ക്കുന്നതല്ല. വിവിധ ജനവിഭാഗങ്ങൾ സഹസ്രാബ്ദങ്ങൾക്കുമുമ്പ് തങ്ങൾ ഉപേക്ഷിച്ചുപോന്ന ഭൂപ്രദേശത്തിനുമേൽ അവകാശം ഉന്നയിക്കാനാരംഭിച്ചാൽ അത് ഒരിക്കലും അവസാനിക്കാത്ത സംഘർഷങ്ങളിലേക്കായിരിക്കും ലോകത്തെ നയിക്കുക.


ഇതുകൂടി വായിക്കൂ:വംശവെറിയുടെ ഒരു പാഠമാണ് ഇസ്രയേല്‍ 


അത്തരം ഒന്നിനാണ് ഇപ്പോൾ പശ്ചിമേഷ്യ സാക്ഷ്യംവഹിക്കുന്നത്. ജൂതജനതയ്ക്ക് സിയോൻ ഉൾപ്പെടെയുള്ള ജെറുസലേമുമായി ചരിത്രപരവും മതപരവും വൈകാരികവുമായ ശക്തമായ ബന്ധമാണുള്ളത്. വൈകാരികവും മതപരവുമായ അഭിലാഷം കൊണ്ടുമാത്രം പലസ്തീൻ ഭൂപ്രദേശത്തിനുമേലുള്ള സയണിസ്റ്റുകളുടെ രാഷ്ട്രീയവും നിയമപരവുമായ അവകാശവാദത്തിന് ന്യായീകരണമാകുന്നില്ല. ജൂതന്മാരുടെ വരവിനും എത്രയോ മുമ്പുമുതൽ അവിടെ പാർപ്പുറപ്പിച്ചിരുന്ന ജനതയുടെ ആ ഭൂമിയുടെ മേലുള്ള അവകാശത്തെ ആർക്കും നിരാകരിക്കാനാവില്ല. ക്രിസ്തുവർഷത്തിനും ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ മെഡിറ്ററേനിയൻ ജനപഥങ്ങളിലേക്കും റോമടക്കം യൂറോപ്പിലേക്കും ജൂതജനതയുടെ കുടിയേറ്റം ആരംഭിച്ചിരുന്നു. വാണിജ്യമടക്കം മെച്ചപ്പെട്ട അവസരങ്ങൾ തേടിയായിരുന്നു ആ കുടിയേറ്റങ്ങൾ. 1917 ആവുമ്പോഴേക്കും പലസ്തീൻ ഭൂപ്രദേശത്തെ ജൂത ജനസംഖ്യ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനവും അവരുടെ ഭൂഉടമസ്ഥത കേവലം രണ്ടുശതമാനവുമായി ചുരുങ്ങിയിരുന്നു. ബാക്കി 90 ശതമാനം ജനങ്ങളും അറബ്-മിശ്രവംശജരും 98 ശതമാനം ഭൂമി അവരുടെ ഉടമസ്ഥതയിലും ആയിരുന്നു. നൂറ്റാണ്ടുകൾ കൊണ്ട് ജനസംഖ്യയിലും ഭൂഉടമസ്ഥതയിലും ഉണ്ടായ ഈ മാറ്റത്തെ അവഗണിച്ചായിരുന്നു 1948ലെ ഇസ്രയേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം. ജൂതകുടിയേറ്റത്തിന്റെ രണ്ട് സഹസ്രാബ്ദത്തോളമുള്ള കാലയളവിൽ പശ്ചിമേഷ്യയുടെയും ലോകത്തിന്റെയും ചരിത്രത്തിലെ നിർണായക സംഭവപരമ്പരകളുടെ കുത്തൊഴുക്കിനാണ് മനുഷ്യരാശി സാക്ഷ്യം വഹിച്ചത്. അതാണ് ഇപ്പോഴത്തെ സംഭവവികാസം ‘ശൂന്യതയിൽ നിന്നും’ ഉടലെടുത്തതല്ലെന്ന യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറേസിന്റെ വാക്കുകളുടെ അർത്ഥവ്യാപ്തി. (അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.