19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 17, 2024
August 16, 2024
August 12, 2024
August 2, 2024
July 30, 2024
July 30, 2024
July 28, 2024
July 28, 2024
July 27, 2024
July 26, 2024

പഞ്ചായത്തുതോറും ഹൈസ്കൂളുകൾ

സി അച്യുതമേനോന്‍ സ്മൃതിയാത്ര
July 30, 2024 4:45 am

സി അച്യുതമേനോൻ മുഖ്യമന്ത്രിയായി ഭരണമേൽക്കുമ്പോൾ ഒരു ഹൈസ്കൂളെങ്കിലുമില്ലാത്ത നിരവധി പഞ്ചായത്തുകൾ സംസ്ഥാനത്തുണ്ടായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടുകളിൽനിന്നുള്ള ആയിരക്കണക്കിനു കുട്ടികൾക്ക് അഞ്ചാംതരത്തിലോ എട്ടാംതരത്തിലോ വച്ച് സ്കൂൾവിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. തുടർവിദ്യാഭ്യാസം അസാധ്യമാവുകയും മികച്ച ജീവനോപാധി കൈവരാതിരിക്കുകയും ചെയ്യുന്ന സന്ദിഗ്ധാവസ്ഥ സൃഷ്ടിക്കാനിടയുള്ള ദൂരവ്യാപകമായ സാമൂഹ്യപ്രശ്നങ്ങൾ നിസാരമായി അവഗണിക്കാവുന്നതല്ല. കോത്താരി കമ്മിഷൻ ശുപാർശ ചെയ്യുന്ന 14വയസ് വരെയുള്ള സൗജന്യവിദ്യാഭ്യാസം ഏട്ടിൽ തന്നെ സുഖനിദ്രയിലായിരുന്നു. അത്തരം അവസ്ഥയ്ക്കുള്ള സമ്പൂർണ പരിഹാരമല്ലെങ്കിലും വലിയൊരളവിൽ ഫലസന്ദായകമായ പരിഷ്കാരമായിരുന്നു പഞ്ചായത്തുതോറും ഹൈസ്കൂളുകൾ സ്ഥാപിച്ച നടപടി. 

സർക്കാർ പൊതുഖജനാവിൽ നിന്നു നേരിട്ടു ശമ്പളം കൊടുക്കുകയും മാനേജർമാർ വൻതുക ‘സംഭാവന’യായി വസൂലാക്കി അധ്യാപകനിയമനം നടത്തുകയും ചെയ്യുന്ന എയ്ഡഡ് സ്കൂൾ സംവിധാനം നിലനിന്ന നാട്ടിൽ ആ വഴിക്ക് പുതിയ സ്കൂളുകൾ എത്രവേണമെങ്കിലും സ്ഥാപിക്കാമെന്നിരിക്കെ അച്യുതമേനോന്റെ ചിന്തകൾ മറ്റൊരു വഴിക്കാണ് സഞ്ചരിച്ചത്. ആദ്യമായി ചെയ്തത് ഒരു ഹൈസ്കൂളെങ്കിലും ഇല്ലാത്ത പഞ്ചായത്തുകളുടെ കണക്കെടുക്കുകയായിരുന്നു. അത്തരം പഞ്ചായത്തുകളിൽ സ്കൂളുകൾ അനുവദിക്കുന്നത് പൊതുവായ ചില മാനദണ്ഡങ്ങൾ അനുസരിച്ചുവേണം എന്നു തീരുമാനിച്ചു. 

നിലവിലുള്ള നിയമമനുസരിച്ച് സ്കൂളിനാവശ്യമായ സ്ഥലവിസ്തൃതിയിൽ മാറ്റമില്ല. സ്ഥലം, തുടക്കത്തിൽ വേണ്ട കുറഞ്ഞ കെട്ടിടസൗകര്യങ്ങൾ, കളിസ്ഥലം, ഫർണിച്ചർ, ലാബ്, സർക്കാരിൽ കെട്ടിവയ്ക്കേണ്ട തുക ഒക്കെ ഉണ്ടാവണം. ഇത്രയും കാര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ ഒരു ഹൈസ്കൂൾ പോലും ഇല്ലാത്ത പഞ്ചായത്തിൽ ജനകീയ കമ്മിറ്റികൾ മുന്നോട്ടു വന്നാൽ സർക്കാർ സ്കൂൾ അനുവദിക്കുന്ന കാര്യത്തിൽ അവർക്കാണ് ഒന്നാമത്തെ പരിഗണന, എല്ലാ അർത്ഥത്തിലും അതൊരു സര്‍ക്കാര്‍ സ്കൂൾ തന്നെ ആയിരിക്കും. അതിനു സാധ്യതയില്ലെങ്കിൽ പഞ്ചായത്ത് കമ്മിറ്റി, മുനിസിപ്പൽ ഭരണസമിതി, സിറ്റി കോർപറേഷൻ എന്നിങ്ങനെയുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ അപേക്ഷകരായുണ്ടെങ്കിൽ രണ്ടാമത്തെ പരിഗണന നൽകുന്നു. നേരത്തേ സ്കൂളുകൾ നടത്തിപ്പോരുന്ന കോർപറേറ്റ് മാനേജ്മെന്റുകൾക്കായിരുന്നു അടുത്ത പരിഗണന, അവസാന പരിഗണനമാത്രം സ്കൂളുകൾ സ്ഥാപിക്കാൻ തയ്യാറുള്ള വ്യക്തികൾക്കു നൽകുന്നു.
ഈ മുൻഗണനാക്രമത്തെ അട്ടിമറിക്കാൻ ഭരണകൂടത്തിനകത്തു നിന്നോ പുറത്തുനിന്നോ ആരും തയ്യാറായില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാകുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിക്കുമ്പോൾ പിൽക്കാലത്തും അനുവർത്തിക്കാൻ പോന്ന താരതമ്യേന കുറ്റമറ്റ നിലപാടായിരുന്നു അത്. അനേകായിരം കുട്ടികളെ കൂടുതലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിച്ച ഭാവനാപൂർണമായ വിദ്യാഭ്യാസപരിഷ്കാരമായിരുന്നു അച്യുതമേനോന്‍ അന്ന് നടപ്പിലാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.