16 March 2025, Sunday
KSFE Galaxy Chits Banner 2

പങ്കജാക്ഷിയെന്ന പോരാളി

സബിന പത്മന്‍
March 16, 2025 8:10 am

പ്രായമായാല്‍ എല്ലാത്തിനും അവസാനമാണെന്നും വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണെന്നുമുള്ള ചിന്താഗതിയെ തകര്‍ത്തെറിഞ്ഞ പലരും നമ്മുക്കിടയിലുണ്ട്. അത്തരത്തില്‍ പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ച് തന്റെ 85-ാം വയസിലും ചുറുചുറുക്കോടെ ചുറ്റുമുള്ളവരെയെല്ലാം അതിശയിപ്പിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണ് പിണറായി കോളാടിലെ എന്‍ പങ്കജാക്ഷി. പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട് ഇവര്‍ കൈവെക്കാത്ത മേഖലകളില്ല. ഒരു പ്രായമായാല്‍ പലരും തങ്ങള്‍ക്കിതാവില്ലെന്ന ചിന്തഗതിയില്‍ പിറകോട്ട് നീങ്ങുമ്പോള്‍ എല്ലാവരും സ്നേഹത്തോടെ പങ്കേച്ചി എന്നു വിളിക്കുന്ന പങ്കജാക്ഷി തന്റെ ആഗ്രഹങ്ങളില്‍ പലതും പൂര്‍ത്തിയാക്കിയത് 70 വയസിന് ശേഷമാണ്. അതില്‍ പ്രധാനമായിരുന്നു പത്താം ക്ലാസ് യോഗ്യത നേടുകയെന്നത്. അരങ്ങേറ്റുപറമ്പ് യു പി സ്കൂളില്‍ അഞ്ചാം ക്ലാസില്‍ വിദ്യാര്‍ത്ഥിയായിരിക്കെ സാമ്പത്തിക പ്രതിസന്ധി കാരണം പഠനം നിര്‍ത്തേണ്ടി വന്നു, പിന്നീട് 78ാം വയസിലാണ് എസ്എസ്എല്‍സി പരീക്ഷ എഴുതണമെന്ന ആഗ്രഹമുണ്ടായത്. തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ മക്കളും മരുമക്കളും നാട്ടുകാരുമെല്ലാം തുണയായെത്തി. അങ്ങനോ പത്താംക്ലാസ് യോഗ്യത നേടി.

79-ാം വയസിലാണ് നീന്തല്‍ പരിശീലിക്കണമെന്ന മറ്റൊരു ആഗ്രഹം മനസിലുദിച്ചത്. ഇത് വീട്ടില്‍ അറിയിച്ചപ്പോള്‍ എല്ലാവരും ഒരല്പം ആശങ്ക പ്രകടിപ്പിച്ചെങ്കിലും തന്റെ തീരുമാനം ഉറച്ചതാണെന്ന് പറഞ്ഞ് പരിശീലനം തുടങ്ങുകയും ചെയ്തു. കതിരൂര്‍ ക്ഷേത്രചിറയിലായിരുന്നു പരിശീലനം. പരിശീലകനെ പോലും അതിശയിപ്പിച്ചായിരുന്നു പങ്കേച്ചിയുടെ നീന്തല്‍ പഠനം. വെള്ളത്തില്‍ മുങ്ങി താഴ്ന്ന് പെട്ടെന്ന് മുകളിലേക്ക് കയറണമെന്ന് പരിശീലകന്‍ പറഞ്ഞതും പങ്കേച്ചി വെള്ളത്തിനടിയില്‍ പോയി താഴെയുള്ള ചെടിയും ചെളിയുമെല്ലാം കൈക്കുള്ളിലാക്കി നീന്തി അക്കരെയെത്തി പൊങ്ങുകയും ചെയ്തു. 79ാം വയസില്‍ ഇത്തരമൊരു പ്രകടനം പരിശീലകന്‍ മാത്രമല്ല ആരും തന്നെ ചിന്തിച്ചുണ്ടാകില്ല. നാടകം, നൃത്തം, കളരി, യോഗ, രാഷ്ട്രീയം എല്ലാ മേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിത്വമാണ് ഇവര്‍. വിവഹത്തിന് മുമ്പേ കളരി അഭ്യസിച്ചിരുന്നു. വിവാഹത്തിന് മുന്നേ നൃത്തം പരിശീലിക്കുകയും ‘എന്റെ കാലം’ എന്ന നാടകത്തില്‍ അഭിനയിക്കുകയും ചെയ്തു. പൊന്ന്യത്തായിരുന്നു നൃത്തം അഭ്യസിക്കാന്‍ പോയത്. യോഗ പരീശിലിച്ചത് കല്യാണത്തിന് ശേഷമാണ്. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്ന കെ ബാലനെ വിവാഹം ചെയ്തതോടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പാര്‍ട്ടിയുടെ പല പ്രമുഖ നേതാക്കളും വീട്ടില്‍ വരികയും യോഗങ്ങളും കൂടികാഴ്ചകളുമെല്ലാമായി മണിക്കൂറുകളോളം സമയം ചെലവഴിച്ചതുമെല്ലാം പങ്കേച്ചിയുടെ മനസില്‍ മായാത്ത ഓര്‍മകളായി നിലനില്‍ക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന കാലഘട്ടത്തിലാണ് ആദ്യമായി സിപിഐ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പക്ഷെ, അന്ന് വിജയം നേടാനായില്ല. പാര്‍ട്ടി പിളര്‍പ്പിന്റെ സമയത്ത് ഒരു പാട് പ്രതിസന്ധികളെ സഖാക്കളായ ബാലേട്ടനും പങ്കേച്ചിയും കുടുംബവും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. 2010 ലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തത്. 2010–15 കാലഘട്ടത്തില്‍ പിണറായി പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിക്കുകയും ചെയ്തു. 75-ാം വയസില്‍ സിപിഐയുടെ നേതൃത്വത്തില്‍ നടത്തിയ മൂന്ന് ദിവസത്തെ പ്രചരണജാഥയില്‍ സ്ഥിരാംഗമായിരുന്നു ഇവര്‍. മഹിളാസംഘം ജില്ലാ വൈസ് പ്രസിഡന്റ്, തലശേരി മണ്ഡലം സെക്രട്ടറി, പാര്‍ട്ടി ജില്ലാ കൗണ്‍സിലംഗം, പാറപ്രം വനിതാ സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
80 വയസിന് ശേഷമാണ് എസ്എസ്എല്‍സിക്ക് ലഭിച്ച വിജയം പ്ലസ്ടു പരീക്ഷയിലും ആവര്‍ത്തിക്കണമെന്ന ചിന്ത വന്നത്. പക്ഷെ വിധി അതിന് അനുവദിച്ചില്ല. ഒന്നാം വര്‍ഷ പരീക്ഷയുടെ ഒരുക്കത്തിനിടെ സ്ട്രോക്ക് വരികയും അതോടെ ഒരു വര്‍ഷത്തോളം കിടപ്പിലാകുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ അവസാന നാളുകളാണെന്ന് വരെ ചിന്തിച്ചുപോയ കാലഘട്ടമായിരുന്നു അതെന്ന് പങ്കേച്ചി ഓര്‍ക്കുന്നു. ഇനി ജീവിതത്തിലേക്കൊരു മടക്കമില്ലെന്ന് തന്നെ പ്രിയപ്പെട്ടവരെല്ലാവരും കരുതി. അവിടെയും നരോന്‍ പങ്കജാക്ഷിയെന്ന പോരാളി ഉയര്‍ത്തെഴുന്നേറ്റു. പ്ലസ്ടു യോഗ്യത നേടുകയെന്ന ആഗ്രഹത്തിന് വിരാമമായെങ്കിലും. തളരാന്‍ താന്‍ തയ്യാറല്ലെന്ന് അവര്‍ പറയുന്നു. 

സ്ട്രോക്ക് വന്നതിന് ശേഷം അതില്‍ നിന്നും ഏറെകുറെ ആരോഗ്യം വീണ്ടെടുത്തോടെയാണ് വായനയിലേക്ക് തിരിഞ്ഞത്. ഇപ്പോഴും വായിക്കാന്‍ കണ്ണട വേണ്ട. ഊണും ഉറക്കവും കളഞ്ഞ് എത്ര വലിയ പുസ്തകങ്ങളും ഒരു ദിവസം കൊണ്ട് വായിച്ചുതീര്‍ക്കുന്ന രീതിയാണ് പങ്കേച്ചിയുടേത്. ഓരോ പുസ്തകവും തീരുമ്പോള്‍ മകന്‍ കണ്ണൂര്‍ പയ്യാമ്പലം വിമന്‍ ടിടിഐയിലെ ടീച്ചര്‍ എജ്യുക്കേറ്ററായ എന്‍ സജീവന്‍ മാസ്റ്റര്‍ അടുത്ത പുസ്തകം എത്തിച്ചു നല്‍കും. ഇങ്ങനെ 345 ഓളം പുസ്തകങ്ങള്‍ ഇവര്‍ വായിച്ചുതീര്‍ത്തു. ഓരോ പുസ്തകങ്ങളുടെയും ലഘുകുറിപ്പുകളും ഇവര്‍ ഒരു നോട്ടുബുക്കില്‍ എഴുതി സൂക്ഷിക്കുന്നുണ്ട്. സി അച്യുതമേനോന്റെ സമ്പൂര്‍ണ കൃതികളുള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ എഴുത്തുകളും ആര്‍ രാജശ്രീ രചിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലും ഒരു പോലെ പങ്കേച്ചിക്ക് ഇഷ്ടമാണ്. സമകാലീനമലയാളസാഹിത്യത്തിലെ എഴുത്തുകാരെയും അവരുടെ എഴുത്തുകളെയും ഇഷ്ടപ്പെടുന്നു. നിലവില്‍ എന്‍ വിജയന്‍ കോടഞ്ചേരിയുടെ മലയാളത്തിലെ ആദ്യ കാല കഥകള്‍ എന്ന പുസ്തകമാണ് വായിച്ച് കൊണ്ടിരിക്കുന്നത്. 

വാക്കറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ നടത്തമെങ്കിലും എത്താന്‍ പറ്റാവുന്നിടത്തെല്ലാം മക്കളുടെ സഹായത്തോടെ തന്റെ മനകരുത്തിന്റെ ബലത്തില്‍ എത്തിച്ചേരും. കഴിഞ്ഞ വര്‍ഷം സിപിഐയുടെ വാര്‍ഷികാഘോഷ സമയത്ത് പാറപ്രത്ത് എത്തിച്ചേരുകയും പാര്‍ട്ടിയുടെ ആദരവ് ഏറ്റുവാങ്ങുകയും ചെയ്തു. കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാറിന്റെ പത്നിയുമായ എന്‍ ഉഷ ഉള്‍പ്പെടെ അഞ്ചു മക്കളാണിവര്‍ക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.