14 January 2026, Wednesday

പരമുപിള്ളയുടെ വേഷത്തില്‍ ഇനി കെപിഎസി അഷറഫ്

ടി എ തങ്ങള്‍
September 7, 2025 6:50 am

”നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകത്തിലെ നായക കഥാപാത്രമായ തകർന്ന തറവാട്ടിലെ കാരണവരായ പരമുപിള്ളയെ ആദ്യമായി അരങ്ങിലവതരിപ്പിച്ചത് ജനയുഗം പത്രാധിപരും എംഎൽഎയുമായിരുന്ന കാമ്പിശേരി കരുണാകരൻ ആയിരുന്നു. തുടർന്ന് പല ഘട്ടങ്ങളിലായി പി ജെ ആന്റണി, ഒ മാധവൻ, പ്രേമചന്ദ്രൻ തുടങ്ങിയവർ പരമുപിള്ളയായി വേഷമിട്ടു. ഈയിടെ അന്തരിച്ച പ്രശസ്ത നാടക ‑സീരിയൽ നടൻ കെപിഎസി രാജേന്ദ്രനായിരുന്നു കഴിഞ്ഞ 25 വർഷത്തിലേറെയായി ‘കമ്മ്യൂണിസ്റ്റാക്കി‘യിലെ പരമുപിള്ളയെ പുനഃരാവിഷ്കരിച്ചത്. രാജേന്ദ്രന്റെ വിയോഗത്തിന് ശേഷം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ വീണ്ടും അവതരിപ്പിക്കുമ്പോൾ പരമുപിള്ളയ്ക്ക് വേഷപ്പകർച്ച നൽകുന്നത് കെപിഎസിയിലെതന്നെ മറ്റൊരു നടനായ അഷ്റഫ് ആണ്. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒമ്പതിന് ആലപ്പുഴയിലെ വേദിയിലാണ് നാടകം അവതരിപ്പിക്കുക. 

സൗദിയിലെത്തുന്നതിന് മുമ്പ് നാട്ടിൽ പ്രഫഷണൽ നാടകരംഗത്ത് ഏറെ സജീവമായിരുന്നു അഷ്റഫ്. ശാസ്താംകോട്ട ഡിബി കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം അദ്ദേഹം അഭിനയ രംഗത്തെത്തി. 14 വർഷം വിവിധ സമിതികളിൽ അഭിനയിച്ചു.
1988ൽ വളരെ യാദൃച്ഛികമായാണ് അഷ്റഫ് കെപിഎസിയിലെത്തുന്നത്. തോപ്പിൽ ഭാസിയുടെ ഏറെ പ്രശസ്തമായ ‘അശ്വമേധം’ നാടകത്തിലെ ഡോക്ടർ തോമസ് എന്ന കഥാപാത്രത്തിലൂടെ. തുടർന്ന് ഏഴ് വർഷക്കാലം തുടർച്ചയായി അവിടെ അഭിനയിച്ചു. തോപ്പിൽ ഭാസിയുടെ തന്നെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, ‘സർവേക്കല്ല്’, ‘മുക്കുവനും, ഭൂതവും’ തുടങ്ങിയ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങൾക്ക് വേണ്ടി വേഷമിട്ടു. നടൻ പ്രേമചന്ദ്രൻ സിനിമയിലും, സീരിയലിലും സജീവമായപ്പോൾ അദ്ദേഹത്തിന് പകരമായി കെ ടി മുഹമ്മദിന്റെ ‘സൂത്രധാരൻ’, ‘ജീവപര്യന്തം’ എന്നീ നാടകങ്ങളിലും അഷ്റഫ് അഭിനയിച്ചു. 1997ൽ പ്രവാസിയായി സൗദിയിലെത്തി. 

2016ൽ സിപിഐ നേതാവ് കെ സി പിള്ളയുടെ അനുസ്മരണത്തോടനുബന്ധിച്ച് നവയുഗം സംസ്കാരികവേദി സംഘടിപ്പിച്ച പരിപാടിയിൽ ‘സ്വപ്നം വിതച്ചവർ’ എന്ന നാടകം രണ്ടര മണിക്കൂർ ദൈർഘ്യത്തിൽ അഷ്റഫ് സംവിധാനം ചെയ്ത് അവതരിപ്പിച്ചു. ഒരു പ്രവാസിയുടെ ജീവിതവുമായി ബന്ധപ്പെട്ട കുടുംബകഥയുടെ പശ്ചാത്തലത്തിൽ പ്രശസ്ത നടനായിരുന്ന ഗീഥാസലാമായിരുന്നു നാടകത്തിന്റെ രചന നിർവഹിച്ചത്. പ്രേക്ഷകർ ഒന്നടങ്കം നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ച നാടകം പ്രവാസ ലോകത്തും കേരളത്തിലും മാധ്യമങ്ങൾ ഏറെ പ്രശംസിച്ചു.
സൗദിയിലെ മറ്റ് മലയാളി സംഘടനകൾക്ക് വേണ്ടിയും അഷ്റഫ് നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. കെ ടി മുഹമ്മദിന്റെ വെള്ളപ്പൊക്കം, എ ശാന്തകുമാറിന്റ നാടകങ്ങൾ, വി ടി ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടത്. കേരളീയ നവോത്ഥാന ചരിത്രത്തിൽ ഒരു തീപ്പന്തം പോലെ ജ്വലിച്ചു നിന്ന സാമൂഹ്യ പരിഷ്കർത്താവായ വി ടി ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് അഷ്റഫ് അരങ്ങിലെത്തിച്ചത്. തൊണ്ണൂറ് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു നാടകം പുനരവതരിപ്പിക്കുമ്പോൾ പ്രവാസി സമൂഹം അതെങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ അനാചാരങ്ങൾക്കെതിരെ അരങ്ങിൽ ശക്തമായ പ്രതിരോധം തീർക്കാൻ വർത്തമാനകാലത്തും വി ടിയുടെ നാടകത്തിന് കഴിയുമെന്ന് മികച്ച അവതരണത്തിലൂടെ അഷ്റഫ് ബോദ്ധ്യപ്പെടുത്തി. 

അഭിനയത്തിലും, സംവിധാനത്തിലും അസാധാരണമായ കഴിവുള്ള പ്രതിഭാശാലിയായ കലാകാരനാണ് കെപിഎസി അഷ്റഫ് എന്ന നടൻ. പ്രവാസത്തിന് മുമ്പും, ശേഷവും ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകത്തിലെ മാത്യു എന്ന കമ്മ്യൂണിസ്റ്റ് യുവാവിന്റെ വേഷമായിരുന്നു അഷ്റഫ് ചെയ്തിരുന്നത്. സൗദിയിലായിരുന്നപ്പോഴും പലതവണ നാട്ടിലെത്തി കെപിഎസിയുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ‘പരമുപിള്ള’ എന്ന ശക്തമായ കഥാ പാത്രത്തിന്റെ പുനരാവിഷ്ക്കാരത്തിലൂടെ ഒരു നടനെന്ന നിലയിൽ അഷ്റഫിന് കൂടുതൽ അംഗീകാരങ്ങൾ ലഭിക്കുമെന്നുള്ളത് തീർച്ചയാണ്. 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.