23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 7, 2024
December 5, 2024
December 2, 2024
November 29, 2024
November 25, 2024
October 28, 2024
October 27, 2024
August 17, 2024
August 8, 2024

പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി; കേന്ദ്രം ഒളിച്ചോടി

Janayugom Webdesk
ന്യൂഡൽഹി
December 22, 2021 10:42 pm

പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ശീതകാല സമ്മേളനം വെട്ടിച്ചുരുക്കി പാർലമെന്റിൽ നിന്ന് കേന്ദ്രസർക്കാർ ഒളിച്ചോടി. ശൈത്യകാല സമ്മേളനം അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് ഇരുസഭകളും പിരിഞ്ഞത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്. ഇന്നലെ രാവിലെ ചേര്‍ന്ന ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മന്ത്രിമാരും സന്നിഹിതരായിരുന്നു. രാവിലെ സമ്മേളിച്ച സഭാ നടപടികള്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് നീണ്ടത്.
കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസമുണ്ടായ സംഭവങ്ങളുടെ പേരിൽ കേരളത്തിൽ നിന്നുള്ള ബിനോയ് വിശ്വം, എളമരം കരീം എന്നിവരുൾപ്പെടെ 12 പ്രതിപക്ഷ എംപിമാരെ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സമ്മേളനം നടന്ന മുഴുവൻ ദിവസവും പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.

പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമേന്തി നടുത്തളത്തിലിറങ്ങിയും പ്രതിഷേധിച്ചിരുന്നു. ഗാന്ധി പ്രതിമയ്ക്കു മുന്നിലും പ്രതിഷേധ പ്രകടനം നടത്തി. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്ന് ആദരസൂചകമായി ഒരു ദിവസം പ്രതിഷേധം നിർത്തിവച്ചിരുന്നു. മാപ്പ് പറഞ്ഞാൽ സഭയിൽ തിരികെ പ്രവേശിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും മാപ്പ് പറയാൻ എംപിമാർ തയ്യാറായിരുന്നില്ല. സസ്പെൻഷൻ കാലാവധി ഇന്നത്തോടെ കഴിഞ്ഞെങ്കിലും എംപിമാരെ തിരിച്ചെടുക്കാതെയാണ് സഭ പിരിഞ്ഞത്.
ഇൻഷുറൻസ് ബിൽ പാസാക്കുന്നതിനെതിരെ കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിനം രാജ്യസഭയിൽ പ്രതിഷേധിച്ചതിനാണ് ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഐ‑എം), ഫൂലോ ദേവി നേതം (കോൺഗ്രസ്), ഛായ വർമ (കോൺഗ്രസ്), റിപുൻ ബോറ (കോൺഗ്രസ്), രാജാമണി പട്ടേൽ (കോൺഗ്രസ്), അഖിലേഷ് പ്രസാദ് സിങ് (കോൺഗ്രസ്), സയ്യിദ് നാസിർ ഹുസൈൻ (കോൺഗ്രസ്), ഡോല സെൻ (തൃണമൂൽ കോൺഗ്രസ്), ശാന്ത ഛേത്രി (തൃണമൂൽ കോൺഗ്രസ്) എന്നിവരെ സസ്പെന്റ് ചെയ്തത്. റൂൾ ബുക്ക് കീറിയെറിഞ്ഞെന്നാരോപിച്ച് കഴിഞ്ഞ ദിവസം തൃണമൂൽ എംപി ഡെറക് ഒബ്രിയനെയും സസ്പെന്റ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട 12 പ്രതിപക്ഷ എംപിമാർ ഭരണഘടനയുടെ ആമുഖം വായിച്ചും പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുൻപിൽ ദേശീയ ഗാനം ആലപിച്ചും പ്രതിഷേധിച്ചു. കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയും, സഭാ ചട്ടങ്ങളുടെ പുസ്തകം വലിച്ചെറിഞ്ഞതിന് കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയനും പ്രതിഷേധത്തിൽ പങ്കെടുത്തു.

 

ബില്ലുകൾ പാസാക്കിയത് ജനാധിപത്യ വിരുദ്ധമായി

നവംബർ 29ന് തുടങ്ങിയ ശീതകാല സമ്മേളനത്തിൽ നിരവധി പ്രധാനപ്പെട്ട ബില്ലുകളാണ് പരിഗണിച്ചത്. വിവാഹത്തിനുള്ള പ്രായം 21 വയസ്സാക്കുന്നതിനുളള ബില്ല് ഈ കാലയളവിലാണ് സഭയിലെത്തിയത്. കർഷക നിയമം റദ്ദാക്കിയതും ഇതേ കാലയളവിലായിരുന്നു. വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിയാണ് മറ്റൊരു വിവാദ ബില്ല്. 12 പുതിയ ബില്ലുകളാണ് സഭയിൽ ഇത്തവണ അവതരിപ്പിച്ചത്. കഴിഞ്ഞ സമ്മേളനത്തിൽ അവതരിപ്പിച്ച രണ്ടെണ്ണം ഉൾപ്പെടെ 10 ബില്ലുകൾ പാസാക്കി. ചർച്ച അനുവദിക്കാതെയും പ്രതിപക്ഷ അംഗങ്ങളുടെ അസാന്നിധ്യത്തിലുമായിരുന്നു ബില്ലുകളെല്ലാം പാസാക്കിയത്.

പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ തീർത്തും ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന് സംസാരിക്കാൻ പോലും അവസരം നൽകാതെ സർക്കാർ ബില്ലുകൾ പാസാക്കിയെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. തീർത്തും ജനാധിപത്യ വിരുദ്ധമായാണ് പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ ബില്ലുകൾ പാസാക്കിയതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീർരഞ്ജൻ ചൗധരി ആരോപിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചെങ്കിലും ബജറ്റ് സമ്മേളനത്തിൽ കർഷക പ്രശ്നം അടക്കം ഉയർത്തി പ്രതിഷേധം തുടരുമെന്നും അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.

ചർച്ചകൾ നടന്നത് ചുരുങ്ങിയ സമയം

ഏതാനും ബില്ലുകളിൽ മാത്രമാണ് വളരെ ചുരുങ്ങിയ സമയമെങ്കിലും ചർച്ചകൾ നടന്നത്. ലോക്‌സഭയിൽ രണ്ടു മിനിറ്റും രാജ്യസഭയിൽ എട്ടു മിനിറ്റും ചർച്ചയ്ക്കു ശേഷമാണ് കാർഷിക നിയമം റദ്ദാക്കൽ ബിൽ പാസാക്കിയത്. പ്രതിപക്ഷം വിശദമായ ചർച്ചയാവശ്യപ്പെട്ടെങ്കിലും കേന്ദ്രം അതിന് തയ്യാറായില്ല. ഏറ്റവും ദൈർഘ്യമേറിയ ചർച്ച നടന്നത് ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ ശമ്പളവും സേവന വ്യവസ്ഥകളും ഭേദഗതി ചെയ്യുന്ന ബില്ലാണ്. 27 ലോക്‌സഭാ എംപിമാരും 17 രാജ്യസഭാ എംപിമാരും ചേർന്ന് ഇരു സഭകളിലുമായി ഒൻപത് മണിക്കൂർ 37 മിനിറ്റ് ദൈർഘ്യമുള്ള ചർച്ച ഈ വിഷയത്തിൽ നടന്നു.
95 മണിക്കൂർ ആറ് മിനിറ്റ് ഷെഡ്യൂൾ ചെയ്ത സഭാനടപടികളിൽ 45 മണിക്കൂർ 34 മിനിറ്റ് മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളുവെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. വിലക്കയറ്റത്തിലും ലഖിംപുർ ഖേരി അക്രമത്തിലുമുള്ള പ്രതിപക്ഷ പ്രതിഷേധം മൂലം ലോക്‌സഭയുടെ 18 മണിക്കൂറും 48 മിനിറ്റും നഷ്ടമായെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു.

ENGLISH SUMMARY:Parliament ses­sion adjourned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.