
നഴ്സിങ് ആണ് ജോലി എങ്കിലും പത്മശാലിയുടെ മനസ് മുഴുവൻ നൃത്തമാണ്. നൃത്തത്തെ അത്രത്തോളം ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട് അവർ. അഞ്ചാം വയസിൽ നൃത്ത പഠനം ആരംഭിച്ച അവർ പതിനാലാം വയസുവരെ ഗുരുവിന്റെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. തുടർന്ന് സ്വന്തം പരിശ്രമത്തിലാണ് നൃത്തത്തിൽ പുതുപരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. 2020ൽ കോവിഡ് കാലയളവിൽ നൃത്തത്തിനായി പത്മശാലിനി എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഇതിനകം 283 നൃത്തോപഹാരങ്ങളാണ് ഈ പുലാപ്പറ്റ സ്വദേശിനി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 4.15 ലക്ഷം സബ്സ്ക്രൈബേഴ്സും, 11.70 കോടി കാഴ്ചകളുമായി നൃത്താസ്വാദകരുടെ ജനപ്രിയ നൃത്തചാനലായി മാറിയിരിക്കുകയാണ് ‘പത്മശാലിനി.’ പത്മശാലിനിക്ക് ഇൻസ്റ്റഗ്രാം പേജിലും 1.45 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.
ലോകത്തിലെ ഏത് കോണിലിരുന്നാലും മലയാളിയുടെ മനസിൽ ഗൃഹാതുരത്വമുണർത്തുന്ന സുദിനമാണ് തിരുവോണം. ‘തിരുവോണ പുലരിതൻ തിരുമുൽ കാഴ്ചവാങ്ങാൻ…’ എന്ന ഗാനത്തെപോലെ ഓണത്തെകുറിച്ചു ഇത്രയും മനോഹരമായി വർണിച്ച മറ്റൊരു ഗാനവുമില്ലെന്നു പറയാം . ഈ ഗാനം പുറത്തിറങ്ങിയതുമുതൽ എല്ലാ തിരുവോണനാളിലും ആകാശവാണി റേഡിയോയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഗാനം. ശ്രീകുമാരൻ തമ്പി രചിച്ച്, എം കെ അർജുനൻ മാസ്റ്റർ ഈണം നൽകി അര പതിറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ തിരുവോണം എന്ന സിനിമയിലെ ‘തിരുവോണപ്പുലരിതൻ…’ എന്ന ഗാനത്തിന് ഇതുവരെയിറങ്ങിയ ഏറ്റവും മികച്ച നൃത്തോപാഹാരം ശാലിനിയുടേതാണ്. ഓണപ്പാട്ടുകളായ ജേക്കബ്ബിന്റെ സ്വർഗരാജ്യത്തിലെ തിരുവാവാണി രാവ്, കേരള ടൂറിസം രംഗത്തെ ഗാനമായ മുത്താലം മുടിതാലം, തുമ്പപ്പൂവും പൂക്കും, പാതിരാ പൂവേണം, കുട്ടനാടൻ പുഞ്ചയിലെ, പറനിറയെ പൊന്നളക്കും, ഉള്ളിൽ ഒരോണം, എന്നീ ഗാനങ്ങൾക്കും ശാലിനി നൃത്തോപാഹാമൊരുക്കിയിട്ടുണ്ട്.
ലോക്ക്ഡൗൺ കാലയളവിൽ വീട്ടുമുറ്റത്തു ചുവടു വെച്ച ‘തുളസികതിർ നുള്ളിയെടുത്ത്’ എന്ന ഗാനത്തിന് ഒരുക്കിയ നൃത്തമാണ് ആദ്യമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. വിഷുക്കണിയായി ‘കണികാണും നേരവും’, പൂരങ്ങളുടെ പൂരമായ ‘തൃശൂർ പൂരത്തിനും’ ഒരുക്കിയ നത്തോപഹാരങ്ങൾ പ്രേക്ഷകർ ഗൃഹാതുരത്വത്തോടെ ഏറ്റുവാങ്ങി. നമ്മെ വിട്ടുപിരിഞ്ഞ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിനും, പ്രിയപെട്ട കവയിത്രി സുഗതകുമാരിക്കും, എസ് പി ബാലസുബ്രന്മണ്യത്തിനും ആദരം ഒരുക്കാനും ശാലിനി മറന്നില്ല. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് തന്റെ നൃത്തത്തിലൂടെ സമൂഹത്തിന് സന്ദേശം നൽകിയതും ശ്രദ്ധേയമായി. റാസ്പുട്ടിൻ ശാലിനി ക്ലാസിക്കൽ ശൈലിയിലും അവതരിപ്പിച്ചിരുന്നു. ഈ കാലഘട്ടത്തിലും ക്ലാസിക്കൽ, സെമി ക്ലാസിക്കൽ നൃത്തത്തിന് ആസ്വാദകരും, ആരാധകരും ഉണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളിൽ ഒന്നാണ് പത്മശാലിനി എന്ന യുട്യൂബ് ചാനൽ. പ്രേക്ഷകർ തന്നെ വിലയിരുത്തി ചാനലിൽ തന്നെ അഭിപ്രായം രേഖപ്പെടുത്തുന്നു, ‘പോസറ്റീവ് കമൻറ്സ് മാത്രം കാണാൻ കഴിയുന്ന അപൂർവം ചാനലുകളിലൊന്നാണി‘തെന്ന്.
ചലച്ചിത്ര താരവും നർത്തകിയുമായ മഞ്ജു വാര്യർ, ചലചിത്ര പിന്നണി ഗായകരായ ദിനേഷ്, വിധു പ്രതാപ്, നർത്തകിമാരായ സൗമ്യാ ബാലഗോപാൽ, ദീപ്തി, വിധു പ്രതാപ്, ഗായിക അഖിലാ ആനന്ദ് ഗാനരചയിതാവ് വാസുദേവൻ പോറ്റി, ഒറ്റപ്പാലത്തിന്റെ എംഎൽഎ അഡ്വ. കെ പ്രേംകുമാർ, കേരള ഉന്നത വിദ്യഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇഷിതറോയ് ഐഎഎസ്, മുൻ ഒറ്റപ്പാലം സബ് കലക്ടർ സഞ്ജയ് കൗശിക് തുടങ്ങിയവർ ശാലിനിയുടെ നൃത്തത്തെ അഭിനന്ദിച്ചവരിൽ ഉൾപ്പെടുന്നു. ഇഷിതറോയുടെ പ്രത്യേക ക്ഷണത്തിൽ 2024 ഫെബ്രുവരി 11ന് കൊച്ചിയിൽ നടന്ന ശ്രീ. താക്കൂർ അനുകുലചന്ദ്രയുടെ നൂറ്റിമുപ്പത്തിയാറാമത് ജന്മദിനാഘോഷ പരിപാടിയിൽ ശാലിനി അവതരിപ്പിച്ച നൃത്തം
ശ്രദ്ധേയമായിരുന്നു.
ഭൂരിപക്ഷം നൃത്തങ്ങളും ശാലിനി തന്നെയാണ് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ശാലിനിയുടെ അമ്മ പത്മയാണ് നൃത്തങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നത്. എഡിറ്റിങ് തുടങ്ങി മറ്റ് എല്ലാ കാര്യങ്ങളും ഈ മിടുക്കി തന്നെയാണ് ചെയ്യുന്നത്. ഇതിനകം ഒരു സംഗീത ആൽബത്തിലും അഭിനയിച്ചു. ഏതു ഗാനവും അഭിനയിച്ച് പ്രേക്ഷകരുടെ മനസിൽ എത്തിക്കാനുളള കഴിവാണ് ശാലിനിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പുലാപ്പറ്റ കോണിക്കഴി ലീല, കോങ്ങാട് ലത എന്നിവരുടെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. ഭരതനാട്യം, കുച്ചിപ്പുടി എന്നിവ കളിക്കുമെങ്കിലും ഭരതനാട്യമാണ് ഇഷ്ടപ്പെട്ട ഇനം. നൃത്തരംഗത്തെ ഉയർന്നു വരുന്ന കലാകാരിയെന്ന നിലയിൽ മികച്ച കാസിക്കൽ നർത്തകിക്കുള്ള ലാസ്യയുടെ വൃന്ദ്റാണി പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഞ്ജുവാര്യരെരെയും ശോഭനയെയും ഇഷ്ടപെടുന്ന ശാലിനിക്ക് നഴ്സിങ്ങ് ജോലിയോടൊപ്പം ഡാൻസും ഒരു പാഷനായി കൊണ്ടുപോകണമെന്നാണ് ആഗ്രഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.