22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 11, 2024
July 16, 2024
June 20, 2024
June 16, 2024
April 12, 2024
February 16, 2024
February 7, 2024
February 4, 2024
April 6, 2023

ഇവിഎം അടക്കം വോട്ടെടുപ്പ് വിവരങ്ങള്‍ ജനങ്ങള്‍ അറിയേണ്ട

Janayugom Webdesk
ന്യൂഡല്‍ഹി
December 21, 2024 11:04 pm

തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത് തടയാന്‍ നിര്‍വഹണ ചട്ടങ്ങളില്‍ ധൃതിപിടിച്ച് ഭേദഗതി വരുത്തി. വോട്ടെടുപ്പുമായി ബന്ധപ്പെട്ട സിസിടിവി, വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോഡിങ്ങുകള്‍ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തുന്നത് തടഞ്ഞുകൊണ്ടാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ചട്ട ഭേദഗതി. അടുത്തിടെ നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ പോള്‍ ചെയ‍്ത വോട്ടുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും രേഖകളുടെ പകര്‍പ്പുകളും നല്‍കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് തിരക്കിട്ട് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുപരിശോധനയ‍്ക്ക് വിധേയമാണെന്ന് 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ റൂള്‍ 93(2) വ്യക്തമാക്കുന്നു. പുതിയ ഭേദഗതിയോടെ, നിയമത്തില്‍ നിര്‍വചിച്ചിട്ടുള്ള രേഖകള്‍ മാത്രമായിരിക്കും പൊതുപരിശോധനയ്ക്കായി ലഭിക്കുക. അതനുസരിച്ച് വോട്ടിങ് യന്ത്രങ്ങള്‍, വിവിപാറ്റ് എന്നിവയടക്കം ഉപയോഗിച്ചുള്ള പുതിയ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രേഖകള്‍ പരിശോധിക്കുന്നതിനുള്ള അവകാശം ഇല്ലാതാകും. 

തെരഞ്ഞെടുപ്പ് നിയമങ്ങളില്‍ ഇല്ലാത്തതും അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫിസര്‍മാരും സെക‍്ടര്‍ ഓഫിസര്‍മാരും ഉദ്യോഗസ്ഥരും കൈകാര്യം ചെയ്യുന്നതുമായ നിരവധി രേഖകള്‍ ഉണ്ടെന്ന് വിവരാവകാശ പ്രവര്‍ത്തകനായ വെങ്കടേഷ് നായക് പറഞ്ഞു. മണ്ഡലങ്ങളിലെ പ്രശ‍്നബാധിത പ്രദേശങ്ങളുടെയും ബൂത്തുകളുടെയും മാപ്പ്, വോട്ടെടുപ്പിനിടെ തകരാര്‍ സംഭവിച്ച ഇവിഎം നീക്കം ചെയ്യുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനും ഉത്തരവാദിത്തപ്പെട്ടവരുടെ പട്ടിക തുടങ്ങിയവ സംബന്ധിച്ച രേഖകളുണ്ട്. കൂടാതെ പൊതു റിപ്പോര്‍ട്ട്, പൊലീസ്, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, ചീഫ് ഇലക‍്ടറല്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെയെല്ലാം റിപ്പോര്‍ട്ടുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിന് ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഭേദഗതി സുതാര്യതയ‍്ക്ക് തുരങ്കംവയ‍്ക്കുന്നതാണെന്ന് വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ് പറഞ്ഞു. ഫോം 17 സിയുടെ പകര്‍പ്പുകള്‍ക്കായി റൂള്‍ 93(2) അനുസരിച്ച് ഇക്കൊല്ലം മേയില്‍ നല്‍കിയ അപേക്ഷകള്‍ പോലും ഇതുവരെ തീര്‍പ്പാക്കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തനം പക്ഷാപാതപരമാണെന്ന് വീണ്ടും സ്ഥിരീകരിക്കുന്നതാണ് ഭേദഗതിയെന്ന് അഭിഭാഷകനായ മെഹ്മൂദ് പ്രാച ആരോപിച്ചു. ഇലക‍്ടറല്‍ ബോണ്ട് കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമ്പൂര്‍ണ സുതാര്യത തത്വങ്ങളുടെ ലംഘനമാണ് ഭേദഗതി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ച ദിവസം തന്നെ ഭേദഗതി വിജ്ഞാപനം ഇറക്കിയതിനാല്‍ എംപിമാര്‍ക്ക് ഇതിനെ ചോദ്യം ചെയ്യാനുള്ള അവസരം നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.