23 December 2024, Monday
KSFE Galaxy Chits Banner 2

വിലക്കയറ്റത്തില്‍ ജനജീവിതം പൊറുതിമുട്ടുന്നു

Janayugom Webdesk
April 14, 2022 6:30 am

കേന്ദ്ര സ്ഥിതിവിവര, പദ്ധതിനിർവഹണ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ ജനങ്ങൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ യാഥാർത്ഥ്യങ്ങൾ പൂർണമായി പ്രതിഫലിപ്പിക്കുന്നില്ല. എങ്കിലും, വിലക്കയറ്റത്തിന്റെയും നാണ്യപ്പെരുപ്പത്തിന്റെയും അസ്വസ്ഥജനകമായ ചിത്രമാണ് അത് രാജ്യത്തിന് മുന്നിൽ വയ്ക്കുന്നത്. ചില സർക്കാരിതര സംഘടനകളും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സും നടത്തിയ പഠനങ്ങളും സമാനമായ നിരീക്ഷണമാണ് നടത്തിയിട്ടുള്ളത്. ഫെബ്രുവരി മാസത്തേക്കാൾ മാർച്ചിൽ ചില്ലറ വിലയിൽ ഒരുശതമാനത്തോളം വർധനവ് ഉണ്ടായതായാണ് മന്ത്രാലയത്തിന്റെ കണക്ക്. 2020 ഒക്ടോബറിന്ശേഷമുള്ള ഏറ്റവും കൂടിയ വിലവർധനവാണ് ഇത്. ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഒഴിച്ചുള്ള വസ്തുക്കളുടെ വിലയാകട്ടെ 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന തോതിലാണ് എത്തിനിൽക്കുന്നത്. മാർച്ച് അവസാനത്തോടെ ഇന്ധനവിലയിൽ ഉണ്ടായ കുത്തനെയുള്ള വർധനവും അതിന്റെ പ്രത്യാഘാതങ്ങളും മന്ത്രാലയത്തിന്റെ കണക്കുകളിൽ പ്രതിഫലിക്കുന്നില്ല. അതുകൊണ്ടുതന്നെ വിലക്കയറ്റം ജനജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ള ദുരിതത്തിന്റെ ആഴം ആ കണക്കുകളിൽ വ്യക്തമല്ല. എന്നിരിക്കിൽതന്നെയും വിലക്കയറ്റവും നാണ്യപ്പെരുപ്പവും താല്കാലിക പ്രതിഭാസം അല്ലെന്നും അത് ഏറെക്കാലം തുടരുമെന്നുമുള്ള സൂചന വ്യക്തമാണ്. ഭക്ഷ്യവസ്തുക്കളുടെ വിലവർധന ഫെബ്രുവരിയിലെ 5.93ല്‍ നിന്നും മാർച്ചിൽ 7.47 ശതമാനം കണ്ടാണ് ഉയർന്നത്. അത് കോടാനുകോടിവരുന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും പതിവ്തോതിലുള്ള ഭക്ഷണം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കി. അത് ഏറ്റവും പ്രതികൂലമായി ബാധിക്കുക കുട്ടികളെയും സ്ത്രീകളെയുമാണ്. ഭക്ഷ്യവസ്തുക്കളുടെ വില 2021 മാർച്ചുമുതൽ ഒരുവർഷക്കാലത്തിനിടയിൽ നൂറുശതമാനം വർധനവ് ഉണ്ടായതായി ഉപഭോക്തൃ വിലസൂചിക വ്യക്തമാക്കുന്നു. ഭക്ഷ്യധാന്യങ്ങൾ, പാചകഎണ്ണകൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, മാംസം, മത്സ്യം തുടങ്ങി എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായി ഉയർന്നിരിക്കുന്നു. വസ്ത്രങ്ങൾ, ചെരുപ്പുകൾ ഉൾപ്പെടെ മറ്റെല്ലാ നിത്യോപയോഗ വസ്തുക്കളുടെ വിലയിലും വൻവർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ഇതുകൂടി വായിക്കാം; ജനജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റം


വിലക്കയറ്റത്തിന്റെയും നാണ്യപ്പെരുപ്പത്തിന്റെയും കഴിഞ്ഞ നൂറു മാസത്തെ, അതായത് നരേന്ദ്രമോഡി സർക്കാരിന്റെ കഴിഞ്ഞ എട്ടുവർഷത്തെ, കണക്കുകൾ പരിശോധിച്ചാൽ അത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുടർച്ചയായ വർധനവ് ആണെന്ന് കാണാൻ കഴിയും. അത് ഗാർഹികാവശ്യത്തിനുള്ള വസ്തുക്കളുടെയും സേവനങ്ങളുടെയും കാര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. അവശ്യ ഔഷധങ്ങളുടെ വില കഴിഞ്ഞ പതിനഞ്ചുമാസക്കാലമായി ആറുശതമാനത്തിലധികമായി താഴാതെ തുടരുകയാണ്. അതിനുപുറമെ ഏപ്രിൽമാസം ഒന്നാം തീയതി മുതൽ നടപ്പാക്കിയ 800 ൽപരം ഔഷധങ്ങളുടെ ഉയർത്തിയ വില ജീവിതശൈലീ രോഗങ്ങൾ അടക്കം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെ അകാലമരണത്തിന് എറിഞ്ഞുകൊടുക്കുന്നതിനു തുല്യമാണ്. അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന ഇന്ധനവില ജീവിതം കൂടുതൽ ദുരിതപൂർണമാക്കും. നിശ്ചിത വരുമാനക്കാരുടെയും ജീവിതസായാഹ്നത്തിൽ പലിശയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മുതിർന്ന പൗരന്മാരുടെയും വരുമാനത്തിന്റെ യഥാർത്ഥ മൂല്യം വിലക്കയറ്റവും നാണ്യപ്പെരുപ്പവും ഗണ്യമായി കവർന്നെടുക്കുന്നു. തൊഴിലാളികളുടെ പ്രോവിഡന്റ്ഫണ്ടിന്റെ പലിശനിരക്ക് കുറച്ച നടപടി അവർക്ക് അക്ഷരാർത്ഥത്തിൽ ഇരുട്ടടിയായി. ഇത് സംഘടിത മേഖലയിൽ ഉള്ളവരുടെ സ്ഥിതിയാണെങ്കിൽ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊണ്ണൂറുശതമാനത്തിൽ അധികം വരുന്ന ജനങ്ങളുടെ അവസ്ഥ തികഞ്ഞ ദുരന്തമാണ്. അവരുടെ കൂലിയും ഉപഭോക്തൃ വിലസൂചികയുമായി യാതൊരു ബന്ധവും ഇല്ലെന്നതാണ് യാഥാർത്ഥ്യം. അവരിൽ ഏറെപ്പേരും നിശ്ചിത കുറഞ്ഞവേതനത്തിലും താഴെമാത്രം കൂലി ലഭിക്കുന്നവരുമാണ്. അവരുടെ നിലനില്പിനെപ്പറ്റിയുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു. അവർ പട്ടിണിയേയും കൊടിയ ജീവിതദുരിതത്തെയുമാണ് അഭിമുഖീകരിക്കുന്നത്.

 


ഇതുകൂടി വായിക്കാം; ശ്രീലങ്കയ്ക്കു പിറകേ മ്യാന്മറും സാമ്പത്തിക ദുരിതത്തിലേക്ക്


ജനങ്ങൾ നേരിടുന്ന ഈ കൊടിയ സാമ്പത്തിക പ്രതിസന്ധി ഒറ്റപ്പെട്ട പ്രതിഭാസമല്ല. നവഉദാരീകരണ സാമ്പത്തികനയങ്ങളും റഷ്യ ഒരുമാസത്തിൽ ഏറെയായി ഉക്രെയ്‌നിൽ തുടർന്നുവരുന്ന വിനാശകരമായ സൈനിക നടപടിയും സാമ്പത്തിക പ്രതിസന്ധിയുടെ ആക്കംകൂട്ടിയിട്ടുണ്ട്. ദക്ഷിണേഷ്യയിലെ നമ്മുടെ അയൽ രാജ്യങ്ങളിലെല്ലാം അത് സാമ്പത്തിക തകർച്ചയ്ക്കും രാഷ്ട്രീയ പ്രതിസന്ധിക്കും കാരണമായിക്കഴിഞ്ഞു. പാകിസ്ഥാനിൽ ഇതിനോടകം അത് ഭരണമാറ്റത്തിൽ കലാശിച്ചിരിക്കുന്നു. ശ്രീലങ്കയിൽ രാജപക്സെമാരുടെ ഭരണകൂടം ആടിയുലയുകയാണ്. ബംഗ്ലാദേശിലും മ്യാന്മറിലും നേപ്പാളിലും പ്രതിസന്ധി രൂക്ഷമാണ്. സമാനമായ അന്തരീക്ഷത്തിലേക്ക് ഇന്ത്യ വഴുതി പോകാതിരിക്കാൻ അടിയന്തരമായി വേണ്ടത് ഇന്ധന നികുതി വെട്ടിക്കുറച്ച് സമ്പദ്ഘടനയെ നേരെ നിർത്തുകയാണ്. ലോകത്ത് ഏറ്റവുമധികം ഇന്ധനനികുതി ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. അതിൽ മാറ്റം വരുത്താൻ വിസമ്മതിക്കുന്ന ഭരണകൂടം രാജ്യത്തെ നയിക്കുന്നത് പൊട്ടിത്തെറിയിലേക്കായിരിക്കും. അയൽരാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാൻ ഭരണകൂടം തയാറാവണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.