22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 4, 2024
October 27, 2024
October 26, 2024
September 1, 2024
June 4, 2024
March 18, 2024
February 23, 2024
February 19, 2024
February 7, 2024

പെരിയ ഇരട്ടക്കൊലപാതകം; മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ; അഞ്ച് പ്രതികൾക്ക് റിമാൻഡ്

Janayugom Webdesk
കൊച്ചി
December 2, 2021 4:10 pm

പെരിയ ഇരട്ടക്കൊല കേസിൽ മുൻ കാസർകോട് എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനെ സിബിഐ പ്രതി ചേർത്തു. കുഞ്ഞിരാമൻ ഉൾപ്പെടെ പുതിയതായി 10 പേരെ പ്രതി ചേർത്തതായാണ് സിബിഐ കോടതിയെ അറിയിച്ചത്. പത്തിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എല്ലാവരേയും ഉടൻ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും സിബിഐ വ്യക്തമാക്കി. കേസിൽ 21ാം പ്രതിയാണ് കുഞ്ഞിരാമൻ. കനയാൽ ബാങ്ക് പ്രസിഡന്റ് ഭാസ്‌കരൻ കേസിലെ 22ാം പ്രതിയാണ്. രാഘവൻ വെളുത്തോൾ, ഗോപൻ വെളുത്തോൾ, സന്ദീപ് വെളുത്തോൾ എന്നിവരാണ് മറ്റ് പ്രതികൾ. കേസിന്റെ ആദ്യഘട്ടം മുതൽ തന്നെ ഇവരുടെ പങ്ക് സംബന്ധിച്ച് കോൺഗ്രസ് ആരോപണം ഉയർത്തിയിരുന്നു.

ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ്, കൂട്ടുപ്രതികളായ സുരേന്ദ്രൻ, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ, വിഷ്ണു സുര എന്നിവരാണ് അറസ്റ്റിയായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. ഇരട്ടക്കൊലപാതകം നടന്ന ദിവസം പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി ചുമതല രാജേഷിനായിരുന്നു. ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിലും ഉണ്ടായിരുന്നു. കേസിൽ ഒന്നാം പ്രതിയായ പീതാംബരന്റെ ഫോണിലേക്ക് സുരേന്ദ്രൻ സംഭവസമയം വിളിച്ചിരുന്നു. കെ വി കുഞ്ഞിരാമൻ അടക്കമുള്ളവരുടെ അറസ്റ്റ് പിന്നീട് മാത്രമേ ഉണ്ടാകു എന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഗൂഢാലോചനയിൽ കുഞ്ഞിരാമന് നേരിട്ട് പങ്കുള്ളതായി സിബിഐ വ്യക്തമാക്കിയിട്ടില്ല. പ്രതികൾക്ക് ഇവർ സഹായം നൽകിയെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ തുടർപ്രതികളായി ചേർത്തിരിക്കുന്നത്. ശനിയാഴ്ച പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശമുള്ളപ്പോഴാണ് സിബിഐയുടെ നിർണായ നീക്കം. പ്രതികളിൽ ഒരാളായ റെജി വർഗീസാണ് കൊലപാതികള്‍ക്ക് ആയുധങ്ങള്‍ നൽകിയതെന്നാണ് സിബിഐ കണ്ടെത്തൽ. മറ്റൊരു പ്രതി സുരേന്ദ്രൻ ആണ് ശരത്തിനേയും കൃപേഷിന്റെയും യാത്രാവിവരങ്ങള്‍ കൊലപാതികളെ അറിയിച്ചതെന്ന് സിബിഐ പറയുന്നു. മറ്റുളളവർ ചേർന്നാണ് കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതെന്നും കണ്ടെത്തി.

2019 ഫെബ്രുവരി 17 നാണ് പെരിയയിൽ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്‌ലാൽ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂ‍ര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിനീട് സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ അന്വേഷണം തുടങ്ങിയത്.

eng­lish sum­ma­ry; peria twin mur­der; For­mer MLA KV Kun­ji­ra­man is among the accused

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.