ആറുലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ബോട്ട്മാര്‍ക്കറ്റുകളില്‍ വിറ്റതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഇതുവരെ അഞ്ച് ദശലക്ഷം ആളുകളുടെ സ്വകാര്യ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ഇത്തരത്തില്‍ വിറ്റഴിച്ചത്. ഏറ്റവും അധികം വിറ്റഴിച്ചത് ഇന്ത്യക്കാരുടെ വിവരങ്ങളാണെന്നും ലിത്വാനിയയിലെ നോർഡ് സെക്യൂരിറ്റിക്ക് കീഴിലുള്ള നോര്‍ഡ് വിപിഎന്‍ നടത്തിയ പഠനം പറയുന്നു.
മാൽവെയറുകള്‍ ഉപയോഗിച്ച് വ്യക്തിഗത ഉപകരണങ്ങളില്‍ നിന്നും മോഷ്ടിക്കുന്ന വിവരങ്ങള്‍ വില്‍ക്കാനാണ് ഹാക്കർമാർ ബോട്ട് മാർക്കറ്റുകൾ ഉപയോഗിക്കുന്നത്. മാര്‍ക്കറ്റിങ്ങിനും മറ്റുമായി ആവര്‍ത്തിച്ചുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ചെറിയ സോഫ്റ്റ്‌വേറുകളാണ് ബോട്ടുകള്‍. 2018ൽ ബോട്ട് മാർക്കറ്റുകൾ ആരംഭിച്ചതുമുതൽ കഴിഞ്ഞ നാല് വർഷമായി നോര്‍ഡ് വിപിഎന്‍ ഇവ നിരീക്ഷിച്ചുവരികയാണ്.
യൂസര്‍ ലോഗിനുകള്‍, കുക്കീസ്, ഡിജിറ്റല്‍ വിരലടയാളങ്ങള്‍, സ്ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള വിവരങ്ങളാണ് ചോര്‍ത്തിയത്.
ഏകദേശം 490 രൂപ (5.95 ഡോളര്‍) യ്ക്കാണ് ഒരു വ്യക്തിയുടെ വിവരങ്ങള്‍ വിറ്റതെന്നും റിപ്പോര്‍ട്ടില്‍ വ്യക്കമാക്കുന്നു.
അടുത്തിടെയായി ഇന്ത്യയില്‍ സൈബര്‍ സുരക്ഷ വന്‍ ആശങ്ക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ മാസം 23ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്) ന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യുകയും ലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍) നു നേരെയും ഹാക്കര്‍മാരുടെ ആക്രമണമുണ്ടായി. 24 മണിക്കൂറിനുള്ളില്‍ ഐസിഎംആറിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ 6000 തവണയാണ് ശ്രമം നടത്തിയത്.
ജെനസിസ് മാർക്കറ്റ്, റഷ്യൻ മാർക്കറ്റ്, 2 ഈസി എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്ന് ബോട്ട് മാര്‍ക്കറ്റുകളെ കേന്ദ്രീകരിച്ചായിരുന്നു നോര്‍ഡ് വിപിഎന്നിന്റെ പഠനം. ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ലോഗിനുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വ്യക്തിയെക്കുറിച്ചുള്ള വലിയ അളവിലുള്ള ഡാറ്റ ഒരിടത്ത് നിന്നുതന്നെ ലഭിക്കുന്നു എന്നതാണ് മറ്റ് ഡാർക്ക് വെബ് മാർക്കറ്റുകളിൽ നിന്നും ബോട്ട് മാര്‍ക്കറ്റുകളെ വ്യത്യസ്തമാക്കുന്നതെന്ന് നോര്‍ഡ് വിപിഎന്നിലെ ചീഫ് ടെക്‌നോളജി ഓഫീസർ മാരിജസ് ബ്രിഡിസ് പറയുന്നു. വിറ്റുകഴിഞ്ഞാലും ബോട്ട് മാല്‍വെയര്‍ ഒരാളുടെ ഡിജിറ്റല്‍ ഉപകരണത്തെ ബാധിച്ചിരിക്കുന്നിടത്തോളം കാലം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
667 ദശലക്ഷം കുക്കികൾ, 81,000 ഡിജിറ്റൽ ഫിംഗർപ്രിന്റുകൾ, 5,38,000 ഓട്ടോ-ഫിൽ ഫോമുകൾ, നിരവധി സ്ക്രീൻഷോട്ടുകൾ, വെബ്ക്യാം സ്നാപ്പുകൾ എന്നിവ ഗവേഷകർ അവരുടെ പഠനത്തിൽ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: Personal information of six lakh Indians for sale
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.