28 April 2024, Sunday

Related news

December 29, 2023
November 30, 2023
October 31, 2023
September 22, 2023
July 24, 2023
July 12, 2023
June 24, 2023
January 7, 2023
December 13, 2022
December 8, 2022

സൈബര്‍ ആക്രമണങ്ങള്‍ പെരുകുന്നു; വിവര സുരക്ഷ ആശങ്കയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 29, 2023 10:04 pm

ഡിജിറ്റൽ മേഖലയിലെ മുന്നേറ്റമെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്ത് നടക്കുന്ന സൈബര്‍ ആക്രമണങ്ങളും വിവരചോര്‍ച്ചകളും വിവിധമേഖലകളില്‍ പ്രതിസന്ധിയായി മാറുന്നു. 2023 വര്‍ഷത്തില്‍ വിവരചോര്‍ച്ചകള്‍ വ്യാപകമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ ഭീഷണിയില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ പത്താം സ്ഥാനത്താണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബാങ്കിങ്, ആരോഗ്യ മേഖലകളാണ് ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത്. ഐ‌സി‌എം‌ആര്‍, കോവിന്‍ വിവരചോര്‍ച്ചകളിലൂടെ രാജ്യത്തെ 81 കോടി പേരുടെ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ന്നത്. അപഹരിക്കപ്പെട്ട ഡാറ്റയിൽ പേരുകൾ, പ്രായം, ലിംഗം, വിലാസങ്ങൾ, പാസ്‌പോർട്ട് നമ്പറുകൾ, ആധാർ നമ്പറുകൾ എന്നിവ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങളും ഉൾപ്പെട്ടിരുന്നു.
2023ൽ 8.5 ദശലക്ഷം എൻഡ്‌പോയിന്റുകളിലൂടെ 400 ദശലക്ഷത്തിലധികം സൈബർ ഭീഷണികൾ ഇന്ത്യ നേരിട്ടുവെന്ന് ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 38 ശതമാനം ഇന്ത്യൻ കമ്പനികളും സൈബർ ഭീഷണികൾക്ക് വിധേയരായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

ഒക്ടോബറില്‍ റെഡ്ക്ലിഫ് ലാബ്‌സുമായി ബന്ധിപ്പിച്ചിട്ടുള്ള 12 ദശലക്ഷത്തിലധികം മെഡിക്കൽ രേഖകള്‍ അടങ്ങിയ ഡാറ്റാബേസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. ഡയഗ്‌നോസ്റ്റിക് സ്‌കാനുകളും പരിശോധനാ ഫലങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യ‑വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ജൂണിലാണ് കോവിന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ ടെലഗ്രാമില്‍ വില്പനക്കെത്തിയത്. കൂടാതെ മൂവ്ഇറ്റ്, വേര്‍ഡ് പ്രസ് ഡാറ്റാ ലംഘനങ്ങളും ഇന്ത്യയിലടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് വന്‍ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
സാങ്കേതിക മുന്നേറ്റങ്ങൾ പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ത്യൻ സ്ഥാപനങ്ങള്‍ക്ക് ഏറ്റവും വലിയ അപകടസാധ്യതകൾ സൃഷ്ടിക്കുന്ന ഭീഷണിയായി മാറിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ പല സ്ഥാപനങ്ങളും എഐ, മെഷീൻ ലേണിങ് എന്നിവയിലുൾപ്പെടെ സൈബർ സുരക്ഷയിൽ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുമുണ്ട്. 

അതേസമയം സൈബര്‍ ആക്രമണങ്ങളിലൂടെ നഷ്ടപ്പെട്ട ആയിരം കോടിയിലധികം തുക തിരിച്ചുപിടിച്ചതായി ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് ശൈത്യകാല സമ്മേളനത്തില്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ആര്‍ബിഐ, ടെലികോം റെഗുലേറ്ററി അതോറിട്ടി, യുഐഡിഎഐ, ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍‍ഡിനേഷന്‍ സെന്റര്‍, നാഷണല്‍ പേയ്മെന്റ്സ്, ബാങ്കുകള്‍ എന്നിവയുടെ പ്രതിനിധികളുടെ യോഗം ഈ വിഷയത്തില്‍ വിളിച്ചുചേര്‍ത്തതായും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. 

Eng­lish Summary;Cyber ​​attacks are on the rise; Infor­ma­tion secu­ri­ty concerns
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.