22 December 2024, Sunday
KSFE Galaxy Chits Banner 2

പെര്‍ത്ത്- ഭൂമിയിലെ സ്വര്‍ഗം

മിനി ഗോപിനാഥ്
October 1, 2023 7:40 am

രിക്കൽ ഓസ്‌ട്രേലിയ സന്ദർശിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആ യാത്ര ഇത്ര പെട്ടെന്നായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വെസ്റ്റേൺ ഓസ്‌ട്രേലിയ സന്ദർശനത്തിനു നിമിത്തമായത് മകന്റെ മെക്കാനിക്കൽ ഇഞ്ചിനിയറിങ്ങ് ബിരുദാനന്തരബിരുദദാനച്ചടങ്ങാണ്. പെട്ടെന്നു തീരുമാനിച്ച, അതിഹ്രസ്വമായ യാത്ര! എങ്കിലും കൃത്യമായ ആസൂത്രണം യാത്ര മികച്ചതാക്കി.

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെർത്തിൽ കഴിഞ്ഞമാസം വിമാനമിറങ്ങുമ്പോൾ അവിടുത്തെ കാലാവസ്ഥ നമ്മുടെ നാടിന്റേതിന് സമാനമായി തോന്നി. അവിടുത്തെ സമയം നമ്മുടേതിനേക്കാൾ മൂന്നു മണിക്കൂറോളം മുന്നിലാണ്. സന്ധ്യയായപ്പോൾ തണുപ്പും മഴയും തുടങ്ങി. സമയാസമയമുള്ള കൃത്യമായ കാലാവസ്‌ഥാ പ്രവചനങ്ങൾ കൗതുകമായി. നിശ്ചിത അകലം പാലിച്ചോടുന്ന, മറികടക്കാൻ ശ്രമിക്കാത്ത, ഹോൺ മുഴക്കാത്ത വാഹനങ്ങൾ യാത്ര സുഗമമാക്കി. മനുഷ്യരുടെ രീതികളും ഇതിൽ നിന്നും വിഭിന്നമല്ല. അറിയാതെങ്ങാനും അവരുടെ വഴിമുടക്കി നിൽക്കേണ്ടി വന്നാൽ, നാം സ്വയം അറിഞ്ഞുമാറുന്നതുവരെ അവർ ക്ഷമയോടെ കാത്തു നിൽക്കും. മദ്യപാനത്തിനു വിലക്കുകൾ ഒന്നുമില്ലെങ്കിലും മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ട്. നിയമങ്ങൾ പാലിക്കുന്നതിൽ യാതൊരു വൈമുഖ്യവും കാണിക്കാത്ത ജനത ആ നാടിന്റെ സൗന്ദര്യത്തിനും സംസ്കാരത്തിനും മാറ്റുകൂട്ടുന്നു. വ്യാഴാഴ്ചകളിൽ മാത്രമാണ് കടകൾ രാത്രി ഒമ്പത് വരെ തുറന്നിരിക്കുക. അല്ലാത്ത ദിവസങ്ങളിൽ ആറിന് പൂട്ടും. തിങ്കൾ മുതൽ വെള്ളിവരെ എല്ലു മുറിയെ പണിയെടുക്കുന്നവർക്ക് വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായർവരെ ആഘോഷമാണ്; യാത്രകളും.…

ആദ്യദിവസം പെർത്തിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. നേരെ പോയത് ഹിലരിയിൽ( Hillary’s) ആണ്. അവിടെയാണ് പടിഞ്ഞാറൻ ഓസ്ട്രേലിയിലെ ഏറ്റവും വലിയ അക്വാറിയവും അണ്ടർ വാട്ടർ ടണലും സ്ഥിതിചെയ്യുന്നത്.
അക്വാ [AQUA(The Aquar­i­um of West­ern Aus­tralia)] കടലിന്നഗാധമാം(12000 കിലോമീറ്ററിലധികം ആഴം) നീലിമയിലെ അത്ഭുതലോകം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. കുഞ്ഞു മത്സ്യങ്ങൾ മുതൽ വമ്പൻ സ്രാവുകൾ, കടലാമകൾ, സീ ഡ്രാഗൺ((seadragon), പവിഴപ്പുറ്റുകൾ തുടങ്ങി അവിശ്വസനീയങ്ങളായ അൻപതോളം പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ സമുദ്രജീവികൾ സാഗരനുഭൂതി പകർരുന്നുകൊണ്ട് അവിടെയുണ്ട്. തുറമുഖനഗരമായ ഫ്രീമാന്റിൽ സിറ്റി (Fre­man­tle city) യിലേയ്‌ക്കായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര.

വിക്ടോറിയൻ വാസ്തു വിദ്യയുടെ, ബ്രിട്ടീഷ് പീനൽ കോളനി എന്ന നിലയിലുള്ള അവശേഷിപ്പുകളായ പള്ളികൾക്കിടയിലൂടെ നടത്തം പുരാതന നഗര പ്രതീതിയുണർത്തി. 1897ൽ നിർമ്മിച്ച ഫ്രീമാന്റിൽ മാർക്കറ്റ് വെള്ളി, ശനി, ഞായർ, പൊതുവായ അവധി ദിനങ്ങൾ തുടങ്ങിയവയിൽ മാത്രം തുറന്നു പ്രവർത്തിക്കുന്നവയാണ്. 1850കൾ മുതൽ 91 വരെയുള്ള കുറ്റവാളികളെ പാർപ്പിച്ച ഫ്രീ മാന്റിൽ ജയിലും ഇവിടെയാണ്. പെർത്ത്‌ സംസ്കാരത്തിന്റെ പ്രധാനഭാഗമായ, കുടി വെള്ളത്തിന്റെ മുഖ്യ ഭാഗവും പ്രദാനം ചെയ്യുന്ന അതിമനോഹരമായ സ്വാൻ നദിക്കരയിലും കുറച്ചു നേരം ചെലവഴിച്ചു. പ്രകൃതി സൗന്ദര്യങ്ങളിൽ മതിമയങ്ങി രുചിവൈഭവങ്ങൾ ആസ്വദിക്കുന്ന വേളയിൽ ഭക്ഷണം തട്ടിയെടുത്തു പറക്കുന്ന കറുപ്പും വെളുപ്പും കലർന്ന പക്ഷികൾ (Aus­tralian mag­pie) ഞങ്ങൾക്ക് ഒരു ശല്യമായി തോന്നാതിരുന്നില്ല. നമ്മുടെ കാക്കകളുടെ ഇരട്ടി വലിപ്പമുള്ള കാക്കകളും വെള്ളക്കാക്കകളെന്നു തോന്നിപ്പിക്കുന്ന(Silver gull) പക്ഷികളും യാത്രയിലുടനീളം കൗതുകമുണർത്തി. തൊട്ടരികിൽ സ്ഥിതി ചെയ്യുന്ന കിങ്‌സ് പാർക്കും വെസ്റ്റേൺ ഓസ്‌ട്രേലിയൻ ബൊട്ടാണിക് ഗാർഡനും അവിടെ നിന്നുള്ള നഗരക്കാഴ്ചയും അതിമനോഹരമാണ്.

തദ്ദേശീയ സസ്യജാലങ്ങളുടെ സംരക്ഷണത്തിനായുള്ള മികച്ച ശേഖരങ്ങളും വിവിധയിനം പക്ഷികളും പൂന്തോട്ടങ്ങളും തുറന്ന വിനോദമേഖലകളും ചേർന്ന വിസ്തൃതമായ കിംഗ്സ്‌ പാർക്കിൽ, വിനോദസഞ്ചാരസൗകര്യങ്ങൾ കൂടാതെ സ്റ്റേറ്റ് വാർ മെമ്മോറിയൽ, റോയൽ കിങ്‌സ് പാർക്ക് റിസർവോയർ എന്നിവയുമുണ്ട്. ലോകമഹായുദ്ധങ്ങളിൽ മരണമടഞ്ഞ, പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ സേവകർക്കായി കുടുംബാംഗങ്ങൾ സമർപ്പിച്ചവയാണ് അവിടുത്തെ വൃക്ഷങ്ങൾ. കിയോസ്‌ക്ക്, ബൊട്ടാണിക്കൽ കഫേ, ഫ്രേസർ റെസ്റ്റോറന്റ് എന്നിവ ഫ്രേസർ അവന്യൂവിലാണ്. സന്ധ്യ മയങ്ങി…. അപ്പോഴുണ്ടായ ചാറ്റൽ മഴയിൽ തണുപ്പേറിയേറി വരുന്നതായി തോന്നി. നദിക്കരകളും അകലെ വൈദുതി വെളിച്ചത്തിൽ വിവിധ വർണങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന പെർത്ത്‌ നഗരവും മനം കുളിർപ്പിച്ചുകൊണ്ടിരുന്നു.

 

അന്നത്തെ അത്താഴം ഒരു മലയാളി സുഹൃത്തിന്റെ വീട്ടിലായിരുന്നു. നമ്മുടെ സംസ്‌കാരം കൈവിടാത്ത, പച്ചമലയാളത്തിൽ സംസാരിക്കുന്ന മക്കൾ മനംകവർന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുമ്പോൾ സകലതൊഴിലുകളും പഠിച്ചു ഡ്രൈവിങ് ലൈസൻസുമായാണ് കുട്ടികൾ പുറത്തിറങ്ങുന്നത്. തുടർപഠനം വേണമെന്ന് ആഗ്രഹമുള്ളവർക്ക് സ്വന്തമായി അധ്വാനിച്ചു തുടരാം. അത്‌ അവരും പാലിക്കുന്നു. 20 വർഷമായി അവിടെ പാർക്കുന്നവർക്ക് നാട്ടിലേയ്ക്ക് വരാൻ താല്പര്യമില്ലാത്തതുപോലെ തോന്നി. കാരണം ഈ നാട്ടിൽ മരം വീണോ, അടിപിടി അക്രമത്തിലൂടെയോ, പീഡനം മൂലമോ ആരും മരിക്കുന്നില്ല. സുരക്ഷയിലുള്ള വിശ്വാസം, വിഷമില്ലാത്ത ഭക്ഷണവിഭവങ്ങളും കൃത്യമായ മാലിന്യനിർമ്മാർജ്ജനവും(കാടും കടൽത്തീരവും പൊതുനിരത്തുകളും എല്ലാം ഒരേ വൃത്തിയിൽ) ആരോഗ്യത്തിലും വളരെ മുന്നിലാണ്. എല്ലാ ജോലിക്കും മാന്യതയും വേതനവും. അവര്‍ സന്തുഷ്ടരാണ്.

തൊട്ടടുത്ത ദിവസം രാവിലെ വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെർത്തിൽ (PERTH CBD)നിന്നും 433കി.മി യാത്ര ചെയ്യാൻ എടുത്തത് വെറും അഞ്ചു മണിക്കൂർ. (110കി.മീ വേഗത). ഇരുവശങ്ങളും കാടും ഇടയ്ക്കിടെ മേടും നല്ല റോഡും അതിദീർഘമായ യാത്രയുടെ മടുപ്പ് ഉളവാക്കിയില്ല. ദൂരെ പച്ചപ്പിൽ മേയുന്ന നാൽക്കാലികളെയും ഇടയ്ക്ക് കങ്കാരുവിനെയും കാണാൻ കഴിഞ്ഞു. വഴിയിലുടനീളം ചത്തു കിടക്കുന്ന കങ്കാരുക്കളെയും കാണാം. റോഡിന്റെ മധ്യത്തിൽ ഒരനക്കവുമില്ലാതെ നിൽക്കുന്ന കങ്കാരുവിനെ കണ്ടതും കാറിന്റെ വേഗത കുറച്ചു. എന്നിട്ടും കുറേനേരം കഴിഞ്ഞാണ് അത് കാട്ടിലേയ്ക്കു ചാടിയത്. അതി വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവയെ കണ്ടില്ലെങ്കിൽ ദുരന്തമാണ്. വാഹനം തകരും. കങ്കാരുവും ചാകും.

വാൾപോൾ പട്ടണത്തിനും ഡെന്മാർക്കിനും ഇടയിലുള്ള ഹൈവേയിൽ നിന്നും അല്പം ഭീമാകാരമായ ചുവന്ന യൂക്കാലിപ്റ്റസ് മരങ്ങഴുടെ താഴ് വര സ്ഥിതിചെയ്യുന്നത്. ഭീമന്‍ മരങ്ങളുടെ മുകളിലൂടെയുള്ള യാത്ര വേറിട്ടൊരു അനുഭവമാണ്. അന്തർദേശീയമായി അംഗീകരിക്കപ്പെട്ട പ്രകൃതിയുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന ഇവിടെ പുരാതനമായ(65 ദശലക്ഷം പഴക്കമുള്ള)ചുവന്ന ടിങ്കിൾ മരങ്ങളുണ്ട്. ഇവ ഭീമൻ യൂക്കാലിപ്റ്റ്സ് മരങ്ങളാണ്. കാട്ടുതീ മൂലം ആന്തരികഭിത്തികൾ കറുത്തിരുണ്ട് വിശാലമായ ഗുഹയായി മാറിയ 400 വർഷത്തിലേറെ പഴക്കമുള്ള വൃക്ഷങ്ങൾ കാടിന്റെ മേലാപ്പിൽ ഉയർന്നിരിക്കുന്നു. കൂറ്റൻ പൊള്ളയായ ആ മരങ്ങൾക്കുള്ളിൽ നിന്ന് ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ ആരും ഇഷ്ടപ്പെടും. അതുപോലെ, പരിസ്ഥിതിവ്യവസ്ഥയെ സ്പർശിക്കാതെ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലത്തിലൂടെ 40 മീറ്റർ ഉയരത്തിൽ 600മീറ്റർ ദൂരം മരങ്ങളെപ്പോലെ ചാഞ്ചാടിയാടിയുള്ള നടത്തം എത്രമാത്രം ആവേശഭരിതമാണെന്നോ! വൃക്ഷങ്ങളുടെ തലയ്‌ക്കു മീതെയെത്തി താഴേയ്ക്കു നോക്കിയപ്പോഴാണ് നിൽക്കുന്ന ഉയരത്തെകുറിച്ചു ഭീതിയോടെ ബോധവതിയായത്! ഇരുപതു മിനിറ്റോളം നടന്നു ഭൂമിയിലേക്കിറങ്ങുമ്പോൾ. പ്രകൃതിയുടെ സ്പന്ദനത്തിൽ അലിയാൻ കൊതിയേറി… തുടർന്ന് വില്യം ബേ നാഷണൽ പാർക്കിന്റെ ഹൃദയ ഭാഗത്തുള്ള എലിഫന്റ് റോക്‌സും എലിഫന്റ് കോവിലേയ്ക്കുമായിരുന്നു യാത്ര.

മഴയായതിനാൽ തീരം വിജനമായിരുന്നു. കാർപാർക്കിൽ നിന്നും ഇരുവശവുമുള്ള കാട്ടുപൂക്കളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് തടി ഗോവണിപ്പടിയിലൂടെ ഗ്രീൻസ് പൂളിലേക്ക് നടക്കുമ്പോൾ ചാറ്റൽ മഴയുണ്ടായിരുന്നു. വെളുത്ത നിറമുള്ള മണൽത്തരികളിലേയ്ക്കു അരിച്ചുകയറുന്ന പച്ചനിറമുള്ള തെക്കൻ സമുദ്രത്തിരമാലകൾ സൗമ്യമായിരുന്നു. അക്കരെ അന്റാർട്ടിക്കയുടെ തണുപ്പ് മുഴുവനും പ്രവഹിപ്പിക്കുന്ന ഗ്രാനൈറ്റ് പാറകൾ, പച്ച ടർക്കോയിസ്‌ വെള്ളം, കാർമേഘം മൂടിയ അന്തരീക്ഷവും. അസ്തമയം കാണാനാകില്ലല്ലോ എന്ന് വിഷമിച്ചു നിന്നപ്പോൾ മെല്ലെമെല്ലെ സൂര്യൻ മേഘപാളികൾ നീക്കി പുറത്തുവന്നു. തീരമാകെ ചുവന്നു തുടുത്തു. അവിടെ നിന്നും വിശാലമായ സമുദ്രത്തിലെ പാറകൾക്കപ്പുറത്തുള്ള പാറക്കൂട്ടങ്ങൾക്കരികിൽ എത്തി. ആഴം കുറഞ്ഞ കടല്‍മാലകളിൽ ഇളകുന്ന, പ്രകൃതിയുടെ വിസ്മയമായ, ആനക്കൂട്ടത്തോട് സാമ്യമുള്ള കരിങ്കല്ലുകളാണ് എലിഫന്റ്‌ റോക്ക്സ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുശേഷം, ഭൂമിയുടെ ഉപരിതലത്തിനടിയിൽ ഉരുകിയ മാഗ്മയുടെ ശീതീകരണത്തിലും ദൃഢീകരണത്തിലും നിന്നാണ് എലിഫന്റ് റോക്ക്സ് ഉത്ഭവിച്ചത്‌. വലിയ പാറക്കൂട്ടങ്ങളുള്ള ഒരു സംരക്ഷിത ഉൾക്കടലായ എലിഫന്റ്‌ കോവിലേയ്ക്ക് തടി ഗോവണിയിലൂടെയും കല്ല് വിള്ളലുകളിലൂടെയും ഇറങ്ങണം! ഭീമാകാരമായ പാറകളാലും അഗ്നിപർവതപ്പാറകളാലും ചുറ്റപ്പെട്ട കടൽത്തീരം പ്രാകൃതമാണ്. എലിഫന്റ് കോവിലേക്കുള്ള പ്രവേശനത്തിന് കാവൽ നിൽക്കുന്ന രണ്ട് വലിയ പാറക്കൂട്ടങ്ങൾക്കിടയിൽ ആർത്തലച്ചുകുതിക്കുന്ന തിരമാലകൾ നോക്കിനിന്നപ്പോൾ സമയം പോയതറിഞ്ഞില്ല. രാത്രിയിൽ ആളനക്കമില്ലാത്ത ആ പ്രദേശത്തുനിന്നും തിരിച്ചുനടക്കുമ്പോൾ നമ്മുടെ നാട്ടിൽ നമുക്കുളവാകുന്ന ഭീതി സ്വാഭാവികമായും ഉണ്ടായി. അത്താഴത്തിന് ഇന്ത്യൻ ഭക്ഷണം കഴിച്ചു. പ്രത്യേകം പറഞ്ഞു മസാലക്കൂട്ടുകൾ ചേർപ്പിച്ചു. തണുപ്പില്‍ അത് സുഖമായി. അങ്ങനെ രാത്രി ആൽബനിയിൽ കഴിഞ്ഞു.

രാവിലെ ആൽബനി പട്ടണത്തിന്റെ മധ്യഭാഗത്തുനിന്ന് അല്പം അകലെയുള്ള ഗ്യാപ്പും പ്രകൃതിദത്തമായ പാലവും കാണുന്നതിനായി യാത്ര പുറപ്പെട്ടു. പതിവുപോലെ പ്രാതലും ഉച്ചഭക്ഷണവുമായി ബർഗർ തന്നെ. സമയലാഭമാണ് ലക്ഷ്യം. തുറന്ന ഗ്രാനൈറ്റ് കൊത്തളങ്ങൾക്കു മുകളിലൂടെയുള്ള പാതയിലൂടെ 400 മീറ്റർ ഉയരത്തിൽ നിന്നു കടൽ കാണാനുള്ള പ്ലാറ്റ്ഫോമിലെത്തിയപ്പോൾ ഇടിമിന്നലുകൾ പോലെയുള്ള കൂറ്റൻ തിരമാലകൾ പാറക്കെട്ടുകളിൽ ആഞ്ഞടിക്കുകയും മഴയും ശീതക്കൊടുങ്കാറ്റും എല്ലാം ചേർന്ന് ചിന്നിച്ചിതറിയ വെള്ളം ദേഹത്ത് പതിക്കുകയും ചെയ്തപ്പോൾ… ഹോ! അതൊന്നും ഒരിക്കലും മറക്കാനാവില്ല. ദി ഗ്യാപ്പിലേയും നാച്വറൽ ബ്രിഡ്ജിലേയും ബാൻഡ് ഹെഡ് മുതൽ വെസ്റ്റ് കേപ്പ് ഹോവ് വരെയുള്ള തീരക്കാഴ്ച അതിമനോഹരമെന്നേ പറയാനാവൂ. ദശലക്ഷക്കണക്കിന് വർഷങ്ങളായി തെക്കൻ മഹാസമുദ്രത്തിലെ തിരമാലകളുടെ ആഞ്ഞടിക്കൽ ഗ്രാനൈറ്റ് തീരപ്രദേശത്തെ തകർത്തതിന്റെ ഫലമായുണ്ടായതാണ് പ്രകൃതി ദത്ത പാലം(The Gyap). ഏതാണ്ട് ഇരുപത്തിയഞ്ച് മീറ്ററോളം വിസ്‌തൃതമായ ഡ്രോപ്പ് രൂപപ്പെടുത്തുന്ന ആകർഷകമായ പരുക്കൻ ഗ്രാനൈറ്റ് ചാനലാണ് ഗ്യാപ്പ്.

മാർഗരറ്റ് നദിയിൽ നിന്ന് 38 കിലോമീറ്റർ തെക്കും അഗസ്റ്റയിൽ നിന്ന് 12 കിലോമീറ്റർ വടക്കുമുള്ള കേവ്സ് റോഡ് വഴി ജ്യൂവൽ ഗുഹയിൽ എത്തി. മനോഹരമായ കാരി വനത്താൽ ചുറ്റപ്പെട്ട 250 പടികൾ വഴിയാണ് ഗുഹയിലേക്കു പ്രവേശിച്ചത്. ഗൈഡ് ടൂർ വഴി മാത്രമേ ഗുഹാപ്രവേശനം അനുവദിക്കുകയുള്ളൂ. പശ്ചിമ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഗുഹകളിലൊന്നായ ജുവൽ ഗുഹയുടെ (jew­el cave perth west­ern Aus­tralia) അതിമനോഹരമായ ഉൾവശം നിറയെ അതിലോലമായ സ്ഫടികരൂപങ്ങളാണ്. ആയിരക്കണക്കിന് വർഷങ്ങളെടുത്താണ് ഇവ രൂപപ്പെട്ടുവന്നതത്രെ. അവിശ്വനീയ സൗന്ദര്യത്തിന്റെ മൂന്നു കൂറ്റൻ അറകളുള്ള സ്ഫടികങ്ങൾ പതിഞ്ഞ ഗുഹ, അതിലോലമായ ഹെൽക്‌ ടൈറ്റുകൾ ഗുഹ, പവിഴം, പെൻഡു ലൈറ്റുകൾ, ദി കാരി ഫോറസ്റ്റ് എന്നറിയപ്പെടുന്ന വളരെ വലിയ സ്റ്റാഗ് മൈറ്റ്, ദി ഫ്രോസൺ വെള്ളച്ചാട്ടം എന്നിങ്ങനെ പലതും ഗുഹാന്തർഭാഗത്തെ വിസ്മയാവഹമാക്കി. നിരവധി ടാസ്‌മാനിയൻ കടുവകൾ, തൈലസൈനുകളുടെ ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങൾ തുടങ്ങിയവ ജുവൽ ഗുഹയുടെ അറകളിൽ ഞങ്ങളുടെ ശ്രദ്ധയാകർഷിച്ചു. ഭൂഗർഭപാതയിലൂടെ കുനിഞ്ഞും ഇഴഞ്ഞും പടികൾ ഇറങ്ങിയും കാഴ്ചകൾ കാണുമ്പോൾ ടോർച്ചുവെട്ടത്തിൽ ഗൈഡിന്റെ വിവരണം വിജ്ഞാനപ്രദമായി. തുടർന്നൊരു ഘട്ടത്തിൽ 42 മീറ്റർ ആഴമുള്ള ജ്യൂവൽ ഗുഹ പൂർണമായും ഇരുട്ടിലായി. ഈ ഇരുട്ടിൽ രണ്ടു വർഷം തുടർന്നാൽ നമ്മൾ അന്ധരായി മാറും എന്ന് ഗൈഡ് വിശദീകരിച്ചു. കണ്ടതിലും എത്രയോ ഉപരിയാണ് കാണാത്ത കാഴ്ചകൾ എന്നോർത്തപ്പോൾ ഉല്ലാസത്തിനു കിട്ടുന്ന സമയ ദൈർഘ്യമല്ല അതെങ്ങനെ ആസ്വദിച്ചു എന്നതാണ് പ്രധാനം എന്ന് മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.