21 November 2024, Thursday
KSFE Galaxy Chits Banner 2

ഗുരു ചിന്തകളിലെ ദാർശനിക പരിപ്രേക്ഷ്യം

പി കെ സഭിത്ത്
September 21, 2024 4:29 am

കേരളീയ നവോത്ഥാനത്തിന് വ്യക്തമായ ദിശാബോധമുണ്ടായിരുന്നു. അത് ജാതിയെയും മതത്തെയും മാത്രം അടിസ്ഥാനമാക്കിയല്ല പ്രവർത്തിച്ചത്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് നടന്നത്. ഈ മുന്നേറ്റങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തത് അവർണ സമുദായത്തിൽ ജനിച്ച ശ്രീനാരായണ ഗുരുവായിരുന്നു. ജാതി ചിന്ത ഉത്തരേന്ത്യയിൽ പരസ്യമായി എതിർക്കപ്പെടാത്തതുകൊണ്ടുതന്നെ അവിടെ നവോത്ഥാന പ്രസ്ഥാനം പുതിയ ചിന്താഗതികൾക്ക് രൂപം നല്‍കി. ബ്രഹ്മസമാജം, ആര്യസമാജം, പ്രാർത്ഥനാസമാജം തുടങ്ങിയ ആധുനിക വരേണ്യമതങ്ങൾ രൂപപ്പെട്ടു. ‘ആര്യസമാജം, ബ്രഹ്മസമാജം മുതലായ പ്രസ്ഥാനങ്ങൾ ഹിന്ദുമതത്തിലെ ആചാരങ്ങളും ജീർണതകളും ദുരീകരിച്ച് അതിനെ നവീകരിക്കാൻ ശ്രമിച്ചു. ആര്യ സമാജത്തിന്റെ സ്ഥാപകൻ ദയാനന്ദ സരസ്വതിയുടെ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും അത് കാലാന്തരത്തിൽ രൂപാന്തരം പ്രാപിച്ച് മറ്റു മതങ്ങൾക്കെതിരായി. പ്രത്യേകിച്ച് ഇസ്ലാമിനെതിരായി ആക്രമണോത്സുകമായ ഹിന്ദുമതമായി വളർന്നു. ശ്രീനാരായണന്റെ പ്രത്യേകത അദ്ദേഹം പുതിയതായി യാതൊരു മതവും സൃഷ്ടിച്ചില്ല എന്നതാണ്.
1917ൽ നാരായണഗുരു പറഞ്ഞു. ഇനി ക്ഷേത്ര നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. പ്രധാന ദേവാലയം, വിദ്യാലയമായിരിക്കണം. പണംപിരിച്ച് പള്ളിക്കൂടങ്ങൾ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്. മാർക്സിയൻ ചിന്തകളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ഒന്നായിരുന്നു ഗുരു ദർശനം. ജാതിക്കും മതത്തിനും അപ്പുറം പുരോഗമന ചിന്തകൾക്കും വിദ്യാഭ്യാസത്തിനും അത് പ്രാമുഖ്യം നല്‍കി. വാസ്തവത്തിൽ കേരളത്തിന്റെ തനത് ദാർശനികമായ കാഴ്ചപ്പാടുകളെ അക്കാദമിക് ചിന്തയോടുകൂടി ദർശിച്ച മഹാനായിരുന്നു നാരായണഗുരു. മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ലെന്ന് ഗുരു പറയുന്നുണ്ട്. ഇത്തരമൊരു സൈദ്ധാന്തികമായ ബലത്തിലാണ് ഗുരു തന്റെ ചിന്താപദ്ധതികൾ മുന്നോട്ടുവച്ചത്. ആലുവയിൽ നടന്ന സർവമത സമ്മേളനത്തിൽ വച്ച് ഗുരു ശിവഗിരിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മഹാപാഠശാലയെപ്പറ്റി പറയുന്നുണ്ട്. ഈ പാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് അത് നടപ്പിലാക്കാനായിരുന്നു ഉദ്ദേശ്യമെങ്കിലും അത് സ്വപ്നം മാത്രമായി അവശേഷിച്ചു.
ഗുരുവിന്റെ വാക്കുകളും ദർശനങ്ങളും വളരെ സജീവമായി നിലനില്‍ക്കുമ്പോൾത്തന്നെ അതിനെ വിരുദ്ധമായി വ്യാഖ്യാനിക്കുകയും പ്രവൃത്തിപഥത്തിൽ എത്തിക്കുകയും ചെയ്തത് സമകാലീന കേരളത്തിന്റെ വിരുദ്ധോക്തിയാണ്. ‘മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃതബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യനെ ഉത്തമമായ ദർശനത്തിലേക്ക് നയിക്കുന്നതുമായിരിക്കണമെന്ന് നാരായണഗുരു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. മലയാളത്തിലും തമിഴിലും സംസ്കൃതത്തിലുമെല്ലാം അഗാധപാണ്ഡിത്യമുള്ള ഗുരുവിന്റെ കൃതികൾ ആ ചിന്തയുടെ വജ്രശോഭ കാട്ടിത്തരുന്നു. ‘ആത്മോപദേശശതകം’ ശ്രീനാരായണ ഗുരുവിന്റെ തനതായ തത്വദർശനങ്ങൾ ഉൾക്കൊള്ളുന്ന കൃതിയാണ്. സംസ്കൃതത്തിൽ എഴുതിയ ‘ദർശനമാല’ എന്ന കൃതി ഭാരതീയ ഉപനിഷത്തുക്കളുടെ സാരം സംഗ്രഹിച്ചെഴുതിയതാണ്. തത്വചിന്തകളുടെ ബഹുസ്വര ദർശനം അവതരിപ്പിച്ച ഗുരുവിനൊപ്പം കേരളം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
ശ്രീനാരായണ ഗുരുവിലൂടെ നടന്ന കേരളത്തിന്റെ സാമൂഹിക പരിഷ്കരണം ശരിക്കും ബൗദ്ധികമായാണ് സംഭവിച്ചത്. ക്ഷേത്രാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയില്‍ സ്വാഭാവികമായും ബിംബാരാധനയിൽ മുഴുകിയ സമൂഹം ഉണ്ടായിരുന്നു. യാഥാസ്ഥിതികവും വ്യവസ്ഥാപിതവുമായ ചിന്താഗതിയുള്ള സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുക വലിയ വെല്ലുവിളിയായിരുന്നു. അന്നത്തെ സമൂഹം അവലംബിക്കുന്ന ചിന്തയ്ക്ക് അനുയോജ്യമായ സമാന്തര ദർശനങ്ങൾ കൊണ്ടുവന്നായിരുന്നു ഗുരു വൻ പരിവർത്തനമുണ്ടാക്കിയത്. 1888ലെ ഗുരുവിന്റെ പ്രവൃത്തി അതായിരുന്നു. അരുവിപ്പുറത്തെ ഒരു പൂഞ്ചോലയിൽ മുങ്ങിത്തപ്പി ശിലയെടുത്ത് ശിവലിംഗമായി പ്രതിഷ്ഠിച്ചു. ബ്രാഹ്മണ മേധാവിത്തത്തിനെതിരെയുള്ള വെല്ലുവിളിയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. വലിയ തർക്കങ്ങൾക്ക് കാരണമായേക്കാവുന്ന ചോദ്യത്തെ ഏതൊരു ജനസാമാന്യത്തിനും ഉൾക്കൊള്ളാവുന്ന ചിന്തകൊണ്ടായിരുന്നു നാരായണ ഗുരു മറികടന്നത്. “ഞാൻ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്” ഇതായിരുന്നു ആ ലളിതയുക്തി.
‘ശില’ എന്ന ഭൗതിക വസ്തുവിനെ മുൻനിർത്തി ദാർശനികമായ ചിന്താധാരയാണ് ഗുരു തുറന്നുവിട്ടത്. ഈ പ്രായോഗിക വീക്ഷണം വലിയൊരു വിഭാഗം ജനതയുടെ സ്വത്വബോധം ഉണർത്തി. അകറ്റിനിർത്തപ്പെട്ടവർ അസ്തിത്വം തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വന്നു. നൂറ്റാണ്ടുകളോളം ക്രിസ്ത്യൻ മിഷണറിമാർ നടത്തിയ പ്രവൃത്തികളെപ്പോലും മറികടക്കുന്നവിധം വിദ്യാഭ്യാസ രംഗത്ത് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ ഇടപെടൽ നടത്തി. 1914 തിരുവിതാംകൂറിൽ ആകെയുള്ള ഈഴവ വിദ്യാർത്ഥികൾ 23,893 ആയിരുന്നു. 1918 ആകുമ്പോഴേക്കും 51,114 ആയി ഉയർന്നു. കേവലം നാലുവർഷം കൊണ്ട് 114 ശതമാനം വർധനവ്. 1914ൽ ഏതാണ്ട് രണ്ടായിരം പുലയ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1918ൽ 17,753 ആയി ഇത് വർധിച്ചു. നാലു വർഷം കൊണ്ട് വൻ വർധനവാണ് ഉണ്ടായത്. ഒരേസമയം ദാർശനികവും ബൗദ്ധികവുമായ സമീപനം പുലർത്തിയതിന്റെ ഫലമാണിത്.
അക്കാലത്ത് ശക്തമായ സ്വാധീനം ചെലുത്തിയ ചില അധഃസ്ഥിത മുദ്രകൾ ആചാരങ്ങളുടെ രൂപത്തിൽ സമൂഹത്തിന്റെ ബോധത്തിലും അബോധത്തിലും സ്ഥാപിക്കപ്പെട്ടിരുന്നു. ഈഴവർക്കിടയിൽ അന്നുണ്ടായിരുന്ന വിവാഹ രീതി ഏറെ വിചിത്രമായിരുന്നു. 1904ൽ പറവൂരിൽ നാരായണ ഗുരുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് വിവാഹച്ചടങ്ങുകൾക്ക് പരിഷ്കരിച്ച രൂപം ഉണ്ടാക്കിയത്. നാരായണഗുരു മുന്നോട്ടുവച്ച സമഗ്ര ദർശനം സ്ഥാപിത താല്പര്യങ്ങൾക്കെല്ലാം ഉപരിയായിരുന്നു. പ്രത്യേക ജാതിയെയും മതത്തെയും മാത്രം അത് ഒരിക്കലും മുന്നിൽ കണ്ടില്ല. അവർണ സമുദായങ്ങൾ മാത്രമല്ല, സവർണരും ഗുരു കാട്ടിയ പാതയിലൂടെ മുന്നേറി.
ഗുരുദർശനത്തിന്റെ വരവോടെയാണ് നമ്പൂതിരി സമുദായത്തിൽ വലിയ പരിവർത്തനങ്ങൾ ഉണ്ടായത്. വക്കം അബ്ദുൾ ഖാദർ മൗലവി നാരായണ ഗുരുവുമായി അടുത്ത് സമ്പർക്കം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. മുസ്ലിം വിദ്യാഭ്യാസ രംഗത്ത് ചലനാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കാൻ വഴിതുറന്നത് ഈ മഹാരഥന്മാർ തമ്മിലുള്ള അടുപ്പമാണ്. വിദ്യാഭ്യാസത്തിനും വ്യവസായത്തിനുമുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് ദീർഘവീക്ഷണത്തോടെയുള്ള ഗുരുവിന്റെ കാഴ്ചപ്പാടുകളായിരുന്നു കേരളത്തിന്റെ സമഗ്രമായ പരിവർത്തനത്തിലേക്ക് നയിച്ചത്. വിദ്യയിലൂടെ പ്രബുദ്ധരായ സമൂഹത്തെ സൃഷ്ടിക്കുകയും വ്യവസായത്തിലൂടെ അഭിവൃദ്ധിയിലേക്ക് സമൂഹത്തെ നയിക്കാൻ കഴിയുമെന്ന ചിന്തയും അദ്ദേഹത്തിന്റെ ദീർഘ വീക്ഷണമായിരുന്നു.
ജാതിവ്യവസ്ഥയെ അതിന്റെ സൂക്ഷ്മതലത്തിൽ നിഷ്കാസനം ചെയ്യാൻ ഘട്ടംഘട്ടമായുള്ള ചില സമീപനങ്ങളായിരുന്നു ഗുരു സ്വീകരിച്ചത്. തർക്കങ്ങൾക്ക് ഇടംകൊടുക്കാത്ത അനായാസമായ സഞ്ചാരമായിരുന്നു അത്. 1924ൽ ആലുവയിൽ വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ കവാടത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി; “വാദിക്കുവാനും ജയിക്കുവാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം വിളിച്ചുകൂട്ടിയത്”. ഏവർക്കും മനസിലാകുന്ന ലളിതയുക്തിയിൽ മതങ്ങളെക്കാൾ ഉപരി മനുഷ്യനാണ് പ്രധാനം എന്ന് പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു. സമൂഹത്തെ പ്രബുദ്ധരാക്കാൻ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ ഗുരു ആന്തരികവും ബാഹ്യവുമായ സംസ്കരണമാണ് നടത്തിയത്. കുമാരനാശാനെ ബംഗളൂരുവിലേക്കും കൽക്കത്തയിലേക്കും അയച്ചു പഠിപ്പിച്ചത് ഒരു നിദർശനമാണ്. “സംഘടനയിലൂടെ ശക്തരാവുക, വിദ്യാഭ്യാസത്തിലൂടെ സ്വതന്ത്രമാവുക” എന്ന സന്ദേശം ഗുരു നടപ്പിലാക്കിയത് കുമാരനാശാനിലൂടെയായിരുന്നു.
അരുവിപ്പുറത്തെ പ്രതിഷ്ഠയെ തുടർന്ന് ഗുരുവിന്റെ നേതൃത്വത്തിൽ നിരവധി ക്ഷേത്രങ്ങൾ നിർമ്മിച്ചിരുന്നു. ഗുരുവിനെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങൾ ഭൗതികമായ ഒരു ഇടം മാത്രമായിരുന്നു. സമൂഹത്തിന്റെ ബോധത്തിലും അബോധത്തിലും മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ഒന്നായി ക്ഷേത്രം എന്ന സങ്കല്പത്തെ മാറ്റിയെടുത്തു. മാനവസമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നവിധം നവീന വിപ്ലവമാണ് ഗുരു നടത്തിയത്. മുരുക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമ്മം, ദയ, സ്നേഹം എന്ന മുദ്രാവാക്യമായിരുന്നു പ്രതിഷ്ഠ. കാരമുക്ക് ക്ഷേത്രത്തിലെ പ്രതിഷ്ഠ കെടാവിളക്കായിരുന്നു. ചേർത്തലയ്ക്കടുത്ത് കളവംകോട് ക്ഷേത്രത്തിലും വൈക്കത്തെ ഉല്ലല ഓംകാര ക്ഷേത്രത്തിലും കണ്ണാടി. ആലുവയിലാണെങ്കിൽ പ്രതിഷ്ഠതന്നെയില്ല. ഇത്തരം വൈവിധ്യങ്ങൾ കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു.
മുദ്രാവാക്യങ്ങളും കെടാവിളക്കും കണ്ണാടിയുമെല്ലാം പ്രതിഷ്ഠിച്ചതിലൂടെ സമൂഹത്തിന്റെ ബോധമനസിലാണ് പരിവർത്തനങ്ങളുണ്ടായത്. ഗുരുദർശനം ഒരു നിശ്ചിത കാലഘട്ടത്തിന്റെ ആവശ്യത്തെ മാത്രം നിറവേറ്റുന്നതായിരുന്നില്ല. കാലമെത്ര കഴിഞ്ഞാലും ലോകമെത്ര മാറിയാലും നമ്മുടെ സാംസ്കാരിക പ്രയാണത്തിന് ഇന്നും അടിത്തറയായി നിലനില്‍ക്കുന്ന ദിശാസൂചകമാണത്. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.