27 December 2025, Saturday

പി ബാലചന്ദ്രമേനോന്‍; വിപ്ലവകാരികള്‍ക്കിടയിലെ അഗ്രഗാമി

വി ചാമുണ്ണി
April 27, 2025 7:50 am

സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും തൊഴിലാളി നേതാവുമായ പി ബാലചന്ദ്രമേനോന്‍ വിദ്യാര്‍ത്ഥി ജീവിതകാലത്ത് തന്നെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുകയും സൈമണ്‍ കമ്മീഷനെതിരെ രംഗത്തിറങ്ങുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ട 1939 മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത നേതാവാണ്. മലബാറില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമായ സാഹചര്യത്തില്‍ സഖാവ് കൃഷ്ണപിള്ള തിരുവിതാംകൂര്‍, കൊച്ചി, മദിരാശി, കോയമ്പത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സീനിയര്‍ നേതാക്കളെ നിയോഗിച്ച കൂട്ടത്തില്‍ മേനോനെ മദിരാശിയിലേക്കാണ് അയച്ചത്. സ്വാതന്ത്ര്യസമര കാലങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല തമിഴ്‌നാട് കേന്ദ്രീകരിച്ചായതിനാല്‍ കേരളത്തിന്റെ അക്കാദമിക് ചരിത്രകാര•ാരുടെ ദൃഷ്ടിയില്‍ പതിയാതെ പോയതുകൊണ്ടാകാം അദ്ദേഹത്തിന് ചരിത്രത്തിന്റെ പുറത്തു നില്‍ക്കേണ്ടിവന്നത്. പാലക്കാട് ജില്ലയിലെ വടവന്നൂരില്‍ പാറയ്ക്ക്ല്‍ ഗൗരിയമ്മയുടെയും ബ്രിട്ടീഷ് സര്‍ക്കാരിലെ ജുഡീഷ്യല്‍ സര്‍വീസില്‍ സബ് ജഡ്ജിയായ ആയിരനാഴി കോവിലകത്തെ കുഞ്ഞുണ്ണി രാജ എന്ന എ.സി.കെ രാജയുടെയും പുത്രനായി 1910 ലാണ് ബാലചന്ദ്രമേനോന്റെ ജനനം. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ് അമ്മയുടെ കുടുംബം. അമ്മാവനായ വിശ്വനാഥമേനോനും അമ്മ പാറയ്ക്കല്‍ ഗൗരിയമ്മയും സ്വാതന്ത്ര്യ സമര പോരാളികളായിരുന്നു. പാറക്കല്‍ കുടുംബത്തിലെ വാസുമേനോന്‍ മലബാര്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ പാരമ്പര്യമുള്ള കുടുംബത്തിലെ പ്രമുഖ അംഗമെന്ന നിലയില്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലം മുതല്‍ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ഇഴചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബാലചന്ദ്രമേനോന് കഴിഞ്ഞു. വിക്‌ടോറിയ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പാലക്കാട് കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ കേസുമായി ബന്ധപ്പെട്ടാണ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ ഇടപെട്ടാണ് അന്ന് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചത്.

വിക്‌ടോറിയ കോളേജില്‍ നിന്നും ബിരുദമെടുത്ത ശേഷം നിയമബിരുദം പൂര്‍ത്തിയാക്കി പാലക്കാട് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ സമയത്താണ് മേനോന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. 1928 ലെ സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണ സമരത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവുമായി അടുത്ത അദ്ദേഹം കൃഷ്ണപ്പിള്ളയുടെ സ്വാധീനം നിമിത്തം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് 1939 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു. പാലക്കാട്ടെ കൊടുവായൂര്‍, പുതുനഗരം പ്രദേശങ്ങളിലെ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1939 ലാണ് കൊടുവായൂരില്‍ ബീഡി തൊഴിലാളി സമരം നടന്നത്. കൂലി വര്‍ധനവിനൊപ്പം ഒരു കെട്ട് ഇല വേണം, ബ്രിട്ടീഷുകാര്‍ പോകണം എന്നീ മുദ്രാവാക്യങ്ങളും സമരത്തില്‍ മുഴക്കിയിരുന്നു. പണിമുടക്കിയ തൊഴിലാളികളെ പോലീസിനെയും എംഎസ്പിയെയും ഉപയോഗിച്ച് മുതലാളിമാര്‍ മര്‍ദ്ദിച്ചൊതുക്കുകയായിരുന്നു. ഈ സമരങ്ങള്‍ക്ക് ബാലചന്ദ്രമേനോനെ കൂടാതെ ആലത്തൂര്‍ ആര്‍ കൃഷ്ണന്‍, എ കെ രാമന്‍കുട്ടി, കുഞ്ഞിരാമന്‍ മാസ്റ്റര്‍, ടി എം നൂറത്ത, സുലൈമാന്‍ എന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശാനുസരണം ബാലചന്ദ്രമേനന്റെ പ്രവര്‍ത്തന രംഗം തമിഴ്‌നാട്ടിലേക്ക് മാറ്റുന്നത് ഈ സമയത്താണ്. ഇ കെ നായനാര്‍, എ വി കുഞ്ഞമ്പു, കെ കെ വാര്യര്‍, കൊങ്ങശേരി കൃഷ്ണന്‍, ആര്‍ ഉമാനാഥ്, ശര്‍മ്മാജി, രാമചന്ദ്രന്‍ നെടുങ്ങാടി തുടങ്ങിയവരെയും അത്തരത്തില്‍ വിവിധ ഭാഗങ്ങളിലേക്ക് സഖാവ് കൃഷ്ണപ്പിള്ള നിയോഗിച്ചിരുന്നു. പി ബാലചന്ദ്രമേനോന്‍ മദ്രാസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. തുണിമില്‍, റെയില്‍വേ, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, ഹാര്‍ബര്‍ തുടങ്ങിയ എല്ലാ മേഖലകളിലെയും തൊഴിലാളികളെ സംഘടിപ്പിച്ച അദ്ദേഹത്തെ എംപിടിയുസി (മദ്രാസ് പ്രോവിന്‍ഷ്യല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സ്) ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ചക്കരച്ചെട്ടിയാരായിരുന്നു പ്രസിഡന്റ്. മുന്‍ രാഷ്ട്രപതി വി വി ഗിരി, കാമരാജനാടാര്‍, രാജാജി തുടങ്ങിയ പ്രഗത്ഭ ട്രേഡ് യൂണിയന്‍ നേതാക്കളും അന്ന് ബാലചന്ദ്രമേനോടൊപ്പം പ്രവര്‍ത്തിച്ചവരാണ്.

ബ്രീട്ടീഷ് സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ നിരോധിച്ച സമയത്താണ് സഖാക്കള്‍ ഒളിവിലിരുന്ന് തൊഴിലാളികളെ സംഘടിപ്പിച്ചത്. രൂപീകരിച്ച സമയം മുതല്‍ തന്നെ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചിരുന്നു. ഒളിവുജീവിതം നയിക്കുന്ന സഖാക്കള്‍ ഏത് നിമിഷവും പൊലീസ് പിടിയിലകപ്പെടുന്ന അവസ്ഥയിലാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. നേതാക്കളില്‍ ഏറെ പേരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു കഴിഞ്ഞു. ക്രൂരമായ മര്‍ദ്ദനത്തിനാണ് അവര്‍ ഇരയായത്. 1939 ലാണ് ബാലചന്ദ്രമേനോനെ പൊലീസ് അറസ്റ്റ് ചെയ്തത്. 1942 ജൂലൈ 22 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ നിരോധനം ഗവണ്‍മെന്റ് നീക്കിയതിന് ശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. വെല്ലൂര്‍ ജയിലില്‍ തടവുകാരനായി കഴിയുന്ന കാലത്താണ് അദ്ദേഹം എകെജി യെ ജയിലില്‍ നിന്നും രക്ഷപ്പെടുത്തുന്നത്. പട്ടാഭി സീതാരാമയ്യ, മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ്, കോഴിപ്പുറത്ത് മാധവമേനോന്‍, എകെജി തുടങ്ങിയ പ്രധാന നേതാക്കളെല്ലാം അന്ന് വെല്ലൂര്‍ ജയിലിലുണ്ടായിരുന്നു. എങ്ങനെയെങ്കിലും എകെജി യെ പുറത്തേയ്ക്ക് വിടണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി നേതൃത്വത്തില്‍നിന്നും ലഭിച്ചിരുന്നു. തുടര്‍ന്നു നടന്ന സംഭവവികാസങ്ങള്‍ എകെജി ക്കൊപ്പം ജയില്‍ ചാടിയ സി കണ്ണന്‍ 1985 ലെ ബാലചന്ദ്രമേനോന്‍ സ്മരണികയില്‍ വിവരിച്ചിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നു.

”പകല്‍സമയം ഞങ്ങളില്‍ ചിലരെ പഠിപ്പിക്കുന്നതിനുള്ള ചുമതലയാണ് എകെജി ബാലചന്ദ്രമേനോനെ ഏല്‍പ്പിച്ചിരുന്നത്. എല്ലാദിവസവും മുടങ്ങാതെ ആ കൃത്യം നിര്‍വഹിച്ചു വരികയും ചെയ്തിരുന്നു. രാത്രി കാലത്ത് പ്രസംഗങ്ങളും മറ്റു പരിപാടികളും കഴിഞ്ഞാല്‍ ജയിലിന്റെ വന്‍മതില്‍ തുരക്കുവാനുള്ള ശ്രമകരമായ ജോലിയാണ്. അധികമാരുമറിയാതെ, ബാലചന്ദ്രമേനോന്‍ ചെയ്തു വന്നത്. അതിനുള്ള മനോധൈര്യവും അപ്പോള്‍ സഖാവിനുണ്ടായിരുന്നു. തുരന്നഭാഗം മറച്ചുവെക്കാനുള്ള സൂത്രവിദ്യയും ചെയ്തുകൊണ്ടിരുന്നു. ജയിലിനകത്ത് ഇതിനാവശ്യമായ ആയുധങ്ങള്‍ ശേഖരിക്കുന്നതിനും പുറത്തു കടക്കുവാനുള്ള പ്ലാനും പരിപാടികളും തയ്യാറാക്കുന്നതിനും പ്രധാനമായും ബാലചന്ദ്രമേനോന്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1941 സെപ്റ്റംബര്‍ 26 ന് വടക്കന്‍ ആര്‍ക്കാട് ജില്ലയുടെ പല ഭാഗങ്ങളിലും പ്രത്യംകിച്ച് വെല്ലൂര്‍, കാട്പാടി പ്രദേശങ്ങളില്‍ കഠിനമായ മഴയായിരുന്നു. തുടര്‍ന്നു മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ ബാലചന്ദ്രമേനോന്‍ ആവേശം കൊള്ളുകയായിരുന്നു. രാത്രി ഭക്ഷണത്തിനു ശേഷം സഖാവ് എന്റെ അടുക്കല്‍ വന്നു പറഞ്ഞു, ”തയ്യാറാകണം സംഗതി ഇന്നുകൊണ്ടു പൂര്‍ത്തിയാകും.” രാത്രി ഒരുമണി കഴിഞ്ഞപ്പോള്‍ ജയില്‍ ചാടാന്‍ തയ്യാറായ അഞ്ചു പേരുടെ യോഗം എകെജി ബാലചന്ദ്രമേനോന്റെ കിടപ്പുമുറിയില്‍ വിളിച്ചുചേര്‍ത്തു.

എകെജി യും ഞാനും മൂന്ന് ആന്ധ്രാ സഖാക്കളുമാണ് സംഘത്തിലുള്ളതെന്ന് അപ്പോള്‍ മാത്രമാണ് എനിക്കറിയാന്‍ കഴിഞ്ഞുള്ളു. ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ബാലചന്ദ്രമേനോന്റെ മുറിയില്‍ തയ്യാറാക്കി വെച്ചിരുന്നു. അങ്ങനെ ശേഖരിച്ച കൂട്ടത്തില്‍ മറ്റുമാര്‍ഗങ്ങളില്‍ കൂടി ജയിലില്‍ ശേഖരിച്ചുവെച്ച കുറെ കാശുമുണ്ടായിരുന്നു. എകെജി യോടൊപ്പം ജയില്‍ ചാടിയ സഖാവ് കണ്ണന്റെ വിവരണം മേനോന്റെ ധീരതയുടെ വിളംബരമാണ്. എന്നാല്‍ ‘എന്റെ ജീവിതകഥ’ യെന്ന എകെജി യുടെ ആത്മകഥയില്‍ ഇക്കാര്യം സൂചിപ്പിക്കുമ്പോള്‍ ബാലചന്ദ്രമേനന്റെ പേര് ബോധപൂര്‍വം പറയാതിരിക്കുന്ന നടപടിയെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയമായി ഭിന്നധ്രുവങ്ങളില്‍ നില്‍ക്കുമ്പോള്‍ എതിര്‍ പക്ഷത്ത് നില്‍ക്കുന്നവരെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്ന ഇത്തരം സംഘടിത ശ്രമങ്ങളാണ് പല നേതാക്കളെയും കേരള ചരിത്രത്തില്‍ അപ്രസക്തമാക്കിയത്. ജയില്‍ ചാടുന്നതിന് സഖാക്കളെ സഹായിക്കുക മാത്രമല്ല കിട്ടിയ അവസരം ഉപയോഗപ്പെടുത്തി മേനോനും ജയില്‍ ചാടിയിട്ടുണ്ട്. കല്‍ക്കട്ട തീസീസ് കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ മദിരാശി ജയിലിലായിരുന്നു അടച്ചിരുന്നത്. കഠിനമായ ഉദരരോഗം ബാധിച്ചതിനാല്‍ മദിരാശി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട അവസരത്തിലാണ് അദ്ദേഹം ജയില്‍ ചാടിയത്. ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനായതിന്റെ പത്താം ദിവസം പോലീസിന്റെ കണ്ണുവെട്ടിച്ച് അദ്ദേഹം ആശുപത്രിയുടെ പുറത്തു കടന്ന് ഒളിവില്‍ പോകുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണമായ ചികിത്സ ലഭിക്കാതിരുന്നതിനാല്‍ ഉദരരോഗം അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. 1951 ല്‍ പാര്‍ട്ടിയുടെ മേലുള്ള നിരോധനം പിന്‍വലിക്കുന്നതുവരെ ഒളിവില്‍ പ്രവര്‍ത്തിക്കേണ്ടവന്നതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരവും സങ്കീര്‍ണവുമായി അരമണിക്കൂര്‍ ഇടവിട്ട സമയങ്ങളില്‍ ലഘുഭക്ഷണം മാത്രം കഴിച്ചാണ് അദ്ദേഹം പിന്നീടുള്ള കാലങ്ങളില്‍ ജീവിച്ചത്. 

1952 ലാണ് മേനോന്‍ വീണ്ടും കേരളത്തിലെത്തുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചു ട്രേഡ് യൂണിയന്‍ മേഖലയിലാണ് അദ്ദേഹം പ്രവര്‍ത്തനം തുടങ്ങിയത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെ പേരിലുള്ള കേസുകള്‍ നടത്തുന്നതിലും പുതിയ യൂണിയനുകള്‍ സംഘടിപ്പിക്കുന്നതിലും ആദ്യകാല പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കുന്നതിലുമാണ് അദ്ദേഹം ശ്രദ്ധിച്ചത്. സംഘടനാ ക്ലാസുകളുടെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. 1957 ല്‍ കേരള ഘടകമായ കെഎസ് ടിയുസി യുടെ സെക്രട്ടറിയായും മേനോനെ തിരഞ്ഞെടുത്തു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ സംഘടന ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്നത്.

1957 ലെ ഐക്യകേരളത്തിന്റെ ആദ്യ തെരഞ്ഞെടുപ്പിലും 1960 ല്‍ നടന്ന തിരഞ്ഞെടുപ്പിലും മേനോന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ നിയമങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനും തൊഴില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ടി വി തോമസുമായി ചേര്‍ന്നു അദ്ദേഹം പ്രവര്‍ത്തിച്ചു. 1957 ലെ കര്‍ഷകബന്ധ ബില്ലിന്റെ ചര്‍ച്ചാവേളയില്‍ പ്രായോഗിക വീക്ഷണത്തോടുകൂടിയ ഒട്ടേറെ നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന പട്ടം താണുപ്പിള്ളയുടെയും ആര്‍ ശങ്കറിന്റെയും മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നിരയിലായിരുന്നിട്ടും തൊഴില്‍ നിയമങ്ങളിലുണ്ടായിരുന്ന പാണ്ഡിത്യവും തൊഴില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവും കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം 1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലചന്ദ്രമേനോന്‍ ചിറ്റൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും സോഷ്യലിസ്റ്റ് നേതാവായ ശിവരാമഭാരതിയോട് പരാജയപ്പെട്ടു. പിന്നീട് 1967 മുതല്‍ 1973 വരെയുള്ള കാലത്ത് രാജ്യസഭയില്‍ അംഗമായി പ്രവര്‍ത്തിച്ചു.

ഈ കാലഘട്ടത്തിലാണ് സാങ്കേതിക വിദ്യാഭ്യാസം നേടിയ യുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടാകുന്നത്. എഞ്ചിനീയറിങ്ങ് ബിരുധദാരികളുടെയും ഐടിഐക്കാരുടെയും സഹകരണ സംഘത്തിനാണ് അദ്ദേഹം തുടക്കം കുറിച്ചത്. പലതരം വ്യവസായങ്ങള്‍ ആരംഭിച്ച ഈ സംഘം എന്‍കോസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാല ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായിരുന്ന വി വി ഗിരി രാഷ്ട്രപതിയായ സമയമായതിനാല്‍ അദ്ദേഹവുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും സ്വാധീനിച്ചാണ് എന്‍കോസിനുള്ള സാമ്പത്തിക സഹായങ്ങള്‍ നേടിയെടുത്തത്.

എന്‍കോസിന്റെ ചെയര്‍മാന്‍ ബാലചന്ദ്രമേനോനായിരുന്നെങ്കിലും അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അക്കാലത്ത് എഐടിയുസി യുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. തിരക്കുപിടിച്ച പൊതുജീവിതത്തിനിടയില്‍ സംഘത്തിലെ ഓഹരി ഉടമകള്‍ക്കിടയില്‍ സഹകരണ ബോധവും സാമൂഹ്യ പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാന്‍ കഴിയാതിരുന്നതായും ഓരോ സംഘത്തിന്റെയും ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനവും എന്‍കോസ് പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയാതെ എന്‍കോസ് തകര്‍ന്നു. ആ തകര്‍ച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനും പ്രതികൂലമായി ബാധിച്ചിരുന്നു. അവസരം മുതലെടുത്ത് എതിരാളികളും സ്ഥാപിത താല്പര്യക്കാരും നടത്തിയ കുപ്രചാരണങ്ങള്‍ അദ്ദേഹത്തെ മാനസികമായി ഉലച്ചു. ഓഹരി ഉടമകളുടെ പണം മടക്കി കൊടുക്കുന്നതിനായി അദ്ദേഹത്തിന്റെയും ഭാര്യയുടെയും സകല സ്വത്തുക്കളും വിറ്റഴിച്ചു. പ്രദേശത്തെ പ്രധാന ജന്മികുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് പാര്‍ലമെന്റ് മെമ്പര്‍ എന്ന നിലയില്‍ ലഭിച്ച പെന്‍ഷനും അധ്യാപികയായ ഭാര്യക്കുള്ള പെന്‍ഷനും മാത്രമാണ് അവസാന കാലങ്ങളില്‍ വരുമാനമുണ്ടായിരുന്നത്. സഹകരണ സംഘത്തിലേക്ക് ചേര്‍ത്ത അംഗങ്ങളുടെ ഓഹരി സംഖ്യ മടക്കി നല്‍കുന്നതിനായി മുഴുവന്‍ സ്വത്തും വിറ്റഴിക്കേണ്ടി വന്ന ആദ്യത്തെയും അവസാനത്തെയും രാഷ്ട്രീയ നേതാവ് പി ബാലചന്ദ്രമേനോനാണ്.

കുടുംബത്തിലെ മൂത്ത പുത്രനായിരുന്നെങ്കിലും മറ്റു സഹോദരങ്ങളുടെയെല്ലാം വിവാഹം കഴിഞ്ഞതിനു ശേഷം അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി യൗവനം അവസാനിക്കുന്ന സമയത്താണ് വിവാഹിതനായത്. ചിറ്റൂര്‍ അച്ചത്ത് വീട്ടിലെ അധ്യാപികയായിരുന്ന രാധയായിരുന്നു വധു. യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന രാധ ബാലചന്ദ്രമേനോന്റെ പുരോഗമന രാഷ്ട്രീയവുമായി വളരെ വേഗത്തില്‍ ഇഴുകി ചേര്‍ന്നു. ഈ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. മകള്‍ ഡോക്ടറാണ്. മരിക്കുന്നതിന് മുമ്പുള്ള കുറെ വര്‍ഷങ്ങളില്‍ എഴുത്തിലും വായനയിലും മുഴുകാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഭാര്യയുടെ അകമഴിഞ്ഞ പിന്തുണയായിരുന്നു. ‘India in the ancient world’, ‘Mem­o­ries of any life and time’ എന്നീ രണ്ടു പുസ്തകങ്ങള്‍ അദ്ദേഹം അവസാലകാലത്ത് രചിച്ചിട്ടുണ്ട്. 1984 ഡിസംബര്‍ 14 ന് അന്ത്യശ്വാസം വലിക്കുന്നതുവരെ ആ ധീരപോരാളി എഴുത്തിലും വായനയിലും മുഴുകിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.