12 October 2024, Saturday
KSFE Galaxy Chits Banner 2

വിയറ്റ്‌നാമിലെ ചിത്രവസന്തം

ഹാരിസ് ടി എം
March 6, 2022 7:30 am

വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിലെത്തുന്ന സഞ്ചാരികൾക്ക് നാലു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ‘സെറാമിക് റോഡ്’ വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. ചുവപ്പുനദിയിൽ പൊങ്ങുന്ന വെള്ളം, നഗരത്തെ ബാധിക്കാത്ത തരത്തിൽ തിരിച്ചുവിടാനായി കെട്ടിപ്പൊക്കിയ ചിറയുമായി ചേർത്തുണ്ടാക്കിയ മതിലുകളിലാണ് ചിത്രവർണ്ണക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ‘ഹാനോയ് ശിൽപ്പരചനാ മത്സര’ത്തിൽ സമ്മാനംനേടിയ ഗുയെന്‍ തൂ തൂയ് [Nguyen Thu Thuy] എന്ന പത്രപ്രവർത്തകയാണ്, നഗരത്തിൽ സെറാമിക്- ടെറാക്കോട്ട ടൈലുകൾ ഉപയോഗിച്ചുള്ള ചുവർ ചിത്രരചനയുടെ ആശയം അവതരിപ്പിച്ചത്. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ പലര്‍ മുന്നോട്ടുവന്നു. 2007ൽ അവർ തുടങ്ങിവെച്ച പദ്ധതി, വിയറ്റ്നാം തലസ്ഥാനം മിലെനിയം പിറന്നാള്‍ ആഘോഷിച്ച 2010ൽ പൂർത്തിയായി.

നാട്ടിലെ കലാകാരൻമാർ മാത്രമല്ല ഫ്രാൻസ്, ജർമ്മനി, റഷ്യ, ഇറ്റലി, സൗത്ത് കൊറിയ, യുകെ എന്നീ രാജ്യങ്ങളിലെ സാംസ്ക്കാരിക കേന്ദ്രങ്ങളും ഇതുമായി കൈകോർക്കാൻ രംഗത്തെത്തി. പ്രൊഫഷണല്‍ കരകൗശലപ്രവര്‍ത്തകര്‍ക്ക് പുറമേ രാജ്യത്തെ സെറാമിക് വില്ലേജുകളിലെ കൈപ്പണിക്കാര്‍, സ്വദേശത്തും വിദേശത്തുമുള്ള അഞ്ഞൂറോളം കുട്ടികള്‍, വിയറ്റ്‌നാമിലെ ഫൈന്‍ആര്‍ട്സ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം ആവേശത്തോടെ ഈ നൂതന സംരംഭത്തില്‍ പങ്കാളികളായി.

 

 

പൊതുപണം ധാരാളമായി ഉപയോഗിച്ചല്ല ഈ കലാനിര്‍മ്മിതി എന്നതും ഒരു സവിശേഷതയാണ്. സ്കൂളുകളും ആശുപത്രികളുംപോലെ ഏറെ അത്യാവശ്യമുള്ള പലതിനും ധനം കണ്ടെത്തേണ്ടതുള്ളപ്പോള്‍ ഇതുപോലുള്ള കലാപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഖജനാവിലെ സമ്പത്ത് നീക്കിവെയ്ക്കാന്‍ തങ്ങളുടെ രാജ്യത്തിനാവുകയില്ല എന്ന് മനസ്സിലാക്കിയ ഹാനോയിലെ ജനങ്ങള്‍ വൈകാരികമായും സാമ്പത്തികമായും ഈ ആശയത്തോട് സഹകരിച്ചു. എത്ര മനോഹരവും അനുകരണീയവുമാണീ സമീപനം എന്നു നാമോര്‍ക്കണം.

ഹാനോയിൽനിന്ന് പതിമൂന്നുകിലോമീറ്റര്‍ അകലെയുള്ള, പതിനാലാം നൂറ്റാണ്ടുമുതൽത്തന്നെ പിഞ്ഞാണപ്പാത്രങ്ങളുടെ നിർമ്മാണത്തിന് പേരുകേട്ട, ബാത്ത് ത്രാംഗ് [Bat Trang] എന്ന ഗ്രാമത്തിൽനിന്നും കൊണ്ടുവന്ന നാനാവർണ്ണത്തിലുള്ള ടൈലുകളാണ് മതിലുകളിൽ ചിത്രരചനയ്ക്കായ് ഉപയോഗിച്ചത്. ‘റെഡ് റിവർ’ എന്നറിയപ്പെടുന്ന ഹോംഗ് നദിയിലെ കളിമണ്ണുപയോഗിച്ച് നിർമ്മിക്കുന്നവയാണ് ഈ സെറാമിക് ടൈലുകൾ.

പലകാലങ്ങളിലെ വിയറ്റ്നാമിന്റെ ചരിത്രവും സംസ്ക്കാരവുമെല്ലാം പ്രതിഫലിപ്പിക്കുന്നവയാണ് ഈ ചുവർച്ചിത്രങ്ങൾ. കൂട്ടത്തിൽ ആധുനിക കലാരൂപങ്ങളും പെയിന്റിങുകളും കുട്ടികളുടെ ഡ്രോയിങുകളുമെല്ലാം മ്യൂറലുകളായി രൂപമെടുക്കുന്നു. വിയറ്റ്നാമിന്റെ മിത്തുകളിലും നാടോടിക്കഥകളിലും നിറഞ്ഞുനിൽക്കുന്ന ഡ്രാഗണുകൾ, പക്ഷികൾ, തോണികളും തോണിക്കാരും, മീന്‍പിടുത്തക്കാരും മീനുകളും, കൊക്കുകൾ, വിയറ്റ്‌നാംകാരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായ സൈക്കിളുകൾ- ഇവയെല്ലാംകൊണ്ട് ചിത്രവർണ്ണാങ്കിതമാണ്, പാതയോരത്തെ ആ ചുവരുകൾ. ഹാനോയിലെ ഈ സെറാമിക് മൊസെയ്‌ക് മ്യൂറൽ ലോകത്തിലെ ഏറ്റവും നീളമുള്ളതും അനന്യവുമായ ശിൽപ്പരചനാവിസ്മയമായി ഗിന്നസ് ലോകറെക്കാർഡു പുസ്തകത്തിൽ 2010ത്തന്നെ ഇടംനേടുകയും ചെയ്തു.

 


എന്താണ് ഈ പാത പ്രതിനിധാനം ചെയ്യുന്നത്? ജനതകള്‍ക്കിടയിലുള്ള സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അന്തര്‍ദേശീയമാനങ്ങളുള്ള സൗഹാര്‍ദ്ദ സൂചനകള്‍ ഈ മ്യൂറല്‍പാതയില്‍ നമുക്ക് ദര്‍ശിക്കാം. ഒരു രാജ്യത്തിന്റെ ഭൂതവും ഭാവിയും കലയും സംസ്കാരവും പാരമ്പര്യവും ഇവിടെ സമ്മേളിക്കുന്നു. കലാസ്നേഹികളാല്‍ എഴുതപ്പെട്ട വിയറ്റ്‌നാമിന്റെ വിസ്മയചരിത്രവും പ്രതീക്ഷയും ഈവഴിയേ സഞ്ചരിക്കുമ്പോള്‍ വായിച്ചെടുക്കാം. അന്നാട്ടുകാര്‍ അഭിമാനിക്കുന്നുണ്ടാവും, തങ്ങളുടെ പരമ്പരാഗത കലാരൂപങ്ങള്‍ എത്ര മഹത്തരമാണെന്നു ലോകത്തിനു കാണിച്ചുകൊടുക്കാനായതില്‍.

പ്രദേശികമായി ലഭ്യമായ തനത് നാടന്‍വസ്തുക്കൾ മാത്രം ഉപയോഗിച്ച്, സ്വന്തം നാടിന്റെ ചരിത്രവും സാംസ്ക്കാരികത്തനിമയും പാരമ്പര്യവുമെല്ലാം പാതയോരങ്ങളിലെ ചുവരുകളിൽ കലാചാതുരിയോടെ, ശിൽപ്പകലാ വൈഭവത്താടെ, വർണ്ണശബളമായി രേഖപ്പെടുത്തിവെച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാനോർത്തത്, നമ്മുടെ പട്ടണങ്ങളിലെയും നഗരങ്ങളിലെയും പൊതുഇടങ്ങളില്‍, എഴുതിയും പോസ്റ്ററൊട്ടിച്ചും വൃത്തിഹീനമാക്കിയ മതിലുകളെക്കുറിച്ചാണ്. അഴുക്കുപുരണ്ടും കരിപിടിച്ചും നിര്‍ജ്ജീവമായ ചുവരുകളെക്കുറിച്ചാണ്. കേരളത്തിലെ ഓരോ പട്ടണത്തിലേയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെങ്കിലും ഇതുപോലുള്ള ‘ചുവർചിത്ര പാതകൾ’ ഒരുക്കാൻ നമുക്ക് ഒരു പ്രയാസവുമുണ്ടാവില്ല. കുറച്ചു മതിലുകളെങ്കിലും അതിനുവേണ്ടി ‘ബുക്ക്’ ചെയ്യാൻ ആരെങ്കിലുമൊക്കെ ഈ സാക്ഷര-നവോത്‌ഥാന‑കലാ-സാംസ്ക്കാരിക കേരളത്തിൽ ഉണ്ടാവില്ലേ? നഗരത്തെരുവുകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആവഴി നിത്യേന സഞ്ചരിക്കുന്ന നമ്മുടെയെല്ലാം മനസ് പ്രകാശമാനമാകും; പ്രതീക്ഷാനിര്‍ഭരമാവും. നിത്യജീവിതത്തിലെ വരള്‍ച്ചയെ അകറ്റി ആര്‍ദ്രതയെ പുല്‍കാന്‍ അത് സഹായിക്കും.

ഭാവനാസമ്പന്നരായ, തദ്ദേശീയരായ ഭരണകർത്താക്കൾ ഒരിത്തിരി മനസ്സുവെച്ചാൽ, ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്താല്‍, വിദ്യാർത്ഥികളും യുവാക്കളുമടക്കമുള്ള നിരവധിയനവധി പ്രാദേശിക കലാകാരൻമാർ മുന്നോട്ടുവരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അവർ നമ്മുടെ തെരുവോരങ്ങളിൽ ചിത്രവസന്തം തീർക്കും, സംശയമേതുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.