23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024

സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്ന സമീപനമാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് : മുഖ്യമന്ത്രി

Janayugom Webdesk
 തിരുവനന്തപുരം
October 1, 2022 10:43 pm

സംസ്ഥാനങ്ങളുടെ നിലവിലുള്ള അധികാരങ്ങൾ പോലും കവരുന്ന സമീപനമാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ‘ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സംസ്ഥാന അധികാരങ്ങളിൽ അഴിച്ചുപണി നടത്താൻ കോൺഗ്രസ്‌ തയ്യാറായില്ല. കേന്ദ്രത്തിൽ സാമ്പത്തിക രാഷ്ട്രീയ അധികാരങ്ങൾ കേന്ദ്രീകരിക്കുകയെന്നതായിരുന്നു സമീപനം. ഒന്നാം യുപിഎ സർക്കാരിന്‌ പിന്തുണ നൽകുമ്പോൾ ഫെഡറലിസം ശക്തമാക്കാനുള്ള നിർദേശങ്ങൾ ഇടതുപക്ഷം മുന്നോട്ട്‌ വെച്ചെങ്കിലും നടപ്പാക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല.  നികുതിയുടെ കാര്യത്തിൽ കൂടുതൽ അധികാരം വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കാറ്റിൽപ്പറത്തിയാണ്‌ വാറ്റ്‌ നികുതി കൊണ്ടുവന്നത്‌. അതിലൂടെ ഏകീകൃത നികുതി വ്യവസ്ഥയാണ്‌ കോൺഗ്രസ്‌ മുന്നോട്ടുവെച്ചത്‌.

ഫെഡറൽ സംവിധാനത്തോടുള്ള കോൺഗ്രസിന്റെ നിഷേധാത്മക നിലപാട്‌ കൂടുതൽ ശക്തമായി നടപ്പാക്കാനാണ്‌ ബിജെപി സർക്കാർ പരിശ്രമിക്കുന്നത്‌. ബിജെപിയെ നയിക്കുന്ന ആർഎസ്‌എസ്‌ ഫെഡറൽ സംവിധാനത്തെ തുടക്കം മുതൽ എതിർത്തിട്ടുണ്ട്‌. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം തന്നെ അവർ എതിർത്തു. പാർലമെന്ററി രീതിക്ക്‌  പകരം പ്രസിഡൻഷ്യൽ രീതിയിലുള്ള തെരഞ്ഞെടുപ്പാണ്‌ അവർ മുന്നോട്ട്‌ വെക്കുന്നത്‌.  കേന്ദ്രസംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണം അവരുടെ അജണ്ടയിലില്ല. ഇന്ത്യ ഒരു യൂണിറ്ററി സമ്പ്രദായമായി പുനസംഘടിപ്പിക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 1967 ല്‍ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനസംഘം പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്.

കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. സ്വാതന്ത്ര്യ ലബ്ധിയില്‍ സുപ്രധാന പങ്കുവഹിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരം ചര്‍ച്ചകളിലും പ്രധാന പങ്കു വഹിച്ചിരുന്നു. ഇന്ത്യയില്‍ വളര്‍ന്നുവന്ന ഭാഷാ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരന്തര ഇടപെടലുകള്‍ നടത്തി മുന്നോട്ടുപോയി. അതോടൊപ്പം ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങളും വലിയതോതില്‍ ഉയര്‍ന്നുവന്നു. ബംഗാള്‍ ദേശീയതയുടെ സവിശേഷതകള്‍ മുന്നോട്ടുവെയ്ക്കുന്ന ഭവാനിസെന്നിന്റെ നൂതന്‍ ബംഗാള്‍,  പി സുന്ദരയ്യയുടെ വിശാല ആന്ധ്ര, ഇഎംഎസ്സിന്റെ കേരളം എന്നിങ്ങനെ. മലയാളികളുടെ മാതൃഭൂമി ഒന്നേകാല്‍ കോടി മലയാളികള്‍ ഇത്തരമൊരു ആശയത്തിലുള്ള സമരത്തിന് രൂപം നല്‍കി. അതോടൊപ്പം രക്തരൂക്ഷിതമായ സമരം നടന്ന പുന്നപ്ര വയലാര്‍ അമേരിക്കന്‍ മോഡലിനെതിരായ സമരം നടത്തിയതും ഈ കാഴ്ചപ്പാടിലായിരുന്നു. അത്തരത്തിലുള്ള പോരാട്ടങ്ങളുടെ കൂടി ഭാഗമായിട്ടാണ് ഇന്നു നിലനില്‍ക്കുന്ന ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ എന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെട്ടത്. ഫെഡറല്‍ സംവിധാനത്തിനുവേണ്ടിയുള്ള  ഇത്തരത്തിലുള്ള സമരങ്ങള്‍ ശക്തിപ്പെട്ടുവന്നുവെങ്കിലും പൂര്‍ണ്ണമായ ഫെഡറല്‍ എന്ന രീതിയിലല്ല രാജ്യം വികസിച്ചു വന്നത്.

കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ അതത് കാലത്ത് നടപ്പാക്കിയ ഓരോ പരിഷ്‌കാരവും ഫെഡറല്‍ വ്യവസ്ഥയെ ദുർബലപ്പെടുത്താനും തകർക്കാനും ഉദ്ദേശിച്ചുള്ളതാണ്‌. വിഭവ വിന്യാസത്തിന്റെ ഏറ്റവും പ്രധാന ഏജൻസിയായ ആസൂത്രണ കമീഷനെത്തന്നെ ഇല്ലാതാക്കി. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ആസൂത്രണം ഇല്ലാതാക്കിയതുമെല്ലാം ഇതിന്റെ ഭാഗമാണ്‌. പദ്ധതി ധനസഹായം പോലും ഇല്ലാതാക്കിയിരിക്കുന്നു.  കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഗണ്യമായി വെട്ടിക്കുറച്ചു.

ജമ്മു കശ്‌മീരിനെ രണ്ടായി വിഭജിച്ചതോടെ സംസ്ഥാനത്തിന്റെ സവിശേഷാധികാരങ്ങൾ ഇല്ലാതാക്കുകയായിരുന്നു. ജനാധിപത്യപരമായി പുനഃക്രമീകരിക്കാത്തതിന്റെ ഏറ്റവും വലിയ പ്രശ്‌നം അനുഭവിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.  ജനസംഖ്യാനുപാതികമായി നികുതിവിഹിതം ലഭിക്കുന്നില്ല.  പടിപടിയായി വലിയ കുറവുണ്ടായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.