22 November 2024, Friday
KSFE Galaxy Chits Banner 2

ചങ്ങാത്തമുതലാളിത്തത്തിന്റെ ചതിക്കുഴികള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
September 19, 2023 4:15 am

ഫ്യൂഡലിസത്തില്‍ നിന്നും ക്യാപ്പിറ്റലിസത്തിലേക്കുള്ള പരിവര്‍ത്തനവേളയില്‍ ക്യാപ്പിറ്റലിസത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായിരുന്നത് വ്യവസായ വിപ്ലവത്തിന്റെ ഫലമായി ഉയര്‍ന്നുവന്ന വ്യവസായശാലകള്‍ക്കാവശ്യമായ മനുഷ്യവിഭവശേഷി ആയിരുന്നു. ഉദാഹരണമായി മാഞ്ചസ്റ്ററിലെയും മറ്റും വലിയ തുണിമില്ലുകള്‍, ഗ്ലാസ്ഗോയിലും മറ്റും ഉയര്‍ന്നുവന്ന ഇരുമ്പുരുക്കു നിര്‍മ്മാണശാലകള്‍, വിവിധ നിത്യോപയോഗ സാമഗ്രികള്‍ നിര്‍മ്മിക്കുന്ന ശാലകള്‍ ഇവയൊക്കെ. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സ്ഥാപിച്ച തുണിമില്ലുകള്‍, ഇരുമ്പുരുക്കു വ്യവസായശാലകള്‍, അച്ചടിശാലകള്‍ ഇവയ്ക്കെല്ലാം തന്നെ വലിയതോതില്‍ തൊഴിലാളികളെ ആവശ്യമായിരുന്നു. അതിനാല്‍ ഏറ്റവും കുറഞ്ഞകൂലിക്ക് മനുഷ്യവിഭവശേഷിയും അസംസ്കൃത വസ്തുക്കളും ലഭ്യമാക്കുക എന്നനിലയിലായിരുന്നു ഈ വ്യവസായശാലകള്‍ ലാഭം ഉല്പാദിപ്പിച്ചിരുന്നത്.
ഇതിനായി രണ്ട് രീതികളാണ് മുതലാളിത്തം സ്വീകരിച്ചത്. ഒന്നാമതായി അവര്‍ക്കാവശ്യം വരുന്ന അസംസ്കൃത വിഭവങ്ങള്‍, പരുത്തി, നീലം തുടങ്ങിയവ ഭരണത്തിന്റെ അധികാരമുപയോഗിച്ച് നിര്‍ബന്ധമായി കൃഷി ചെയ്യിക്കുക, അതില്‍ മുക്കാല്‍ പങ്കും ബലമായിത്തന്നെ നിസാര വിലയ്ക്ക് വാങ്ങുക. മഹാത്മാഗാന്ധി 1917 ഏപ്രില്‍ 19ന് ചമ്പാരനിലെ നീലം കര്‍ഷകരുടെ ദുരിതമവസാനിപ്പിക്കുന്നതിനായി ബ്രിട്ടീഷ് ഇന്ത്യയില്‍ സത്യഗ്രഹം എന്ന സമരരീതി പ്രയോഗിക്കുന്നത് മുതലാളിത്തത്തിന്റെ കാര്‍ഷിക മേഖലയിലെ ഈ ക്രൂരമായ കടന്നുകയറ്റത്തിനെതിരെയാണ്. എല്ലാ കാര്‍ഷിക വിളകള്‍ക്കും അനുയോജ്യമായ കൃഷിഭൂമിയില്‍ കര്‍ഷകരെ നിര്‍ബന്ധമായും നീലം കൃഷി ചെയ്യിച്ച് ഉല്പന്നം നിസാരവിലയ്ക്ക് തട്ടിയെടുക്കുകയും ഒപ്പം വലിയതോതില്‍ നികുതി വാങ്ങുകയുമായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ ചെയ്തിരുന്നത്. ഇതിനെതിരെയാണ് ഗാന്ധിജി സത്യഗ്രഹം, നിസഹകരണം എന്നീ സമരമുറകള്‍ പരീക്ഷിച്ചത്.


ഇതുകൂടി വായിക്കൂ:  ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്ന ചങ്ങാത്ത മുതലാളിത്തം


കാര്‍ഷികമേഖലയില്‍ മുതലാളിത്തം സമ്മര്‍ദം ശക്തമാക്കുമ്പോള്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അതിദരിദ്രമായ ജീവിത സാഹചര്യങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ കാര്യം സംഭവിക്കുന്നത്. തൊഴില്‍രഹിതരാവുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ജീവിതമാര്‍ഗമന്വേഷിച്ച് വ്യാവസായിക നഗരങ്ങളിലേക്ക് ചേക്കേറുന്നു. ഇന്ത്യയില്‍ ബോംബെ, അഹമ്മദാബാദ്, കല്‍ക്കട്ട, മദ്രാസ് തുടങ്ങി, തുണിമില്ലുകളും അനുബന്ധ വ്യവസായശാലകളും സ്ഥാപിതമായി തുടങ്ങിയ നഗരങ്ങളിലേക്ക് 18-ാം നൂറ്റാണ്ടിന്റെ അവസാനം തുടങ്ങിയ ഗ്രാമീണദരിദ്രരുടെ കുടിയേറ്റം, വ്യവസായശാലകള്‍ക്ക് ആവശ്യമായ മനുഷ്യവിഭവശേഷി വളരെ കുറഞ്ഞവേതനത്തില്‍ ലഭ്യമാക്കി. 1908ല്‍ ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ലേബര്‍ കമ്മിഷന്‍ കണ്ടെത്തിയത് ഏഴും ഒമ്പതും വയസുമാത്രം പ്രായമുള്ള കുഞ്ഞുങ്ങളടക്കമുള്ള തൊഴിലാളികള്‍ ദിവസത്തില്‍ 20 മുതല്‍ 22 മണിക്കൂര്‍ വരെ ആഴ്ചയില്‍ ഏഴ് ദിവസവും കഠിനമായി ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു എന്നാണ്. ഇങ്ങനെ അസംസ്കൃത വസ്തുക്കളും മനുഷ്യവിഭവശേഷിയും ഗ്രാമീണ ജനതയില്‍ നിന്നും ഊറ്റിയെടുത്താണ് ഇന്ത്യയടക്കമുള്ള കോളനികളില്‍ മുതലാളിത്തം വളര്‍ന്നത്. ബ്രിട്ടീഷ് മുതലാളിത്തത്തോട് കിടപിടിച്ച് പില്‍ക്കാലത്ത് ഇന്ത്യന്‍ മുതലാളിത്തവും വളര്‍ന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ ബ്രിട്ടീഷ് മുതലാളിത്തം ഇന്ത്യവിടാന്‍ നിര്‍ബന്ധിതമായി.
സ്വാതന്ത്ര്യാനന്തരം രാജ്യം പിന്‍തുടര്‍ന്നത് സോഷ്യലിസ്റ്റ് മാതൃകയും മുതലാളിത്തമാതൃകയും ഇടകലര്‍ന്ന മിശ്രസമ്പദ്‌വ്യവസ്ഥയാണ്. ഈ നയം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് നല്‍കുകതന്നെ ചെയ്തു. അടിസ്ഥാന വ്യവസായങ്ങള്‍, പെട്രോളിയം, ബാങ്കിങ്, റെയില്‍വേ, വിദ്യുച്ഛക്തി, ഇന്‍ഷുറന്‍സ് മേഖല ഇവയെല്ലാം പൊതു ഉടമയില്‍ നിലനിര്‍ത്തി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും ശ്രദ്ധയും നല്‍കി. ഭക്ഷ്യോല്പന്നങ്ങളുടെ വില നിയന്ത്രിച്ച് നിത്യോപയോഗ വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍ ഇവയുടെയെല്ലാം നിര്‍മ്മാണം, കൃഷി തുടങ്ങിയവ സ്വകാര്യമേഖലയിലും നിലനിര്‍ത്തിക്കൊണ്ട് സന്തുലിതമായ ഒരു സമ്പ്രദായമായിരുന്നു മിശ്രസമ്പദ്‌വ്യവസ്ഥ. സോഷ്യലിസ്റ്റ് രീതിയിലാവണം ഇന്ത്യയുടെ പുരോഗതിയെന്നായിരുന്നു ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സമീപനം. സോവിയറ്റ് റഷ്യയിലെ പഞ്ചവത്സരപദ്ധതി സമ്പ്രദായം ഇവിടെ നടപ്പിലാക്കുകയും അതുവഴി വലിയ നേട്ടങ്ങള്‍ വ്യാവസായിക കാര്‍ഷിക രംഗങ്ങളില്‍ ഉണ്ടാകുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: രാജ്യത്തെ തകര്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തം


ഇന്ത്യയുടെ അടിസ്ഥാന സമ്പദ്‌വ്യവസ്ഥ ശക്തമായി തുടര്‍ന്നതിനു കാരണം ഈ മിശ്ര സമ്പദ്‌വ്യവസ്ഥയാണ്. 1990കളില്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് സാമ്പത്തിക ഉദാരീകരണത്തിനും ആഗോളവല്‍ക്കരണത്തിനും ആരംഭം കുറിച്ചു. ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുവാനും തീരുമാനമെടുത്തു. പക്ഷെ വില്പന നടപടകള്‍ ഊര്‍ജിതമായി മുന്നോട്ടുപോയത് തുടര്‍ന്നുവന്ന അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന ബിജെപി സര്‍ക്കാരിന്റെ കാലത്താണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനായി ഒരു മന്ത്രിയെത്തന്നെ ചുമതലപ്പെടുത്തിക്കൊണ്ട് വിറ്റഴിക്കല്‍ മാമാങ്കം ആരംഭിച്ചു. എങ്കിലും ബാങ്കിങ് മേഖലയില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്താതെ പൊതുമേഖലയില്‍ തുടര്‍ന്നതിനാല്‍ 1998, 2009 വര്‍ഷങ്ങളിലെ ആഗോള സാമ്പത്തികത്തകര്‍ച്ച ഇന്ത്യന്‍ ബാങ്കുകളെ ബാധിച്ചില്ല. പക്ഷെ, ഇന്ന് ഇന്ത്യന്‍ ബാങ്കിങ് മേഖല അന്താരാഷ്ട്ര സ്റ്റോക്ക് മാര്‍ക്കറ്റുകളുമായി ബന്ധിതമായ അവസ്ഥയിലാണ്. ലോക കമ്പോളത്തിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയിലും പ്രതിഫലിക്കും.
2014ല്‍ അധികാരത്തിലെത്തിയ നരേന്ദ്രമോഡി നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാര്‍ എല്ലാ മേഖലകളും സ്വകാര്യ കമ്പനികള്‍ക്കായി തുറന്നു നല്‍കിക്കഴിഞ്ഞു. ഇന്ന് പരമ്പരാഗത മുതലാളിത്തരീതി പാടെ മാറുകയും തല്‍സ്ഥാനത്ത് ചങ്ങാത്തമുതലാളിത്ത രീതി വരികയും ചെയ്തു. ഇവ തമ്മില്‍ പ്രാഥമികമായ വ്യത്യാസം പരമ്പരാഗത മുതലാളിത്ത രീതിയില്‍ ഉല്പാദനം എന്ന പ്രക്രിയ സര്‍വപ്രധാനമാണ്. ഉല്പന്നത്തില്‍ നിന്നും ലഭിക്കുന്ന ലാഭമാണ് ആ വ്യവസ്ഥിതിയെ മുന്നോട്ടുകൊണ്ടുപോയത്. അതിനാല്‍ത്തന്നെ വ്യവസായശാലകളും കച്ചവടസ്ഥാപനങ്ങളും അവയ്ക്കൊക്കെ വലിയ മനുഷ്യവിഭവശേഷിയും ആവശ്യമായി വരുന്നു. മുതലാളിത്ത സമൂഹത്തില്‍ ഉടമയെയും തൊഴിലാളിയെയും കാണുവാന്‍ കഴിയും. നേരിട്ടുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും സാധ്യമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ വലിയ പ്രക്ഷോഭങ്ങളും അതുവഴി തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളുമെല്ലാം ഈ നേരിട്ടുള്ള ബന്ധത്തിന്റെ ഫലമാണ്. എന്നാല്‍ ചങ്ങാത്തമുതലാളിത്തം നേരിട്ട് സമൂഹവുമായി ബന്ധപ്പെടുന്നില്ല. അവര്‍ക്ക് വ്യവസായ സ്ഥാപനങ്ങള്‍ നടത്തേണ്ടതില്ല. മറ്റ് നിയമങ്ങളൊന്നും അവരെ നിയന്ത്രിക്കുന്നുമില്ല. അവര്‍ ധനമൂലധനം നല്‍കുന്നതിനുള്ള മാനദണ്ഡമാക്കിയിരിക്കുന്നത് തിരിച്ചുകിട്ടുന്നത് എത്ര മടങ്ങാണ് എന്നുമാത്രം കണക്കാക്കിക്കൊണ്ടാണ്. പത്തിരട്ടി വാഗ്ദനം ചെയ്യുന്നവന് മൂലധനം നല്‍കുക എന്നത് മാത്രമാണ് ചങ്ങാത്ത മുതലാളിത്ത രീതി. അതിനാല്‍ തന്നെ എന്താണ് ഈ മൂലധനം ഇരട്ടിപ്പിക്കാന്‍ ചെയ്യുന്നത് എന്ന ചോദ്യം ഉദിക്കുന്നില്ല. അത് ആയുധവ്യാപാരമോ മയക്കുമരുന്ന് വ്യാപാരമോ സായുധസംഘങ്ങള്‍ രൂപീകരിച്ചുള്ള കൊള്ളകളോ എന്തുമാവാം. പരമ്പരാഗത മുതലാളിത്തത്തില്‍ മൂലധന ഉല്പാദന പ്രവര്‍ത്തനം ഉല്പാദന പ്രക്രിയയുടെ ഭാഗമായിരുന്നുവെങ്കില്‍ ചങ്ങാത്തമുതലാളിത്തത്തില്‍ അതില്ല.


ഇതുകൂടി വായിക്കൂ: പാര്‍ലമെന്ററി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചങ്ങാത്ത മുതലാളിത്തം


വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍, അഫ്ഗാനിസ്ഥാന്‍ മുതലായ പ്രദേശങ്ങളില്‍ മയക്കുമരുന്ന് കൃഷിയും ആയുധവ്യാപാരവുമൊക്കെ തൊഴിലാക്കിയ തീവ്രവാദ സംഘങ്ങള്‍ക്ക് ധനസഹായം ചെയ്യുന്നത് ചങ്ങാത്തമുതലാളിത്തമാണ്. ഈ പ്രവൃത്തിയില്‍ നിന്ന് അവര്‍ വലിയ ലാഭം കൊയ്യുകയും ചെയ്യുന്നു. ചങ്ങാത്തമുതലാളിത്തത്തിന് ഒരു രാജ്യത്ത് നിര്‍ബാധം പ്രവര്‍ത്തിക്കണമെങ്കില്‍ ആ രാജ്യത്തെ നിയമവ്യവസ്ഥ തകരുകയും അരക്ഷിതമായ സാഹചര്യം സംജാതമാവുകയും വേണം. കാരണം ഇത്തരമൊരു സാഹചര്യത്തില്‍ മാത്രമേ മയക്കുമരുന്ന് വ്യാപാരം, ആയുധവ്യാപാരം, ധാതുഖനനം, പെട്രോളിയം ഉല്പന്നങ്ങളുടെ കൊള്ള ഇവയെല്ലാം നിര്‍ബാധം നടത്താന്‍‍ ഈ സംഘങ്ങള്‍ക്ക് സാധിക്കുകയുള്ളു. അനേകം രാജ്യങ്ങള്‍ ഇതിനുദാഹരണമായുണ്ട്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍, എത്യോപ്യ, സുഡാന്‍ ഇവിടങ്ങളിലെല്ലാം നിയമവാഴ്ച തകര്‍ന്ന്, തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെ തൂക്കിലേറ്റിയും ജനങ്ങളെ തീവ്രവാദി സംഘങ്ങളെ ഉപയോഗിച്ച് ഉന്മൂലനം ചെയ്തും ഐഎസ്ഐഎസ്, താലിബാന്‍ തുടങ്ങിയവ വിഭവങ്ങള്‍ കൊള്ളയടിക്കുക എന്ന രീതി തുടരുന്നു. ഈ സംഘങ്ങള്‍ക്ക് മൂലധനം നല്‍കുന്നത് ചങ്ങാത്തമുതലാളിത്തമാണ്.
പ്രഗോഷിന്‍‍ എന്ന റഷ്യക്കാരന്റെ കൂലിപ്പട്ടാളം ഉക്രെയ്‌നില്‍ യുദ്ധം ചെയ്യുന്നത് സത്യമായിരുന്നു എന്ന് നമുക്കറിയാം. ഇങ്ങനെ കൂലിപ്പട്ടാളങ്ങളും തെമ്മാടിക്കൂട്ടങ്ങളും അഴിഞ്ഞാടുന്ന ഒരു ലോകവ്യവസ്ഥ രൂപപ്പെടാതിരിക്കുക എന്നത് മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ അത്യന്താപേക്ഷിതമാണ്. നമ്മുടെ രാജ്യത്തിന്റെ നിയമവ്യവസ്ഥിതി തകരാതെ നിലനിര്‍ത്തുക, കലാപങ്ങള്‍ സൃഷ്ടിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ചെറുക്കുക, ബഹുസ്വരതയ്ക്ക് കോട്ടം വരുത്താതിരിക്കുക ഇവയെല്ലാം ഇന്ത്യയിലെ ഓരോ പൗരനും ഉറപ്പുവരുത്തേണ്ട കര്‍ത്തവ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.