28 May 2024, Tuesday

രാജ്യത്തെ തകര്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തം

Janayugom Webdesk
November 23, 2022 5:00 am

രാജ്യത്തെ ബാങ്കുകൾ കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ എഴുതിത്തള്ളിയത് 10 ലക്ഷം കോടിയിലേറെയാണെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നതാണ്. ഇതിലേറെയും ശതകോടികൾ വായ്പയെടുത്ത കോർപറേറ്റ് ഭീമൻമാരുടേതാണെന്നും പുറത്തുവന്നിരുന്നു. എഴുതിത്തള്ളിയ കിട്ടാക്കടത്തിൽ നിന്ന് ഇക്കാലയളവിൽ ബാങ്കുകൾക്ക് തിരിച്ചുപിടിക്കാനായത് 13 ശതമാനം മാത്രമാണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് റിസർവ് ബാങ്ക് തന്നെയാണ്. 10, 09,510 കോടിയുടെ കിട്ടാക്കടത്തില്‍ നിന്ന് തിരിച്ചുപിടിച്ചത് 1.32 ലക്ഷം കോടി മാത്രം. അതായത് 8.7 ലക്ഷം കോടിയോളം രൂപ കിട്ടാക്കടമായി അവശേഷിക്കുന്നു. കിട്ടാക്കടത്തിന്റെ അളവ് കുറച്ചുകാണിക്കുന്നതിനും നികുതി ലാഭിക്കുന്നതിനുമായുള്ള ബാങ്കുകളുടെ നടപടിയാണ് എഴുതിത്തള്ളൽ. തിരിച്ചടവ് മുടങ്ങുമ്പോഴും വായ്പ തിരിച്ചുപിടിക്കാനുള്ള സാധ്യത ഇല്ലാതാകുമ്പോഴുമാണ് എഴുതിത്തള്ളലിലേക്ക് കടക്കുക. ഇങ്ങനെ എഴുതിത്തള്ളുന്ന വായ്പകൾ ബാലൻസ് ഷീറ്റിൽനിന്ന് ‘നഷ്ടം’ എന്നതിലേക്ക് നീക്കും. തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന ഉറപ്പോടെയാകും ഈ എഴുതിത്തള്ളൽ. കഴിഞ്ഞ 10 വർഷക്കാലയളവിൽ ഇങ്ങനെ 13.23 ലക്ഷം കോടിയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. മോഡി സർക്കാരിന്റെ ചങ്ങാത്ത മുതലാളിത്തം അരങ്ങത്തെത്തിയതോടെ കിട്ടാക്കടം കുമിഞ്ഞുകൂടി. ബിജെപി ഭരണത്തില്‍ കീഴിൽ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി 365 ശതമാനം വർധിച്ചുവെന്ന് വിവിധ ഏജൻസികളുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബാങ്കുകളെ കബളിപ്പിച്ച് ശതകോടികളുടെ വായ്പ മനഃപൂർവം തിരിച്ചടയ്ക്കാത്ത 38 പേർ രാജ്യം വിടുകയും ചെയ്തു. 2008 മുതൽ 2014 വരെ അഞ്ച് ലക്ഷം കോടിയായിരുന്ന നിഷ്ക്രിയ ആസ്തി, 2014–20 ൽ 18 ലക്ഷം കോടിയായി ഉയർന്നു. 2015 ന് ശേഷമാണ് 10 ലക്ഷം കോടിയിലേറെ വർധിച്ചത്. ഇക്കഴിഞ്ഞ അഞ്ചുവർഷത്തില്‍ പൊതുമേഖലാ ബാങ്കുകൾ മാത്രം എഴുതിത്തള്ളിയത് 7.35 ലക്ഷം കോടി രൂപ. ഇത്രയും തുക കൊണ്ട് രാജ്യത്തെ ധനക്കമ്മിയുടെ 61 ശതമാനം നികത്താൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും അഞ്ചുകൊല്ലം കൊണ്ട് തിരിച്ചു പിടിച്ചത് കേവലം 1.32 ലക്ഷം കോടി മാത്രമാണെന്നത് കേന്ദ്ര സർക്കാരും കോർപറേറ്റ് മുതലാളിത്തവും തമ്മിലുള്ള ഗാഢബന്ധം തെളിയിക്കുന്നു. പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കാൻ കേന്ദ്ര സർക്കാർ തന്നെ നടപ്പാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ (പിഎംജികെഎവൈ) ഇതുവരെയുള്ള ചെലവ് 3.91 ലക്ഷം കോടിയാണ്. കോവിഡ് കാലത്ത് രാജ്യത്തുടനീളമുള്ള 80 കോടി ഗുണഭോക്താക്കൾക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകിയതിനുള്ള ചെലവാണിത്. 2019ൽ വാേട്ട് രാഷ്ട്രീയമെന്ന നിലയിലാണെങ്കിലും രാജ്യത്തെ കർഷകരെ സഹായിക്കാനെന്ന പേരിൽ തുടങ്ങിയ പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ മൂന്ന് വർഷം കൊണ്ട് 2.16 ലക്ഷം കോടി നൽകിയെന്നാണ് സർക്കാർ തന്നെ അവകാശപ്പെടുന്നത്. പ്രതിവർഷം 6,000 വീതം 11 കോടി കർഷകർക്കായാണ് ഇത്രയും തുക നൽകിയിട്ടുള്ളത്.


ഇതുകൂടി വായിക്കൂ: മനുഷ്യാവകാശം: ഇന്ത്യയുടെ നിലപാടും ലോകത്തിന്റെ കാഴ്ചപ്പാടുകളും


കോർപറേറ്റ് വായ്പകളുടെ കിട്ടാക്കടം എത്ര ഭീമമായതാണെന്ന് ഈ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ബാേധ്യമാകും. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട് പാർലമെന്റിൽ അറിയിച്ചത് ഏറ്റവും വലിയ 25 കുടിശികക്കാരിൽ നിന്നു മാത്രം 58,958 കോടി രൂപ തിരിച്ചുകിട്ടാനുണ്ട് എന്നാണ്. വിൽഫുൾ ഡിഫോൾട്ടർ (മനഃപൂർവം തിരിച്ചടവ് മുടക്കുന്നവര്‍) മാരിൽ മുമ്പൻ മെഹുൽ ചോസ്കി നേതൃത്വം നൽകുന്ന ഗീതാജ്ഞലി ജെംസ് ലിമിറ്റഡാണ് എന്നും വെളിപ്പെടുത്തിയിരുന്നു. മെഹുൽ ചോസ്കി 7,110 കോടിയുടെ ബാധ്യതയാണ് ബാങ്കുകൾക്ക് വരുത്തിയത്. 5,879 കോടിയുടെ കുടിശികയുള്ള ഇറ ഇൻഫ്രാ എൻജിനീയറിങ്ങാണ് പട്ടികയിൽ രണ്ടാമത്. 90 ദിവസ കാലയളവിനിടെ മുതലിലേക്കോ പലിശയിലോ വിഹിതം അടയ്ക്കാതിരിക്കുമ്പോഴാണ് കുടിശികക്കാരനായി ബാങ്ക് കണക്കുക്കൂട്ടുന്നത്. തുടർന്ന് വായ്പയെ നിഷ്ക്രിയ ആസ്തിയായി രേഖപ്പെടുത്തും. എന്നാല്‍ കോർപറേറ്റുകൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ അവരുടെ വീട് ജപ്തി ചെയ്യില്ല. കാരണം കമ്പനിക്കാണ് വായ്പയുടെ ഉത്തരവാദിത്തം, ഉടമയ്ക്കല്ല. കമ്പനിയുടെ ലിക്വിഡേഷൻ നടപടികൾ തുടങ്ങിയാൽത്തന്നെ അനന്തമായി നീളും. തിരിച്ചടവ് പരിധിക്കപ്പുറം കടമെടുക്കാൻ സാധാരണക്കാരന് കഴിയില്ല, പക്ഷേ കോർപറേറ്റുകൾക്ക് കഴിയും. അമിതവായ്പ എന്നല്ല, ‘ഓവർ ലിവറേജ്‍‍ഡ്’ എന്നാണിതിന് പറയുന്ന പേര്. മോഡി സര്‍ക്കാരിന്റെ ചങ്ങാത്ത മുതലാളിത്തത്തിന്റെ മറ്റാെരു ദുരന്തത്തിന് കൂടി രാജ്യം ഏറെ വെെകാതെ സാക്ഷ്യം വഹിക്കേണ്ടിവരും എന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. കടംകയറി മുങ്ങാറായ അഡാനി ഗ്രൂപ്പിന് എസ്ബിഐ 5,000 കോടിയുടെ റീഫിനാൻസ് വായ്പ നൽകാനൊരുങ്ങുകയാണ്. അഡാനിയുടെ കടം 2.3 ലക്ഷം കോടിയാണെന്നും സൂക്ഷിക്കണമെന്നും ഗവേഷണ ഏജൻസിയായ ക്രെഡിറ്റ് സൈറ്റ്സ്, റിസർവ് ബാങ്കിനു തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷേ ആര് കേള്‍ക്കാന്‍. ഭരണകൂടത്തിന്റെ കോര്‍പറേറ്റ് ബാധിര്യം തകര്‍ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.