22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
September 14, 2024
August 22, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024

കര്‍ഷകപ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 19, 2021 11:57 am

ശക്തമായ കര്‍ഷകപ്രക്ഷോഭത്തിന്‌ മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. മൂന്ന്‌ കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ഇതോടെ ഒരുവർഷം നീണ്ടുനിന്ന കർഷക സമരത്തിന്‌ ഉജ്വല വിജയമായി.മൂന്ന്‌ കർഷകനിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പറഞ്ഞു. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.
ഐതിഹാസികമായ പ്രക്ഷോഭമാണ് ഒരുവര്‍ഷമായി നടന്നുവരുന്നത്.

കർഷക സംഘടനകളുമായി പല വട്ടം ചർച്ച നടത്തിയിരുന്നെങ്കിലും നിയമങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ഈ സാഹചര്യത്തിൽ കർഷക സംഘടനകൾ സമരവുമായി മുന്നോട്ടു പോകുകയായിരുന്നു.കഴിഞ്ഞ റിപബ്ലിക് ദിനത്തിൽ സമരക്കാർ രാജ്യതലസ്ഥാനത്ത് പ്രവേശിച്ചതോടെ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തിരുന്നു.എന്നാൽ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ പെട്ടെന്നുള്ള തീരുമാനം. തെരഞ്ഞെടുപ്പ് തോൽവിയ്ക്കു പിന്നാലെ രാജ്യത്ത് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ നികുതിയും വെട്ടിക്കുറച്ചിരുന്നു.അതിജീവനത്തിനായി ഇന്ത്യൻ കർഷകർ നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടമായിരുന്നു നടന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുസഫർനഗറിലും, ഹരിയാനയിലെ കർണാലിയിലും നടന്ന കർഷക മഹാപഞ്ചായത്തുകൾ നരേന്ദ്ര മോദി സർക്കാരിനും സംസ്ഥാന ബിജെപി സർക്കാരുകൾക്കും കനത്ത താക്കീതായി.ഒപ്പം തൊഴിലാളി–കർഷക ഐക്യത്തിന്റെ മഹത്തായ സന്ദേശവും ആയിരുന്നു.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഹരിയാനയിലുമെല്ലാം ബിജെപി ഭരണത്തിന്‌ അറുതിവരുത്തുമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്നുമുള്ള മഹാപഞ്ചായത്തുകളുടെ പ്രഖ്യാപനം ഇന്ത്യയുടെയാകെ വികാരമാണ്‌ വെളിവായത്. ധാർഷ്ട്യത്തോടെ സമരത്തെ നേരിടുന്ന മോദി സർക്കാരിനെ വിറപ്പിക്കുന്നതായി ഈ പ്രഖ്യാപനം. കരിനിയമങ്ങൾ പിൻവലിക്കില്ലെന്ന മോദിയുടെ പിടിവാശിക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും കൃഷിക്കാർ ആവർത്തിച്ചു പ്രഖ്യാപിച്ചു. കർഷകസമരത്തിന്റെ ജനകീയതയും പതർച്ചയില്ലാത്ത ചെറുത്തുനിൽപ്പും മഹാപഞ്ചായത്തുകളിലൂടെ വ്യക്തമാക്കപ്പെട്ടു. എല്ലാ പ്രതിസന്ധിയെയും മറികടന്നെത്തിയ ജനക്കൂട്ടം അതിന്‌ തെളിവാണ്‌. മഹാമാരിക്ക് നടുവിലും പത്തു മാസമായി കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞുവീശുന്ന കർഷകസമരത്തിന്റെ രാജ്യവ്യാപക തുടർസ്പന്ദനമായി രണ്ട് മഹാപഞ്ചായത്തും. വിവിധ സംസ്ഥാനത്തുനിന്നായി ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളുമാണ്‌ പോരാട്ടത്തിൽ അണിനിരന്നത്‌. കൃഷിക്കാരുടെ ജീവന്മരണ പോരാട്ടത്തിന് രാജ്യത്തിന്റെയാകെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തുന്നതായി ഈ പങ്കാളിത്തം. കർണാലിൽ നിരോധനാജ്ഞ ലംഘിച്ചായിരുന്നു മഹാപഞ്ചായത്ത് ചേർന്നത്. പൊലീസ് ഭീകരതയിൽ കർഷകൻ സുശീൽ കാജൽ കൊല്ലപ്പെട്ട സംഭവത്തിൽ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുകൂടിയായിരുന്നു ഇവിടത്തെ കർഷകമുന്നേറ്റം. കർഷകർ എത്തിച്ചേരുന്നത് തടയാൻ കേന്ദ്ര സർക്കാരും മുഖ്യമന്ത്രി ആദിത്യനാഥും നടത്തിയ എല്ലാ നീക്കത്തെയും മറികടന്നാണ് മുസഫർനഗറിൽ കൃഷിക്കാർ എത്തിച്ചേർന്നത്.

കൃഷിക്കാരെ തടയാൻ ഹരിയാന സർക്കാരും ആകുന്നത്ര പണിപ്പെട്ടു. ഇന്റർനെറ്റ്‌ തടഞ്ഞു, ദേശീയപാത വഴിയുള്ള ഗതാഗതം വിലക്കി, വൻതോതിൽ സായുധസേനയെ അണിനിരത്തി.പക്ഷേ, പഞ്ചായത്തുകൾ മുന്നേറി. അത്‌ ബിജെപിയെയും മോദിയെയും വിറളിപിടിപ്പിച്ചു. ഡൽഹി അതിർത്തികളിൽ കർഷകസമരം തുടങ്ങിയിട്ട് ആറുമാസം തികയുന്ന ദിവസം രാജ്യം കരിദിനം ആചരിച്ചു പ്രതിഷേധിച്ചു. മഹാപ്രക്ഷോഭത്തിന്റെ തളരാത്ത പോരാട്ടവീര്യം ഉയർത്തിക്കാട്ടാനും ദുർനയങ്ങൾക്കെതിരെ ജനരോഷം ഉയർത്താനും നരേന്ദ്രമോദി അധികാരത്തില്‍ കയറിയ ദിവസം തന്നെ നടത്തുവാന്‍ കഴിഞ്ഞു. ലോകത്തുതന്നെ സമാനതകളില്ലാത്ത പ്രക്ഷോഭമാണ് കർഷകർ ആറുമാസമായി നടത്തിയത് ഇത്രയും പങ്കാളിത്തത്തോടെ ഇത്രകാലം നീണ്ടുനിൽക്കുന്ന ഒരു സമരം മുമ്പുണ്ടായിട്ടില്ല. കാർഷികമേഖലയിൽ ജനവിരുദ്ധ കേന്ദ്രനയങ്ങളുടെ ഏറ്റവും ആക്രമണോത്സുകമായ പ്രയോഗമാണ് കർഷകരെ സമര രംഗത്തെത്തിച്ചത്. കോർപറേറ്റുകളുടെ കൊള്ളലാഭം ഉറപ്പുവരുത്താനാണ് ബിജെപി കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. കൃഷിഭൂമിയും വിളകളുടെ വിലയും നിയന്ത്രിക്കാനുള്ള അധികാരം കോർപറേറ്റ് കമ്പനികൾക്ക് നൽകി. ഭക്ഷ്യഉൽപ്പന്നങ്ങളുടെ പൂഴ്ത്തിവയ്‌പും കരിഞ്ചന്തയും കമ്പനികളുടെ അവകാശമാക്കി മാറ്റുംവിധമാണ് ഈ നിയമങ്ങൾ രൂപപ്പെടുത്തിയത്.കർഷകസമരം മഹാമാരി ഏൽപ്പിച്ച പരിമിതികൾ മറികടന്നും ശക്തിപ്പെട്ടു. കൊടുംതണുപ്പിലും ചൂടിലും പിടിച്ചുനിന്ന ഡൽഹിയിലെ പോരാളികൾ പകർച്ചവ്യാധിയോടും പൊരുതി സമരരംഗത്ത് ഉറച്ചുനിന്നു.വിപുലമായ പിന്തുണയാണ് കിട്ടിയത്.

എന്നാല്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായുംവിശ്വാസത്തിലെടുക്കില്ലെന്ന് കര്‍ഷകര്‍.പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.മിനിമം താങ്ങുവില നിയമവിധേയമാക്കുന്നതുള്‍പ്പെടെയുള്ള ഒന്നിലധികം പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുണ്ട്.കര്‍മ്മം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ഞങ്ങള്‍ മടങ്ങിവരൂ. നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പാര്‍ലമെന്റ് പാസാക്കണം. അതുവരെ ഇത്തരം പ്രഖ്യാപനങ്ങള്‍ ഒന്നും തങ്ങള്‍ വിശ്വസിക്കില്ല, അദ്ദേഹം അഭിപ്രായപ്പെടുന്നു.ഡൽഹി അതിർത്തിയില്‍ 2020 നവംബർ 26ന്‌ സമരം ആരംഭിച്ചശേഷം അറുന്നൂറോളം കർഷകരാണ്‌ മരിച്ചത്‌. ഇവരുടെ ശരാശരി കൃഷിഭൂമി 2.94 ഏക്കർ മാത്രം. പാട്ടഭൂമിയിൽ കൃഷിചെയ്യുന്ന ഭൂരഹിത കർഷകരെക്കൂടി പരിഗണിച്ചാൽ ശരാശരി കൃഷിഭൂമി 2.26 ഏക്കർ.‌ മരിച്ചവരിൽ 80 ശതമാനവും പഞ്ചാബിലെ മാൾവയിലുള്ളവരാണ്. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ കർഷക പ്രക്ഷോഭത്തിനിടെ ഒൻപതുപേരുടെ ദാരുണ മരണവും തുടർന്നുണ്ടായ രോഷപ്രകടനങ്ങളും കർഷക സമരത്തിന് പുതിയൊരു വഴിത്തിരിവാണ് സൃഷ്ടിച്ചത്.

കർഷക സമരത്തിന്റെ ഭാഗമായി ലഖിംപൂർഖേഡിയിലെ ടികുനിയ ഗ്രാമത്തിൽ റോഡ് ഉപരോധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ നാലു കർഷകരാണ് ചതഞ്ഞരഞ്ഞു മരിച്ചത്. തുടർന്നുണ്ടായ കർഷകരോഷത്തിൽ നാലുപേർക്കു കൂടി ജീവൻ നഷ്ടമായി. വാഹനത്തിനടിയിൽപ്പെട്ട് പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകരില്‍ ഒരാളും മരിച്ചു. കേന്ദ്രമന്ത്രിയുടെ പുത്രനും പരിവാരങ്ങളും മനഃപൂർവം കർഷകരുടെ ഇടയിലേക്കു വാഹനങ്ങൾ ഓടിച്ചുകയറ്റുകയായിരുന്നു. നൂറുകണക്കിനു കർഷകരുടെ ഉപരോധം നടക്കുമ്പോൾ അതിനിടയിലേക്കു വാഹനങ്ങളുമായി പാഞ്ഞെത്തിയ മന്ത്രിപുത്രനെയും പരിവാരങ്ങളെയും തടയാൻ പൊലീസിനും കഴിഞ്ഞില്ലെന്നതാണ് സംഭവത്തെ കൂടുതൽ ദുരന്തമാക്കിയത്.

eng­lish sum­ma­ry: PM Modi says gov­ern­ment will repeal three farm laws

you may also like this video;

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.