22 December 2024, Sunday
KSFE Galaxy Chits Banner 2

കാലമാപിനിയിൽ തെളിയുന്ന കവിതകൾ

അനീഷ് കെ അയിലറ
July 21, 2024 3:50 am

കാലത്തിന്റെ ഗതിവിഗതികളിൽ കലഹിക്കുന്ന ഡോ. എം ആർ മിനി എന്ന കവിയുടെ കാലപ്രവാഹത്തിലെ കാഴ്ചകളും അതിന്റെ പ്രതിബിംബങ്ങളുമാണ് ‘കാലം കണ്ണാടി നോക്കുമ്പോൾ’ എന്ന കവിതാ സമാഹാരം. ഒരു കാലിഡോസ്കോപ്പിലെന്ന പോലെ കാലത്തെ വ്യത്യസ്ത വീക്ഷണകോണുകളിൽ വച്ച കണ്ണാടികളിലൂടെ നോക്കുമ്പോഴുള്ള വർണചിത്രങ്ങളും ഭിന്നക്കാഴ്ചകളും കവി വരച്ചിടുന്നു. ചിലപ്പോൾ അത് കാട്ടാളഭീതികൊണ്ടു പരുങ്ങുന്നു. മറ്റു ചിലപ്പോൾ കരാളരൂപം പൂണ്ട് അട്ടഹസിക്കുന്നു. വേഷങ്ങൾ പകർന്നാടി കണ്ണാടിയിൽ തെളിയുന്ന കാളിമയിൽ നോക്കി കാലം പല്ലിളിക്കുന്നു. കാലത്തിന്റെ നിഗൂഢ വ്യാപാരങ്ങളും മനസ്സിന്റെ നിരുപമ വ്യവഹാരങ്ങളും ഡോ. മിനി സമർത്ഥമായി ഈ സമാഹാരത്തിൽ ചേർത്തു വയ്ക്കുന്നു. 

മാറുന്ന കാലത്തെ കൃത്യമായി അയാളപ്പെടുത്തുന്ന കവിതയാണ് പരീക്ഷ. അമ്മയെക്കുറിച്ചുള്ള ചോദ്യത്തിനു വൃദ്ധസദനത്തെക്കുറിച്ച് വിവരിക്കുന്നതും ഓണത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഹോട്ടൽ സദ്യയെക്കുറിച്ചുള്ള ഉത്തരവും നമുക്കു കൈമോശം വന്ന കുടുംബ ബന്ധങ്ങളെയും നഷ്ടപ്പെടുന്ന സംസ്കാരങ്ങശെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. തീൻമേശയ്ക്ക് ഇരുപുറവുമിരുന്നു ഭക്ഷണം കഴിച്ച് കൈ തുടച്ചു വലിച്ചെറിയുന്ന ടിഷ്യു പേപ്പറിന് നമ്മുടെ മനസിലുള്ള മാനമല്ല കവിതയിലെത്തുമ്പോഴെന്ന് ‘ടിഷ്യു പേപ്പർ’ വായിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടും. രാവ് ഇരുണ്ട് മഞ്ഞിന്റെ മരങ്ങൾ പെയ്യുമ്പോൾ നീ ചുരുട്ടിയെറിഞ്ഞ കടലാസിന്റെ ചെറുതുണ്ടുകൾ നമുക്കു പിറക്കാതെ പോയ കുഞ്ഞുങ്ങളാണെന്നു പറയുമ്പോൾ കവിത മറ്റൊരു ഭാവതലത്തിലെത്തുന്നു. കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന ഒരു ബിംബമാണ് കലണ്ടർ. പുതിയ ഒരു കലണ്ടർ തൂക്കുമ്പോൾ പുത്തൻ പ്രതീക്ഷകളാണ് നമ്മൾ എടുത്തു വയ്ക്കുന്നത്. അതിലെ അക്കങ്ങൾ പകരുന്ന വേർപാടിന്റെ വിഷാദങ്ങളും പിറന്നാൾ ദിനത്തിന്റെ ഉത്സാഹങ്ങളും ഉത്സവത്തിന്റെ ഉന്മാദങ്ങളും കവി അനുഭവിപ്പിക്കുന്നു. 

കളങ്ങളിൽ നിന്നു
കളങ്ങളിലേക്ക് ചാടുന്ന
മരണ സംഖ്യകൾ,
ആഴ്ചകളോളം
മറിച്ചിടാൻ മറന്ന താളുകൾ,
അണുബാധയേറ്റ
പഴയ കലണ്ടർ തുടച്ചു മാറ്റി
ഞാൻ ചുവരിൽ തൂക്കി
പ്രതീക്ഷയുടെ പുതിയ കലണ്ടർ
(കലണ്ടർ )

ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തു രചിച്ച

‘ഒരു വാലന്റൈൻ അടുക്കള ‘അടുക്കളയിൽ വെന്തുരുകുന്ന ഒരു ഒരു പെൺ മനസ്സിന്റെ യഥാതഥമായ ആവിഷ്കാരമാണ്.
‘ഈ വെന്തു തിളയ്ക്കുന്ന
അരി പോലെയായിരുന്നു
ഒരു കാലത്ത് ഞാനും
പണ്ടത്തെപ്പോലെ
കണ്ണുകൊണ്ട് കടുക് വറുക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ
രക്തത്തിലെ കൊളസ്ട്രോൾ
ഇത്ര കൂടില്ലായിരുന്നു
ചീനച്ചട്ടിയിൽ അല്പം കരിഞ്ഞ്
അടിക്കു പിടിച്ച
മെഴുക്കുപിരട്ടി പോലെയായി
ഇപ്പോൾ ചിന്തകളും
(ഒരു വാലന്റൈൻ അടുക്കള)

നമ്മളൊക്കെ വീടുകളിൽ ബോൺസായ് വളർത്തുന്നവരാണ്. വളരും തോറും വെട്ടി വെട്ടിച്ചെറുതാക്കുന്ന ബോൺസായിയോടുള്ള മനോഭാവം അതിരുകളടക്കി മാനം മുട്ടെ ഉയരാൻ ശ്രമിക്കുന്ന മറ്റുള്ളവരോടും കാണിക്കുന്നത് മനുഷ്യസഹജമാണെന്നു കവി ബോൺസായ് എന്ന കവിതയിൽ പറഞ്ഞു വയ്ക്കുന്നു.
തെച്ചിയും തൊട്ടാവാടിയും തൊടിയിലെ ഹരിതാഭയും ഒക്കെച്ചേർന്ന പ്രകൃതിമാതാവാണ് നമ്മുടെ എല്ലാ നന്മകൾക്കും അടിസ്ഥാനമെന്ന് വിളിച്ചു പറയുന്ന വളരെ ലളിതസുന്ദരമായി രചിക്കപ്പെട്ട കവിതയാണ് നന്മ.
‘മരമാണ് നന്മ മഴയാണ് നന്മ
മഴ പെയ്തിറങ്ങും പുഴയാണ് നന്മ
പുഴ ചെന്നു ചേരും കടലാണ് നന്മ
മുറ്റത്തെ തുളസിത്തറയാണ് നന്മ
(നന്മ)

പ്രകൃതിയോടു മനുഷ്യന്റെ ക്രൂരതകളുടെ ദുരന്തഫലം കാലാവസ്ഥാ വ്യതിയാനം, വരൾച്ച, പ്രളയം ഒക്കെയായി അനുഭവിക്കേണ്ടി വരുന്ന ദശാസന്ധിയിലാണ് നാം.
പ്രകൃതി, പ്രളയ പാഠം കലികാലം, ഋതുക്കൾ തുടങ്ങിയ കവിതകളിൽ പ്രകൃതി സ്നേഹത്തിന്റെയും പാരിസ്ഥിത പ്രശ്നങ്ങളുടേയും നിരവധി മുഹൂർത്തങ്ങൾ മിനി വരച്ചിടുന്നു. കണ്ണുകൾ തുറന്നു പിടിച്ച് മണ്ണിനെയും മരത്തിനെയും മാമലകളെയും കാത്ത് ഭൂമിക്ക് കാവലാളാകുവാൻ കവി ഉദ്ഘോഷിക്കുന്നു.
കണ്ണുതുറക്കുക മണ്ണിനെ
മരത്തിനെ മാമലകളെ കാക്കുക
മരിക്കാത്തൊരീ ഭൂമിതൻ
കാവലാവുക
മഹാമാരിയൊരു പാഠമാക്കുക
വന്ദനം ചൊല്ലുക വേദ വചനങ്ങളെ
പാരിന് നീ ദൈവമാകുക
(പ്രകൃതി)

സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സമീപകാല സംഭവങ്ങൾ എല്ലാവരുടേയും ഉറക്കം കെടുത്തുമ്പോൾ ഒരു കവി കവിതയിലൂടെയെങ്കിലും രോഷം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണല്ലോ? എന്നും പൊതിച്ചോറു കരുതിയും ഒന്നിച്ചിരുന്നു സംസാരിച്ചും കഴിഞ്ഞിരുന്ന രണ്ടു സുഹൃത്തുക്കൾ വഴിപിരിഞ്ഞപ്പോൾ കത്തിയുമായി കാണാൻ ചെല്ലുന്ന മാനസികാവസ്ഥയും (നിന്നോട് ) വാളയാറിൽ പീഡിപ്പിച്ചു കൊല ചെയ്യപ്പെട്ട പെൺകുട്ടികളുടെ ഘാതകർക്ക് നേരെ കണ്ണടച്ചിരിക്കുന്ന നീതിപീoവും (ചുരം കടന്ന കാറ്റ്) നിരപരാധിയായ ഹൗസ് സർജൻ ഡോ. വന്ദനാ ദാസ് കൊല ചെയ്യപ്പെട്ടതിന്റെ തീവ്ര ദുഃഖത്തിലെഴുതിയ ‘സ്നേഹമുദ്ര’യും ആർത്തവാചാരത്തിൽ രക്തസാക്ഷിയായ വിജയയെന്ന പെൺകുട്ടിക്ക് അന്ത്യാഞ്ജലിയർപ്പിച്ചെഴുതിയ ‘ആചാരക്കാറ്റു‘മൊക്കെ ഏവരുടേയും ഉള്ളിൽ ഒരു പൊള്ളൽ ഉണ്ടാക്കുക തന്നെ ചെയ്യും.
ലളിതമായ വിഷയങ്ങൾ സ്വീകരിച്ചു കൊണ്ട് കവിതയിൽ വലിയ അർത്ഥവ്യാപ്തി ഒളിപ്പിച്ചു വയ്ക്കുവാൻ ഡോ. മിനിക്ക് അനിതരസാധാരണമായ ഒരു കഴിവുണ്ട്. മികച്ച വായനാനുഭവം സമ്മാനിക്കുന്ന ‘കാലം കണ്ണാടി നോക്കുമ്പോൾ ’ എന്ന ഈ കവിതാ സമാഹാരത്തിൽ നിന്നും ഇനിയും വേറിട്ട കാവ്യക്കാഴ്ചകളുമായി കാലത്തിനു കാവൽ നിൽക്കുന്ന കവിയായി ഡോ. മിനിക്ക് മാറാൻ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. 

കാലം കണ്ണാടി നോക്കുമ്പോൾ
(കവിത)
ഡോ. എം ആര്‍ മിനി
പ്രഭാത് ബുക് ഹൗസ്
വില: 130 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.