5 December 2025, Friday

ബാലമനസിനെ തൊട്ടുണര്‍ത്തുന്ന കവിതകള്‍

രജന ആർ
November 30, 2025 9:48 am

പ്രകൃതി തന്നെയാണ് അറിവും സാന്ത്വനവും ദർശനവും ജീവിതവും. ഈ തിരിച്ചറിവുകൾ നൽകുന്നതിനൊപ്പം ബാലമനസുകളിൽ വായന, കൃഷി, പ്രകൃതിസ്നേഹം, ദേശസ്നേഹം എന്നിവയിൽ താല്പര്യമുണ്ടാക്കുന്നതിനും തനിക്ക് ചുറ്റുമുള്ള ജീവികളെയും വൃക്ഷലതാദികളെയും സ്നേഹിക്കുവാനും അവയിൽ ഒന്ന് മാത്രമാണ് താനെന്ന ബോധമുണ്ടാക്കാനും അയത്നലളിതഭാഷയിൽ എഴുതപ്പെട്ട ബാലസാഹിത്യപുസ്തകമാണ് ‘അപ്പിലിയും പുളിച്ചിയും പൊന്നാരനും.’
പുസ്തകത്തിന്റെ പുറംചട്ടയിൽ വിവിധ വർണങ്ങളിൽ എഴുതിയിരിക്കുന്ന വ്യത്യസ്തമായ ‘അപ്പിലിയും പുളിച്ചിയും പൊന്നാരനും’ എന്ന പേരും പാളയിൽ മൂന്ന് കുട്ടികളെ വലിച്ചുകൊണ്ടു പോകുന്ന രണ്ടു കുട്ടികളും ബാലകവിതാസമാഹാരത്തെ വായിക്കാനെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. കവിതകൾക്കൊപ്പമുള്ള ചിത്രങ്ങൾ കുഞ്ഞുമനസുകളിൽ അതിരില്ലാത്ത ഭാവനാലോകം സൃഷ്ടിക്കുമെന്ന് തീർച്ചയാണ്. ആദ്യ കവിതയായ ‘ചങ്ങാതി‘യിൽ പറയും പോലെ
“കദനക്കരികൾ കവിതകളാക്കി മാറ്റു” വാനും “പൂപ്പുഞ്ചിരിയുടെ പൂമണമായ് മാറ്റുവാനു”- മറിയുന്ന ചങ്ങാതി നമുക്കുണ്ടായിരുന്നു; അല്ലെങ്കിൽ നാം തന്നെയായിരുന്നു. ഒറ്റ മൈനയെക്കണ്ടാൽ അടി കിട്ടാതിരിക്കാൻ അടുത്ത് ആളുണ്ടെങ്കിൽ അടിക്കുകയോ ആരുമില്ലെങ്കിൽ ആദ്യം കാണുന്ന ആളിലേക്ക് ഊതിവിടുന്ന മാജിക് അറിയാവുന്ന ബാല്യം നമുക്കും ഉണ്ടായിരുന്നില്ലേ?
“തരൂ തരൂ വരം തരൂ
മരം തരുന്ന മാതിരി”
എന്ന വരികൾ മാത്രം മതി മരത്തിന്റെ പ്രാധാന്യം എത്രയുണ്ടെന്ന് മനസ്സിലാക്കാൻ.
‘അപ്പിലിയും പുളിച്ചിയും പൊന്നാരനും’ എന്ന കവിതയിലെ പറങ്കിമാവിൻതോട്ടം ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നെന്നേ. പതിനൊന്നു വീടുകൾ കയ്യേറിയതുമൂലം അപ്രത്യക്ഷമായ ഏക്കർ കണക്കിനു പറമ്പിൽ പന്തിലിച്ചുനിന്നിരുന്ന ഞങ്ങടെ ‘പറങ്കിമാവിൻ കാട്ടിൽ’ നല്ല തണലും താഴെ കനത്തിൽ ഉണങ്ങിയ ഇലകൾക്കിടയിലൂടെ കുട്ടിക്കാലത്ത് ഞാനും കുറച്ചു ചേച്ചിമാരും നടന്നിരുന്നതും താഴ്ന്ന ശാഖകളിൽ ഊഞ്ഞാലാടിയിരുന്ന വേനലവധിയുടെ അവസാനം മഴയിൽ മാത്രം കാണപ്പെട്ടിരുന്ന നീർച്ചാലുകളിൽ വെള്ളം ചവിട്ടിത്തെറിപ്പിച്ചു നടക്കുന്നതും ഈ കവിത ഓർമ്മിപ്പിച്ചു. ഇവിടെ ‘അപ്പിലി, എന്ന നെല്ലിമരം ഉണ്ടായിരുന്നില്ല വായിൽ വെള്ളമൂറിക്കും മാവമ്മ ‑മാർ ഉണ്ടായിരുന്നെങ്കിലും ‘പുളിച്ചി‘യമ്മ എന്ന പേർ ഇട്ടിരുന്നതുമില്ല. പേരയ്ക്ക് ‘പൊന്നാരൻ’ എന്ന് വിളിച്ചതുമില്ല സുന്ദരൻ/സുന്ദരി പേരുകൾ കൊണ്ട് നിങ്ങളുടെ ഇഷ്ട മരങ്ങൾക്ക് പേരിടാൻ ഇനി മറക്കല്ലേ കുഞ്ഞികൂട്ടുകാരെ. ഈ പുസ്തകം അതിന് പ്രേരിപ്പിക്കും. 

‘ഖാദിയിൽ തിളങ്ങുവിൻ’ എന്ന തദ്ദേശീയ ആഹ്വാനം ഖാദി എന്ന കവിതയിൽ കാണാം. ദേശീയബോധത്തിന്റെ തീപ്പൊരികൾ തെന്നലായി വാരി വിതറുന്ന ‘സ്വാതന്ത്ര്യം, ‘പൂവിനെ ഉണർത്തുന്ന ‘ഉണരുപൂവേ,’ ‘പ്രകൃതി സ്മൃതി‘യായി ഒഴുകിയെത്തി കരളിൽ കവിതകൾ വിരിയിക്കുന്ന കാറ്റും കാടും കാട്ടാറുകളും കുട്ടികളേ നിങ്ങൾക്ക് പ്രിയപ്പെട്ടതാകും. ‘മൊട്ടത്തല’യിലെ കൊട്ടറ, മുട്ടറ, നെട്ടയം, കൊട്ടിയം എന്നീ സ്ഥലങ്ങൾ കവിതയ്ക്കൊപ്പം കൗതുകമാകും. കുട്ടിക്കവിതകൾ കുറേയുണ്ട് ഈ പുസ്കത്തിൽ. ചിക്കുവിന്റെ ‘കാട്ടിലെ കൂട്ടുകാര’നിൽ, സിംഹത്തിന്റെ കാലിലെ മുളെളടുത്തുകളഞ്ഞ് പച്ചിലമരുന്ന് പുരട്ടിക്കൊടുത്തതും ഒറ്റക്കൊമ്പനുമായുള്ള കാട്ടിലെ കൂട്ടുകാരന്റെ ഏറ്റുമുട്ടലും പിന്നീട് ഒന്നിച്ചുള്ള യാത്രയും അവസാനം അമ്മൂമ്മയുടെ വീട് വരെയുള്ള സംഭാഷണങ്ങൾ കവിതകളായുള്ള ‘കാട്ടിലെ കൂട്ടുകാരൻ’ എന്ന അതിമനോഹര കഥാഗാനത്തിനൊപ്പം ‘പാട്ടുമത്സരം’ എന്നൊരു കഥ കൂടിയുണ്ട് നാട്ടിലെ കൂട്ടുകാർക്കായി.

അപ്പിലിയും പുളിച്ചിയും പൊന്നാരനും
(കവിത)
സജീവ് നെടുമണ്‍കാവ്
നെപ്ട്യൂൺ ബുക്സ്, കൊല്ലം
വില: 160 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.