4 May 2024, Saturday

Related news

May 4, 2024
April 27, 2024
April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024

കര്‍ഷകരെ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ പൊലീസ് നീക്കം ചെയ്തു

റെജി കുര്യന്‍
ന്യൂഡല്‍ഹി
October 29, 2021 10:06 pm

തങ്ങളല്ല പൊലീസാണ് റോഡ് ഉപരോധിച്ചിരിക്കുന്നതെന്ന കര്‍ഷകരുടെ വാദം ശരിവച്ചുകൊണ്ട് പ്രക്ഷോഭ വേദികളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്തു.
ഡല്‍ഹി അതിര്‍ത്തി മേഖലകളായ ഹരിയാനയിലെ സിംഘു, ടിക്രി, ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബാരിക്കേഡുകളാണ് ഡല്‍ഹി പൊലീസ് നീക്കംചെയ്തത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം ആരംഭിച്ചത്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ വന്‍കിട കോണ്‍ക്രീറ്റ് സ്ലാബുകള്‍, കമ്പിവേലികള്‍, ബാരിക്കേഡുകള്‍ എന്നിവ ഉപയോഗിച്ച് ഡല്‍ഹി പൊലീസ് റോഡുകളില്‍ ഗതാഗത തടസം സൃഷ്ടിക്കുകയായിരുന്നു. 

കര്‍ഷകരുടെ സമരം മൂലം യാത്രാ തടസം നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി നോയിഡാ സ്വദേശിനി നല്കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ റോഡുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടരുതെന്നും വ്യക്തമാക്കിയിരുന്നു. കര്‍ഷകരല്ല മറിച്ച് പൊലീസാണ് റോഡുകളില്‍ ഗതാഗത തടസം സൃഷ്ടിച്ചിരിക്കുന്നതെന്ന് കേസിന്റെ വാദത്തിനിടെ കര്‍ഷക സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. 

കര്‍ഷകരുടെ സുപ്രീം കോടതിയിലെ വാദങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ടിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലെ ഇന്നലത്തെ കാഴ്ച. ഡല്‍ഹി പൊലീസും തൊഴിലാളികളും ചേര്‍ന്ന് ക്രെയിനും മറ്റും ഉപയോഗിച്ച് റോഡിലെ തടസങ്ങള്‍ നീക്കി. തങ്ങളുടെ നിലപാട് ശരിവയ്ക്കുന്നതാണ് പൊലീസിന്റെ നടപടി എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

കര്‍ഷക സമരത്തിന്റെ തുടര്‍ നടപടികള്‍ സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ഉടന്‍ തീരുമാനമെടുക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. സമരത്തിന്റെ ആദ്യദിനം മുതല്‍ കര്‍ഷകരല്ല റോഡുകള്‍ ഉപരോധിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയതാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. സിംഘു അതിര്‍ത്തിയില്‍ മാത്രമാണ് കര്‍ഷകര്‍ റോഡില്‍ പ്രതിഷേധിക്കുന്നത്. അവിടെ മേല്‍പ്പാല നിര്‍മ്മാണത്തിനായി റോഡ് അടച്ചിട്ടിരിക്കുകയാണെന്നും അ‌ദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry : police remov­ing bar­i­cades in farm­ers protest

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.