അക്രമിയുടെ വെടിയേറ്റ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ട സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായതായി സമ്മതിച്ച് ജപ്പാന്‍ പൊലീസ്. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണയോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് ടെത്സുയാ യമഗാമി എന്ന നാല്പത്തിയൊന്നുകാരൻ സ്വയം നിർമ്മിച്ച നാടൻ തോക്കുകൊണ്ട് ആബെയെ വെടിവച്ചത്. ഇന്നലെയാണ് ജനങ്ങള്‍ പാര്‍ലമെന്റിലെ ഉപരിസഭയിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. ആബെയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗം ഭരണപാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വന്‍ വിജയം നല്‍കിയേക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ആബെ പിന്തുണച്ചിരുന്ന ഒരു സംഘടനയോട് യമഗാമിക്ക് പക ഉണ്ടായിരുന്നെന്നും ആബെ ഈ സംഘടനയുടെ ഭാഗമാണെന്ന വിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും നാര പൊലീസ് അറിയിച്ചു. ഈ സംഘടന ഏതാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ആബെയ്ക്ക് നേരെ മുമ്പ് യാതൊരു വിധത്തിലുമുള്ള ഭീഷണികൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഒരു മത സംഘടന യമഗാമിയുടെ അമ്മയെ കടക്കെണിയിലാക്കിയെന്നും ആബെയ്ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്ന വിശ്വാസമാണ് കൊലയിലേക്ക് നയിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻ ജാപ്പനീസ് നേവി ഉദ്യോഗസ്ഥനായ യമഗാമി മൂന്ന് വർഷത്തെ സേവനത്തിന് ശേഷം പടിഞ്ഞാറൻ ജപ്പാനിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തു വരികയായിരുന്നെന്നാണ് സൂചന. യമഗാമിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
English Summary: Police said there was a mistake in Shinzo Abe’s security
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.