23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 6, 2024
July 22, 2024
June 11, 2024
April 20, 2024
April 18, 2024
April 17, 2024
November 5, 2023
September 1, 2023
August 9, 2023

ആലപ്പുഴയിലെ കൊലപാതകങ്ങൾ ഗൂഢ ലക്ഷ്യത്തോടെയെന്ന് പൊലീസ്

Janayugom Webdesk
ആലപ്പുഴ
December 20, 2021 7:16 pm

ക്രമസമാധാന പ്രശ്നങ്ങൾ കാര്യമായി അലട്ടാത്ത ആലപ്പുഴയെ, ചോരപ്പുഴയാക്കാൻ ഗുഢശക്തികൾ നടത്തിയ നീക്കമാണ് കൊലപാതക പരമ്പരകൾക്ക് കാരണമെന്ന് പൊലീസ്. ഇതിന് പിന്നിലുള്ള വ്യക്തമായ ഉദ്ദേശങ്ങൾ ഷാൻ വധക്കേസിൽ പിടികൂടിയ പ്രതികളിൽ നിന്നും പൊലീസ് ശേഖരിച്ച് കഴിഞ്ഞു. നടന്ന ഇരു കൊലപാതകത്തിലും എട്ടുമുതൽ 12 ആളുകൾ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രാഷ്ട്രീയ കൊലപാതകമെന്നതിനുപരി വർഗ്ഗീയ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള നീക്കം നടന്നതായുള്ള സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണെന്നാണ് അന്വേഷണ പുരോഗതി വെളിവാക്കുന്നത്.

സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നൽകും. കൊലപാതകങ്ങൾ സംബന്ധിച്ച് കേരള പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്. ഇരുകേസുകളിലും പെട്ട പ്രതികളെ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. മുഴുവൻ പേരുടെയും അറസ്റ്റുകൾ വരും മണിക്കൂകളിൽ ഉണ്ടാകുമെന്നാണ് സുചന. പ്രതികളുടെ മൊബൈൽ ഫോണുകൾ അടക്കമുള്ളവ കേന്ദ്രീകരിച്ച് അന്വേഷണവും നടക്കുന്നുണ്ട്. ഷാൻ വധക്കേസിൽ പിടിയിലായ മണ്ണഞ്ചേരി സ്വദേശികളായ ആർഎസ്എസ് പ്രവർത്തകർ പ്രസാദ്, രതീഷ് എന്നിവരെ വിശദമായി അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണ സംഘത്തോട് പല നിർണ്ണായ വിവിരങ്ങളും ഇവർ നൽകിയിട്ടുണ്ട്.

പിടികൂടിയ പ്രതികളുടെ മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനക്ക് പൊലീസിന്റെ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. കൃത്യം നടത്തുന്നതിന് തൊട്ട് മുൻപ് ആരെയെല്ലാം ഇവർ വിളിച്ചിട്ടുണെന്നും പരിശോധിച്ച് വരുകയാണ്. വാട്സ് ആപ്പ് അടക്കമുള്ള ആപ്പുകളിലെ വിവിരങ്ങളും ശേഖരിക്കും. കോൾ ലിസ്റ്റ് അടക്കമുള്ളവ പരിശോധിച്ച് വരുകയാണ്. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നാടിന്റെ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടികളിലേക്കാണ് പൊലീസ് കടക്കുന്നത്. അതിനിടെ ഷാൻ വധക്കേസിൽ ഉൾപ്പെട്ട രണ്ട് പേരെ കൂടെ പൊലീസ് പിടികൂടിയിട്ടുണ്ട്. മണ്ണഞ്ചേരി, പൊന്നാട് കാവച്ചിറ വീട്ടിൽ പ്രസാദ് എന്നു വിളിക്കുന്ന രാജേന്ദ്രപ്രസാദ് (39), കാട്ടൂർ കുളമാക്കി വെളിയിൽ കുട്ടൻ എന്നു വിളിക്കുന്ന രതീഷ് (31) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി കെ വി ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സജീവ ആർഎസ്എസ് പ്രവർത്തകരാണ് ഇവർ. ഇവർ കൃത്യത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതോടെ ഷാൻ വധക്കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞു. ജില്ലയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാത്രിയിലും പകലും വാഹന പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റിംഗും വാറണ്ട് നിലവിലുള്ള സാമുഹിക വിരുദ്ധരെ പിടികൂടുന്നതിന് പ്രത്യേക പദ്ധതിയും ഒരുക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് അരുംകൊലകൾ നടന്നതിന്റെ ഞെട്ടലിൽ നിന്നും നാട് മുക്തമായിട്ടില്ല.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ലയിലെ ക്രമസമാധാന നില പരിശോധിച്ച് കഴിഞ്ഞാൽ കൊലപാതകങ്ങൾ നടക്കുന്നത് വളരെ വിരളമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊലപാതക (രാഷ്ട്രീയ) പട്ടിക ഇപ്രകാരമാണ്. 2016–14,2017–19,2018–12,2019–22,2020–13,2021–23 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ ഏറെയും പ്രാദേശീക ഗുണ്ടകളുടെ ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. വർഗ്ഗീയതലത്തിലുള്ള കൊലപാതകത്തിലേക്ക് കാര്യങ്ങൾ പോയിരുന്നില്ല. ക്വട്ടേഷൻ, ഗുണ്ട അക്രമികളെ അമർച്ച ചെയ്യുന്നതിന് കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷണൽ ആക്ട്) അടക്കമുള്ള നടപടികൾ ജില്ലാ ഭരണകൂടവും പൊലീസും സ്വീകരിച്ച് വരുന്നുണ്ട്. ഓരോ വർഷവും കുറഞ്ഞത് 60 ഓളം കാപ്പാ കേസുകളിൽപ്പെട്ട പ്രതികളെയാണ് ശിക്ഷിക്കുന്നത്. ഇവരെ ഒന്നില്ലെങ്കിൽ നാട് കടത്തുകയോ, ജയിലിലേക്ക് മാറ്റുകയോ ആണ് ചെയ്യുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാരും ഇടപ്പെട്ട് കഴിഞ്ഞു.

ദേശീയതലത്തിൽ നിന്ന് അന്വേഷണം ഉണ്ടാകുമോയെന്നാണ് അറിയേണ്ടത്. കൊല്ലപ്പെട്ട ഒബിസി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്ക്കാരം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ആറാട്ടുപുഴ വലിയഴീക്കൽ കുന്നുംപുറത്ത് കുടുംബവീട്ടിൽ നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.