കണ്ണൂർ റേഞ്ച് ഡിഐജി രാജ്പാൽ മീണയുടെ നിർദ്ദേശപ്രകാരം രണ്ടിന് രാത്രി പതിനൊന്ന് മുതൽ ഇന്നലെ പുലർച്ചെ മൂന്നു മണി വരെ നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ നഗരത്തിൽ കുടുങ്ങിയത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കേസ് പ്രതികളും ഉൾപ്പെടെ നിരവധി പേർ. വർധിച്ചുവരുന്ന മയക്കുമരുന്ന് വിൽപനയും ഉപയോഗവും ഗുണ്ടാ- ക്വട്ടേഷൻ പ്രവർത്തനങ്ങളും കവർച്ചയും അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോമ്പിങ് ഓപ്പറേഷൻ നടത്തിയത്.
പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും 38 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി പാളയം ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് മലപ്പുറം കുറ്റിപ്പുറം സ്വദേശി കച്ചേരിപ്പറമ്പ് തടത്തിൽ വീട്ടിൽ റഹ്‌മാൻ സഫാത്ത് (60), കൊടുവള്ളി മാനിപുരം സ്വദേശി കല്ലുവീട്ടിൽ ഹബീബ് റഹ്‌മാൻ കെ വി (24), മലപ്പുറം പുളിക്കൽ കിഴക്കയിൽ വീട്ടിൽ അജിത്ത് കെ (23) എന്നിവരെ കസബ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച 38 പേർക്കെതിരെയും പൊതു സ്ഥലത്ത് മദ്യപാനം നടത്തിയതിനും വിൽപനയ്ക്കായി മദ്യം അനധികൃതമായി കൈവശം വെച്ചതിനും 21 പേർക്കെതിരെയും അബ്കാരി നിയമ പ്രകാരം വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി വാഹനമോടിച്ച 27 ഓളം പേർക്കെതിരെയും മോട്ടോർ വാഹന നിയമ പ്രകാരം വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സമീപം കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ആറു പേരെ കരുതൽ തടങ്കലിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് കാപ്പാ നിയമ പ്രകാരം നാടുകടത്തിയ പ്രതികൾ അനധികൃതമായി ജില്ലയിൽ പ്രവേശിക്കുന്നുണ്ടോ എന്നും പരിശോധന നടത്തി.
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം ഉണ്ടായ കത്തിക്കുത്ത് കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി സുജിത്ത് (40), ജില്ലാ കോടതിക്ക് സമീപം എൻ എം ഡി സി എന്ന സ്ഥാപനത്തിന്റെ ഡോർ പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ച ചക്കുംകടവ് കച്ചേരി വീട്ടിൽ ഷഫീഖ് (42), മാറാട് വെച്ച് സ്ത്രീയെയും ഭർത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി മാറാട് പൊറ്റാകണ്ടി പറമ്പ് കൊണ്ടാരം കടവത്ത് വീട്ടിൽ സുരേഷ് (40) എന്നിവരെ ടൗൺ, മാറാട് പൊലീസ് നടത്തിയ പരിശോധനയിൽ പിടികൂടി. ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു ഇവർ. നഗരത്തിൽ കമ്മീഷണറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ചുമതലയുള്ള അഡീഷണൽ എസ് പി, ഒൻപത് എ സി പിമാർ, 17 ഇൻസ്പെക്ടർമാർ, അമ്പതോളം എസ് ഐ മാർ, ഇരുന്നൂറ്റി അമ്പതോളം പൊലീസുകാർ എന്നിങ്ങനെ കോമ്പിങിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്നു. നഗരത്തിലെ സ്കൂളുകളും കോളെജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങളുടെ കണ്ണി മുറിക്കുക, മോഷണം, കവർച്ച എന്നിവ തടയുക, ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങളും ഭീഷണികളും ഇല്ലാതാക്കുക, വാറന്റ് പ്രതികളെ പിടികൂടുക തുടങ്ങിയവയാണ് പ്രധാനമായും കോമ്പിങ് ഓപ്പറേഷന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.